ADVERTISEMENT

കുറച്ചു ദിവസത്തെ നോർത്ത് ഇന്ത്യൻ ട്രിപ് കഴിഞ്ഞു വീട്ടിലെത്തിയതാണു കോഴിക്കോട്ടെ യുവാവ്. വിശ്രമമൊക്കെ കഴിഞ്ഞ് ഓഫിസിലെത്തിയ പാടേ യാത്രയുടെ രസങ്ങളും ത്രില്ലും ലോങ് ഡ്രൈവിങ്ങിന്റെ ഹരവുമൊക്കെ സുഹൃത്തുക്കളോടു വാതോരാതെ പറയുകയും ചെയ്തു. അന്നുച്ചയ്ക്കാണ് വാട്സാപ്പിലേക്ക് ഒരു മെസേജ് വന്നത്. നിങ്ങളുടെ വാഹനം ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ട്, ചെലാൻ പരിശോധിക്കാനായി ഈ ലിങ്കിൽ ക്ലിക് ചെയ്യാം എന്നാണ് അതിന്റെ ഉള്ളടക്കം.

വാഹനനമ്പർ ശരിയായിരുന്നു എന്നു മാത്രമല്ല, അമിതവേഗത്തിൽ ചില റോഡുകളിലൂടെ യാത്ര ചെയ്ത അവസരമായതു കൊണ്ടു തന്നെ ചെലാൻ വന്നേക്കാം എന്ന ആശങ്കയും ഉള്ളതു കൊണ്ട് ഒന്നുമാലോചിക്കാതെ അയാൾ ലിങ്കിൽ ക്ലിക് ചെയ്തു.

ADVERTISEMENT

വാഹന ഉടമയുടെ ഫോൺ നമ്പരാണെന്ന് ഉറപ്പിക്കാൻ ഒടിപി വെരിഫിക്കേഷൻ നടത്തണമെന്ന നിർദേശത്തിന് ഓക്കെ നൽകിയതിനു പിറകേ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡ് എത്തി.

അതു ടൈപ് ചെയ്തു കൊടുത്തപ്പോൾ യാത്രയ്ക്കിടെ രണ്ടിടത്തു വച്ച് അമിതവേഗത്തിനും സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും രണ്ടു ചെലാനുകൾ വന്നിട്ടുണ്ടെന്നു കണ്ടു.

ADVERTISEMENT

പിഴയും പണവും

avoid-traffic-fine-scams-parivahan

പിഴയടയ്ക്കാനുള്ള ഓപ്ഷനും അതിനു താഴെയായി ഉണ്ടായിരുന്നു. രണ്ടു നിയമലംഘനങ്ങൾക്കുമായി 2000 രൂപ ആകെ പിഴയൊടുക്കാനായി യുവാവ് അതിൽ ക്ലിക് ചെയ്തു. പിന്നാലെ പേയ്മെന്റ് വിൻഡോ സെലക്ട് ചെയ്യാനുള്ള ഓപ്ഷനിൽ ഗൂഗിൾ പേ എന്ന ഓപ്ഷനും തിരഞ്ഞെടുത്തു.

ADVERTISEMENT

തുക അടയ്ക്കാനായി പിൻനമ്പർ അടിച്ചു കാത്തിരുന്നപ്പോൾ ലഭിച്ച മെസേജ് ഇങ്ങനെ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നു 20,000 രൂപ ഡെബിറ്റ് ആയിരിക്കുന്നു. കാര്യമറിയാതെ വീണ്ടും പരിശോധിച്ചപ്പോഴാണ് ചെലാൻ പേയ്മെന്റിനായി 20,000 രൂപ തന്നെയാണ് ഓക്കെ പറഞ്ഞു കൈമാറിയതെന്നു മനസ്സിലായത്.

പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോൾ അവർ കൈമലർത്തി, ഗൂഗിൾ പേ വഴിയുള്ള ഇടപാടുകളിൽ ബാങ്കിനു നടപടിയെടുക്കാനാകില്ല. പോരെങ്കിൽ, തുക പരിശോധിക്കാതെ പിൻനമ്പർ അടിച്ചു നൽകിയത് യുവാവിന്റെ തെറ്റാണെന്നും അവർ പറഞ്ഞു.

സൈബർ സെല്ലിനു പരാതി നൽകിയപ്പോഴാണ് അങ്ങനെയൊരു വിലാസമോ വെബ്സൈറ്റോ ട്രാഫിക് വകുപ്പിന് ഇല്ലെന്നു മനസ്സിലായത്. ശരിക്കുള്ള ഗതാഗതവകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ രണ്ടു ഗതാഗത ലംഘനങ്ങൾ അതിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനസ്സിലായി. ചെലാൻ ഫീ അടച്ചതിന്റെ പേരിൽ പിന്നെയെങ്ങനെ പണം നഷ്ടപ്പെട്ടു എന്നറിയാനാണ് യുവാവ് ഞങ്ങളുടെ അടുത്തെത്തിയത്.

