ആയിരത്തി അഞ്ഞൂറോളം ഭക്തിഗാനങ്ങളെഴുതി മലയാളി മനസ്സിൽ ഹരിചന്ദനത്തിന്റെ കുളിരു പകർന്ന പി. സി. അരവിന്ദന്റെ എഴുത്തും ജീവിതവും...
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോൾ അരവിന്ദൻ മാഷ് പറഞ്ഞു; ‘എല്ലാം ഈ അമ്മയുടെ അനുഗ്രഹമാണ്. അതല്ലാതെ മറ്റൊന്നും എന്റെ ജീവിതത്തിലില്ല..’ പടവുകൾക്കു മുകളിൽ, അമ്മയുടെ തിരുമുന്നിൽ നെയ്‌വിളക്കുകൾ തെളിഞ്ഞുതുടങ്ങുന്നു. വൈകുന്നേരമാണ്.
‘തുമ്പിക്കരമതിൽ അൻപിൻ
നിറകുടമേന്തും
ശുഭ പമ്പാഗണപതി
മുൻപിലിടുന്നിവനേത്തം...’ ഗണപതിസ്തുതിയോടെ ഭക്തിഗാനങ്ങൾ ഒഴുകിയെത്തുന്നു.
‘ഈ പാട്ടും ഞാനെഴുതിയതാണ്...’ ചെറുചിരിയോടെ മാഷ് പറഞ്ഞു. ദക്ഷിണകാശിയാം കൊട്ടിയൂർ വാഴും, വടക്കുംനാഥാ സർവം നടത്തും നാഥാ, തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങൾ തീർക്കാൻ... അങ്ങനെ മലയാളികൾ ഹരിചന്ദനം പോലെ മ നസ്സിൽ തൊട്ട ഭക്തിഗാനങ്ങൾ.
കഴിഞ്ഞ 40 വർഷമായി ചന്ദന സുഗന്ധമുള്ള പാട്ടുകൾ എഴുതുന്ന പൂരപ്പറമ്പിൽ ചെങ്ങര അരവിന്ദൻ എന്ന പി. സി. അരവിന്ദനെ നാട്ടുകാരല്ലാതെ അധികമാരും തിരിച്ചറിയുന്നില്ല. പക്ഷേ, പാട്ടുകൾ എല്ലാവർക്കും അറിയാം. തിരുമാന്ധാംകുന്ന് ക്ഷേത്രസത്രത്തിലെ ഏഴാം നമ്പർ മുറിയിൽ ഞങ്ങളിരുന്നു. ‘ദക്ഷിണകാശി തുടങ്ങി എന്റെ എല്ലാ പാട്ടുകളും പിറന്നത് ഈ മുറിയിൽ നിന്നാണ്. ഇവിടെയിരിക്കുമ്പോൾ അമ്മ വന്നു കൈപിടിച്ച് എഴുതിക്കുന്നതുപോലെ തോന്നും.’ മാഷ് പറഞ്ഞു. ഇടയ്ക്ക് ഇടയ്ക്കനാദവുമായി കുന്നു കയറി വരുന്ന കാറ്റ്.
ഗോപേട്ടൻ എന്ന നന്തനാർ
എഴുത്തിന്റെ കുടുംബവഴിയിൽ അരവിന്ദ ൻ മാഷ് ഒറ്റയ്ക്കല്ല. മലയാള സാഹിത്യത്തിനു ശ്രദ്ധേയ സംഭാവനകൾ നൽകിയ നന്തനാരുടെ നൂറാം ജന്മദിനത്തിൽ അനന്തരവനായ പി. സി. അരവിന്ദനെക്കുറിച്ച് എഴുതുന്നതു തികച്ചും യാദൃച്ഛികം. അ തുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
‘നന്തനാരെ അടുപ്പക്കാർ ഗോപേട്ടൻ എന്നാണു വിളിച്ചിരുന്നത്. ഞങ്ങളൊക്കെ അമ്മാമൻ എന്നും. എന്നോടു വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. ചെറുപ്പത്തിലേ വായിക്കുകയും എഴുതുകയും ചെയ്യുമെന്നതാവാം കാരണം.
