Friday 13 August 2021 02:51 PM IST

‘അച്ഛനായിരുന്നു എനിക്കെല്ലാം, ആ നഷ്ടം എന്നെ ഡിപ്രഷനിലേക്ക് നയിച്ചു’: പ്രേക്ഷകരുടെ പൊന്നമ്പിളി പറയുന്നു

Rakhy Raz

Sub Editor

malavika-wales

ഉടൻ വിവാഹത്തിനില്ല മാളവിക വെയിൽസ്. കരിയറിൽ ഇനിയും സ്വപ്നങ്ങളുണ്ട്. പക്ഷേ, വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സിൽ വരുന്ന ഒരു സീൻ ഉണ്ടെന്ന് മാളവിക.

‘‘തീർത്തും ലളിതമായ ഒരു ചടങ്ങ്. അമ്പലമുറ്റത്ത്, നെറ്റിയിൽ ചന്ദനക്കുറി ചാർത്തി, കസവ് വസ്ത്രമണിഞ്ഞ്, കഴുത്തിൽ തുളസിമാലയുമായി എന്റെ ആളുടെ കൈ പിടിച്ചു നിൽക്കുക. അത് നടക്കുമോ എന്നു ചോദിച്ചാൽ ചിലപ്പോൾ ഇല്ലായിരിക്കും. വിവാഹത്തിന്റെ കാര്യത്തിൽ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാൻ കഴിയില്ലല്ലോ. പക്ഷേ, ലക്ഷങ്ങൾ ചെലവഴിക്കുന്നതിലും ആഡംബരം കാട്ടുന്നതിലും എനിക്ക് തീരെ താത്പര്യമില്ല.’’

‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായും സബ് കലക്ടറായും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞു എന്നതാണ് മാളവികയെ ഇപ്പോൾ സന്തോഷിപ്പിക്കുന്നത്. പൊന്നമ്പിളിയായി മിനി സ്ക്രീനിലെത്തിയപ്പോഴേ സ്നേഹം കൊണ്ടു പൊതിഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ രണ്ട് വ്യത്യസ്ത നിലയിലുള്ള കഥാപാത്രമായി മാളവിക നിറയുന്നു.

സ്നേഹമുള്ള അമ്മായിയമ്മ

‘‘ഞാൻ അഞ്ജനയാണിപ്പോൾ. തേയില തോട്ടത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ഏറെ പ്രയാസങ്ങളിലൂടെ കടന്നു പോകുന്നു. വിവാഹ ശേഷം അവൾ അമ്മായിയമ്മയുടെ പിന്തുണയോടെ ഐഎഎസ് നേടുകയാണ്. അമ്മായിയമ്മയും മരുമകളും തമ്മിൽ കണ്ടാൽ വഴക്കിടും എന്ന ധാരണയെ തെറ്റിക്കുന്നതാണ് ഈ സീരിയൽ കഥ. ജീവിതത്തിൽ ആയിത്തീരണം എന്ന് സ്വപ്നം കണ്ട കഥാപാത്രമായതിനാൽ എനിക്കിത് വളരെയിഷ്ടമാണ്. ‘അഞ്ജനയുടെ പവർ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്’ എന്നൊക്കെ പറഞ്ഞ് ഇൻസ്റ്റഗ്രാമിലും മറ്റും എനിക്ക് പെൺകുട്ടികൾ സന്ദേശം അയക്കാറുണ്ട്.

malavika-w

അച്ഛനായിരുന്നു എനിക്കെല്ലാം

അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും താങ്ങായും ത ണലായും ഉണ്ടായിരുന്നത്. അച്ഛൻ മരിച്ച ശേഷമാണ് ഞാൻ സിനിമകൾ ചെയ്യാതായതും അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തതും. കുറച്ചുനാൾ വിട്ടുനിന്ന ശേഷ മാണ് സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുന്നത്.അച്ഛന്റെ മരണശേഷവും എനിക്ക് സിനിമാ ഓഫറുകൾ വന്നിരുന്നു. അച്ഛൻ പോയത് എന്നെ ഡിപ്രഷനിലേക്ക് നയിച്ചു. കാരണം എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നു.

പഠനത്തിൽ ശ്രദ്ധിക്കാം, അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻ സാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവന്നു. ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം തീരുമാനം മാറ്റി. ചെയ്ത എല്ലാ സീരിയലുകളും ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നത്. തമിഴിൽ നന്ദിനി സീരിയലിലെ ജാനകി എന്ന ഗോസ്റ്റ് കാരക്ടറിനെയും ആളുകൾ ഓർക്കുന്നു എന്നത് സന്തോഷമാണ്.

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