ADVERTISEMENT

മയം രാവിലെ എട്ട്  മണി. പോണ്ടിച്ചേരിയിലെ ട്രീ ടോപ്പ് കഫേ തുറന്നതേയുള്ളൂ. നേർത്ത തണുപ്പിൽ കാപ്പി നുണയാനെത്തിയവരിൽ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികൾ മുതൽ സൗഹൃദക്കൂട്ടങ്ങളും പ്രണയികളും വരെയുണ്ട്. കഫേയിൽ എവിടെയിരുന്നാലും വൃക്ഷത്തലപ്പുകൾക്ക് മുകളിലൂടെ ഓറോവില്ലിന്റെ മുഖമുദ്രയായ മാത്രിമന്ദിറും മറുവശത്ത് കടലും കാണാം. മുകളിലെ പാൽപ്പതയിൽ മയിൽപ്പീലിച്ചിത്രം തെളിയുന്ന ‘ഫ്ലാറ്റ് വൈറ്റ്’ കാപ്പിക്കു മുന്നിലിരുന്ന് നടൻ ഹരീഷ് ഉത്തമനും, ശങ്കർ നാരായണനും  ട്രീ ടോപ്പ് കഫേയുടെ കഥ പറഞ്ഞു തുടങ്ങി:

‘മാമാ ഖായ’ എന്ന് പേരിട്ടിരിക്കുന്ന മരത്തിന്റെ മുകളിലെ ശിഖരത്തിലൊരുക്കിയ കോഫി ഷോപ്പിലാണ് നമ്മളിരിക്കുന്നത്. മാമാ ഖായ എന്നാൽ  തമിഴിൽ അമ്മ മഹാഗണി എന്നർഥം.
ഒരു ദിവസം പുലർച്ചെ മൂന്നു മണിക്ക് ശങ്കർ എനിക്കൊരു വോയ്സ് മെസേജ് അയക്കുന്നു– മരത്തിനു മുകളിൽ കോഫി ഷോപ്പ് പണിയാനുള്ള ആശയത്തിന്റെ വിവരണമാണ്. അഞ്ചു മണിക്കാണ് ഞാൻ മെസേജ് കേൾക്കുന്നത്. ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞുതീർക്കുന്നതു കേട്ടപ്പോൾ തന്നെ ശങ്കറിനുള്ളിലെ ആത്മാർഥത എനിക്കു പിടികിട്ടി. കൈകൊടുക്കാമെന്ന് അപ്പോൾ തന്നെ മറുപടിയും അയച്ചു.

cafe
ADVERTISEMENT

2025 ജൂൺ ഏഴിനാണ് ശങ്കർ ഹരീഷിന് മെസേജ് അയക്കുന്നത്. ജൂൺ 27 ന് വൃക്ഷപൂജയോടെ നിർമാണം തുടങ്ങി. 2026 ഫെബ്രുവരിയിൽ പൂർത്തിയായി.
ഇതാണ് ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് ഏറ്റവും ഉയരമുള്ളതുമായ ട്രീ ടോപ്പ് കഫേ. 19.34 മീറ്ററാണ് ഉയരം. വിസ്തീർണം 1775 സ്ക്വയർഫീറ്റ്.

കോവിഡ് കാലത്തെ പരിചയം
 കോവിഡ് സമയത്താണ് ഞാനും ശങ്കറും പരിചയപ്പെടുന്നത്. ഓറോവില്ലിൽ ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ‘കീത്ത് ഹൗസ്’ എന്ന റിസോർട് ആ സമയത്ത് സോഷ്യൽ മീഡയയിൽ വൈറൽ ആയിരുന്നു. അവിടെ താമസിക്കാനെത്തി ശങ്കറുമായി ചങ്ങാത്തത്തിലായി.