ഞാനെഴുതിയ സാഹിത്യമൊക്ക അമ്മാമയെ കാണിക്കാറുണ്ടായിരുന്നു. അ തുവായിച്ചിട്ട് ഒരു ദിവസം അമ്മാമ എ ന്നോടു പറഞ്ഞു; ‘‘കഥയല്ല, കവിതയാണു നിന്റെ വഴി. അതിനുശേഷമാണു ഞാൻ കവിതയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീടു പാട്ടെഴുതാൻ അതെനിക്കു വലിയ പ്രചോദനമായി.’’
പൂരപ്പറമ്പിൽ ചെങ്ങര തറവാടിന്റെ ചരിത്രം ചോളരാജാക്കന്മാരുടെ കാലം മുതൽ തുടങ്ങുന്നു എന്നു നന്തനാരും പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ തഞ്ചാവൂർ ജില്ലയിലെ മരുളോത്ത്മംഗലത്തു നിന്നു വള്ളുവക്കോനാതിരിമാർ വിളിച്ചുവരുത്തിയ വൈശ്യകുടുംബമാണിത്. എട്ടുവീട്ടിൽ അച്ഛൻ സ്ഥാനം നൽകിയാണു വള്ളുവക്കോനാതിരി സ്വീകരിച്ചത്. കച്ചവടക്കാരായിരുന്നു കുടുംബത്തിൽ എ ല്ലാവരും. സമ്പന്നരും. അതുകൊണ്ടുതന്നെ വള്ളുവനാടിന്റെ സാമ്പത്തികാടിത്തറയ്ക്ക് എട്ടുവീട്ടിൽ അച്ഛന്മാരുടെ സംഭാവന വളരെ വലുതായിരുന്നു.
ചെങ്ങര തറവാട്ടിൽ ധാരാളം കലാകാരന്മാരുണ്ടായിരുന്നു. അധ്യാപകരുണ്ടായിരുന്നു. കുടുംബം പിന്നീടു പല വഴിയായി പിരിഞ്ഞു. അതിലൊന്നാണ് അരവിന്ദന്റെ കുടും ബം. അച്ഛൻ ചെറിയച്ഛൻ വീട്ടിൽ മാധവത്തരകൻ. അ മ്മ ജാനകി നങ്ങ. മൂന്ന് ആണും എട്ടുപെൺമക്കളുമായി 11 മക്കൾ. അതിൽ ഒൻപതാമത്തെ ആളാണ് അരവിന്ദൻ. അ ങ്ങാടിപ്പുറത്തെ വലിയ പ്രമാണിയും ബിസിനസുകാരനുമായിരുന്നു മാധവത്തരകൻ.
‘‘കുട്ടിക്കാലത്തു മുത്തശ്ശിയോടൊപ്പമായിരുന്നു ഉറക്കം. ദേവകി നങ്ങ എന്നായിരുന്നു മുത്തശ്ശിയുടെ പേര്. വീട്ടിൽ ഞങ്ങൾ പതിനൊന്നു മക്കളുണ്ടല്ലോ? ഞാൻ മുത്തശ്ശിയോ ടൊപ്പമേ കിടക്കു. അതിനുകാരണം മുത്തശ്ശി നല്ല കഥകൾ പറഞ്ഞുതരും. മിക്കവാറും പുരാണകഥകളാവും. കഥ കേ ൾക്കുമ്പോൾ ഞാനതൊക്കെ മനസ്സിൽ കാണും; സിനിമ കാണുന്നതുപോലെ.
