അരക്കെട്ടിലെ കൊഴുപ്പു നീക്കി വടിവൊത്ത ശരീരം നേടാൻ മൂന്നു വ്യായാമങ്ങൾ പരിചയപ്പെടാം.
ലൗ ഹാൻഡിൽസ് കുറയ്ക്കാം
അരക്കെട്ടിന്റെ വശങ്ങളിൽ തൂങ്ങിക്കിടക്കുന്ന മാംസഭാഗമാണു ലൗ ഹാൻഡിൽസ്. ഇതു കുറയ്ക്കാൻ ഉത്തമമായ വ്യായാമം. കസേരയിൽ ഇടതു കൈ നിവർത്തി പിടിച്ച്, കാൽപാദങ്ങൾ തറയിൽ വച്ചുകൊണ്ട് ശരീരം നിവർത്തി പിടിച്ച്, ഇടതുവശത്തിന് അഭിമുഖമായി ചെരിഞ്ഞു നിൽക്കുക. തുടർന്ന് അരക്കെട്ടു താഴേയ്ക്കും മുകളിലേക്കുമായി ചലിപ്പിക്കുക. 10–20 തവണ ചെയ്ത ശേഷം വലതു വശത്തേക്കും ആവർത്തിക്കുക. രണ്ടു തവണ കൂടി ഈ വ്യായാമം തുടരുക.
അരക്കെട്ടൊതുക്കാം
കസേരയിൽ രണ്ടു കയ്യും ചിത്രത്തിലെ പോലെ പിടിക്കുക. ശേഷം കാൽ നീട്ടിവച്ചു മുൻവിരലുകളിലൂന്നി നിൽക്കുക. ഇനി പാദങ്ങൾ മാത്രം ഇരുവശത്തേക്കും ചലിപ്പിക്കുക. അപ്പോൾ അരക്കെട്ട് ഇടത്തേക്കും വലത്തേക്കും ചലിക്കും. രണ്ടു തവണ തുടരുക. (ചിത്രം–1)
വയറിന്റെ വശങ്ങളിലെ കൊഴുപ്പു മാറ്റാം
കസേരയിൽ കാലുകൾ അടുപ്പിച്ചു വച്ചു നിവർന്നിരിക്കുക. രണ്ടു കൈകളും തലയ്ക്കു പിന്നിലായി മടക്കി പിടിക്കുക. തുടർന്ന് ഇടതുവശത്തേക്കു ശരീരം പരമാവധി സ്ട്രെച്ച് ചെയ്യുക. ഇതിനായി ചെറിയ അളവിൽ കൈകളുടെ സഹായം ഉപയോഗിക്കാം. അതായത്, കൈകൾ കോർത്തു പിടിച്ചു സ്ട്രെച്ച് ചെയ്യുന്ന വശത്തേക്കു ശരീരം മെല്ലെ വലിക്കുക. കൂടുതൽ സ്ട്രെച്ചിങ് ലഭിക്കാൻ ഇതു സഹായിക്കും. 10–20 എണ്ണം ചെയ്ത ശേഷം വലതുവശത്തും ചെയ്യുക. ആകെ മൂന്നു സെറ്റ് ചെയ്യുക. (ചിത്രം 2)
വികാസ് ബാബു
ഫിറ്റ്നസ്സ് ട്രെയിനർ, ഗ്ലാഡിയേറ്റർ ജിം,
കടവന്ത്ര, കൊച്ചി