ജീവിതത്തിൽ നാം നേരിടുന്ന ഒട്ടുമിക്ക പ്രതിസന്ധികളെയും കാലക്രമേണ മറക്കാനും അതിജീവിക്കാനും സാധിക്കാറുണ്ട്. എന്നാൽ, ചില ഭയപ്പെടുത്തുന്ന ദുരനുഭവങ്ങൾ മാത്രം എത്ര വർഷങ്ങൾ കഴിഞ്ഞാലും മായാതെ വലിയ മുറിവായി മനസ്സിലും ശരീരത്തിലും എക്കാലത്തും അവശേഷിക്കുന്നത് എന്തുകൊണ്ടാണ്?
എന്താണ് യഥാർഥ ട്രോമ?
സമയം എത്ര കഴിഞ്ഞാലും ഉണങ്ങാത്ത ആ വലിയ മുറിവുകളെയാണ് ‘ട്രോമ’ എന്നു വിളിക്കുന്നത്. ആ വലിയ ഭയം നമ്മുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെയാണു മാറ്റിമറിക്കുന്നത്?
ഇതറിയാൻ നമ്മുടെ തലച്ചോർ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു നോക്കാം. വീടുകളിലെ സെക്യൂരിറ്റി അലാറം എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതുപോലെ തന്നെയാണു തലച്ചോറും.
ഒരു കള്ളൻ ജനൽ പൊളിച്ച് അകത്തു കടക്കാൻ ശ്രമിച്ചാൽ ഈ അലാം വലിയ ശബ്ദത്തിൽ അടിക്കുകയും നമ്മളെ പെട്ടെന്ന് ഉണർത്തുകയും ചെയ്യുമല്ലോ. നമ്മുടെ തലച്ചോറിലുമുണ്ട് ഇതുപോലൊരു അലാം സിസ്റ്റം. അതിനെ ‘അമിഗ്ഡല’ (Amygdala) എന്നു വിളിക്കാം.
നമ്മുടെ ജീവനോ ശരീരത്തിനോ എന്തെങ്കിലും ഒരാപത്ത് വരുമ്പോൾ, തലച്ചോറിലെ ഈ അലാം ഉച്ചത്തിൽ മുഴങ്ങും. ഉടനെ തന്നെ നമ്മുടെ ശരീരം അഡ്രിനാലിൻ പോലുള്ള ചില ഹോർമോണുകൾ ഉത്പാദിപ്പിക്കും.
ആ അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെടാനോ അല്ലെങ്കിൽ അതിനോട് പൊരുതി നിൽക്കാനോ ഉള്ള വലിയൊരു ഊർജം അതുവഴി ശരീരത്തിനു ലഭിക്കും. എന്നാൽ, ആ അപകടം ഒഴിഞ്ഞുപോയി എന്ന് ഉറപ്പായാൽ അലാം തനിയെ നിൽക്കുകയും നമ്മൾ പഴയതുപോലെ ശാന്തരാകുകയും ചെയ്യും. ഇതു വളരെ സ്വാഭാവികമായ ഒന്നാണ്.
എന്നാൽ, ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള അതിദാരുണമായ ദുരന്തങ്ങളുണ്ടാകുമ്പോൾ ഈ സംവിധാനത്തിന് എന്തുസംഭവിക്കുമെന്നു ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്, ജീവൻതന്നെ നഷ്ടപ്പെട്ടേക്കാവുന്ന വലിയ വാഹനാപകടം, യുദ്ധം, ലൈംഗികാതിക്രമം, പ്രകൃതി ദുരന്തങ്ങൾ, അതിക്രൂരമായ ഗാര്ഹിക പീഡനം, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണം എന്നിവയൊക്കെ സംഭവിക്കുമ്പോൾ മനുഷ്യർ വലിയൊരു ഞെട്ടലിലൂടെയാണ് കടന്നുപോകുന്നത്.
അമിതമായ അളവിൽ വൈദ്യുതപ്രവാഹമുണ്ടാകുമ്പോൾ വീട്ടിലെ ഫ്യൂസ് കത്തിപ്പോകുന്നതുപോലെ, ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമ്പോൾ തലച്ചോറിന്റെ ഈ അലാം സിസ്റ്റം തകരാറിലാകുന്നു. അപകടം കഴിഞ്ഞു ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയാലും തലച്ചോറിലെ ഈ അലാം പിന്നീട് ഓഫ് ആകില്ല; അത് എപ്പോഴും ഉള്ളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. അതായത്, ആ വലിയ ദുരന്തം കഴിഞ്ഞുപോയെന്നും തങ്ങളിപ്പോൾ സുരക്ഷിതരാണെന്നുമുള്ള സത്യം തലച്ചോറിന് ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു.