സ്കൂൾ പഠനം കഴിഞ്ഞ് ഗവൺമെന്റ് പോളിടെക്നിക്കിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ചേർന്നെങ്കിലും അധികം വൈകാതെ പഠനം ഉപേക്ഷിച്ചു ജോലിക്കു കയറി. അധ്യാപകനാകണമെന്നായിരുന്നു മോഹം അതു നടന്നില്ല. പോളിടെക്നിക് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഏവരി ഇന്ത്യയിൽ ടെക്നീഷ്യനായി ജോലിക്കു കയറി. മുപ്പതു വർഷത്തെ സേവനത്തിനു ശേഷം സർവീസ് എൻജിനീയറായി അതേ കമ്പനിയിൽ നിന്നു തന്നെ വിരമിച്ചു.
കേരളത്തിൽ പലേടങ്ങളിലായി ജോലി ചെയ്തു. ചെല്ലുന്ന സ്ഥലത്തെ പ്രധാനക്ഷേത്രങ്ങളിൽ തൊഴാൻ പോകും. അവിടത്തെ ഐതിഹ്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കും. ചെറിയ കുറിപ്പുകൾ തയാറാക്കും. അങ്ങനെ ക്ഷേത്രങ്ങളെക്കുറിച്ചു പഠിച്ച ശേഷമാണു പാട്ടുകൾ എഴുതിയിട്ടുള്ളത്.’’ അരവിന്ദൻ മാഷ് പറയുന്നു.
ഏകാന്തമായ ലോഡ്ജുകൾ
‘‘ജോലിയുടെ ഭാഗമായുള്ള ലോഡ്ജ് ജീവിതത്തിന്റെ ഏ കാന്തതയിൽ നിന്ന് അഭയം നൽകിയത് അമ്പലങ്ങളും പാട്ടുകളും സിനിമാതിയറ്ററുകളുമായിരുന്നു. പാട്ടു കേൾക്കാനായി മാത്രം സിനിമകൾ കണ്ടു. ശ്രീകുമാരൻ തമ്പിയുെട പാട്ടുകളോട് പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട്. വയലാർ മുതലിങ്ങോട്ട് ഒഎൻവിയും ബിച്ചു തിരുമലയും വരെയുള്ളവർ പ്രിയപ്പെട്ടവരാണ്. അക്കാലത്ത് എഴുതിയതു മുഴുവൻ കവിതകളും ലളിതഗാനങ്ങളുമായിരുന്നു. അത് അച്ചടിച്ചത് സിനിമാ പ്രസിദ്ധീകരണങ്ങളിലും. എങ്കിലും സിനിമയിൽ പാട്ടെഴുതാൻ ആരും വിളിച്ചില്ല. അങ്ങനെ തീവ്രമായി മോഹിച്ചിട്ടുമില്ലെന്നു പറയാം.
കുട്ടിക്കാലത്തു പാടിയ ഭജനയുടെ സ്വാധീനം പിന്നീട് എഴുതിയ ഭക്തിഗാനങ്ങളിൽ നിഴലിക്കുന്നുണ്ട്. എന്റെ അമ്മ ജാനകി നങ്ങ നന്നായി പാടുമായിരുന്നു. അമ്മ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്.
ജോലിയുടെ ഭാഗമായി പല പ്രദേശങ്ങളിൽ താമസിക്കുമ്പോഴും എന്റെ മനസ്സിൽ നാടു തന്നെയായിരുന്നു. വല്ലാത്ത വീട്ടുപനിയുള്ള ആളായിരുന്നു ഞാൻ. അതിനു മറ്റൊരു കാരണം തിരുമാന്ധാംകുന്ന് ഭഗവതി തന്നെയായിരുന്നു. പിന്നെ അവിടുത്തെ ഭജനസംഘം. അഞ്ചു വയസ്സുള്ളപ്പോൾ മുതൽ അവിടെ ഭജന പാടിത്തുടങ്ങിയതാണ്. ’’ ഭഗവതിയുടെ തിരുനടയിൽ നിന്നു പാട്ടിറങ്ങി വന്ന കഥ പറയുന്നു അരവിന്ദൻ മാഷ്.
