പരമ്പരാഗത കരകൗശല ഉൽപന്നങ്ങളുടെ പട്ടികയിൽ ഇടം നേടിയ കിള്ളിമംഗലം പുൽപ്പായ കേരളത്തിന്റെ അഭിമാനമായി വളരുകയാണ്. ഇന്ത്യയിൽ സംരക്ഷിക്കപ്പെടേണ്ട 42 കരകൗശല ഉൽപന്നങ്ങളുടെ പട്ടികയിലാണ് കിള്ളിമംഗലം പുൽപ്പായ ഇടം നേടിയത്. തൃശൂരിലെ കിള്ളിമംഗലത്താണ് പുൽപ്പായ നെയ്ത്ത് വ്യവസായ സഹകരണ സംഘം പ്രവർത്തിക്കുന്നത്. തറിയിൽ കൈകളാൽ നെയ്തെടുക്കുന്ന പുൽപ്പായ മുത്തങ്ങപ്പുല്ലു കൊണ്ടാണ് നെയ്യുന്നത്.
കുറവ സമുദായത്തിൽ പെട്ടവരുടെ കുലത്തൊഴിലായിരുന്നു പുൽപ്പായ നെയ്ത്ത്. എന്നാൽ ഈ വിദ്യ അന്യംനിന്നു പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് 1952ൽ സൊസൈറ്റി രൂപീകരിക്കുന്നത്. 10-12 വർഷം മുൻപ് കുറവ സമുദായത്തിലുള്ളവർ ഈ തൊഴിലിലേക്ക് വരാതെയായി. പരിശീലനം നേടിയ പ്രദേശവാസികളായ സിന്ധു, ബിന്ദു, ഷീജ, ബീന, സന്ധ്യ, ദിവ്യ, ഷീബ, പ്രബിത എന്നീ വീട്ടമ്മമാരാണ് ഇന്ന് ഇത് മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രസിഡന്റ് സുധാകരനും ഒപ്പമുണ്ട്.
പാലക്കാട് ചിറ്റൂരിൽ നിന്നാണ് നെയ്ത്തിനുള്ള പുല്ല് കൊണ്ടുവരുന്നത്. ചീകി ഉണക്കി കൊണ്ടുവരുന്ന ഈ പുല്ല് നെയ്ത്തിനു മുൻപ് വീണ്ടും വെള്ളത്തിലിട്ട് ഉണക്കുന്നു. നിറം നൽകണമെങ്കിൽ പുല്ല് ചായക്കൂട്ടുകളിൽ കലർത്തി തിളപ്പിച്ചെടുത്തതിനു ശേഷം ഉണക്കി തറിയിൽ നെയ്തെടുക്കുന്നു. പാവിൽ നൂലിട്ട് അത് തറിയിലേക്ക് ചേർത്തുവച്ച ശേഷമാണ് നെയ്ത്ത് ആരംഭിക്കുന്നത്. സാധാരണ പായ നെയ്തെടുക്കാൻ അഞ്ച് ദിവസം വേണം. അഗ്‌നിപ്പായ, പല്ലക്ക് പായ എന്നിങ്ങനെ പല ഡിസൈനിലുള്ള പായകളുണ്ട്. 2,800 രൂപ മുതലാണ് പായുടെ വില.
വർഷങ്ങളോളം ഈട്
പായ, ടേബിൾ മാറ്റ്, യോഗ മാറ്റ്, റണ്ണർ, തടുക്ക്, നിസ്ക്കാരപ്പായ, പെയിന്റിങ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. ചെക്കന്റെയും പെണ്ണിന്റെയും പേരും വിവാഹത്തീയതിയും ആലേഖനം ചെയ്ത കല്യാണപ്പായയ്ക്കും ആരാധകരുണ്ട്. പെണ്ണിനും ചെക്കനും ഇരിക്കാൻ ഈ പായ ഉപയോഗിക്കാം. പല അളവിലുള്ള റണ്ണർ ലഭ്യമാണ്. കൂടാതെ, ഇഷ്ടമുള്ള ഡിസൈനും നിറവും ആവശ്യപ്പെട്ടാൽ അതിനനുസരിച്ച് കസ്റ്റമൈസ് ചെയ്തും ലഭിക്കും. കുറഞ്ഞത് 20 വർഷം വരെ ഈ ഉൽപന്നങ്ങള്‍ കേടുകൂടാതെ ഇരിക്കും. കഴുകി ഉപയോഗിക്കുകയും ചെയ്യാം.
ഈയടുത്തായി കേരള കലാമണ്ഡലത്തിന്റെ നേതൃത്തിൽ രൂപപ്പെടുത്തിയ ടൂറിസം പദ്ധതിയിൽ നെയ്ത്ത് കേന്ദ്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കിള്ളിമംഗലം പുൽപ്പായയുടെ സ്റ്റാളുണ്ട്. Killimangalam Koragrass Mat Society എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഇവരെ ബന്ധപ്പെടാവുന്നതാണ്.
‘‘തുച്ഛമായ വരുമാനമാണുള്ളത്. സർക്കാരിൽ നിന്ന് സഹായമൊന്നും തന്നെ ലഭിക്കുന്നില്ല. പല സുമനസ്സുകളുടെയും സഹായത്തോടെയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ദുബായിലുള്ള അച്ചുവേട്ടൻ കെട്ടിടം നന്നാക്കാനും തറി മേടിക്കാനുമുൾപ്പെടെ സൊസൈറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ട്. വിനോദ് നമ്പ്യാർ, ബിജു, കവിത, സുമംഗല എന്നിവരും സഹായിക്കാറുണ്ട്. പൈതൃകത്തൊഴിൽ സംരക്ഷിക്കുന്ന ഈ കൂട്ടായ്മയെ സർക്കാർ കണ്ടില്ലെന്നു നടിക്കരുത്,’’ പ്രസിഡന്റ് സുധാകരൻ പറയുന്നു.