ADVERTISEMENT

ഓഫിസിലേക്കു പോകും വഴി ബസ്സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയുടെ സുന്ദരി ഫ്രോക് കണ്ണിലുടക്കിയ ജീന വൈകിട്ടു തിരിച്ചെത്തിയ പാടേ തയ്യൽ മെഷീന്റെ മുന്നിലിരുന്നു. ഇഷ്ടത്തോടെ മനസ്സിൽ വരച്ച ഫ്രോക്കിന്റെ പാറ്റേൺ മകളുടെ അളവിൽ പേപ്പറിലേക്കു പകർത്തിവരച്ചു. അയൺ ചെയ്തപ്പോൾ കരിഞ്ഞുപോയതു കൊണ്ടു മാറ്റിവച്ചിരുന്ന സാരിയിൽ അവ ഭംഗിയായി വെട്ടിയെടുത്തു. എല്ലാം സെറ്റ്.

പക്ഷേ, തയ്ക്കാൻ തുടങ്ങിയതോടെ തയ്യൽ മെഷീൻ പണി തരാൻ തുടങ്ങി. നൂൽ കെട്ടുവീണു തുണി മുന്നോട്ടു നീങ്ങുന്നേയില്ല. ഒരുവിധം കെട്ടഴിച്ചു വീണ്ടും തയ്ക്കാൻ തുടങ്ങിയപ്പോഴോ, കണ്ണികൾക്കിടയിൽ സെന്റീമീറ്ററുകളുടെ അകലം. സർവീസ് സെന്ററിൽ നിന്ന് ആളു വരാതെ രക്ഷയില്ലെന്നു മനസ്സിലായതോടെ മെഷീനെ കുറ്റം പറഞ്ഞു ജീന പണി നിർത്തി.

ADVERTISEMENT

ചുരിദാർ ഷേപ് ചെയ്യാനും, തുന്നൽ വിട്ടവ റിപ്പയർ ചെയ്യാനുമൊക്കെയായി വീട്ടിലെ തയ്യൽ മെഷീൻ ഉപയോഗിക്കുന്ന മിക്കവരും ജീനയുടെ അവസ്ഥ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടാകും.
ഇത്തരം പ്രശ്നങ്ങൾ കാരണം തയ്യൽ മെഷീൻ ഉപയോഗിക്കാതെ തുരുമ്പിച്ചു പോകുകയാണോ ? ഈ ടിപ്സ് പഠിച്ചുവച്ചാൽ പകുതി പ്രശ്നങ്ങളും വീട്ടിൽ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ.

സൂചിയും നൂലും തമ്മിൽ

  • തയ്ച്ചു തുടങ്ങുമ്പോൾ രണ്ടു നൂലുകളുടെയും അഗ്രഭാഗം മതിയായ നീളത്തിൽ പുറത്തേക്കു നീണ്ടുകിടക്കുന്നുണ്ട് എന്നുറപ്പാക്കുക. നൂൽ  ഷട്ടിൽ കെയ്സിൽ ചുറ്റി കുരുക്കു വീഴുന്നത് ഒഴിവാക്കാൻ ഇതു വളരെ പ്രധാനമാണ്.
  • തുണിയില്‍ സൂചി ഉടക്കി നൂൽ വലിയുന്നുണ്ടെങ്കിൽ തേയ്മാനം കൊണ്ടോ തുരുമ്പു കൊണ്ടോ സൂചിയുടെ അഗ്രത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു നോക്കണം. സൂചി വളഞ്ഞിരുന്നാലും ഇങ്ങനെ സംഭവിക്കാം. അവസാനമായി സൂചി മാറ്റിയത് എന്നാണെന്നു കുറിച്ചു വച്ചിട്ടുണ്ടോ? ആറു മാസം കൂടുമ്പോഴെങ്കിലും മെഷീൻ സൂചി മാറുന്നതു നല്ലതാണ്.  
  • സൂചി ബാറിലേക്കു സൂചി ഉറപ്പിച്ചിരിക്കുന്നതു ശരിയായ രീതിയിലല്ലെങ്കിലും സൂചി ഒടിയുകയോ നൂൽ അടിക്കടി പൊട്ടുകയോ ഒക്കെ ചെയ്യാം. സൂചിയുടെ മുകൾഭാഗത്തെ പരന്ന വശം സൂചി ബാറിന് അഭിമുഖമായി വരുന്ന രീതിയിലാണു പിടിപ്പിക്കേണ്ടത്.
  • തയ്ക്കുമ്പോൾ തുന്നലുകൾ അയഞ്ഞു പോകുന്നതിനും മുറുകിപോകുന്നതിനും കാരണം ശരിയായ ‘ത്രെഡ് ടെൻഷൻ’ ഇല്ലാത്തതാണ്. ബോബിൻ ടെൻഷനും സ്റ്റിച്ച്  ടെൻഷനും അഡ്ജസ്റ്റ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.
  • ടെൻഷൻ സ്പ്രിങ് ഭാഗത്തുനിന്നാണു നൂൽ പൊട്ടുന്നതെങ്കിൽ സ്പ്രിങ് ബാറിൽ തുരുമ്പോ തേയ്മാനമോ ഉണ്ടോയെന്നും പരിശോധിക്കുക.
  • തയ്ക്കുമ്പോൾ അടിനൂൽ മുകളിലേക്കു കോർത്തുവരുന്നില്ലെങ്കിൽ സൂചി ഉറപ്പിച്ചിരിക്കുന്നതിന്റെ പ്രശ്നമാകാം. ബോബിൻ ഇടുന്ന ഷട്ടിൽ ഫ്രെയിമിലേക്കു സൂചി ഇറങ്ങിവരുന്ന വിധത്തിലാണു സൂചി ഫിറ്റ് ചെയ്യേണ്ടത്.
sewingmachinerepairtipsmalayalamathomevanithamagazine2
ADVERTISEMENT

