നമ്മുടെ കഴുത്തിന്റെ മുൻഭാഗത്തു ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉണ്ടാക്കുന്ന തൈറോയ്ഡ് ഹോർമോൺ, ജനനം മുതൽ മരണം വരെ ശരീരത്തിലെ പലതരം പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്. അതുകൊണ്ട് തൈറോയ്ഡ് ഹോർമോൺ കാരണമുള്ള അസുഖങ്ങൾ ജനിക്കുന്ന കുട്ടി മുതൽ വളരെ പ്രായമായ വ്യക്തികളിൽ വരെ കാണാൻ സാധിക്കും.
തൈറോയ്ഡ് രോഗം കണ്ടുപിടിക്കുന്നതും ചികിത്സിക്കുന്നതും സംബന്ധിച്ചു പല തെറ്റിധാരണകളും നമ്മുടെ ഇടയിൽ കണ്ടുവരുന്നുണ്ട്. അത്തരം ചില ധാരണകൾക്കു പിന്നിലുള്ള യാഥാർഥ്യം വിശദമായി അറിയാം.
Myth No - 1
എല്ലാവരും ഏതെങ്കിലും പ്രായത്തിൽ തൈറോയ്ഡ് പരിശോധന ചെയ്യണം
ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ രക്തത്തിലെ T4 & TSH രക്തപരിശോധന ചെയ്യുന്നതു മിക്ക രാജ്യങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. ജനിച്ചു 3Ð5 ദിവസങ്ങൾക്കിടയിലാണു രക്തപരിശോധന ചെയ്യേണ്ടത്.
രണ്ടാമതായി ഗർഭിണികൾക്ക് എല്ലാം T4, TSH പരിശോധന ചെയ്യുന്നതു നല്ലതാണ്. എന്നാൽ ചില രാജ്യങ്ങളിൽ കുടുംബത്തിൽ തൈറോയ്ഡ് രോഗം ഉള്ളവർ മാത്രം ചെയ്താൽ മതിയെന്നാണു നിർദേശം.
ബാക്കിയുള്ളവർക്കെല്ലാം നിർബന്ധമായി T4, TSH ചെയ്യണമെന്ന് ഒരു സ്ഥലത്തും നിർദേശം ഇല്ല. തൈറോയ്ഡ് രോഗം സംബന്ധിച്ചുള്ള ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യുന്നതു നല്ലതാണ്. കുട്ടികൾക്കു വളർച്ചക്കുറവ്, പ്രായമായവർക്ക് ഉറക്കം കൂടുതൽ, അമിതമായ തണുപ്പും ചൂടും അനുഭവപ്പെടുന്നത്, മലശോധന കുറവ്, ആർത്തവത്തിൽ വരുന്ന വ്യതിചലനങ്ങൾ, വരണ്ട ചർമം, തലമുടി കൊഴിയൽ എന്നിവ തൈറോയ്ഡ് രോഗത്തിന്റെ ചില ലക്ഷണങ്ങൾ ആണ്. ഇവയെല്ലാം ഉള്ളവർ തൈറോയ്ഡ് പരിശോധന ചെയ്യേണ്ടത് അത്യാവശ്യമാണ്.
Myth No - 2
തൈറോയ്ഡ് രോഗികൾക്കു സാധാരണ ജീവിതം നയിക്കാൻ ബുദ്ധിമുട്ടാണ്
തൈറോയ്ഡ് രോഗികൾ രോഗം കണ്ടുപിടിച്ചു ചികിത്സ തുടങ്ങിയാൽ പിന്നെ മറ്റ് എല്ലാവരേയും പോലെ സാധാരണ ജീവിതം നയിക്കാൻ സാധിക്കും. ഇവർക്ക് എല്ലാത്തരം ജോലികളും ചെയ്യാനും സാധിക്കും. തൈറോയ്ഡ് രോഗികൾ കല്യാണം കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല. സ്ത്രീകളായ തൈറോയ്ഡ് രോഗികൾക്കു ഗർഭം ധരിക്കുന്നതിനും കുട്ടികളെ പാലൂട്ടുന്നതിനും ഒരു കുഴപ്പവും വിഷമങ്ങളും വരില്ല. ചുരുക്കി പറഞ്ഞാൽ, തൈറോയ്ഡ് രോഗത്തിന്റെ മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ മറ്റ് എല്ലാവരേയും പോലെ ആരോഗ്യകരമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.
Myth No - 3
T3, T4,TSH സാധാരണ നിലയിൽ ആണെങ്കിലും തൈറോയ്ഡ് ആന്റിബോഡി ചെയ്യണം
തൈറോയ്ഡ് ആന്റിബോഡി ചെയ്യുന്നതു തൈറോയ്ഡ് രോഗകാരണം കണ്ടുപിടിക്കാനാണ്. T3, T4, TSH നോർമൽ ആണെങ്കിൽ തൈറോയ്ഡ് രോഗമില്ലെന്നാണ് അർഥം. അ തിനാൽ തന്നെ രോഗകാരണം കണ്ടുപിടിക്കാൻ എന്ന പേരിൽ തൈറോയ്ഡ് ആന്റിബോഡി ചെയ്യേണ്ട ഒരു കാര്യവുമില്ല. പലതവണ ഗർഭം അലസുന്നവർക്കു മറ്റു കാരണങ്ങൾ ഒന്നും കണ്ടുപിടിച്ചില്ലെങ്കിൽ ഈ തൈറോയ്ഡ് ആന്റിബോഡി ചെയ്യാറുണ്ട്. ആന്റിബോഡി മാത്രം പൊസിറ്റീവ് ആകുകയും T3, T4, TSH നോർമൽ ആയി നിൽക്കുകയും ചെയ്താൽ പ്രത്യേകിച്ചു ചികിത്സ ഒന്നും ഇല്ല. കൂടാതെ T3, T4, TSH ൽ വ്യത്യാസം ഉണ്ടെങ്കിൽ തൈറോയ്ഡ് രോഗം സ്ഥിരീകരിക്കും. അതിനു ചികിത്സയും തുടങ്ങാം. കാരണം അറിയണമെങ്കിൽ ഒരു തവണ ആന്റിബോഡി ചെയ്യാം. പിന്നെ ചെയ്യേണ്ട ആവശ്യം ഇല്ല.
