തിരുവനന്തപുരം: പരിസ്ഥിതിസൗഹൃദ നിർമാണകലയെ പ്രോത്സാഹിപ്പിക്കുന്ന ‘ഭൂ 26’ - ‘ഫെസ്റ്റിവൽ ഓഫ് എർത് ആർക്കിടെക്ചർ’ മാർച്ച് 28, 29 തീയതികളിൽ തിരുവനന്തപുരം വെഞ്ഞാറമൂട് ഡൗൺ ടു എർത് വില്ലേജിൽ നടക്കും. ഉർവി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലൈവ് 3D പ്രിന്റിംഗ് ശിൽപശാല, എർത് ആർക്കിടെക്ചർ സെമിനാർ, എക്സ്പോ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഇന്ത്യയിൽ ആദ്യമായാണ് മണ്ണ് ഉപയോഗിച്ച് 3ഡി പ്രിന്റിംഗ് രീതിയിൽ കെട്ടിടം നിർമിക്കുന്നത്. പ്രശസ്ത ആർക്കിടെക്ടുമാരായ ജി.ശങ്കർ, വിനു ദാനിേയൽ, സത്യപ്രകാശ് വാരണഷി, ചിത്ര വിശ്വനാഥ് തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകും.
മണ്ണ് അടിസ്ഥാനമാക്കിയ നിർമാണ രീതികളെയും പ്രായോഗിക ശില്പകലാ പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. നാഷനൽ അസോസിയേഷൻ ഓഫ് സ്റ്റുഡന്റസ് ഓഫ് ആർക്കിടെക്ചർ, കോ എർത് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിത വീട് മാസികയാണ് മീഡയ പാർട്നർ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലോഗോ പ്രകാശനവും ആർക്കിടെക്ട് ജി.ശങ്കർ വെബ്സൈറ്റ് പ്രകാശനവും നിർവഹിച്ചു.