നടി അംബികയ്ക്കെതിരെ നടിയും സഹോദരിയുമായ രാധ രംഗത്ത്. ചെക്ക് തട്ടിപ്പ് ആരോപിച്ച് അംബികയ്ക്കെതിരെ രാധ ചെന്നൈ പൊലീസിന് പരാതി നൽകി. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായാണ് രാധ പറയുന്നത്. ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്.
ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് ഇന്നു രാവിലെ ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി രാധ പരാതി നൽകിയത്.
അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകൾ താൻ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നു. കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് രാധയുടെ ആരോപണം.