ADVERTISEMENT

സിനിമയിലെ കഥാപാത്രങ്ങളാകുമ്പോഴുള്ള കെമിസ്‌ട്രി ജീവിതത്തിലും കൊണ്ടുവരാനായാൽ അതു മനോഹരമായ കാര്യമാണ്. ഒപ്പം പരസ്പരം കരുത്തു പകരാനും പിന്തുണയ്ക്കാനും കൂടിയായാൽ അതിലേറെ മനോഹരമാകും. ദമ്പതികളും സിനിമാതാരങ്ങളുമായ ദീപക് പറമ്പോലും അപർണ ദാസും തങ്ങളുടെ ഒാഫ് സ്ക്രീൻ ജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുന്നു.

നിങ്ങളിൽ ആരാണ് ഫിറ്റ്നസ് ഫ്രീക് ?
 ദീപക് - രണ്ടാളും ഫിറ്റ്നസ് ഫ്രീക്ക് അല്ല. പക്ഷേ, ഫിറ്റ്നസ് എന്നതു തീർച്ചയായും ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ ആഴ്ചയിൽ രണ്ടു മൂന്നു ദിവസമെങ്കിലും എന്തെങ്കിലും ആക്ടിവിറ്റി ചെയ്യും. കുറച്ചുനാൾ സൂര്യനമസ്കാരം ചെയ്തു. പിന്നെ പുഷ് അപ്, സിറ്റ് അപ് പോലെ ലളിതമായ ചിലതു പരീക്ഷിച്ചു. സിനിമയിലെ കഥാപാത്രമാകാൻ കൃത്യമായി ഫോക്കസ് ചെയ്തു വർക്കൗട്ട് ചെയ്യാറുമുണ്ട്. ‘ഒാർമയിൽ ഒരു ശിശിരം’ എന്ന സിനിമയ്ക്കു വേണ്ടി കഥാപാത്രത്തിന്റെ പ്ലസ്ടു കാലഘട്ടം അവതരിപ്പിക്കണമായിരുന്നു. അതിനു വേണ്ടി കഠിനമായ വർക്കൗട്ടും ഡയറ്റും ഉണ്ടായിരുന്നു.

 അപർണ– ഞാൻ പൊതുവെ എന്തെങ്കിലും മോട്ടിവേഷൻ ഉണ്ടെങ്കിൽ ആണു വർക്കൗട്ട് ചെയ്യുക. ഒരു കന്നഡ ഫിലിമിനു വേണ്ടി 10-15 ദിവസം കൊണ്ടു ശരീരഭാരം നന്നായി കുറയ്ക്കണമായിരുന്നു. ​അപ്പോൾ രണ്ടര മാസത്തോളം പ്രോപ്പർ ഡയറ്റും വർക്കൗട്ടും ഒക്കെയായി ഭാരം കുറച്ചു തന്നെ നിലനിർത്തി. ആ സിനിമ കഴിഞ്ഞപ്പോൾ വർക്കൗട്ട് ലൈറ്റാക്കി. ​രണ്ടാളും ഒരുമിച്ചുള്ള വർക്കൗട്ട് കുറവാണ്. ഹോം വർക്കൗട്ട് എനിക്കു പറ്റാറില്ല. ജിമ്മാകുമ്പോൾ ട്രെയിനർ പറയുന്നത് അനുസരിച്ചു ചെയ്താൽ മതിയല്ലൊ. കൂടുതലും സ്ട്രെങ്ത് ട്രെയിനിങ് & കാർഡിയോ ആണു ചെയ്യാറ്.

സെലിബ്രിറ്റികൾക്കു ശരീരം ഫിറ്റ് ആയി സൂക്ഷിക്കാൻ എളുപ്പമാണെന്നു പൊതുധാരണയുണ്ട് ?
 അപർണ- സത്യത്തിൽ ഞങ്ങൾക്കല്ലേ ശരീരം ഫിറ്റ് ആക്കി വയ്ക്കാൻ കൂടുതൽ എഫർട്ട് എടുക്കേണ്ടി വരുന്നത്. ഓഫീസ് ജോലി ചെയ്യുന്നവർക്കാണെങ്കിൽ മുൻകൂട്ടി വ്യായാമമൊക്കെ പ്ലാൻ ചെയ്യാം. ഭക്ഷണവും ഒരേ സ്ഥലത്തു നിന്നായിരിക്കും. പക്ഷേ, ഞങ്ങളെ സംബന്ധിച്ചു നാളെ എവിടെയായിരിക്കും ഷൂട്ട്, എവിടുന്നാണു ഫൂഡ്, എന്നൊന്നും കൃത്യമായി പറയാനാകില്ല. ഇതിനിടയിൽ യാത്രകളുമുണ്ടാകും.

ADVERTISEMENT

 ദീപക് – സെലിബ്രിറ്റികളാണെങ്കിലും എപ്പോഴും ഡയറ്റീഷനും പഴ്സനൽ ട്രെയിനറുമൊന്നും കാണണമെന്നില്ല. ആരായാലും നന്നായി മിനക്കെട്ടു വർക്കൗട്ട് ചെയ്താലേ അതു ശരീരത്തിൽ കാണൂ.