താൻ ഇപ്പോഴും ആ പഴയ ഭയാനകമായ നിമിഷത്തിലാണെന്നും ഏതു നിമിഷവും ആ അപകടം വീണ്ടും സംഭവിക്കാമെന്നും വ്യക്തിയുടെ ശരീരം വിശ്വസിച്ചു തുടങ്ങും. ചുരുക്കത്തിൽ, വലിയ ദുരന്തം കഴിഞ്ഞതിനു ശേഷവും പഴയ ഭയത്തിൽനിന്നുണ്ടായ അതേ പ്രതികരണം തന്നെ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തരത്തിൽ നമ്മുടെ തലച്ചോറും ശരീരവും കുടുങ്ങിക്കിടക്കുന്ന ഗുരുതരമായ ഈ അവസ്ഥയെയാണ് യഥാർഥത്തിൽ ‘ട്രോമ’ എന്നു വിളിക്കുന്നത്.
PTSD എന്താണെന്നു മനസ്സിലാക്കാം
ഇത്തരം വലിയ ട്രോമകൾ അനുഭവിക്കുന്ന എല്ലാവർക്കും പിന്നീട് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ (PTSD) എന്ന അസുഖം വരണമെന്നില്ല. വലിയ അപകടമോ അതിക്രമമോ നടന്നയുടനെ, ആർക്കായാലും അതിയായ ഭയവും ഉറക്കമില്ലായ്മയും ഞെട്ടലും ഉണ്ടാകുന്നതു തികച്ചും സ്വാഭാവികമാണ്. ആ ഭീകരമായ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ തലച്ചോർ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.
കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണയോടെ, ഭൂരിഭാഗം മനുഷ്യരിലും ഈ ഭയം കാലക്രമേണ കുറഞ്ഞുവരുകയും അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും. ശരീരത്തിലുണ്ടാകുന്ന വലിയ മുറിവ് സമയമെടുത്തു തനിയെ ഉണങ്ങുന്നതുപോലെയാണിത്.
എന്നാൽ, ചിലരിൽ ഈ മുറിവ് ഉണങ്ങില്ല. ലോകാരോഗ്യ സംഘടനയുടെ ICD (International Classification of Diseases) അല്ലെങ്കിൽ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ DSM മാനദണ്ഡങ്ങൾ പ്രകാരം, ദുരന്തം നടന്ന് ഒരു മാസത്തിനു ശേഷവും ഈ ഭയവും ലക്ഷണങ്ങളും കുറയുന്നില്ലെങ്കിലോ, അല്ലെങ്കിൽ വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ വഷളാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ‘PTSD’ എന്ന ക്ലിനിക്കൽ അവസ്ഥയായി കണക്കിലെടുക്കുന്നത്. അതായത്, അപകടത്തിൽ നിന്നു സ്വയം പുറത്തുകടക്കാൻ നമ്മുടെ നാഡീവ്യൂഹത്തിന് (Nervous system) കഴിയാതെ വരുന്ന അവസ്ഥ.
ട്രോമ എന്നതു നമ്മൾ കടന്നുപോകുന്ന ആ കഠിനമായ സംഭവമാണെങ്കിൽ അതിൽ നിന്നും പുറത്തു കടക്കാൻ കഴിയാതെ തലച്ചോർ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ് PTSD. ഇത്തരം അവസ്ഥയുള്ള ഒരു വ്യക്തിയുടെ ജീവിതം പുറമെ നിന്നു നോക്കുന്നത്ര എളുപ്പമല്ല.
