വിഖ്യാത സാഹിത്യകാരൻ ലിയോ ടോൾസ്‌റ്റോയിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് ‘ഇവാൻ ഇലിയിച്ചിന്റെ മരണം’.
റഷ്യയിലെ സെൻറ് പീറ്റേഴ്‌സ്ബർഗിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാൻ ഇലിയിച്ചിന്റെ മരണത്തോടെയാണ് കഥയുടെ തുടക്കം. സഹപ്രവർത്തകരെയും പരിചയക്കാരെയും ഈ സംഭവം ഞെട്ടിക്കുന്നു. എല്ലാവരും ഇവാന്റെ വിയോഗത്തിൽ വിലപിക്കുമ്പോൾ ടോൾസ്റ്റോയി അയാളുടെ ജീവിതത്തിലേക്കു കടക്കുന്നു.
‘ആ ചെറിയ നോവൽ എന്നെ വൈകാരികമായി പിടിച്ചു കെട്ടുക തന്നെ ചെയ്തു. സങ്കീർണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു വാക്കു പോലുമില്ല. തികഞ്ഞ ലാളിത്യമുള്ള ഒരു കൃതി. അത് ജീവിതത്തിന്റെ അടിയൊ ഴുക്കുകളിലേക്കാണ് എന്നെ കൊണ്ടു പോയത്. ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന വലിയൊരു സാക്ഷ്യത്തിന്റെ ആധികാരികത ആ നോവലിന്റെ പിറകിലുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ പേടിച്ചു. ജീവിതത്തിന്റെ നിസ്സാരതയും വിഷയാസക്തിയുടെ ഭ്രാന്തിജാലവും ഇന്ദ്രിയ വിഷയങ്ങളുടെ പൊള്ളത്തരവും ശരീരനാശത്തിന്റെ രഹസ്യനിയമങ്ങളുംസംക്ഷേപിച്ചെടുത്തപ്പോൾ സ്വാഭാവികമായി ജനിച്ച അമർത്തിയ പ്രക്ഷുബ്ധത വായനയുടെ വേളയിൽ അതിന്റെ പത്തിരട്ടി വലിപ്പമുള്ള നോവൽ വായിക്കുന്ന അനുഭവം സൃഷ്ടിച്ചു. മരണത്തിലേക്ക് നീങ്ങുന്ന മനുഷ്യനാണ് അതിലെ പ്രധാന വിഷയം. ശരീരനാശത്തെക്കുറിച്ചുള്ള കവിതയാണത്’എന്നാണ് പ്രശസ്ത നിരൂപകൻ കെ.പി.അപ്പൻ ഈ കൃതിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ഒരു ചെറിയ കൃതിയാണ് ‘ഇവാൻ ഇലിയിച്ചിന്റെ മരണം’. ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം ആത്മീയ പ്രബുദ്ധത കണ്ടെത്തുന്നതിലും യഥാർഥ ബന്ധങ്ങൾ ഉൾക്കൊള്ളുന്നതിലുമാണ് എന്ന തിരിച്ചറിവാണ് ഈ രചനയിലൂടെ ടോൾസ്‌റ്റോയി വായനക്കാർക്ക് നൽകുന്നത്.
എഴുതപ്പെട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും ലോകത്താകമാനമുള്ള പലതലമുറ വായനക്കാർക്ക് പ്രിയപ്പെട്ട കൃതികളിലൊന്നാണ് ‘ഇവാൻ ഇലിയിച്ചിന്റെ മരണം’. വിവിധഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ രചനയ്ക്ക് മലയാളത്തിൽ ഒരു പുതിയ പരിഭാഷ കൂടി വന്നിരിക്കുന്നു. എം.കെ.ശ്രീകുമാറിന്റേതാണ് വിവർത്തനം.
‘ഇവാൻ ഇലിയിച്ചിന്റെ മരണം ലോകസാഹിത്യത്തിലെ ഏറ്റവും ആഴമേറിയതും മനുഷ്യജീവിതത്തിന്റെ അനിവാര്യ സത്യങ്ങളെ നേരിട്ടു അഭിമുഖീകരിക്കുന്നതുമായ കൃതികളിലൊന്നാണ്. ഒരു മനുഷ്യന്റെ മരണത്തെക്കുറിച്ചുള്ള കഥ എന്നതിലപ്പുറം, ജീവിതം എന്താണ്, വിജയമെന്നു നാം കരുതുന്നത് എന്താണ്, മനുഷ്യൻ യഥാർഥത്തിൽ എപ്പോൾ ജീവിക്കുന്നു എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങളെ ഉന്നയിക്കുന്ന ദാർശനിക അന്വേഷണമായി ഈ ചെറുനോവൽ വായനക്കാരന്റെ മുന്നിൽ തുറന്നുവരുന്നു.
