നടൻ നീരജ് മാധവിന്റെ അമ്മ ലത മാധവന്റെ ഭരതനാട്യ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. 61 വയസ്സിലും അസാധ്യ മികവോടു കൂടി ഗുരുവിനും സഹനർത്തകർക്കുമൊപ്പം കോഴിക്കോട് തളി ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്ന അമ്മയുടെ വിഡിയോ നീരജാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സ്കൂളിൽ പഠിക്കുമ്പോൾ ചിട്ടയായി നൃത്തം പരിശീലിക്കുകയും സംസ്ഥാനതലത്തിൽ വിജയി ആവുകയും ചെയ്ത അമ്മ പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കിനിടയിൽ നൃത്തത്തോടുള്ള ഇഷ്ടം കുറച്ചു കാലത്തേക്കു മാറ്റി വയ്ക്കുകയായിരുന്നുവെന്ന് നീരജ് വിഡിയോയ്ക്കൊപ്പം കുറിച്ചു,
‘കുട്ടിക്കാലം തൊട്ടേ അമ്മയെ ഞാൻ കണ്ടിട്ടുള്ളത് ശാസ്ത്രീയനൃത്തത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഒരാളായിട്ടാണ്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിയായിരുന്നെങ്കിലും, ജീവിതം അമ്മയ്ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. അമ്മ പിന്നീട് ഒരു സ്കൂൾ അധ്യാപികയായി. കരിയറും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെയായി മുന്നോട്ടുപോയപ്പോൾ, എവിടെയോ വെച്ച് നൃത്തം പിൻനിരയിലേക്ക് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും, ആ സ്വപ്നം അമ്മ ഒരിക്കലും പൂർണ്ണമായി കൈവിട്ടിരുന്നില്ല.
അവസരം കിട്ടുമ്പോഴൊക്കെ അമ്മ പരിശീലിക്കുകയും വേദികളിൽ ചുവടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച്, അറുപത്തിയൊന്നാം വയസ്സിലെത്തി നിൽക്കുമ്പോൾ, നൃത്തം എത്രത്തോളം അർഹിച്ചിരുന്നോ അത്രയും സമയവും സമർപ്പണവും അമ്മ അതിനായി പൂർണ്ണമായി നീക്കിവയ്ക്കുകയാണ്.
അമ്മയുടെ ഈ ആത്മാർഥതയാണ് എന്നെ എന്നും അദ്ഭുതപ്പെടുത്തുന്നത്. സ്കൂൾ കാലത്തെ അതേ ആവേശത്തോടും നിശ്ചയദാർഢ്യത്തോടും കൂടി വേദികൾക്കായി തയാറെടുക്കാൻ അമ്മ മണിക്കൂറുകളോളം, ചിലപ്പോൾ പാതിരാത്രി വരെയും പരിശീലനം നടത്തും. ആരും നിർബന്ധിച്ചിട്ടോ പ്രചോദിപ്പിച്ചിട്ടോ ഒന്നുമല്ലിത്; കലയോടുള്ള മായം ചേർക്കാത്ത പ്രണയം ഒന്നുകൊണ്ടുമാത്രം. ചിലങ്കയണിയുമ്പോൾ താൻ എത്രമാത്രം സന്തോഷവതിയാണെന്ന് അമ്മ പലപ്പോഴും എന്നോട് പറയാറുണ്ട്. അമ്മയുടെ നൃത്തത്തെ ഇത്രമേൽ ഹൃദ്യമാക്കുന്നതും ആ സന്തോഷം തന്നെയാണെന്ന് എനിക്ക് തോന്നുന്നു.
ഞാൻ അധികവും വീട്ടിൽ ഉണ്ടാവാറില്ലാത്തതുകൊണ്ട്, അമ്മയുടെ നൃത്തസംഘത്തോടൊപ്പമുള്ള പരിപാടികളുടെ വിഡിയോകളാണ് സാധാരണ കാണാറുള്ളത്. ഇപ്പോൾ ദീപ്തി പരോൾ എന്ന ഗുരുവിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന അമ്മ വിവിധ വേദികളിൽ നൃത്തം അവതരിപ്പിക്കാറുണ്ട്. മുൻപും അമ്മയുടെ നൃത്തം കണ്ടിട്ടുണ്ടെങ്കിലും, ഈയടുത്ത് നവരാത്രിക്കാലത്ത് കോഴിക്കോട് തളി ക്ഷേത്രത്തിൽ വെച്ച് അമ്മയുടെ പ്രകടനം വേദിക്ക് മുന്നിലിരുന്ന് നേരിൽ കാണാൻ എനിക്കൊരവസരം കിട്ടി.
പക്ഷേ, ആ കാഴ്ച എന്റെ മനസ്സിനെ ഇത്രയേറെ തൊടുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല.
ഏറ്റവും ഇഷ്ടപ്പെടുന്ന നൃത്തത്തെ തന്റെ യൗവനകാലത്ത് എത്രയോ വർഷങ്ങൾ അമ്മയ്ക്ക് മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ആ അമ്മ അത്രമേൽ ലാസ്യഭംഗിയോടെയും ആത്മവിശ്വാസത്തോടെയും ആനന്ദത്തോടെയും ചുവടുവയ്ക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമർപ്പണത്തോടെ, തനിക്കേറ്റവും പ്രിയപ്പെട്ട ഒന്നിൽ അമ്മ സ്വയം മറന്നിരിക്കുന്നത് കാണാൻ വല്ലാത്തൊരു ചന്തമുണ്ടായിരുന്നു.
ഇനി തനിച്ചൊരു സമ്പൂർണ്ണ ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുക എന്നതാണ് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അമ്മയുടെ ആ ആഗ്രഹം ഞങ്ങൾ സാക്ഷാത്കരിക്കുക തന്നെ ചെയ്യും; അമ്മയെയും അമ്മയുടെ ഈ സുന്ദരമായ യാത്രയെയും ഹൃദയപൂർവം ആഘോഷിക്കുന്ന തരത്തിൽ തന്നെ!’ എന്നാണ് താരം കുറിച്ചത്.
ലത മാധവനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.