അപകടം കഴിഞ്ഞ് അവർ ഇപ്പോൾ പൂർണമായും സുരക്ഷിതമായ ഒരു മുറിയിലായിരിക്കും ഇരിക്കുന്നതെങ്കിലും, അവരുടെ ശരീരവും നാഡീവ്യൂഹവും അതു വിശ്വസിക്കില്ല. പ്രധാനമായും മൂന്നു രീതിയിലാണ് ഇത് അവരുടെ നിത്യജീവിതത്തെ ബാധിക്കുന്നത്:
1. അപ്രതീക്ഷിതമായി കടന്നുവരുന്ന ഓർമകളും ഫ്ലാഷ്ബാക്കുകളും: സിനിമകളിൽ കാണുന്നതുപോലെ പഴയ ദുരന്തം പൂർണമായും കൺമുന്നിൽ ഒരു കാഴ്ച പോലെ കാണുകയല്ല യഥാർഥത്തിൽ സംഭവിക്കുന്നത്. മറിച്ച്, വെറുതെയിരിക്കുമ്പോഴോ മറ്റോ ആ പഴയ അപകടത്തിന്റെ ഓർമകൾ അപ്രതീക്ഷിതമായി മനസ്സിലേക്ക് ഇടിച്ചുകയറി വരും. അതൊരു സാധാരണ ഓർമയായിട്ടല്ല അവർ അനുഭവിക്കുന്നത്.
ആ പഴയ സംഭവം ഇപ്പോൾ വീണ്ടും നടക്കുകയാണെന്ന് അവരുടെ ശരീരം തെറ്റിധരിക്കുന്നു. അതുകൊണ്ട് തന്നെ അന്ന് അനുഭവിച്ച അതേ അതിയായ ഭയവും, നെഞ്ചിടിപ്പും, വിയർപ്പുമെല്ലാം ഒരു മുന്നറിയിപ്പുമില്ലാതെ ശരീരത്തിൽ വീണ്ടും അനുഭവപ്പെടും.
2. ഒഴിവാക്കൽ: ആ പഴയ ദുരന്തത്തെ ഓർമിപ്പിക്കുന്ന എല്ലാത്തിൽ നിന്നും അവർ ഓടിയൊളിക്കാൻ ശ്രമിക്കും. വലിയൊരു വാഹനാപകടമാണ് ട്രോമ ഉണ്ടാക്കിയതെങ്കിൽ, അവർ പിന്നീടു വാഹനത്തിൽ കയറാൻ തന്നെ ഭയപ്പെട്ടേക്കാം. അപകടം നടന്നതുപോലെയുള്ള സ്ഥലങ്ങൾ, അന്നു ധരിച്ചിരുന്ന നിറമുള്ള വസ്ത്രങ്ങൾ, അല്ലെങ്കിൽ ആ സമയത്തു കേട്ടതുപോലെയുള്ള ശബ്ദങ്ങൾ എന്നിങ്ങനെ എന്തും അവർക്കു വലിയ മാനസിക സംഘർഷം ഉണ്ടാക്കിയേക്കാം. അതിനാൽ അവർ ഇത്തരം സാഹചര്യങ്ങളിൽ നിന്നു പൂർണമായും ഒഴിഞ്ഞുമാറാൻ തുടങ്ങും.
3. എപ്പോഴുമുള്ള ജാഗ്രത: എപ്പോഴും എന്തോ വലിയൊരു അപകടം വരാൻ പോകുന്നു എന്ന തോന്നലിൽ അതിയായ ജാഗ്രതയോടെയാണ് ഇവർ ജീവിക്കുന്നത്. തലച്ചോറിലെ അലാം ‘ഓൺ’ ആയി കിടക്കുന്നതുകൊണ്ട്, നാഡീവ്യൂഹം എപ്പോഴും പ്രതിരോധിക്കാൻ തയാറെടുത്തു നിൽക്കുന്ന അവസ്ഥയിലാകും. അതുകൊണ്ടു തന്നെ നിത്യജീവിതത്തിലെ വളരെ സാധാരണമായ കാര്യങ്ങളോടു പോലും ഇവരുടെ ശരീരം അമിതമായി പ്രതികരിച്ചേക്കാം. ഒരു അപകടത്തെ നേരിടാൻ ശരീരം ഇങ്ങനെ 24 മണിക്കൂറും ജാഗ്രതയോടെ ഇരിക്കുന്നതു വലിയ മാനസികവും ശാരീരികവുമായ തളർച്ചയുണ്ടാക്കും. ഈ നിരന്തരമായ സ്ട്രെസ്സ് ആണു പലപ്പോഴും കടുത്ത ഉറക്കമില്ലായ്മയ്ക്കും പെട്ടെന്നുള്ള ദേഷ്യത്തിനും മറ്റും കാരണമാകുന്നത്.
