ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടക്കാൻ പെൺകുട്ടികൾ ആഗ്രഹിക്കുന്ന കൗമാരത്തിൽ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ചർമപ്രശ്നമുണ്ടാക്കിയ നാണക്കേടും സ്റ്റിഗ്‌മയും ഭയന്നു പുറത്തിറങ്ങാൻ പോലും മടിച്ചു വീടിനുള്ളിൽ ഒതുങ്ങിയതാണ് തൃശൂർ സ്വദേശിനി ബെൻസി ജോയി. പക്ഷേ, ഒരു ദിവസം താൻ യുണീക്കാണ് എന്ന ചിന്ത അവളുടെ മനസ്സിൽ കുരുത്തു. ‘താൻ ടാലന്റഡാണ്. പക്ഷേ, സ്വയം വിചാരിച്ചാലേ അതു പുറത്തുകൊണ്ടുവരാനാകൂ’ എന്നു മനസ്സിലായി. ഇന്നു‘വിറ്റിലിഗോ മോഡൽ’ എന്ന ടാഗ്‌ലൈനിൽ സ്വന്തം ഐഡന്റിറ്റി പുറംലോകത്തിനു മുൻപിൽ തുറന്നു കാട്ടാൻ ബെൻസി മടിക്കുന്നില്ല. ബെൻസിയുടെ അതിജീവനം വായിക്കാം.
മധുരപ്പതിനേഴിൽ വന്ന രോഗം
‘‘നൃത്തവും സ്േറ്റജ് പരിപാടികളുമായി പാറിപ്പറന്നു നടന്ന മധുരപ്പതിനേഴിലാണു ചുണ്ടിൽ വെള്ളപ്പാടു വരുന്നത്. ശരിക്കും ഇന്ത്യൻ സ്കിൻ ടോണിലുള്ള ആളായിരുന്നു ഞാൻ. അതുകൊണ്ടതു പെട്ടെന്നു തിരിച്ചറിയാമായിരുന്നു. ഡോക്ടർമാർ പറഞ്ഞതു വൈറ്റമിന്റെ ഡിയുടെ കുറവാണെന്നാണ്. കുറേനാൾ അതിനു ചികിത്സ ചെയ്തു. പിന്നീടു വേറെയും പല ഭാഗങ്ങളിലും പാടുകൾ വന്നു. അങ്ങനെ കുറേ ഡോക്ടർമാരെ കണ്ടുകഴിഞ്ഞാണു വെള്ളപ്പാണ്ടാണെന്നുള്ള സ്ഥിരീകരണം വന്നത്.
മുഖത്തു വരുന്ന ചെറിയൊരു നിറംമാറ്റം പോലും മനസ്സു കെടുത്തുന്ന പ്രായമല്ലേ? വെള്ളപ്പാണ്ട് ആണെന്നറിഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. ആളുകളൊക്കെ എന്നെ കാണുമ്പോൾ എന്തോ വിചിത്രജീവി വരുന്നതു പോലെയാണു നോക്കുന്നത്. അതുകൊണ്ട് എല്ലാവരിൽ നിന്നും ഒളിച്ചുനടന്നു. ഫങ്ഷനുകൾക്കു പോയാൽ കുടുംബക്കാർ ‘‘അയ്യോ, എന്നാലും കൊച്ചിന് ഇങ്ങനെ വന്നല്ലൊ എന്നു സഹതാപവുമായി വരും.
കോളജിൽ ചിലർ എന്റെ അടുത്ത് ഇരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. ഞാൻ കുടിച്ച കുപ്പിയിൽ നിന്നു വെള്ളം കുടിക്കാൻ പറ്റില്ല എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, അടുത്ത സുഹൃത്തുക്കളൊക്കെ നല്ല സപ്പോർട്ട് ആയിരുന്നു. അവരാരും എന്നെ മാറ്റിനിർത്തിയില്ല.
വെള്ളപ്പാണ്ട് ആണെന്നറിഞ്ഞ ശേഷം പലയിടത്തും പോയി ചികിത്സ ചെയ്തു. അലോപ്പതി മാത്രമല്ല
ഫോട്ടോതെറപ്പി, ആയുർവേദം, ഹോമിയോ എല്ലാം പരീക്ഷിച്ചു. പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടായില്ല. ഒരു ഘട്ടമെത്തിയപ്പോൾ മരുന്നു കഴിച്ചു മടുത്തു. അച്ഛനോടും അമ്മയോടും പറഞ്ഞു–‘മരുന്നു വയ്യ. എന്തായാലും ഞാൻ സഹിച്ചോളാം’ എന്ന്.
വിന്നി ഹാർലോ, എന്ന രാജ്യാന്തര പ്രശസ്തയായ വിറ്റിലിഗോ മോഡലുണ്ട്. അവരുടെ ഫോട്ടോകൾ എന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ട്. വിറ്റിലിഗോ ഡെയ്‌ലി എന്നു പറയുന്ന ഒരു കമ്യൂണിറ്റി ഉണ്ടായിരുന്നു ഒാൺലൈനിൽ. അതിൽ അവരുടെ അനുഭവങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവച്ചിരുന്നു. ഇതെല്ലാം ആത്മവിശ്വാസം തന്നു. ഞാൻ യുണീക്കാണ് എന്നു ചിന്തിക്കാൻ തുടങ്ങി. ഞാൻ ടാലന്റഡാണ്. പക്ഷേ, സ്വയം വിചാരിച്ചാലേ അതു പുറത്തു കൊണ്ടുവരാനാകൂ എന്നു മനസ്സിലായി.
