ഷോർട് ഹെയർസ്റ്റൈലിലെ ഹോട്ടസ്റ്റ് താരമാണ് പിക്സി കട്ട്. വ്യത്യസ്ത സ്റ്റൈലിലെത്തുന്ന ആറു തരം പിക്സി കട്ട് പരിചയപ്പെടാം. ഇഷ്ടത്തിനൊത്തു തിരഞ്ഞെടുക്കാം
എന്നെന്നും ക്ലാസിക് പിക്സി
ഷോർട് ഹെയർ കട്ടിൽ ടൈംലെസ് സ്റ്റൈലാണ് ക്ലാസിക് പിക്സി. തലയുടെ വശങ്ങളിലും പുറകിലും നീളം കുറഞ്ഞും ക്രൗൺ ഏരിയയിൽ നീളം കൂടിയും മുടിഴകൾ വരുന്ന തരത്തിലാണ് ഇത്. മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ചു മുടി വെട്ടി ബാങ്സായി ഇടുകയും ചെയ്യും. വശങ്ങളിലേക്ക് ഇടുന്ന മുടിയുടെ നീളം കൂട്ടിയാൽ ലോങ്ങർ പിക്സിയാകും. ഈ സ്റ്റൈൽ അപ്ഡേറ്റിനും ആരാധകരേറെയുണ്ട്. മുടിയുടെ പരിചരണത്തിനായി അധികസമയം ചെലവാക്കാൻ ആഗ്രഹിക്കത്തവർക്കു കണ്ണും പൂട്ടി പിക്സി കട്ട് തിരഞ്ഞെടുക്കാം. പക്ഷേ, സമയാസമയം ഹെയർ ട്രിമിങ് വേണം. എങ്കിലേ, പിക്സി പെർഫെക്ട് ആയി തിളങ്ങാനാകൂ.
2026ൽ താരം ബിക്സി കട്ട്
2026ലെ ട്രെൻഡി പിക്സി കട്ടിൽ രണ്ടു സ്റ്റൈലാണ് ഉ ള്ളത്. അതിൽ ആദ്യത്തേതാണ് ബോബ് കട്ടും പിക്സി കട്ടും ചേരുന്ന ബിക്സി കട്ട്. പിക്സി കട്ടിനേക്കാൾ മുടിക്കു നീളം കൂടുതലുണ്ടാകും. എന്നാൽ ബോബ് കട്ടിനൊപ്പം എത്തുകയുമില്ല. ഒഫീഷ്യൽ മീറ്റിങ്ങിനു പോകുമ്പോൾ സ്ലീക് സ്റ്റൈലിൽ ചെവിക്കു പിന്നിൽ മാടിയൊതുക്കിയും നൈറ്റ് പാർട്ടിക്കിറങ്ങുമ്പോൾ മെസ്ഡ് അപ് ലുക്കിൽ മുടി പാറി പറത്തിയും സ്റ്റൈൽ ചെയ്യാം. മുഖം സുന്ദരമാക്കുന്നതില്‍ ഹെയർ സ്റ്റൈലിനു വ ലിയ പങ്കുണ്ട്. ഫെയ്സ് ഫ്രെയിമിങ് ചെയ്യാൻ ബിക്സി കട്ട് നല്ല ചോയ്സാണ്.
നീണ്ട മുടിയിൽ നിന്നു ഷോർട് ഹെയർ സ്റ്റൈലിലേക്കു മാറാൻ ഒരുങ്ങുന്നവർക്കു ധൈര്യമായി പരീക്ഷിക്കാമിത്. മുടി പറ്റെ വെട്ടി എന്ന ടെൻഷനില്ല എന്നു മാത്രമല്ല ഈ സ്റ്റൈൽ ഇണങ്ങുന്നില്ലെന്നു തോന്നിയാൽ മറ്റു പിക്സി കട്ടുകളിലേക്കു മാറുകയും ചെയ്യാം.
