‘ജന്മദിനാശംസകൾ, ഈ മഹത്വ സുന്ദരിക്ക്...’: ജയഭാരതിക്ക് ഇന്ന് എഴുപതാം പിറന്നാൾ
Mail This Article
മലയാള സിനിമ കണ്ട എക്കാലത്തേയും പ്രിയനായികമാരിലൊരാളായ ജയഭാരതിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമക്കാഴ്ചകളിൽ തുടങ്ങി ഇന്നോളം മലയാളി സ്ത്രീസൗന്ദര്യത്തിന്റെ അഴകായി ജയഭാരതി പ്രേക്ഷക ഹൃദയങ്ങളിലുണ്ട്.
കൊല്ലം തേവള്ളി ഓലയിൽ തൂമ്പുവടക്കേൽ പി.ജി.ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂൺ 28നു ജയഭാരതി ജനിച്ചു. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ തമിഴ്നാട്ടിലെത്തിയ ലക്ഷ്മി ഭാരതിയെന്ന ജയഭാരതി നൃത്തത്തിന്റെ മികവിലാണ് സിനിമയിലേക്കെത്തിയത്. ശശികുമാറിന്റെ ‘പെൺമക്കളിൽ’ അഭിനയിക്കുമ്പോൾ 13 വയസ്സും 8 മാസവും മാത്രമായിരുന്നു പ്രായം. പി.ഭാസ്കരന്റെ ‘കാട്ടുകുരങ്ങ്’ എന്ന സിനിമയിലൂടെ താരമായി. 100 സിനിമകൾ പിന്നിടുമ്പോൾ വെറും പത്തൊമ്പത് വയസ്സായിരുന്നു പ്രായം.
ഇപ്പോഴിതാ ജയഭാരതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ഷമ്മി തിലകൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പത്തിന് സപ്തതി
സപ്തതി പൂക്കുമ്പോൾ,
മലയാളത്തിന്റെ അഭിമാനമായ,
ചന്ദന ചാരുതയുടെ പ്രതീകം.
സിനിമയുടെ സ്വപ്നങ്ങൾ,
സ്മരണകളിൽ എങ്കിലും,
യൗവനത്തിന്റെ ശില്പം.
മുരളിയിൽ കരയുന്ന,
കലയുടെ കവിത,
മലയാളിയുടെ പ്രിയതാരം.
ജന്മദിനാശംസകൾ,
ഈ മഹത്വ സുന്ദരിക്ക്,
നിറഞ്ഞ ഹൃദയത്തിൽ.
ഷമ്മിതിലകൻ’.– താരം കുറിച്ചു.