ഡയറ്റിങ്ങിൽ സ്ട്രോങ് ആരാണ്?
 ദീപക്– എനിക്കു പൊതുവെ ചോറും കണ്ണൂർ സ്‌റ്റൈൽ മീൻകറിയുമൊക്കെയാണ് ഇഷ്ടം. പക്ഷേ, ചോറിന്റെ അളവൊക്കെ നിയന്ത്രിച്ചു ഹെൽതി ആയി കഴിക്കാൻ ശ്രമിക്കും. അല്ലാതെ പ്രത്യേകിച്ചു ഹെൽതി ഫൂഡ് ഒന്നും കഴിക്കാറില്ല. ജങ്ക് ഫൂഡിനോടും വല്യ താൽപര്യമില്ല. നല്ല ദം ബിരിയാണി ഇഷ്ടമാണ്.

ADVERTISEMENT

 അപർണ – എല്ലാ ദിവസവും തമ്മിൽ കാണാറില്ല. അതുകൊണ്ടു ഡയറ്റിങ് ഒരുമിച്ചു പ്ലാൻ ചെയ്യാൻ സാധിക്കാറില്ല. ഒരുമിച്ചുള്ള സമയത്തു ഗ്രിൽഡ് ചിക്കൻ ഒക്കെ ഉണ്ടാക്കി കഴിക്കാറുണ്ട്. ഞാൻ സ്വീറ്റ് ടൂത്ത് ഉള്ള ആളാണ്. അതുകൊണ്ടു ഡയറ്റിങ് സമയത്തു മധുരത്തോടു ക്രേവിങ്സ് വരും. ദീപക്കേട്ടൻ മധുരപ്രിയനല്ല. പക്ഷേ ഞാൻ ഷുഗർ ക്രേവിങ് കാരണം ഐസ്ക്രീം ഓർഡർ ചെയ്താൽ ചിലപ്പോൾ നാലു സ്പൂൺ കഴിച്ചിട്ടു നിർത്തും. ദീപക്കേട്ടനായിരിക്കും ബാക്കി മുഴുവൻ കഴിച്ചു തീർക്കുക. ഫലത്തിൽ രണ്ടാളും ചീറ്റ് മീൽ എടുക്കുന്ന അവസ്ഥയാകും (രണ്ടുപേരും ചിരിക്കുന്നു).

സൗന്ദര്യസംരക്ഷണത്തിന്റെ വഴികൾ?
 അപർണ - എന്റേതു വളരെ സെൻസിറ്റീവ് സ്കിൻ ആണ്. എളുപ്പം മുഖക്കുരു വരും. അതുകൊണ്ടു ഷൂട്ട് ഇല്ലാത്തപ്പോൾ ചർമത്തെ ഫ്രീ ആയി വിടുക എന്നതാണ് എന്റെ സ്കിൻ കെയർ. സൺസ്ക്രീനും ഫെയ്സ് വാഷും മാത്രം നിർബന്ധമായും ഉപയോഗിക്കും. Whatever goes into your stomach shows outside എന്നതാണ് എന്റെ വിശ്വാസം.

 ദീപക് - ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കും. അല്ലാതെ പ്രത്യേകിച്ചു ബ്യൂട്ടി കെയർ ഒന്നുമില്ല.

രണ്ടാളും ഫ്രീയായി ഒരുമിച്ചുള്ള
ദിവസം എങ്ങനെ ചെലവഴിക്കും ?

ADVERTISEMENT

 ദീപക് – യാത്രകൾ ഇഷ്ടമാണ്. വെറുതെ വീട്ടിലിരിക്കാനും താൽപര്യമാണ്. ഇതിലേതെങ്കിലും ചെയ്യും.

 അപർണ – ദീപക്കേട്ടൻ വീട്ടിൽ ഇരിക്കാൻ ഇഷ്ടമുള്ളയാളാണ്. എനിക്കാണെങ്കിൽ ഷീൽഡോ
മാസ്കോ ഇല്ലാതെ ഞാനായിട്ടു തന്നെ ഇരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണു കുടുംബം. മാത്രമല്ല എന്റെ ബ്രദറും സിസ്റ്ററും കൊച്ചിയിലുണ്ട്. അതുകൊണ്ടു ഫ്രീ ഡേ കിട്ടുമ്പോൾ എല്ലാവരും കൂടെ വീട്ടിലിരിക്കും. അല്ലെങ്കിൽ പുറത്തുപോയി ഫൂഡ് കഴിക്കും, സിനിമയ്ക്കു പോകും.