ജീവിതത്തിൽ സമൂഹം അംഗീകരിക്കുന്ന എല്ലാ വിജയങ്ങളും നേടിയ ഒരാളാണ് ഇവാൻ ഇലിയിച്ച്. മാന്യമായ ജോലി, സാമൂഹിക പദവി, കുടുംബജീവിതം, സാമ്പത്തിക സുരക്ഷ എന്നിവയാൽ ചുറ്റപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം പുറമേനിന്നു നോക്കുമ്പോൾ സമ്പൂർണവും അസൂയ ഉളവാക്കുന്നതുമായ ഒന്നാണ്. എന്നാൽ മാരകമായ ഒരു രോഗം അദ്ദേഹത്തെ മരണത്തിന്റെ സാന്നിധ്യത്തിലേക്ക് നയിക്കുമ്പോൾ, ഇതുവരെ ജീവിച്ച ജീവിതത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് അദ്ദേഹം സംശയിച്ചുതുടങ്ങുന്നു. മരണം അടുത്തുവരുന്തോറും സമൂഹത്തിന്റെ കാപട്യങ്ങളും മനുഷ്യബന്ധങ്ങളുടെ പൊള്ളത്തരങ്ങളും സ്വന്തം ജീവിതത്തിന്റെ ശൂന്യതയും അദ്ദേഹത്തിന് വ്യക്തമായിത്തീരുന്നു. ആ തിരിച്ചറിവിന്റെ വേദനയും ആത്മപരിശോധനയും ആത്മീയ ഉണർവും ചേർന്നാണ് ഈ കൃതി അതിന്റെ അസാധാരണമായ ശക്തി കൈവരിക്കുന്നത്.
ടോൾസ്റ്റോയിയുടെ സാഹിത്യപ്രതിഭയുടെ പ്രത്യേകത ഇവിടെ ഏറ്റവും തെളിമയോടെ അനുഭവിക്കാൻ കഴിയും. ലളിതവും നിയന്ത്രിതവുമായ ഭാഷയിലൂടെ മനുഷ്യന്റെ മനസ്സിന്റെ ഏറ്റവും സൂക്ഷ്മമായ ചലനങ്ങളെ അദ്ദേഹം അനാവരണം ചെയ്യുന്നു. മരണഭയവും ഏകാന്തതയും നിരാശയും മാത്രമല്ല, അവയ്ക്കപ്പുറം മനുഷ്യന് ലഭിക്കാവുന്ന ആത്മീയ മോചനത്തിന്റെ സാധ്യതയും ഈ കൃതി സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഒരു ദുരന്തകഥ മാത്രമല്ല; ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള ഒരു ധ്യാനവും ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു യാത്രയുമാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ സമൂഹത്തെ പശ്ചാത്തലമാക്കിയുള്ള ഈ നോവൽ കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന് ഇന്നും വായനക്കാരെ സ്പർശിക്കുന്നത് അതിലെ അനുഭവങ്ങളുടെ സാർവ്വലൗകികത കൊണ്ടാണ്. മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്ന് ടോൾസ്റ്റോയ് നമ്മെ ഓർമിപ്പിക്കുന്നു. ഓരോ മനുഷ്യനും ഒരുനാൾ നേരിടേണ്ടിവരുന്ന അന്തിമസത്യത്തെ അഭിമുഖീകരിക്കുമ്പോൾ, യഥാർഥത്തിൽ വിലമതിക്കപ്പെടേണ്ടത് എന്താണെന്ന് അന്വേഷിക്കാൻ ഈ കൃതി നമ്മെ ക്ഷണിക്കുന്നു.
അതിനാൽ ഇവാൻ ഇലിയിച്ചിന്റെ മരണം ഒരു നോവൽ മാത്രമല്ല; സ്വയം പരിശോധിക്കാനുള്ള ഒരു കണ്ണാടിയും ജീവിതത്തെ പുതുതായി വായിക്കാനുള്ള ഒരു അവസരവുമാണ്. ഓരോ വായനയിലും പുതിയ അർഥങ്ങൾ വെളിവാകുന്ന ഈ അനശ്വരകൃതി, ലോകസാഹിത്യത്തിലെ ഏറ്റവും ഗഹനമായ മാനവികാനുഭവങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു’ എന്നാണ് ഈ കൃതിയെക്കുറിച്ച് എം.കെ.ശ്രീകുമാർ കുറിച്ചിരിക്കുന്നത്.