‘‘എല്ലാ മുപ്പെട്ടു വെള്ളിയാഴ്ചകളിലും തിരുമാന്ധാംകുന്ന് അമ്മയുടെ മുന്നിലിരുന്നു പാടിയ ഭജനസംഘത്തിലെ ശങ്കരൻ ഭാഗവതരായിരുന്നു പ്രധാന ഗായകൻ. ഞങ്ങളൊക്കെ അകമ്പടിക്കാർ. ഭജന കഴിയുമ്പോൾ ത്രിമധുരപ്രസാദം കിട്ടും. ഭജനസംഘത്തിനു വേണ്ടി പാട്ടുകളെഴുതുന്ന പതിവുണ്ടായിരുന്നു. അങ്ങനെയെഴുതിയ ഒന്നാണ് വർഷങ്ങൾക്കു ശേഷം യേശുദാസിന്റെ മധുരശബ്ദത്തിൽ ഗാനമായത്.’’
‘തൃപ്രങ്ങോട്ടപ്പാ... ദുഃഖങ്ങൾ തീർക്കാൻ
തൃപാദം തുണയേകണേ....’
എല്ലാം അമ്മയുടെ അനുഗ്രഹം
തിരുമാന്ധാംകുന്ന് ദേവിയെക്കുറിച്ചുള്ള ആൽബത്തിനു വേണ്ടി നാട്ടുകാർ ഒത്തുചേർന്നപ്പോൾ അതിൽ ഗാനരചനയുടെ ചുമതല മാഷിനായിരുന്നു. അങ്ങനെ പ്രസാദം എന്ന ആൽബത്തിനുവേണ്ടി എഴുതി. പി. ലീല. കല്യാണി മേനോൻ, കൃഷ്ണചന്ദ്രൻ, മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ ആൽബത്തിന്റെ ഭാഗമായി. മങ്കട ദാമോദരനായിരുന്നു സംഗീതസംവിധാനം.
‘‘ആ പാട്ടുകൾ പുതിയ അവസരങ്ങൾ തന്നു. യേശുദാസിന്റെ സഹപാഠിയായിരുന്നു ഗായിക കല്യാണി മേനോ ൻ. അവർ വഴിയാണ് ആ വർഷത്തെ തരംഗിണിയുടെ ഓണപ്പാട്ടെഴുതാൻ എന്നെ വിളിക്കുന്നത്. ചിദംബരനാഥിന്റെ സംഗീതസംവിധാനത്തിൽ അഞ്ചു പാട്ടുകൾ എഴുതി. പിന്നീടു കല്യാണി മേനോനു വേണ്ടി ബാലഗീതങ്ങൾ എന്ന പേരിൽ കുട്ടികൾക്കുള്ള ആൽബത്തിനും പാട്ടുകൾ എഴുതി. സുജാതയും സുനന്ദയുമായിരുന്നു പാടിയത്.’’
ദക്ഷിണകാശിയാം.... കൊട്ടിയൂർ വാഴും
‘‘ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ സംഗീതോത്സവമാണ് മറ്റൊരു ചരിത്രത്തിനു വഴി തുറന്നത്. അവിടെ വച്ചാണ് ഞാനെഴുതിയ കുറച്ച് ശിവഭക്തി ഗാനങ്ങൾ സംഗീതസംവിധായകൻ ടി. എസ്. രാധാകൃഷ്ണനെ ഏൽപിക്കുന്നത്. യേശുദാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദക്ഷിണകാശിയാം കൊട്ടിയൂർ വാഴും ആ പാട്ടുകളിലൊന്നാണ്. ദാസേട്ടന്റെ ശബ്ദത്തിൽ അതു കേൾക്കണമെന്നു മാത്രമായിരുന്നു ആഗ്രഹം.