കെണി ഇങ്ങനെ

യുവാവ് യാത്ര ചെയ്യും മുൻപ് പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും അവിടെയുള്ള റസ്റ്ററന്റുകളെക്കുറിച്ചുമെല്ലാം ഗൂഗിളിൽ തിരഞ്ഞിരുന്നു. താമസത്തിനായി ഹോട്ടലുകളും നേരത്തേ ബുക് ചെയ്തിരുന്നു എന്നു മാത്രമല്ല, അതിനായി പല ബുക്കിങ് വെബ്സൈറ്റുകളിലും ഫോൺ നമ്പർ നൽകി ലോഗ് ഇൻ ചെയ്തിരുന്നു. യാത്രയിലുടനീളം ഗൂഗിൾ മാപ് ഓൺ ആയിരുന്നതു കൊണ്ട് ‘റൂട്ട് മാപ്പും’ തട്ടിപ്പുകാരുടെ കയ്യിലെത്താൻ വലിയ പ്രയാസമുണ്ടായില്ല.

ഫോൺ നമ്പർ, യാത്രയിലെ ബുക്കിങ്ങുകൾ, ഗൂഗിൾ മാപ് തുടങ്ങിയവയൊക്കെ നമ്മുടെ സ്വകാര്യത മറ്റുള്ളവർക്കു മുന്നിൽ തുറന്നു വയ്ക്കുന്ന ജാലകങ്ങളാണെന്നു പലർക്കുമറിയില്ല. യാത്രാവിവരങ്ങളുപയോഗിച്ച് അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞ തട്ടിപ്പുകാരുടെ കയ്യിലേക്കു വീണുകിട്ടിയ ലോട്ടറിയായിരുന്നു ഓവർ സ്പീഡും നോ സീറ്റ് ബെൽറ്റും.

യുവാവിന്റെ ട്രാഫിക് നിയമലംഘനം ഔദ്യോഗിക വെബ്സൈറ്റിൽ വന്ന പിറകേ ഇക്കാര്യമറിയിച്ചു തട്ടിപ്പുകാരുടെ മെസേജ് ഫോണിലേക്കെത്തി. ഒപ്പം ചെലാൻ പിഴ അടയ്ക്കാനുള്ള അവരുടെ തട്ടിപ്പ് ലിങ്കും. അതിൽ ക്ലിക് ചെയ്ത് മുന്നോട്ടുപോയതു കൊണ്ടാണു പണം നഷ്ടപ്പെട്ടത്. ഗൂഗിൾ പേ വഴി ഇടപാട് നടത്തുമ്പോൾ പിൻനമ്പർ നൽകും മുൻപു തുക പരിശോധിച്ച് ഉറപ്പാക്കാനും യുവാവു മെനക്കെട്ടില്ല.

ഭയം വേണ്ട, ജാഗ്രത മതി

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ആശങ്ക മനസ്സിലുണ്ടെങ്കിൽ റോഡ് ട്രാൻസ്പോർട് ആൻഡ് ഹൈവേയ്സ് മന്ത്രാലയത്തിനു കീഴിലുള്ള പരിവാഹൻ വെബ്സൈറ്റിലാണ് (parivahan.gov.in) പരിശോധിക്കേണ്ടത്. പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനും (Nextgen mParivahan) ഉണ്ട്. ചെലാൻ ഉണ്ടോ എന്നു പരിശോധിക്കാൻ മാത്രമല്ല, ഇ പേയ്മെന്റിനും ഇതിൽ ഓപ്ഷനുണ്ട്.

അഥവാ ട്രാഫിക് നിയമലംഘന ചെലാൻ വന്നിട്ടുണ്ട് എന്ന് മെസേജ് വന്നാലും ആ നിമിഷം തന്നെ പിഴ അടയ്ക്കണമെന്നു യാതൊരു നിബന്ധനയുമില്ല. പിഴയടയ്ക്കാനായി നിശ്ചിത ദിവസത്തെ സമയം നൽകിയിട്ടുണ്ടാകും.

അതിനുള്ളിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ട്രഷറിയിലോ ചെന്നാൽ നേരിട്ടു പിഴയടയ്ക്കാം. അതിനു സമയമില്ലാത്തവർക്ക് പരിവാഹൻ വെബ്സൈറ്റ് വഴി ഓൺലൈനായും പിഴ ഒടുക്കാം.

ഇതൊന്നുമോർക്കാതെ മെസേജിൽ കണ്ട ലിങ്ക് ക്ലിക് ചെയ്തതാണ് യുവാവിനു പണം നഷ്ടപ്പെടാൻ കാരണം. പരിവാഹൻ വെബ്സൈറ്റിലൂടെ രണ്ടു ചെലാനുകളും വീണ്ടും അടച്ചെങ്കിലും, തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു നീക്കിയ പണം തിരികെ കിട്ടാനായി കേസുമായി മുന്നോട്ടു പോകുകയാണ് അയാൾ.

