തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിനെ അഭിനന്ദിച്ച് സിനിമാലോകം. രാഷ്ട്രീയത്തില്‍ വിജയ് നടത്തിയ തേരോട്ടത്തെ വാനോളം പുകഴ്ത്തി രംഗത്തുവന്നിരിക്കുകയാണ് താരങ്ങള്‍.
തമിഴ് രാഷ്ട്രീയത്തിലെ പുതിയ ഘട്ടത്തെയും പുതിയ മുഖത്തെയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും തങ്ങൾക്കായി നിലകൊള്ളാനും തമിഴ് ജനത കാണിച്ച ആവേശത്തെയും വിജയ് ദേവരകൊണ്ട പ്രശംസിച്ചു.
"പുതിയ തുടക്കം വിജയ് ഗാരു! ജനങ്ങൾ ഒന്നടങ്കം വോട്ട് രേഖപ്പെടുത്താനും അവർക്കു വേണ്ടി നിലകൊള്ളാനും കാണിച്ച ഈ കരുത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ ഘട്ടവും പുതിയ മുഖവും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു."- വിജയ് ദേവരകൊണ്ട കുറിച്ചു.
തെന്നിന്ത്യന്‍ താരങ്ങളായ കാജൽ അഗർവാൾ, നാനി, വിക്രം, അംബിക, വരലക്ഷ്മി ശരത്കുമാർ, അജു വർഗീസ്, ശിവകാർത്തികേയൻ, രവി മോഹന്‍ തുടങ്ങിയ പ്രമുഖരെല്ലാം താരത്തിന് ആശംസകളുമായി എത്തി.
‘‘മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ജനങ്ങൾക്കിടയിൽ ഇത്ര വലിയ സ്വാധീനം ചെലുത്തുകയും ഈ വിജയം സ്വന്തമാക്കുകയും ചെയ്ത വിജയ് സാറിന് അഭിനന്ദനങ്ങൾ. നിങ്ങൾ സിനിമാ മേഖലയിൽ നിന്നുള്ള ആളാണ് എന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. ജനസേവനത്തിൽ മികച്ച രീതിയിൽ മുന്നേറാൻ എല്ലാവിധ ആശംസകളും നേരുന്നു സർ.’’- ശിവകാർത്തികേയൻ കുറിച്ചു.