ശബ്ദവ്യത്യാസം പ്രശ്നമാണോ ?

  • തയ്ക്കുമ്പോൾ പതിവില്ലാതെ ശബ്ദമുണ്ടെങ്കിൽ ഏതെങ്കിലും ഭാഗം പരസ്പരം ഉരസുകയോ മറ്റോ ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുക. ഫെയ്സ് പ്ലേറ്റിൽ ത്രെഡ് ടേക് അപ് ലിവർ ഇടിക്കുന്നുണ്ടെങ്കിൽ ഒരു പ്ലെയർ ഉപയോ ഗിച്ച് അൽപം നിവർത്തുകയോ ഫെയ്സ് പ്ലേറ്റ് അഡ്ജസ്റ്റ് ചെയ്യുകയോ ചെയ്യാം.
  • കട്ടിയുള്ള ജീൻസ് പോലുള്ളവ തയ്ക്കുമ്പോൾ സൂചി ഒടിഞ്ഞുപോകുന്നതു പല കാരണങ്ങൾ കൊണ്ടാകാം. ഓ രോ തുണിക്കും ഓരോ തരം സൂചി തന്നെ വേണം. കോട്ടൺ പോലുള്ള നേർത്ത തുണികളിൽ ഉപയോഗിക്കുന്ന അതേ സൂചി കട്ടിയുള്ള ജീൻസ് പോലുള്ളവയ്ക്കു പറ്റില്ല. യൂസർ മാനുവൽ നോക്കിയോ ടെക്നീഷ്യന്റെ സഹായത്തോടെയോ പലതരം സൂചികൾ വാങ്ങി, തുണിയുടെ ഇനം അനുസരിച്ചു മാറ്റിയിടണം.
  • കട്ടിയുള്ള എംബ്രോയ്ഡറി, മുത്തുകൾ, സ്റ്റോൺ വർക്, പിന്നും ഹുക്കും തുടങ്ങിയവ നീക്കിയ ശേഷം വേണം തയ്ച്ചുതുടങ്ങാൻ.
  • ബാലൻസ് വീൽ കറങ്ങുന്നില്ലെങ്കിൽ ബോബിൻ ഉറപ്പിക്കുന്ന ഭാഗം പരിശോധിക്കുക. നൂലു കുരുങ്ങി ചുറ്റിയിരിക്കുന്നതാകും പ്രശ്നം.
  • ബോബിനിൽ നൂൽ ചുറ്റുമ്പോഴും മറ്റും വീലിനുള്ളിൽ കുരുങ്ങിയും ജാം വരാം. അതും പരിശോധിക്കണം. ഫെയ്സ് പ്ലേറ്റ് തുറക്കുമ്പോൾ കാണുന്ന രണ്ടു സ്ക്രൂവും ലൂസാണെങ്കിൽ മുറുക്കാം.
  • തയ്ക്കുമ്പോൾ തുണി നീങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രസ്സർ ഫൂട്ടിനു താഴെയുള്ള പ്ലേറ്റിലെ പല്ലുകൾ താഴേക്ക് ഇറങ്ങിയാണോ ഇരിക്കുന്നതെന്നു പരിശോധിക്കുക. അടിവശത്തുള്ള ബാറിലെ സ്ക്രൂ ലൂസാക്കിയ ശേഷം പല്ലുകൾ മുകളിലേക്കാക്കി വീണ്ടും സ്ക്രൂ മുറുക്കാം.
  • കൃത്യമായ ക്ലീനിങ്ങും ഓയിലിങ്ങും ചെയ്യുന്ന മെഷീന്റെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ടെക്നീഷ്യനെ വിളിക്കാൻ മടി വേണ്ട. സ്പെയർ പാർട്സ് അടക്കമുള്ളവയുടെ തകരാറുകൾ കണ്ടുപിടിക്കാനും തേയ്മാനം, തുരുമ്പ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അതാണു നല്ലത്. അപ്പോൾ  മെഷീന്റെ ആയുസ്സും കൂടും.