ADVERTISEMENT

ബെംഗളൂരു ടിസിഎസിലെ ജോലി ഉപേക്ഷിച്ച് പുതുമയുള്ള എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് ശങ്കർ  എയർബിഎൻബിയുമായി ചേർന്ന് വീടിനടുത്ത് കീത്ത് ഹൗസ് എന്ന സംരംഭം തുടങ്ങിയത്. ഓലമേഞ്ഞ വീടിന് ഇവിടെ പറയുന്ന പേരാണ് കീത്ത് ഹൗസ്. ഒന്നിൽ തുടങ്ങി അതിന്റെ എണ്ണം ഇപ്പോൾ പത്തായി.
ഹോസ്പിറ്റാലിറ്റി രംഗത്ത് പുതിയ സംരംഭം എന്തെങ്കിലും തുടങ്ങിയാൽ പങ്കാളിയാകാൻ താൽപര്യം ഉണ്ടെന്ന് ശങ്കറിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ശങ്കർ മെസേജ് അയച്ചത്.

cafe2

ഫിലിപ്പ് എന്ന മിടുക്കൻ
ട്രീ ഹൗസ് സ്പെഷലിസ്റ്റായ ജർമൻ സ്വദേശി ഫിലിപ്പ്  ക്ലിങ്സ്പൈസിനെ ചുമതല ഏൽപിച്ചതായിരുന്നു ഞങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനം. ജർമൻ സ്വദേശിയാണ് ഫിലിപ്പ്. എട്ട് വർഷമായി ഓറോവിൽ ഇന്റർനാഷണൽ ടൗൺഷിപ്പിലെ ട്രീ ഹൗസിലാണ് താമസം. പരിചയപ്പെട്ട ഉടനേ തന്നെ ഹരീഷിനും ഫിലിപ്പിനെ ഇഷ്ടമായി.
ഫിലിപ്പ് പല രാജ്യങ്ങളിലായി 250–ൽ അധികം  ട്രീ ഹൗസ് നിർമിച്ചിട്ടുണ്ട്. ഇതിനായി അദ്ദേഹത്തിനു കീഴിലൊരു സ്പെഷൽ ടീം തന്നെയുണ്ട്.

ADVERTISEMENT

എളുപ്പപ്പണിയല്ല ട്രീ ഹൗസ്
സമാന പൊക്കത്തിലുള്ള കെട്ടിടം പണിയുന്നതിന്റെ പതിന്മടങ്ങ് ശ്രദ്ധയുണ്ടെങ്കിലേ ട്രീ ഹൗസ് പണിയാനാകൂ. മരത്തിന്റെയും ഓരോ ശിഖരത്തിന്റെയും ബലവും ഉറപ്പും മനസ്സിലാക്കാൻ കഴിയണം. കാറ്റിന്റെ ശക്തി കണക്കുകൂട്ടണം. സാധനങ്ങൾ മുകളിലെത്തിക്കാനുള്ള വൈദഗ്ധ്യം വേണം. എപ്പോഴും കൂൾ മൂഡിലായിരുന്നു ഫിലിപ്പ്. മുഖത്ത് സ്ഥിരം ചിരിയുണ്ടാകും. ഇത്ര ആയാസരഹിതമായി അദ്ദേഹം പണി പൂർത്തിയാക്കുമെന്ന് ഹരീഷ് മാത്രമല്ല, ഞാനും കരുതിയിരുന്നില്ല.
 45 വർഷത്തിലധികം പ്രായമുള്ള ആഫ്രിക്കൻ ഇനത്തിൽപെട്ട മഹാഗണിയിലാണ് കഫേ ഒരുക്കിയത്. മുൻപ് ഓറോവില്ലിൽ എത്തിയ ഏതോ വിദേശി നട്ടതാകാം. 25 മീറ്ററാണ് മരത്തിന്റെ പൊക്കം. ഇതിൽ 19.34 മീറ്റർ പൊക്കത്തിൽ വരെ കഫേ വരുന്നുണ്ട്.