മോഡലിങ്ങിലേക്ക്
2018 ലാണു മോഡലിങ്ങിലേക്ക് ഇറങ്ങുന്നത്. ഒരു സുഹൃത്തു വഴി ലഭിച്ച അവസരമായിരുന്നു. ആ സമയത്ത് എനിക്കു ഷോർട്ട് ഹെയർ ആയിരുന്നു. ഷോർട്ട് ഹെയർ ഉള്ള, ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയെ ആയിരുന്നു അവർക്കു വേണ്ടത്. പക്ഷേ, അതിൽ ഫുൾ മേക്കപ്പ് ഇട്ട്, ഡിം ആക്കിയാണ് അഭിനയിച്ചത്. അതിനുശേഷം ശരത് ചന്ദ്രൻ എന്ന് പറയുന്ന കൊറിയോഗ്രാഫർ വിറ്റിലിഗോ മോഡലിനെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞു. അങ്ങനെ എന്റെ ഈ സ്കിൻ ടോൺ റിവീൽ ചെയ്ത് വിഡിയോ ചെയ്തു. അതു വൈറലായി. അതോടെ ആത്മവിശ്വാസമായി. മോഡലിങ്ങിൽ സജീവമായി. അഞ്ചാറു സിനിമകളിലും അഭിനയിച്ചു.
കറക്ടീവ് മേക്കപ്
വിറ്റിലിഗോ ഉള്ളവർക്കു കറക്ടീവ് മേക്കപ് വഴി കുറേയൊക്കെ പാടുകളെ മറയ്ക്കാനാകും. കോളജ് കാലത്തു ഞാൻ അത് ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ സ്കിൻ ടോണിനു ചേരുന്ന ക്രീമുകൾ വേണം തിരഞ്ഞെടുക്കാൻ. സാധാരണ കൺസീലറായാലും മതി. സെറ്റിങ് പൗഡർ കൂടിയിട്ടാൽ മേക്കപ് ദീർഘനേരം നിൽക്കും.
അസുഖം തുടങ്ങിയ സമയത്തു കാഴ്ചയിലെ പ്രശ്നമല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, തവിട്ടു നിറത്തിലുള്ള ചർമം മുഴുവൻ മാറിയതോടെ സ്കിൻ അൾട്രാ സെൻസിറ്റീവായി. സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങാൻ പറ്റില്ല. വെയിൽ കൊണ്ടാൽ തീപ്പൊള്ളലേറ്റ പോലെ ചർമം പൊള്ളും, ചുവക്കും. മഴവെള്ളം ശക്തിയായി മുഖത്തോ അല്ലെങ്കിൽ കയ്യിലോ വീഴുമ്പോൾ ആ ഭാഗം ഡാമേജ് ആകും. ചുവന്ന പെയിന്റടിച്ചതുപോലെയാകും.
ചെറുതായിട്ടൊന്നു പിച്ചിയാലോ, കൊതുകു കടിച്ചിട്ടു ചൊറിഞ്ഞാലോ മതി, ആ ഭാഗത്തെ തൊലി പോകും. പാചകം ചെയ്യുമ്പോൾ ചെറിയ തുള്ളി എണ്ണ തെറിച്ചു വീണാൽ മതി, വലിയൊരു പൊള്ളലാകും. ഒരാഴ്ച എടുക്കും സുഖമാകാൻ. ഹാർഡ് ആയിട്ടുള്ള ഡിഷ് വാഷ് ഉപയോഗിച്ചാൽ കയ്യിലെ തൊലി ഇളകി വരും.
നമ്മുടെ ചർമത്തിലെ മെലനിൻ എന്ന പിഗ്‌മെന്റ് ഇല്ലാതാകുമ്പോഴാണു വെളുത്ത നിറം വരുന്നത്. ഇതു രോമത്തെയും ബാധിക്കും. എന്റെ പുരികവും കൺപീലിയും ഒഴിച്ചു ശരീരത്തിലെ ബാക്കിയുള്ള രോമമെല്ലാം വെളുത്തു.
സ്ട്രെസ്സ് കൂടുന്നതു രോഗം വഷളാക്കാം. ഞാനാണെങ്കിൽ വളരെ സെൻസിറ്റീവായ ആളാണ്. ചെറിയ കാര്യം മതി കരയാനും വിഷമിക്കാനും. അതുകൊണ്ടു ബോധപൂർവം സ്ട്രെസ്സ് കുറയ്ക്കാൻ ശ്രമിക്കുന്നു. സ്ട്രെസ്സ് വരുന്ന സമയത്തു പെയിന്റ ് ചെയ്യും. അല്ലെങ്കിലും സോഷ്യൽ മീഡിയയ്ക്കു വേണ്ടി കണ്ടന്റ് എടുക്കും. എന്റെ ഏറ്റവും വലിയ സപ്പോർട്ട് ഭർത്താവാണ്. ഞങ്ങളുടേതു പ്രണയ വിവാഹമായിരുന്നു. രണ്ടു കുട്ടികളുണ്ട്.
എന്റെ കാര്യത്തിൽ ഈ പ്രശ്നം തിരിച്ചറിയാൻ താമസിച്ച്, അനാവശ്യമായി കുറേ ചികിത്സ ചെയ്തു സമയം കളഞ്ഞു. ശരീരത്തിൽ ഒരു വെളുത്തപാടു കണ്ടാൽ നേരേ പോയി ഡെർമറ്റോളജിസ്റ്റിനെ കാണുക. പല ഡോക്ടർമാരെ കണ്ടുനടന്നു സമയം കളയരുത്.’’
Vitiligo, a skin condition causing white patches, often brings shame and stigma, especially during adolescence. However, the inspiring journey of Bency Joy showcases how embracing uniqueness can lead to confidence and success.