ട്രെൻഡിൽ ട്രിക്സി കട്ടും
ഈ വർഷത്തെ അടുത്ത ട്രെൻഡി കട്ട് ഏതെന്നല്ലേ... അതാണ് ട്രിക്സി കട്ട്. ടെക്സ്ചേർഡ് പിക്സി കട്ടിന്റെ ചെല്ലപ്പേരാണ് ട്രിക്സി കട്ട്. പൊതുവേ പിക്സി കട്ടിൽ ലെയേഴ്സ് നൽകാറുണ്ടെങ്കിലും ട്രിക്സി കട്ടിന്റേത് അനുസരണയില്ലാത്ത ചോപ്പി ലെയേഴ്സ് ആണ്. ഉള്ളു തോന്നുമെന്നു മാത്രമല്ല, മുടി തന്നിഷ്ടത്തിന് ഇളകിയാടുന്നത് സ്റ്റൈൽ തന്നെയാണ്. എഫോർട്‌ലെസ്‌ലി സ്റ്റൈലിഷ് ലുക് ആഗ്രഹിക്കുന്നവർക്ക് ട്രിക്സി കട്ട് തിരഞ്ഞെടുക്കാം. ചുരുണ്ട മുടിയുള്ളവർക്കും വേവി ഹെയറുള്ളവർക്കും നന്നായി ഇണങ്ങും. ബിക്സി കട്ടിലേതു പോലെ മുടിക്കു നീളമുണ്ടാകില്ല. എന്നിരുന്നാലും മുഖത്തിന്റെ ആകൃതിക്കനുസരിച്ചു സ്റ്റൈൽ ചെയ്യാം.
ഏറ്റവും ഷോർട്, മൈക്രോ പിക്സി
മുടി പറ്റെയായി വെട്ടാം. പക്ഷേ, ക്രൗൺ ഏരിയയിൽ ഇത്തിരി മുടി കൂടുതൽ വേണം. ഇത്രേയുള്ളൂ മൈക്രോ പി ക്സി. പക്ഷേ, ലുക് വേറെ ലെവലാണ്. പിക്സി കട്ടുകളിലെ അൾട്രാ ഷോർട് വേർഷനാണ് ഇത്. മുഖത്തിന്റെ വശങ്ങളിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ ഇല്ലാത്തതിനാൽ മുഖത്തെ ഫീച്ചേഴ്സ് എടുത്തുനിൽക്കാൻ സ ഹായിക്കുന്ന ഹെയർകട്ട് ആണിത്. ജെൻ സിയോടൊപ്പം തന്നെ നാൽപതുകൾ പിന്നിട്ടവരിലും താരമാണ് ഈ ഹെയർസ്റ്റൈൽ. നര വീണ മുടിയിൽ മൈക്രോ പിക്സി എത്ര ഭംഗിയായിരിക്കുമെന്നോ...
അലസമായി ഷാഗി പിക്സി
മെസ്സി ഹെയർ പിക്സി കൊതിക്കുന്നവർക്കുള്ളതാണ് ഷാഗി പിക്സി. ക്രൗൺ ഏരിയയിൽ നിറയെ ടെക്സ്ചേർഡ് ലെയേർഡ് മുടിയുണ്ടാകും. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ പല നീളത്തിലായതിനാൽ നടക്കുമ്പോൾ പല താളത്തിലനങ്ങും. ചെവിയുടെ വശങ്ങളിലും താഴെയും ഫെതർ കട്ട് നൽകുന്നത് ഷാഗി പിക്സിയെ കൂടുതൽ മെസ്സി സ്റ്റൈലാക്കും.
ബോൾഡ് ആണ് അണ്ടർകട്ട് പിക്സി
അണ്ടർകട്ട് പിക്സിയെക്കുറിച്ച് ബോൾഡ് ആൻഡ് ഫാ ഷൻ ഫോർവേഡ് എന്നു പറയാം. പരമ്പരാഗതമായ പിക്സി കട്ടിന്റെയും വശങ്ങൾ ട്രിം ചെയ്യുന്ന അണ്ടർകട്ടിന്റെയും കോംബിനേഷൻ ആണിത്.
ചെവിയുടെ വശങ്ങളിലും തലയുടെ പുറകിലും പറ്റെ വെട്ടിയ ട്രിംഡ് ഹെയർ ആയിരിക്കും. ചിലർ മുഴുവനായി ഷേവ് ചെയ്യാറുമുണ്ട്. എന്നാൽ, തലയുടെ മുകൾ വശത്ത് നീണ്ട മുടിയും. ഡ്രമാറ്റിക് സ്റ്റൈല്‍ കൊതിക്കുന്നവർക്കു നന്നായി ഇണങ്ങും ഈ ബോൾഡ് പിക്സി കട്ട്. മോഡേൺ ഡ്രസിനൊപ്പം മാത്രമല്ല സാരിക്കൊപ്പവും ഈ ഹെയർകെട്ട് പരീക്ഷിക്കുന്നവർ ഏറെയാണ്.