പരിശോധിച്ച് ഉറപ്പിക്കാം

വ്യാജ ലിങ്കുകളിൽ ക്ലിക് ചെയ്യും മുൻപ് അവയുടെ വിശ്വാസ്യത പരിശോധിക്കാനായി കേരള പൊലീസിന്റെ എഐ അധിഷ്ഠിത ഡിജിറ്റൽ സേഫ്റ്റി അസിസ്റ്റന്റ് പ്ലാറ്റ് ഫോം നിലവിൽ വന്നു. സൈബർവാൾ (CyberWall) എന്നു പേരിട്ടിരിക്കുന്ന ഈ ചാറ്റ്ബോട്ടിലൂടെ വിശ്വസ്തത സംശയിക്കാവുന്ന ഏതു കാര്യവും ചെക്ക് ചെയ്ത് ഉറപ്പാക്കാം.

ഉദാഹരണത്തിന്, നിങ്ങൾ വിദേശ സർവകലാശാലയുടെ വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഒരു വെബ്സൈറ്റ് വിലാസം ലഭിച്ചു എന്നു കരുതുക. അതു യഥാർഥമാണോ എന്നു സൈബർവാളിനോടു ചോദിക്കാം.

വെബ്സൈറ്റ് ലിങ്കുകൾ, ക്യുആർ കോഡുകൾ, എസ്എംഎസ്, ഇമെയിൽ, സ്ക്രീൻഷോട്ടുകൾ, ഫോൺ നമ്പരുകൾ, കോളർ ഡീറ്റെയ്ൽസ്, യുപിഐ ഐഡി, ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ്‌സി കോഡുകൾ, എപികെ ഫയലുകളും ആപ്ലിക്കേഷൻ വിവരങ്ങളും, സംശയാസ്പദമായ വോയ്സ് നോട്ടുകൾ തുടങ്ങിയവയൊക്കെ ഇതിൽ പരിശോധിച്ചു വിശ്വസ്തത ഉറപ്പിക്കാം.

മെസേജിലൂടെയും മറ്റും ലഭിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യും മുൻപ് അതിന്റെ വിശ്വസ്തത ഉറപ്പാക്കാൻ സൈബർ വാളിനോടു ചോദിക്കാമെന്നു മാത്രമല്ല, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപും പണമയയ്ക്കും മുൻപുമൊക്കെ അവ തട്ടിപ്പുകാരുടേതാണോ എന്നു പരിശോധിക്കാനുമാകും.

ടെക്നിക്കലായും ബിഹേവിയറലായും മാത്രമല്ല, ത്രെട്ട് ഇന്റലിജൻസ് സിഗ്‌നലുകളുടെ സാന്നിധ്യം ഉണ്ടോ എന്നു വിശകലനം ചെയ്തും സൈബർവാൾ ഇവയുടെ വിശ്വസ്തത പരിശോധിക്കും. അതിനു ശേഷം നൽകുന്ന ട്രസ്റ്റ് സ്കോർ (Trust Score) അനുസരിച്ചാണ് എത്രമാത്രം വിശ്വസ്തമാണ് എന്നു കണക്കാക്കുന്നത്. സ്കോർ നൽകുന്നതിനൊപ്പം തന്നെ എന്തൊക്കെ റിസ്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ ഏതൊക്കെ തരത്തിൽ ദോഷമാകുമെന്നും വിശദമായി പറഞ്ഞുതരും. അതുകൊണ്ടുതന്നെ അടുത്ത ആക്‌ഷൻ എന്താകണമെന്നും നിർദേശിക്കും.

മലയാളത്തിലും ഇംഗ്ലിഷിലും ലഭ്യമായ സൈബർവാൾ ചാറ്റ്ബോട്ടിനായി വാട്സാപ്പിൽ 9497964163 എന്ന നമ്പരിലേക്കാണു മെസേജ് അയക്കേണ്ടത്. ടെലഗ്രാം വിലാസം @Cyber_wall_bot.

കേരള പൊലീസിന്റെ ആപ്ലിക്കേഷനായ പോൾ ആപ്പിലും (Pol-App) ഔദ്യോഗിക വെബ്സൈറ്റിലും (cyberwall.keralapolice.gov.in) ഇതു ലഭ്യമാണ്.∙

Fake Traffic Challan Scam Cost Kozhikode Youth Rs 20000:

Traffic scam targets a Kozhikode youth who lost twenty thousand rupees after clicking a fake challan link received on WhatsApp following a road trip. The victim recently returned from a North Indian road trip and received a fraudulent message regarding speeding violations. Believing the message due to actual speeding, he clicked the malicious link and entered verification details. Without checking the payment amount carefully, he authorized a Google Pay transaction of twenty thousand rupees instead of two thousand. Banks refused to compensate for the UPI transaction error, while cyber cell confirmed the traffic department had no such link. Scammers often track user activities through online bookings and Google Maps during trips to orchestrate targeted financial frauds. Citizens must use the official Parivahan website or Nextgen mParivahan mobile application to verify and pay traffic fines safely. Kerala Police has also launched the CyberWall chatbot on WhatsApp and Telegram to help people verify suspicious links and prevent cyber frauds.

ADVERTISEMENT