വിവാഹത്തിന്റെ അടയാളമായി പെണ്‍കാൽവിരലിൽ തിളങ്ങിയ മിഞ്ചിയുടെ റേഞ്ച് ഇപ്പോൾ എവിടെയെത്തിയെന്നോ ? ട്രെഡീഷനൽ വെയറിനൊപ്പമോ ചേരൂ എന്ന ധാരണ പൊളിച്ചെഴുതി, വെള്ളിക്ക് അപ്പുറം മറ്റൊരു ലോകമില്ലെന്ന ചിന്തകളെ കാറ്റിൽ പറത്തി മിഞ്ചി ഇപ്പോൾ ഫാഷൻ ലോകത്തെ സ്റ്റൈല് സ്റ്റേറ്റ്മെന്റായി മാറിയിരിക്കുകയാണ്.
അതിൽ തന്നെ ഒറ്റ ഡയമണ്ടിൽ തീർത്ത സോളിറ്റയർ ടോ റിങ്ങാണ് താരം. സോ, ഗേൾസ്... പ്രീമിയം ജ്വല്ലറി കാറ്റഗറിയിലാണിപ്പോൾ മിഞ്ചി മിന്നുന്നത്. രണ്ടു പാദത്തിലും മിഞ്ചി അണിയുന്നതിനു പകരം ഒരു കാലിലെ ഒരു വിരലിൽ ഒറ്റയാനായി നിൽക്കുന്ന സോളിറ്റയർ ടോ റിങ് എത്‌നിക് ലുക്കിനും കണ്ടംപ്രറി സ്റ്റൈലിനും ഒരുപോലിണങ്ങും. രണ്ടറ്റത്തും ഡയമണ്ട് വരുന്ന അഡ്ജസ്റ്റബിൾ ടോ റിങ്ങും സോളിറ്റയർ സ്റ്റൈലിൽ മുന്നിലുണ്ട്.
ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ അൽപം ശ്രദ്ധ നൽകിയാൽ ഏതു കൂട്ടത്തിനിടയിലും നിങ്ങളും മിഞ്ചിയും സ്റ്റാൻഡ് ഔട്ട് ആയി നിൽക്കും. ഓപ്പൺ ടോ സ്ട്രാപി സാൻഡൽസ്, സ്ലൈഡേഴ്സ്, സ്ട്രാപി ഹീൽസ് എന്നിവയ്ക്കൊപ്പം മിഞ്ചി അണിയാം. ഡെനിം അണിയുമ്പോൾ ഫ്ലാറ്റ്സും ടോ റിങ്ങും ചേരുന്ന ലുക് കണ്ണുംപൂട്ടി തിരഞ്ഞെടുത്തോളൂ. പക്ഷേ, ഒരു പ്രധാന കാര്യം ശ്രദ്ധിക്കണേ, പാദങ്ങൾ വൃത്തിയായി വയ്ക്കണം. നല്ല പെഡിക്യൂറും ന്യൂഡ് അല്ലെങ്കിൽ പേസ്റ്റ്ൽ നെയിൽ പോളിഷും കൂടി ചേരുന്ന ക്ലാസ്സി മിനിമലിസ്റ്റിക് ലുക് ആണ് മിഞ്ചിക്കും പ്രിയം.
ഒരു കാലിൽ കന്റംപ്രറി പാദസരവും അടുത്ത കാലിലെ വിരലിൽ ഒരു മിഞ്ചിയും അണിയുന്ന രീതിയിലും ‘ഒറ്റ മിഞ്ചി’ അണിയാം. വെള്ളി പാദസരങ്ങളേക്കാള്‍ ഇപ്പോൾ ട്രെൻഡിങ് ഖടയാണ്. ഇതിനൊപ്പം ഹെയർലൂം ടോ റിങ്ങും കോലാപൂരി ചെരിപ്പും ചേർത്താൽ എത്‌നിക് വൈബിൽ നിങ്ങളെ തോൽപ്പിക്കാൻ ആരും കാണില്ല. വെള്ളിയും പ്ലാറ്റിനവുമാണ് ടോ റിങ്ങിൽ ഇപ്പോഴും മുന്നിൽ. ബ്രാസ്സും റോസ് ഗോൾഡും തൊട്ടുപിന്നാലെയും. കമ്മലും വളയും വസ്ത്രത്തിനു ചേരുംവിധം മാറിയണിയും പോലെ മിഞ്ചിയും അണിയൂന്നേ...