Friday 26 November 2021 12:11 PM IST : By സ്വന്തം ലേഖകൻ

‘അവള്‍ വിഷമങ്ങളെ അതിജീവിക്കുകയാണ്... എല്ലാവരും ഒപ്പമുള്ളപ്പോൾ വേദനകൾ മറക്കുന്നു’: ബാലുവും നീലുവും 5 മക്കളും വീണ്ടും ഒന്നിക്കുന്നു

nisha

മലയാളി കുടുംബപ്രേക്ഷകരുടെ ‘നീലു’വാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയില്‍, ബാലുവിന്റെ ഭാര്യയും അഞ്ച് മക്കളുടെ അമ്മയുമായി നിഷയുടെ പ്രകടനം അത്രയേറെ സ്വാഭാവികമായിരുന്നു. ‘ഉപ്പും മുളകി’ലെ നീലു നിഷയ്ക്ക് വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. ‘ഉപ്പും മുളകും’ സംപ്രേക്ഷണം അവസാനിപ്പിച്ചപ്പോൾ നിരാശരായ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബാലുവും നീലുവും അഞ്ച് മക്കളും വീണ്ടും ഒന്നിക്കുന്നു. പുതിയ പേരിൽ, പുതിയ പശ്ചാത്തലത്തിൽ ആ രസകരമായ ദിനങ്ങൾ മടങ്ങി വരുകയാണ്. ‘എരിവും പുളിയും’ എന്നാണ് പുതിയ പേര്. പരമ്പരയുടെ ലൊക്കേഷനിൽ നിന്ന് ജൂഹി രുസ്തഗിക്കൊപ്പമുള്ള ഒരു ചിത്രം നിഷ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. വേറിട്ട ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തിൽ. അമ്മയുടെ മരണം നൽകിയ ആഘാതത്തിൽ നിന്നും വേദനയിൽ നിന്നും തിരികെക്കയറുന്ന ജൂഹി അഭിനയരംഗത്ത് സജീവമാകുന്നുവെന്നതിന്റെ സന്തോഷവും ഈ ചിത്രം സമ്മാനിക്കുന്നു.

‘‘പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെത്തന്നെയാണ് ഞങ്ങൾ. മറ്റൊരു രീതിയിലാകും അവകരണം. ‘ഉപ്പും മുളകും’ നിർത്തിയിട്ട് പതിനൊന്ന് മാസമായി. ഒരു ഇടവേളയ്ക്ക് ശേഷം കാണുകയാണെങ്കിലും എല്ലാവരും പഴയപോലെത്തന്നെയാണ്. സ്നേഹം കൂടിയിട്ടേയുള്ളൂ. കുറഞ്ഞിട്ടില്ല. അഞ്ച് വർഷം ഒന്നിച്ചുണ്ടായിരുന്നതല്ലെ. കുട്ടികൾക്കെല്ലാം ഞാൻ അമ്മയെപ്പോലെയാണ്. അവരെ കാണാതിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീർന്നത്.

പാറുക്കുട്ടിയൊക്കെ പുതിയ പരമ്പരയിൽ ധാരാളം സംസാരിക്കുന്നുണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ പറയും. അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. കുറേയധികം സർപ്രൈസുകളുണ്ടാകും’’.– നിഷ ‘വനിത ഓൺലൈനോട്’ പറയുന്നു.

nisha-2

‘‘ജൂഹിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ കുറേയധികം കമന്റുകൾ വന്നു. ഞങ്ങളുടെ ലുക്കിലെ വ്യത്യസ്തത എല്ലാവർക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരുകയാണ്. എല്ലാവരുടെയും കൂടെയാകുമ്പോൾ മനസ്സിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെക്കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട്’’. – നിഷ പറയുന്നു.

‘കട്ടൻ’ എന്ന വെബ് സീരിസും മേപ്പടിയാൻ, പ്രകാശൻ പറക്കട്ടേ, ലെയ്ക്ക എന്നീ സിനിമകളുമാണ് നിഷയുടെ പുതിയ പ്രൊജക്ടുകൾ.