വരികൾ അദ്ദേഹത്തിനു ഇഷ്ടമായി. ട്രാക് പാടി അയയ്ക്കാൻ പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്ത് തരംഗിണി സ്്റ്റുഡിയോയിൽ 1988–ൽ പതിമൂന്നു ഗാനങ്ങളുടെയും ട്രാക്ക് റിക്കോർഡ് ചെയ്തു. കരുണാകരൻസ്വാമി എ ന്ന സൗണ്ട് എൻജിനീയറായിരുന്നു പാട്ടുകൾ റിക്കോർഡ് ചെയ്തത്.
അന്ന് ദാസേട്ടൻ ചെന്നൈയിലാണു സ്ഥിരതാമസം. ടി. എസ്. അയച്ചുകൊടുത്ത ട്രാക്ക് എന്തുകൊണ്ടോ അദ്ദേഹ ത്തിനു കേൾക്കാൻ കഴിഞ്ഞില്ല. ഏകദേശം ഒരു വർഷം അ ങ്ങനെ കടന്നുപോയി. ഞാൻ തരംഗിണിയുടെ കോഴിക്കോട്ടെ മാനേജർ അബ്ദുൽ ലത്തീഫിനെ ചെന്നുകണ്ട് കാര്യം പറഞ്ഞു. പിറ്റേന്ന് അബ്ദുൽ ലത്തീഫിന്റെ വിളിയെത്തി. ഉടനേ ചെെന്നെയിലെത്തണം. ‘ദാസേട്ടൻ ട്രാക്ക് കേട്ടു. അദ്ദേഹത്തിന് ഇഷ്ടമായി. അടുത്ത ദിവസം തന്നെ ഒറിജിനൽ പാടും.’
കുളിരു കോരുന്ന വാർത്തയായിരുന്നു അത്. അന്നു വൈകുന്നേരം ചെന്നൈയിലേക്കു തീവണ്ടി കയറി. ജനറൽ കംപാർട്ടുമെന്റിൽ സീറ്റു പോലും കിട്ടാത്തതുകൊണ്ട് നിന്നായിരുന്നു യാത്ര. പക്ഷേ ആ യാത്രയിൽ ക്ഷീണം തോന്നിയില്ല. എന്റെ വരികൾ ഗന്ധർവനാദത്തിൽ കേൾക്കാൻ പോകുന്നതിന്റെ ആകാംക്ഷയും പ്രതീക്ഷയുമായിരുന്നു’’ മാഷിന്റെ കണ്ണുകൾ നിറഞ്ഞു.
‘‘പാടാനുള്ള വരികൾ സ്വയം എഴുതിയെടുത്തേ ദാസേട്ടൻ പാടൂ. ഒരു ഫുൾഷീറ്റ് പേപ്പറിൽ വലിയ അക്ഷരത്തിലാണ് എഴുത്ത്. പല്ലവി എഴുതുമ്പോൾ തന്നെ പേപ്പർ നിറയും. അനുപല്ലവിക്ക് അടുത്ത പേപ്പർ. അങ്ങനെയാണു രീതി.’’ എഴുതുന്ന പേപ്പർ എന്നെ കാണിക്കും. എന്തെങ്കിലും പിശകുണ്ടോ എന്നു ചോദിക്കും. അങ്ങനെ രണ്ടുദിവസം കൊണ്ട് മൂന്നു പാട്ടുകൾ റിക്കോർഡ് െചയ്തു. പിന്നെ എന്നോടു പറഞ്ഞു; ‘അരവിന്ദൻ നാട്ടിലേക്കു പൊയ്ക്കൊള്ളു. എ ന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ വിളിക്കാം. അങ്ങനെയായിരുന്നു ആ പാട്ടുകളുടെ റിക്കോർഡിങ് അനുഭവം.