തിരക്കിട്ട ഷൂട്ടുകളും മത്സരം നിറഞ്ഞ അന്തരീക്ഷവും. പിരിമുറുക്കം കുറയ്ക്കാൻ എന്തു ചെയ്യും?
 ദീപക് – ടെൻഷനൊക്കെ ടെൻഷനടിച്ചു തന്നെ തീർക്കുക എന്നതാണ് എന്റെ രീതി. ഞാൻ കണ്ണൂർ അഴീക്കോട് സ്വദേശിയാണ്. അവിടെ കുറേ ഫ്രണ്ട്സ് ഉണ്ട്. ചില ദിവസങ്ങളിൽ ഞങ്ങളെല്ലാം കൂടി അവിടെയൊരു റസ്റ്ററന്റിൽ ചായ കുടിക്കാൻ പോകും. ചിരിയും വർത്തമാനവുമൊക്കെയായി ഒന്നു രണ്ടു മണിക്കൂർ ഇരിക്കും. ചായ കുടിക്കായല്ല, ഒരുമിച്ചിരിക്കുന്ന ആ സമയത്തിനു വേണ്ടിയാണു പോകുന്നത്. അതു ഭയങ്കര രസമുള്ള കാര്യമാണ്. എല്ലാ ടെൻഷനും മറക്കും.

deepak-aparna2
ദീപക്, അപർണ

 അപർണ – സന്തോഷമായിരിക്കാനുള്ള എന്റെ ഒരു വഴി ട്രാവലിങ് ആണ്. ഒരു വർക്ക് കഴിഞ്ഞാൽ മാക്സിമം ട്രാവൽ ചെയ്യാൻ നോക്കാറുണ്ട്. നമ്മൾ കഷ്ടപ്പെട്ടു ജോലി എടുത്തു സമ്പാദിക്കുന്ന പണം സന്തോഷം നൽകുന്ന കാര്യങ്ങൾക്കു വേണ്ടി കൂടി ചെലവഴിക്കണം എന്നു ചിന്തിക്കുന്ന ആളാണു ഞാൻ.

രണ്ടു പേരും ഒരേ മേഖലയിൽ ആണെന്നതു നല്ല കാര്യമാണോ?
 അപർണ – തീർച്ചയായും. ഒരേ മേഖല ആയതുകൊണ്ടു രണ്ടുപേർക്കും മോഡ് ഓഫ് വർക്ക് ഈസി ആയി മനസ്സിലാക്കാൻ പറ്റും. ഒന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യമില്ല. ​പിന്നെ ചിലപ്പോൾ ഡേ ആൻഡ് നൈറ്റ് ഷൂട്ട് ഉണ്ടാകും, ട്രാവൽ ചെയ്യേണ്ടി വരും. അതൊക്കെ മനസ്സിലാക്കാൻ പറ്റുക എന്നുള്ളതു വലിയ കാര്യം തന്നെയാണ്.

 ദീപക് – എന്റെ കാര്യത്തിൽ, ഈയടുത്തു പ്ലാൻ ചെയ്തിരുന്ന ചില സിനിമകൾ നടന്നില്ല. കരിയറിൽ ചെറിയൊരു ഗ്യാപ് വന്നു. സിനിമ എന്നത് എല്ലാ ദിവസവും ഉള്ള ജോലിയല്ല എന്നറിയാവുന്ന ഒരാൾ കൂടെയുള്ളതുകൊണ്ട് ആ ഘട്ടങ്ങളൊക്കെ വലിയ പ്രശ്നമില്ലാതെ അതിജീവിക്കാനായി.

റിലേഷൻഷിപ് സ്ട്രോങ് ആയി കൊണ്ടുപോകുന്നതിലെ മാജിക് ?
 ദീപക് – ഞങ്ങൾക്കിടയിൽ പിണക്കങ്ങ ളൊക്കെയുണ്ട്. പക്ഷേ, അതു പരിഹരിച്ചു പോകും. അപർണയാണു പലപ്പോഴും മുൻകൈ എടുക്കാറ്. നമുക്ക് ഏറ്റവും അടുപ്പമുള്ള ഒരാൾ എപ്പോഴും കൂടെയുണ്ടെന്നുള്ളതു സുഖമുള്ള ഫീൽ അല്ലേ?

 അപർണ – റിലേഷൻഷിപ്പിന്റെ തുടക്കം മുതലേ രണ്ടാളും സിനിമയിൽ ആയതുകൊണ്ട് ഇടയ്ക്കു കാണും, ഇടയ്ക്കു കാണാതിരിക്കും എന്നതുമായി പൊരുത്തപ്പെട്ടു. എപ്പോഴും കാണാത്തതു കൊണ്ടാകാം പ്രണയത്തിന്റെ ആ മാജിക് ഞങ്ങൾക്കിടയിൽ ഇപ്പോഴുമുള്ളത്. സന്തോഷം വന്നാലോ സങ്കടം വന്നാലോ ഒരു പ്രശ്നം വന്നാലോ ആദ്യം വിളിക്കുന്നതു ദീപക്കേട്ടനെയാണ്.  

English Summary:

Fitness and healthy living are crucial aspects of Malayalam actors Deepak Parambol and Aparna Das's lives, though they don't identify as fitness freaks. Both actors shared insights into their workout routines and dietary habits, emphasizing that maintaining physical well-being in the demanding entertainment industry requires significant effort, especially due to unpredictable schedules and travel. They also discussed their personal approaches to skincare and stress management, highlighting the importance of supportive relationships and shared understanding in navigating their careers.

ADVERTISEMENT