ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കോഴിക്കോടു സ്വദേശിനിയുടെ അക്കൗണ്ടിലേക്ക് ഇക്കഴിഞ്ഞ ദിവസം ആരോ 1000 രൂപ അയച്ചു. ഗൂഗിൾ പേ വഴി പണം ക്രെഡിറ്റ് ആയി എന്ന മെസേജ് വന്ന പിറകേ പരിശോധിച്ചപ്പോഴാണു പരിചയമില്ലാത്ത ആരോ ആണ് ആ തുക അയച്ചതെന്നു മനസ്സിലായത്.
കാര്യമറിയാതെ തല പുകയ്ക്കുന്നതിനിടയിൽ ഫോണിലേക്ക് ഒരു മെസേജ് കൂടി വന്നു. നമ്പർ മാറിപ്പോയി 1000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്കു അയച്ചിട്ടുണ്ട്, ദയവായി അതു തിരികെ അയയ്ക്കണം എന്നാണ് വാട്സാപ്പ് സന്ദേശത്തിന്റെ ഉള്ളടക്കം. ഒപ്പം പണം തിരിച്ചയക്കാനുള്ള ക്യുആർ കോഡുമുണ്ട്. മറ്റൊന്നുമാലോചിക്കാതെ കോഡ് സ്കാൻ ചെയ്തു പണം അയച്ചു.
പക്ഷേ, അക്കൗണ്ടിൽ നിന്നു കുറഞ്ഞത് 5,000 രൂപയാണ്. അത്രയും പണം എങ്ങനെ നഷ്ടപ്പെട്ടു എന്നറിയാനായി ബാങ്കിനെ സമീപിച്ചെങ്കിലും യുവതി നേരിട്ടു നടത്തിയ ഇടപാടു തന്നെയായതിനാൽ അവർ കൈമലർത്തി. അങ്ങനെയാണു ഞങ്ങളുടെ സഹായം തേടിയത്.
കേസ് നമ്പർ 2,3
ഗൂഗിൾ പേ വഴി തന്നെയാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിലേക്ക് 2,000 രൂപയെത്തിയത്. പണം തിരികെ അയക്കണമെന്നാവശ്യപ്പെട്ട് മെസേജ് വന്നെങ്കിലും അൽപം ‘തരികിട’യായ യുവാവ് അങ്ങനെ ചെയ്തില്ല. പക്ഷേ, ഫോണിലേക്ക് സൈബർ പൊലീസിന്റെ വിളിയെത്തി. ഓൺലൈന് പണത്തട്ടിപ്പിലൂടെ ആർക്കോ നഷ്ടപ്പെട്ട 2000 രൂപയാണ് അതെന്നും ആ കേസിൽ യുവാവ് പ്രതിയാണെന്നുമാണ് സ്റ്റേഷനിൽ നിന്ന് അറിയിച്ചത്.
സമാനമായ മറ്റൊരു സംഭവത്തിൽ കോട്ടയത്തെ എൻജീനിയറുടെ അക്കൗണ്ടിലേക്ക് എത്തിയത് 3,000 രൂപയാണ്. ക്യുആർ വഴി പണം തിരികെ അയയ്ക്കില്ലെന്നു മറുപടി അയച്ച പിറകേ വിഡിയോ കോൾ എത്തി. നേപ്പാൾ ടൂറിനിടെ പ്രകൃതി ക്ഷോഭത്തിൽ പെട്ട് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടെന്നും ഇപ്പോൾ മെഡിക്കൽ ക്യാംപിലാണെന്നുമാണ് അയാൾ പറഞ്ഞത്. എടിഎം കാർഡു നഷ്ടപ്പെട്ടതു കൊണ്ട് പണമെടുക്കാനാകില്ലെന്നും, മരുന്നിന്റെ പണം അയച്ചതു മാറിപ്പോയതാണെന്നും കേട്ട് എൻജീനിയർ വിശ്വസിക്കുക തന്നെ ചെയ്തു.
പക്ഷേ, മെഡിക്കൽ സ്റ്റോർ ഉടമയുടെയോ വിളിക്കുന്നയാളിന്റെയോ അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ ബാങ്കിൽ പോയി പണം അയയ്ക്കാമെന്ന് അദ്ദേഹം നിബന്ധന വച്ചു. ഒടുവിൽ അക്കൗണ്ട് വിവരങ്ങൾ കൈമാറി. ബാങ്കിൽ നേരിട്ടു പോയി പണമയക്കേണ്ടി വന്നെങ്കിലും അതിന്റെ റെസീപ്റ്റ് അദ്ദേഹം സൂക്ഷിച്ചു വച്ചു.