ടിപ്സ് ഫോർ ‘പ്രോ’ തയ്യൽ

  • തയ്ക്കും മുൻപ് നൂലുകൾ അഴിച്ചുമാറ്റി മെഷീൻ തുടച്ച് എണ്ണയിട്ട ശേഷം കുറച്ചുസമയം വെറുതേ ചവിട്ടാം. എണ്ണ എല്ലാ ഭാഗത്തേക്കും വ്യാപിക്കാനും ജോയിന്റുകളുടെ ലൂബ്രിക്കേഷൻ ഉറപ്പാക്കാനും ഇതു സഹായിക്കും. ഇനി വീണ്ടും നൂൽ കോർത്ത ശേഷം തയ്ക്കാം.
  • ബോബിനിൽ അമിതമായി നൂൽ ചുറ്റിയാൽ വൈൻഡറിൽ സുഗമമായി തിരിയാൻ തടസ്സമാകും. ഓരോ പ്രാവശ്യവും തയ്യലിന് ആവശ്യമുള്ള നൂൽ മാത്രം ബോബിനിൽ ചുറ്റിയെടുത്താൽ മതി.
  • സൂചി മാറുന്നതു പോലെ തന്നെ പ്രസ്സർ ഫൂട്ടുകളും മാറാം. സാധാരണ തയ്യലിനുള്ള ഫൂട്ടിനൊപ്പം സിബ് പിടിപ്പിക്കാനും അരികു ചുരുട്ടി തയ്ക്കാനുമൊക്കെയുള്ള ഫൂട് മെഷീന്റെ മോഡൽ അനുസരിച്ചു വാങ്ങാം. 
  • നേർത്തതോ വലിയുന്നതോ ആയ തുണികളിൽ തയ്യൽ വീഴാൻ പ്രയാസമാകും. തയ്ക്കുമ്പോ ൾ ന്യൂസ് പേപ്പർ കൂടി വച്ചോ ഇന്റർഫേസിങ് ഒട്ടിച്ചോ ഈ പ്രശ്നം പരിഹരിക്കാം.
  • ബോബിനിൽ ത്രെഡ് ഇലാസ്റ്റിക്, എംബ്രോയ്ഡറി നൂൽ എന്നിവ ചുറ്റി തയ്ക്കുമ്പോൾ ത്രെഡ് റിലീസ് ടെൻഷൻ അഡ്ജസ്റ്റ് ചെയ്യാം.
  • മെഷീന്റെ ഏതു ഭാഗം ഇളക്കുന്നുണ്ടെങ്കിലും വിഡിയോ റെക്കോർഡ് ചെയ്യണം. അതു നോക്കി വേണം ഓരോന്നും തിരികെ പിടിപ്പിക്കാൻ. കംപ്യൂട്ടറൈസ്ഡ് മെഷീനുകളും എംബ്രോയ്ഡറി മെഷീനുകളും ഒരു കാരണവശാലും സ്വയം അഴിക്കാൻ ശ്രമിക്കരുത്.
ADVERTISEMENT
How to Fix Common Sewing Machine Issues:

Sewing machine repair and maintenance are crucial for smooth operation. By understanding common issues and applying these simple tips, you can resolve many sewing machine problems at home, saving time and effort.

ADVERTISEMENT