ഗംഗാതീർഥമെന്ന ആൽബത്തിനു പേരു പറഞ്ഞപ്പോ ൾ ദാസേട്ടന് ഇഷ്ടമായി. പിന്നീട് രണ്ടു മാസം കഴിഞ്ഞ് അബ്ദുൾ ലത്തീഫ് വീണ്ടും കോഴിക്കോട്ടേക്കു വിളിച്ചു. കസറ്റിന്റെ കാലമാണല്ലോ അത്. കസറ്റ് വിതരണക്കാരെ വിളിച്ച് പാട്ടുകേൾപ്പിക്കുന്ന പരിപാടിയുണ്ട്. ആ കൂട്ടത്തിൽ ഇരുന്നാണ് ഞാനും പാട്ടുകേട്ടത്. ‘ബാബുക്ക എ ന്നു ഞങ്ങൾ വിളിക്കുന്ന അബ്ദുൾ ലത്തീഫിന്റെ ഒരു സുഹൃത്ത് എന്നു മാത്രമേ അവിടെ വന്നവർ എന്നെ കരുതിയുള്ളു. ഞാനാണ് ഈ പാട്ടുകൾ എഴുതിയത് എന്നൊന്നും ആരോടും പറയാനും പോയില്ല. ആരും അതൊട്ടും അറിഞ്ഞതുമില്ല. അന്ന് അബ്ദുൾ ലത്തീഫ് എന്ന സുഹൃത്ത് സഹായിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഗംഗാതീർഥം ദാസേട്ടന്റെ ശബ്ദത്തിൽ പുറത്തുവരുമായിരുന്നില്ല.’’ ശബ്ദം കുറച്ച് മാഷിന്റെ വാക്കുകൾ.
സിനിമയിലും ഒരു പാട്ട്
ഒരു സിനിമയ്ക്കേ മാഷ് പാട്ടെഴുതിയിട്ടുള്ളു. ജയരാജിന്റെ സംവിധാനത്തിൽ പുറത്തുവന്ന ആനച്ചന്തം. ‘‘സിനിമയിൽ എഴുതാൻ താത്പര്യമുണ്ടായിരുന്നു. പക്ഷേ, അതിനുവേണ്ടി പോയി സംസാരിക്കാനൊന്നും വശമുണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് സമദ് മങ്കടയും ഡോ. പെരിന്തൽമണ്ണ വേണുഗോപാലുമാണു ജയരാജിന്റെ അടുത്തു കൂട്ടിക്കൊണ്ടുപോയത്. ജെയ്സൺ ജെ.നായരാണു സംഗീതം.
അദ്ദേഹം പാട്ടിന്റെ ജോലികൾ തുടങ്ങിയിരുന്നു. ഒരു ഗ്രാമം ഉത്സവത്തിലേക്ക് ഉണരുന്നു. അതായിരുന്നു എനിക്ക് ആദ്യം എഴുതേണ്ട പാട്ടിന്റെ സന്ദർഭം. ചർച്ചകൾക്കു ശേഷം ഞാൻ നാട്ടിലേക്കു തിരിച്ചുപോന്നു. ഇവിടെയിരുന്നാണ് വരികൾ എഴുതിയത്. ‘ശ്യാമവാനിലേതോ കണിക്കൊന്ന....’ എന്നാണ് പാട്ടിന്റെ തുടക്കം.
ഞാൻ പാന്റ്സ് അങ്ങനെ ഇടാറില്ല. മുണ്ട് ഉടുക്കുകയാണു പതിവ്, ജയരാജിനെ കാണാൻ പോയപ്പോൾ പാന്റ്സ് ഇട്ടുകൊണ്ടാണു പോയത്. ശീലമില്ലാത്ത വസ്ത്രം ധരിച്ചതിന്റെ വല്ലായ്ക ഉണ്ടായിരുന്നു. എന്നെ കണ്ടതും ജയരാജ് ചോദിച്ചു;‘‘എന്താ അരവിന്ദേട്ടാ... വേഷത്തിലൊരു പ്രത്യേകത.’ ഞാൻ പറഞ്ഞു. ‘സിനിമയിലെ രീതികളൊന്നും എനിക്ക് അറിഞ്ഞുകൂടാ.’ എന്ന എന്റെ മറുപടി കേട്ടതും ജയരാജ് സൗമ്യമായി ചിരിച്ചു. സത്യത്തിൽ മുണ്ടുടുത്ത് ചെന്നാൽ പാട്ടെഴുതാൻ അവസരം കിട്ടിയില്ലെങ്കിലോ എന്നായിരുന്നു എന്റെയുള്ളിലെ ആശങ്ക.’’ സാത്വികമായ ചിരിയോടെ അരവിന്ദൻ മാഷ് പറയുന്നു.