കെണി ഇങ്ങനെ
ആളുമാറി ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു എന്ന മട്ടിലുള്ള തട്ടിപ്പു വന്നിട്ടു കുറച്ചു കാലമായി. അഥവാ അങ്ങനെ പണം എത്തിയാലും തട്ടിപ്പുകാരെ തിരിച്ചറിയാനുള്ള വഴി തിരികെ അയയ്ക്കാനായി നൽകുന്ന ക്യുആർ കോഡ് ആണ്. റെസ്ക്യൂ ഷെൽട്ടറിലാണ്, അല്ലെങ്കിൽ ആശുപത്രിയിലാണ് എന്ന മട്ടിലുള്ള മെസേജുകളും അപായ സൂചനയാണ്.
ഒരു കാരണവശാലും ക്യുആർ കോഡ് സ്കാൻ ചെയ്തു തിരികെ പണമയക്കരുത്. ബാങ്ക് ഡീറ്റെയ്ൽസ് വാങ്ങിയശേഷം നേരിട്ടു ബാങ്കിൽ പോയി അയയ്ക്കുക. അതിന്റെ റെസീപ്റ്റ് സൂക്ഷിച്ചു വയ്ക്കുകയും വേണം. ആളുമാറി എത്തുന്ന പണം തിരിച്ചയയ്ക്കാതെ വിനിയോഗിക്കുന്നതും കുറ്റമാണ്. ഓൺലൈൻ തട്ടിപ്പുകാർ പലരിൽ നിന്നായി തട്ടിച്ചെടുത്ത പണമാകും നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്. അതു തിരികെ നൽകാതെ ഉപയോഗിച്ചാൽ ആ കേസിലും നിങ്ങൾ പ്രതിയാകും.
മെസേജും കെണിയും
പണത്തട്ടിപ്പിലെ പുതിയ താരമാണ് പിഡിഎഫ് വഴിയുള്ള നുഴഞ്ഞുകയറ്റം. വിദേശമലയാളിയുടെ അക്കൗണ്ടിൽ നിന്ന് ഇത്തരത്തിൽ നഷ്ടപ്പെട്ടത് 26 ലക്ഷം രൂപയാണ്. കേസിനു പിന്നാലെ പോയപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.
മാസങ്ങൾക്കു മുൻപു വന്ന ഒരു മെസേജിൽ നിന്നാണു തുടക്കം. തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സാമ്പത്തിക വിഭാഗം തയാറാക്കിയ ഒരു റെസീപ്റ്റ് വെരിഫൈ ചെയ്യാമോ എന്നു ചോദിച്ചാണ് ഫോണിലേക്ക് ഒരു പിഡിഎഫ് എത്തിയത്. ഓപ്പൺ ചെയ്തപ്പോൾ ചില തിരുത്തുകൾ കണ്ട് ഫിനാൻസ് മാനേജരെ അറിയിച്ചെങ്കിലും അവരാരും അങ്ങനെയൊരു മെസേജ് അയച്ചില്ലത്രേ.
തട്ടിപ്പ് സംശയിച്ച് ഫോൺ പരിശോധിച്ചെങ്കിലും അക്കൗണ്ടിൽ നിന്നു പണമൊന്നും നഷ്ടപ്പെട്ടില്ല എന്നു കണ്ടതോടെ ആശ്വാസമായി. മാസങ്ങൾക്കിപ്പുറം പുതിയ ഫോണിലേക്ക് മാറിയ ശേഷമാണ് 26 ലക്ഷം രൂപ നഷ്ടപ്പെട്ടതെന്നതിലായിരുന്നു അയാൾക്ക് ആശങ്ക.
റെസീപ്റ്റ് എന്ന മട്ടിലെത്തിയ പിഡിഎഫ് മെസേജിൽ ഒളിഞ്ഞുകിടന്ന ലിങ്കായിരുന്നു വില്ലൻ. അതിലൂടെ ഫോണിലൂടെയുള്ള മുഴുവൻ കാര്യങ്ങളും തട്ടിപ്പുകാരുടെ നിരീക്ഷണത്തിലായി. ആർക്കൊക്കെ മെസേജുകൾ അയക്കുന്നുണ്ടെന്നും എന്തൊക്കെ പണമിടപാടുകൾ നടത്തുന്നു എന്നുമൊക്കെയുള്ള പാറ്റേൺ കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം തുടങ്ങുക.
ആരുടെ അക്കൗണ്ടിലേക്ക്
എല്ലാ മാസവും നിങ്ങൾ 15,000 രൂപ ഒരു അക്കൗണ്ടിലേക്ക് അയയ്ക്കുന്നു എന്നു കരുതുക. ഈ മാസം പണമയക്കുന്നതിന്റെയന്നാകും ഇങ്ങനെയൊരു മെസേജ് വരുക, അക്കൗണ്ടിൽ ചില പ്രശ്നങ്ങളുണ്ട്, മറ്റൊരു അക്കൗണ്ടിലേക്കാണ് ഇക്കുറി പണമയക്കേണ്ടത്. ഒപ്പം ആ വിവരങ്ങളുമുണ്ടാകും.
