ഇനി പറയാൻ പോകുന്ന ട്രെൻഡി ഹെയർസ്റ്റൈലുമായി കറങ്ങിനടക്കുമ്പോൾ അമ്മയോ അമ്മൂമ്മയോ ‘ഈ സ്റ്റൈലൊക്കെ നമ്മൾ പണ്ടേ വിട്ടതാ’ എന്നു പറഞ്ഞാൽ നെറ്റി ചുളിക്കേണ്ട. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ...’ എന്ന പാട്ടും പാടി കോളജ് കുമാരികളുടെ പിന്നാലെ പൂവാലന്മാർ ചുറ്റിയ കാലമുണ്ടായിരുന്നു. അവർ എയ്റ്റീസിൽ നിന്നു കറക്കിവിട്ട ട്രെൻഡ് ചക്രമാണ് കറങ്ങിത്തിരിഞ്ഞ് 2026ൽ ലോ പോണിയും അൾട്രാ ലോ പോണിയുമൊക്കെയായി വന്നുനിൽക്കുന്നത്.
ഈയിടെ നടന്ന ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് പോണി ടെയ്‌ലിന്റെ ‘ലോ സ്റ്റൈൽ’ ശ്രദ്ധ നേടുന്നത്. മുടി മുഴുവൻ മാടിയെടുത്ത് ഉയരത്തിൽ വലിച്ചുമുറുക്കി കെട്ടിയിരുന്ന പോണി ടെയിൽ കഴുത്തിന്റെ പിന്നിലേക്കും താഴേക്കും മാറിയപ്പോൾ ആകെ മാറിയിട്ടുണ്ട്. മുടിയിഴകൾ ഒതുങ്ങിയിരിക്കണമെന്ന പിടിവാശിയില്ല. മുഖത്തിന്റെ വശങ്ങളിലായി അവ ഇഷ്ടത്തിനു പറക്കട്ടെ എന്നാണ് ചിന്ത. ടൈറ്റ് പുൾഡ് ബാക് എന്ന വിശേഷണത്തേക്കാൾ റിലാക്സ്ഡ് ലോ നോട്ട് എന്നതിനോടാണു പ്രിയം.
മുടിയുടെ തുഞ്ചത്തായി ഇത്തിരി കുതിരവാലായാലും മതി, അൾട്രാ ലോ പോണി ലുക്കിൽ സ്റ്റൈലൊട്ടും കുറയാതെ തിളങ്ങിക്കോളും.
പെർഫെക്ട് ആയിരിക്കണം എന്നു പറയാത്ത ആരും എന്തും നമുക്ക് തരുന്ന സ്വാതന്ത്ര്യമില്ലേ അതാണ് ലോ പോണിയെ ഇത്ര വേഗമങ്ങു സ്നേഹിച്ചു പോകാൻ കാരണം.
ന്യൂയോർക്ക് ഫാഷൻ വീക്കിൽ നിറഞ്ഞ ചില ലോ പോണി സ്റ്റൈൽസുണ്ട്. കഴുത്തിനു തൊട്ടു താഴെയായി ഒരു കെട്ട് ഇട്ടതുപോലുള്ള ഇൻഫിനിറ്റ് നോട്. മുടിയുടെ അറ്റം മടക്കി ഒരു ക്ലിപ് നൽകി ഫോൾഡഡ് പോണി.
മുടി നടുവേ വകന്ന് ചീകിയൊതുക്കി കഴുത്തിനു പിന്നിലായി അയഞ്ഞ കെട്ടിട്ടു മുടിയിഴകൾ മുഖത്തിന്റെ വശങ്ങളിലേക്കു വലിച്ചിടുന്ന എ ഫോർട്‌ലെസ് പോണി എന്നിങ്ങനെ. ഇനി ഇവ കേരള ട്രെൻഡ് സ്ട്രീറ്റിലും നിറയട്ടെ...
ലോ പോണി പരീക്ഷിക്കുന്നവരുടെ മുടി ചുരുണ്ടതോ, വേവിയോ, ഫ്രിസ്സിയോ എന്തുമാകട്ടെ അതു മാറ്റാൻ ശ്രമിക്കേണ്ട. സെന്റർ പാർട്ട് ലുക്ക് സ്റ്റൈലിഷ് മോഡേൺ ഫീൽ നൽകും. സൈഡ് പാർട്ട് ആണെങ്കിൽ സോഫ്റ്റ് മൂഡ് കിട്ടും. ‘വെറുതേ ഒന്നു മുടി കെട്ടി’ എന്ന ഫീൽ മതിയെങ്കിൽ പാർട്ടിങ് ഒന്നും വേണ്ട.
കഴുത്തിനു പിന്നിലായി ഹെയർ ലൈനോടു ചേർന്നുവരുന്ന ഭാഗത്ത് (nape of neck) മുടി കെട്ടാം. പക്ഷേ, മുടി മുറുക്കി വലിക്കരുത്. അൾട്രാ ലോ പോണിയാണ് വേണ്ടതെങ്കിൽ മുടിയുടെ താഴെയായി കെട്ടിടാം. മുടി കെട്ടിയശേഷം ക്രൗണ്‍ ഏരിയയിലും വശങ്ങളിലും മുടി അൽപം ഉയർത്തുക. മുഖത്തിന്റെ വശങ്ങളിലേക്ക് ഏതാനും മുടിയിഴകൾ വലിച്ചിടാം. മിനിമലിസ്റ്റ് ലുക്കിന് ഇലാസ്റ്റിക് ബാൻഡ് മാത്രം മതി. ബാരറ്റ് ആണെങ്കിൽ ട്രെൻഡി ഫാഷൻ ഫീലായി. നീളത്തിൽ റിബൺ പാറിയാൽ കാഷ്വൽ വൈബിനു മറ്റൊന്നും വേണ്ട.