ട്രോമ എന്നതു മനസ്സിലെ തോന്നലോ ചിന്തയോ അ ല്ല. അതു നമ്മുടെ ശരീരത്തിലാണു സംഭരിക്കപ്പെടുന്നത്. പുറമെ നിന്നു നോക്കുമ്പോൾ യാതൊരു പ്രശ്നങ്ങളുമില്ലാത്ത ശാന്തമായ ദിവസമായിരിക്കാം. എന്നാൽ, അവരുടെ ഉപബോധമനസ്സിനു പഴയ അപകടവുമായി സാമ്യമുള്ള എന്തെങ്കിലും ഒരു ചെറിയ സൂചന - അതൊരു പ്രത്യേക ഗന്ധമോ സമാനമായ ശബ്ദമോ അല്ലെങ്കിൽ അന്നത്തെപ്പോലെയുള്ള കാലാവസ്ഥയോ എന്തുമാകാം - അനുഭവപ്പെടുമ്പോൾ, ഏതോ വലിയ അപകടം വരാൻ പോകുന്നുവെന്ന് ശരീരം വീണ്ടും തെറ്റിധരിക്കുന്നു.
അതു പ്രതിരോധിക്കാൻ അറിഞ്ഞുകൊണ്ടു തന്നെയല്ലെങ്കിലും ശരീരം പെട്ടെന്നു തയാറെടുക്കുന്നതുകൊണ്ടാണ് ബാഹ്യമായ യാതൊരു കാരണവുമില്ലാതെ പരിഭ്രാന്തിയും അതിനോടനുബന്ധിച്ച ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങളും (Panic attack) ഉണ്ടാകുന്നത്.
ആളുകൾ മനപൂർവം സങ്കടപ്പെടുന്നതല്ല; മറിച്ചു തലച്ചോറിൽ സംഭവിച്ച ജൈവികമായ മാറ്റം കൊണ്ടാണ് ഈയവസ്ഥ എന്നു മനസിലാക്കാതെ ‘അതൊക്കെ കഴിഞ്ഞതല്ലേ, അങ്ങ് മറന്നേക്ക്’എന്നു നമ്മളിൽ പലരും ഇവരെ ഉപദേശിക്കാറുണ്ട്. PTSD മാനസിക ദൗർബല്യമല്ല, മറിച്ച് അതികഠിനമായ ഭയത്തെ ശരീരം നേരിടുന്നതിന്റെ ബാക്കിപത്രമാണ്.
ചികിൽസയിലൂടെ ഭേദമാകുമോ?
ട്രോമ തലച്ചോറിനെ മാറ്റുന്നതുപോലെ തന്നെ കൃത്യമായ ചികിത്സയിലൂടെ തലച്ചോറിനു പഴയ അവസ്ഥയിലേക്കു തിരിച്ചെത്താൻ കഴിയും. അതായത്, ട്രോമ എന്നത് ജീവപര്യന്തം ശിക്ഷയല്ല. Trauma-Focused Cognitive Behavioral Therapy (TF-CBT), Prolonged Exposure (PE), EMDR തുടങ്ങിയ ആധുനിക തെറപ്പികളിലൂടെയും ആവശ്യമെങ്കിൽ മരുന്നുകളിലൂടെയും തലച്ചോറിലെ ആ പഴയ കേടായ ‘അലാംസിസ്റ്റത്തെ’ നമുക്കു വീണ്ടും റീസെറ്റ് ചെയ്യാൻ സാധിക്കും.
ഭയപ്പെടുത്തുന്ന ഓർമകളെ മായ്ച്ചുകളയാൻ കഴിയില്ലെങ്കിലും അവയെ കേവലം ‘കഴിഞ്ഞുപോയ ഒരു ഓർമ’' മാത്രമായി കാണാൻ തലച്ചോറിനെ പരിശീലിപ്പിക്കാൻ ചികിത്സയിലൂടെ സാധിക്കും. സ്വന്തം വേദനകളെ തിരിച്ചറിയുകയും അതിനു ശാസ്ത്രീയമായ സഹായം തേടാൻ മടിക്കാതിരിക്കുകയുമാണു ചെയ്യേണ്ടത്. മുറിവുകൾ എത്ര ആഴത്തിലുള്ളതാണെങ്കിലും ശരിയായ ചികിത്സ ലഭിച്ചാൽ അവ ഉണങ്ങും എന്ന ബോധ്യത്തോടെ, ട്രോമയിലൂടെ കടന്നുപോയ മനുഷ്യരെ കുറ്റപ്പെടുത്താതെ, കരുതലോടെ നമുക്കു ചേർത്തുപിടിക്കാം.