‘പിന്നീടും ഒന്നുരണ്ടു പ്രോജക്റ്റുകൾ വന്നു. എനിക്കു പക്ഷേ നന്നാവും എന്നു തോന്നിയില്ല. ഞാൻ ഭക്തിഗാനരചനയിലേക്കു മടങ്ങി. എങ്കിലും ആ ഒരു സിനിമാപാട്ട് എനിക്കു തന്ന പ്രശസ്തി വളരെ വലുതായിരുന്നു.’ മാഷ് ഒരു നിമിഷം ചിന്തയിലാണ്ടു.
വടക്കുംനാഥാ സർവം നടത്തുംനാഥാ
‘‘യേശുദാസും എസ്. പി. ബാലസുബ്രഹ്മണ്യവും പി. ജയചന്ദ്രനും കെ. എസ്. ചിത്രയും ഉൾപ്പെടെ മുപ്പതിലേറെ ഗായകർ, കെ. രാഘവൻ മാസ്സറും ദക്ഷിണാമൂർത്തി സ്വാമിയും ചിദംബരനാഥും രവീന്ദ്രനും ടി.എസ്. രാധാകൃഷ്ണനും ജെയ്സൺ ജെ. നായരും ഉൾപ്പെടെ ഇരുപതോളം സംഗീതസംവിധായകർ. ഒരു പാട്ടെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാൻ അതൊക്കെ തന്നെ ധാരാളമല്ലേ. ആയിരത്തിയഞ്ഞൂറോളം പാട്ടുകൾ ഇതിനകം പുറത്തുവന്നു. ചെന്നൈയിലെ സ്വാതി കസറ്റ്സ് 14 ആൽബങ്ങൾ പുറത്തിറക്കി. തരംഗിണിക്കു വേണ്ടി 13ആൽബവും. അതിൽ എട്ട് ആൽബങ്ങൾ അയ്യപ്പഭക്തിഗാനങ്ങളാണ്.
എന്റെ എഴുത്തും ജീവിതവും രണ്ട് സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു. ഒന്ന് തിരുമാന്ധാംകുന്നിലമ്മ. രണ്ടാമത്തെയാൾ എന്റെ ഭാര്യ വിജയലക്ഷ്മി.’’ മാഷിന്റെ വാക്കുകൾ.
എൽഐസി. ഉദ്യോഗസ്ഥയായി വിരമിച്ച വിജയലക്ഷ്മിയാണു മാഷിന്റെ ഭാര്യ. മൂന്ന് ആൺമക്കൾ. അജയ്, അരുൺ, അഖിൽ. മൂന്നുപേരും ജനിച്ചത് ഒരേ നക്ഷത്രത്തിൽ. രേവതി. തിരുമാന്ധാംകുന്നിന്റെ തെക്കേ താഴ്‌വാരത്തിൽ പവിഴമല്ലിയും വെൺകദംബവും പൂക്കുന്ന, പിന്നെ പലതരം കിളികളും കിളിപ്പാട്ടുമുള്ള ‘ശ്രീപദം’ എന്ന വീട്ടിലാണു മാഷിന്റെ താമസം.
