തൊണ്ണൂറുകളിൽ പ്രഖ്യാപിക്കപ്പെടുകയും പലകാരണങ്ങളാൽ നിർമാണപ്രവർത്തനങ്ങൾ മുടങ്ങുകയും ചെയ്ത സിനിമയാണ് അന്ന. എൻ.മോഹനന്റെ തിരക്കഥയിൽ അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യാൻ തീരുമാനിച്ച ഈ സിനിമ വീണ്ടും വാർത്തകളിൽ നിറഞ്ഞത് അടുത്തിടെയാണ്. ചിത്രത്തിനായി ഒരുക്കിയ യവനകഥയിലെ എന്ന ഗാനം ഗിരീഷ് എ ഡി – നിവിൻ പോളി ടീമിന്റെ സൂപ്പർഹിറ്റ് സിനിമ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’– ൽ ഉപയോഗിച്ച് വൈറലായതോടെയാണത്.
ഇപ്പോഴിതാ, ‘അന്ന’യുടെ നിർമാണ അവകാശം ടോമിച്ചൻ മുളകുപാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നു.
‘മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം.. 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.
ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല.കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ... മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു’ എന്നാണ് ടോമിച്ചൻ മുളുപാടം സോഷ്യൽ മീഡിയയിൽ കുറിച്ചത്.