2026 ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബറേറ്റോ. അമ്മയായ ശേഷം മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ വനിതയാണ് 27 വയസ്സുകാരിയായ ജെന്നിഫർ. 2025 ലെ വിശ്വസുന്ദരി ഫാത്തിമ ബോഷ് വിജയിയെ കിരീടം അണിയിച്ചു.
പ്യൂർട്ടോ റിക്കോയിൽ നടന്ന 76ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 116 സുന്ദരിമാരാണ് മാറ്റുരച്ചത്. ഡോമനിക്കൻ സുന്ദരി മെലിസ ന്യൂനസ് ഫസ്റ്റ് റണ്ണറപ്പായി. വെനസ്വേല, ഫിലീപ്പിൻസ് സുന്ദരിമാർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോയാണ് (19) മിസ് യുണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന 12 മത്സരാർഥികളുടെ പട്ടികയിൽ ഇന്ത്യൻ സുന്ദരി കെസിയ ലിസ് മെജോയ്ക്ക് ഇടം നേടാനായില്ല. കേരളത്തിൽ നിന്ന് മിസ് യൂണിവേഴ്സ് വേദിയിലെത്തുന്ന ആദ്യ യുവതിയാണ് മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ. ബെംഗളൂരുവിൽ നിയമ വിദ്യാർഥിനിയാണ് കെസിയ.
പ്രശസ്ത ജ്വല്ലറി ഡിസൈനർ ജോർജ് വിറ്റൽസും 'മെയ്‌സൺ ഡി ഓറും' ചേർന്നാണ് മിസ് യൂണിവേഴ്സിന്റെ 75-ാം വജ്രജൂബിലി ആഘോഷങ്ങൾക്കായി കിരീടം ഡിസൈൻ ചെയ്തത്. 3,150 വജ്രങ്ങൾ, 75 വർഷത്തെ ചരിത്രം, മിസ് യൂണിവേഴ്സിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ആഘോഷിക്കുന്ന ഒരു അസാധാരണ കിരീടമാണിത്.
മിസ് യൂണിവേഴ്സിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഓരോ നാഴികക്കല്ലുകളെയും അടയാളപ്പെടുത്തിക്കൊണ്ട് ഇതുവരെ 12 വ്യത്യസ്ത കിരീടങ്ങളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഓരോ കിരീടവും ഓരോ പുതിയ യാത്രയെയും അവസരങ്ങളെയും പ്രതിനിധീകരിക്കുന്നു.
പാരമ്പര്യത്തിന്റെ തിളക്കവും ആധുനികതയുടെ പ്രൗഢിയും ഒത്തുചേരുന്ന 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്നാണ് പുതിയ കിരീടത്തിനു പേരു നൽകിയിരിക്കുന്നത്.