തിരുമാന്ധാംകുന്ന് അമ്പലത്തിൽ ദീപാരാധന കഴിഞ്ഞിരിക്കുന്നു. നെയ്‌വിളക്കുകൾ ഒന്നൊന്നായി അണയുന്നു. നടയടച്ചു ശാന്തിക്കാർ മടങ്ങുന്നു. പടവുകളിറങ്ങുമ്പോൾ അരവിന്ദൻ മാഷ് പറഞ്ഞു;
‘ഈ അമ്മയുടെ അനുഗ്രഹമല്ലാതെ മറ്റൊന്നും എന്റെ ജീവിതത്തിലില്ല... എല്ലാം അമ്മ തീരുമാനിച്ചതാണ്. നേരത്തെ തീരുമാനിച്ചതാണ്....’
എഴുത്ത് വന്ന വഴികൾ
ഏഴാം ക്ലാസു വരെ കുടുംബക്കാരുടെ സ്കൂളായ തരകൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്കൂളിലേക്കു മാറി.
സ്കൂളിനടുത്ത് ദേശസേവിനി എന്ന പേരിൽ ഒരു വായനശാലയുണ്ടായിരുന്നു. അവിടെ ചെന്നിരുന്നും വായിക്കും. അവിടെ സ്ഥിരമായി വരുന്ന രണ്ടുപേർ ബാങ്ക് ഉദ്യോഗസ്ഥനായ കുഞ്ഞുമുഹമ്മദും ഭക്തകവി പി. ശ്രീധരനും. അവരായിരുന്നു എന്റെ ആദ്യകാല രചനകളുടെ വായനക്കാർ. മലയാളം അധ്യാപകനായിരുന്ന പാലക്കീഴ് നാരായണൻ മാഷ് ആണ് സ്കൂൾകാലത്ത് എഴുതാനുള്ള വലിയ പ്രോത്സാഹനം നൽകിയത്. 1953-ൽ മഞ്ചേരിയിൽ നടന്ന കവികാഥിക സമ്മേളന ത്തിൽ പങ്കെടുക്കാൻ അദ്ദേഹം എനിക്ക് അവസരമൊരുക്കി തന്നു. അന്നാണ് എംടി, അക്കിത്തം, എൻ.എൻ. കക്കാട്, കുഞ്ഞുണ്ണി മാഷ് അങ്ങനെ മലയാളസാഹിത്യത്തിലെ പ്രമുഖരെയെല്ലാം നേരിൽ കാണുന്നത്.
പിന്നെ, വർഷങ്ങൾക്കു ശേഷം എംടിയുടെ നവതി ആഘോഷകാലത്ത് നിളയോളങ്ങൾ എന്ന േപരിൽ വിഡിയോ ആൽബത്തിനു പാട്ടെഴുതാൻ എനിക്കു കഴിഞ്ഞു. അതൊക്കെയാണ് ഓർമയിലെ സന്തോഷങ്ങൾ’’ ആത്മസംതൃപ്തിയോടെ മാഷ് പറയുന്നു.
ഭക്തിയുടെ കാവ്യഗീതങ്ങൾ
1. വടക്കുംനാഥാ! സർവം നടത്തുന്ന നാഥാ!...
2. ദക്ഷിണകാശിയാം കൊട്ടിയൂർ വാണിടും...
3. തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും...
4. എട്ടുദിക്പാലരും മുട്ടുകുത്തി തൊഴും
5. പ്രഭാതമായി തൃക്കണിയേകിയാലും
6. ശ്രീകണ്ഠേശ്വരാ.....ശശിധരാ...
7. തിരുനക്കര തേവരേ....
8. ഋഷിനാഗക്കുളത്തപ്പാ ശരണം...
9. തൃപ്രങ്ങോട്ടപ്പാ....ദുഃഖങ്ങൾ തീർക്കാൻ....
10. കരുണാവാരിധിയായിടുമെന്നുടെ തിരുവേഗപ്പുറത്തമ്പുരാനേ!