14 ടൺ തടി
മഹാഗണിയുടെ തായ്ത്തടിയോടും പ്രധാന ശിഖരങ്ങളോടും ചേർന്ന് തയാറാക്കിയ അഞ്ച് തട്ടുകളിലായാണ് ട്രീ ടോപ്പ് കഫേ. മെയിൻ ഡെക്ക്, ഇവന്റ് സ്റ്റേജ്, സൺറൈസ് ഡെക്ക്, കിച്ചൺ,  സെന്റർ ടേബിൾ, ബില്യാർഡ്സ് ഡെക്ക്, ഐലൻ‌ഡ് ഡെക്ക്, ടോയ്‌ലറ്റ് എന്നിവയാണ് കഫേയിലുള്ളത്. ഇവയെ  തമ്മിൽ പടികളും പാലവും  ഉപയോഗിച്ച് ബന്ധിപ്പിച്ചു. താഴെ നിന്നും ഏറ്റവും മുകളിലുള്ള സ്കൈ ഡെക്കിലെത്താൻ 90 പടികൾ കയറണം. ആഹാരസാധനങ്ങൾ എത്തിക്കാൻ നടുവിലൂടെ ചെറിയ സർവീസ് ലിഫ്റ്റ് നൽകി.

 നിർമാണത്തിനായി 14 ടണ്ണിലധികം  തടി വേണ്ടിവന്നു. പഴയ തടിയായിരുന്നു ഇതിൽ 75 ശതമാനവും. ചുഴലിക്കാറ്റിൽ കടപുഴകിയ മരങ്ങളുടെയും പൊളിച്ച കെട്ടിടങ്ങളിൽ നിന്ന് ശേഖരിച്ചതുമായ തടിയെല്ലാം പുനരുപയോഗിച്ചു. തടി സ്കൂ ഉപയോഗിച്ച് യോജിപ്പിക്കുന്ന രീതിയിലാണ് നിർമാണം. പിന്നീട് വേണമെങ്കിൽ ഇത് മുഴുവനും അഴിച്ചെടുത്ത് പുനരുപയോഗിക്കാം.

 മഹാഗണിയുടെ ഒന്നു രണ്ട് ശിഖരങ്ങൾ മുറിക്കേണ്ടി വന്നു. ആ തടിയുപയോഗിച്ച് സ്റ്റൂളുകൾ പണിതു.
മരങ്ങൾ സഹയാത്രികർ
പോണ്ടിച്ചേരി തിണ്ടിവനം ഹൈവേയിൽ നിന്ന് ഓറോവില്ലിലേക്കുള്ള വഴിയിൽ 800 മീറ്റർ മാത്രം അകലെയാണ് ട്രീ ടോപ്പ് കഫേ. സാമ്പത്തികലാഭം ലക്ഷ്യമാക്കിയല്ല ഇതു പണിതത്. നമ്മുടെ ജീവിതം മുൻപ് ഇങ്ങനെ ആയിരുന്നു എന്ന ഒാർമപ്പെടുത്തൽ. കെട്ടിടം പണിയാനായി മരങ്ങൾ മുറിക്കേണ്ട, മരത്തെ തന്നെ കെട്ടിടമാക്കാം എന്നൊരു സാക്ഷ്യം. അതാണ് ഈ ഉദ്യമത്തിന്റെ ല ക്ഷ്യം. ആർക്കും ഇവിടെ വരാം. വേണമെങ്കിൽ ഡിസൈൻ അപ്പാടെ പകർത്താം. എന്തു സഹായവും ഞങ്ങൾ നൽകും.
പറയാനുള്ളത് ഒന്നുമാത്രം– മരങ്ങൾ നമ്മുടെ സഹയാത്രികരാണ്.

India's Highest Tree Top Cafe Opens in Auroville:

Tree top cafes are a new attraction in India, with the country's first and world's tallest opening in Auroville, Pondicherry. Actor Harish Uthaman and Shankar Narayanan collaborated to create this unique establishment, situated atop a 19.34-meter-tall Mahagony tree named 'Mama Khaya'. The cafe, designed by German treehouse specialist Philipp Klingspice, emphasizes sustainability by utilizing repurposed wood and minimal impact construction. It serves as a reminder of a simpler way of life, demonstrating that trees can be integral to buildings rather than obstacles. The project was completed in February 2026, after construction began in June 2025.