ആ നിർദേശം ലഭിച്ചത് ശരിയാണെന്നു വിശ്വസിപ്പിക്കുന്ന തരത്തി ൽ മെസേജിന്റെ ഭാഷ വരെ കിറുകൃത്യമായിരിക്കും. ഇതിനായി മംഗ്ലിഷിലോ, ചുരുക്കെഴുത്തായോ ഒക്കെയുള്ള മെസേജുകൾ എഐയിലൂടെ പുനസൃഷ്ടിക്കും. അതു മനസ്സിലാകാതെ പണം കൈമാറി കഴിഞ്ഞാകും തട്ടിപ്പ് മനസ്സിലാകുക.
ഓൺലൈനിലൂടെ വലിയ തുകകൾ കൈകാര്യം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് മിക്കവാറും ഇത്തരം തട്ടിപ്പു നടക്കുക. സാധാരണമെന്നു തോന്നുന്ന ഒരു മെസേജ് അയച്ച് അതിൽ ക്ലിക് ചെയ്യിച്ച് ഫോണിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയാണ് തട്ടിപ്പുകാർ തയാറാകുക. ക്യാമറ, മൈക്, നെറ്റ്വർക് ഓൺ, ഓഫ്, മെസേജുകൾ, ഇമെയിലുകൾ എന്നിങ്ങനെ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ മുഴുവൻ നിയന്ത്രണവും അവരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാകും.
സാമ്പത്തിക വിവരങ്ങൾ അടക്കമുള്ളവ നിരീക്ഷിക്കുന്ന ഇവർ അത്ര പെട്ടെന്നൊന്നും അക്കൗണ്ടിലെ പണം കൈക്കലാക്കില്ല. നിങ്ങൾക്കു പരിചയമുള്ളവരുടെ അക്കൗണ്ടിലേക്കു കൂടി നുഴഞ്ഞു കയറി വിശ്വസനീയമെന്നു തോന്നുന്ന മട്ടിൽ ബില്ലോ, റിക്വസ്റ്റോ അയച്ചാകും പണം കൈമാറാൻ അവശ്യപ്പെടുക.
ഇത്തരത്തിൽ ദുബായിൽ നിന്നു വന്ന പരാതിക്കാരനു നഷ്ടപ്പെട്ടത് 300,000 ദിർഹമാണ്. തൃശൂർ സ്വദേശിക്കും ലക്ഷങ്ങൾ നഷ്ടമായി. അതിനാൽ ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രതയോടെ ഇരിക്കുക.
സൈബർ സേഫ്റ്റി ടിപ്സ്
∙ ഫോണോ ലാപ്ടോപ്പോ സംശയാസ്പദമായ ഒരു മെസേജ് ഡൗൺലോഡ് ചെയ്തു എന്ന തോന്നിയാൽ ഡിലീറ്റ് ചെയ്തു പ്രശ്നം പരിഹരിക്കാമെന്നതു തെറ്റിധാരണയാണ്. സംശയമുള്ള ഡിവൈസ് മാറ്റുമ്പോൾ പഴയ ഫോണിൽ നിന്ന് ഒരു കാരണവശാലും ഡാറ്റ പുതിയ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യരുത്.
∙ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം, ട്രാഫിക് ചെല്ലാൻ പിഴയടയ്ക്കാം എന്ന മട്ടിലൊക്കെ വരുന്ന ലിങ്കുകൾ ഒരു കാരണവശാലും ക്ലിക് ചെയ്യരുത്. ഇത്തരം ആവശ്യങ്ങൾക്കായി ബാങ്കിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കുക.
∙ മെസേജായി വരുന്ന പിഡിഎഫ് ഫയലുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം തുറക്കുക. അഥവാ സംശയം തോന്നിയാൽ അതു പരിശോധിക്കാനായി സുഹൃത്തിനോ മറ്റോ അയച്ചാൽ അയാളും കുഴപ്പത്തിലാകുമെന്നോർക്കുക.
∙ ഫോണോ ലാപ്ടോപ്പോ ഇൻഫെക്ടഡ് ആയി എന്ന സംശയം തോന്നിയാൽ ടെക്നീഷ്യനെക്കൊണ്ടു പരിശോധിപ്പിച്ചു പരിഹാരം കാണുക. പണം നഷ്ടപ്പെട്ടെങ്കിൽ ഒട്ടും വൈകാതെ സൈബർ സെല്ലിൽ പാതിപ്പെടണം.