Myth No - 4
തൈറോയ്ഡ് രോഗികൾ കടുത്ത ആഹാര നിയന്ത്രണങ്ങൾ പാലിക്കണം
തൈറോയ്ഡ് രോഗം ഉള്ളവർക്ക് ആഹാര നിയന്ത്രണങ്ങളൊന്നും ഇല്ല. പണ്ട് ഇവർ കാബേജ്, കോളിഫ്ലവർ, കപ്പ മുതലായവ കഴിക്കുവാൻ പാടില്ല എന്നു പറയുമായിരുന്നു. അതിനു കാരണം പണ്ടു നമ്മളെല്ലാം അയഡിൻ ഇല്ലാത്ത കല്ലുപ്പ് ഉപയോഗിക്കുന്നതു കൊണ്ടായിരുന്നു. ഇപ്പോൾ ഇ ന്ത്യ മുഴുവൻ അയഡിൻ ഉള്ള ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ട് കാബേജ്, കോളിഫ്ലവർ ഉൾപ്പെടെ എല്ലാ ആഹാരങ്ങളും തൈറോയ്ഡ് രോഗികൾക്കു കഴിക്കാം. അതുപോലെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തൈറോയ്ഡ് രോഗികൾ പാലും ഗോതമ്പും കഴിക്കാൻ പാടില്ല എന്ന ഒരു ഉപദേശം കാണുകയുണ്ടായി. ഇത് ഒരു വിധത്തിലും ശരിയായ കാര്യമല്ല. ഗ്ലൂട്ടൻ അടങ്ങിയ ഗോതമ്പ് എല്ലാ തൈറോയ്ഡ് രോഗികൾക്കും കഴിക്കാം. കുടലിൽ വരുന്ന സീലിയാക് ഡിസീസ് എന്ന അസുഖക്കാർക്കാണ് ഗ്ലൂട്ടൻ ഉൾപ്പെട്ട ഗോതമ്പ് കഴിക്കാൻ പാടില്ലാത്തത്. അല്ലാതെ തൈറോയ്ഡ് രോഗികൾക്കല്ല. ചുരുക്കി പറഞ്ഞാൽ തൈറോയ്ഡ് രോഗികൾക്ക് ആഹാരത്തിൽ ഒരു നിയന്ത്രണവും ആവശ്യമില്ല.
Myth No - 5
കഴുത്തിൽ മുഴ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ അതിനർഥം തൈറോയ്ഡ് പ്രശ്നം ഇല്ല എന്നാണ്
തൈറോയ്ഡ് രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ഹൈപ്പോതൈറോയ്ഡിസം കേസുകളിൽ തൈറോയ്ഡിന്റെ മുഴകൾ കാണുകയില്ല. ചില ഹൈപ്പർതൈറോയ്ഡ് രോഗികൾക്കും മുഴകൾ കാണില്ല. അതുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ മുഴയില്ല എന്ന കാരണം കൊണ്ട് തൈറോയ്ഡ് രോഗം ഇല്ല എന്ന നിഗമനം വളരെ തെറ്റാണ്.
തൈറോയ്ഡ് ഹോർമോൺ കുറവുള്ള രോഗമായ ഹൈപ്പോതൈറോയ്ഡിസം ഉള്ള രോഗികൾക്ക് അമിതമായ ഉറക്കവും ഉന്മേഷക്കുറവും കാണും. കൂടാതെ അവർക്ക് അമിതമായ തണുപ്പ് അനുഭവപ്പെടുകയും മലശോധന വളരെ കുറവായി മലബന്ധ ലക്ഷണങ്ങളും കാണും. അതേ സമയം തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന രോഗമായ ഹൈപ്പർതൈറോയ്ഡ് രോഗികൾക്കു നെഞ്ചിടിപ്പു കൂടുതലും അമിതമായ ചൂട് അനുഭവപ്പെടുകയും. ഉറക്കം കുറവ്, പേടി, വെപ്രാളം കൂടുതലും കാണും. കൂടാതെ ശരീരത്തിന്റെ തൂക്കം കുറയുകയും ചെയ്യും.
Myth No - 6
തൈറോയ്ഡ് രോഗം കണ്ടെത്താൻ എല്ലാം പരിശോധനകളും അത്യാവശ്യമാണ്
തൈറോയ്ഡ് രോഗത്തിന്റെ സംശയം ഉള്ളവർ ചെയ്യേണ്ട പ്രധാന പരിശോധനകൾ T3, T4 & TSH ആണ്. ഇതിൽ T3യും T4 ഉം തൈറോയ്ഡ് ഹോർമോണുകളും TSH തൈറോയ്ഡിനെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഹോർമോണും ആണ്. തൈറോയ്ഡ് ഹോർമോണിൽ വ്യത്യാസം അഥവാ തൈറോയ്ഡിന്റെ പ്രവർത്തനം കൂടുതലോ കുറവോ ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് വന്നതാണ് എന്നറിയാൻ ചെയ്യുന്ന പരിശോധനയാണിവ. തൈറോയ്ഡ് ആന്റിബോഡി പരിശോധന രോഗകാരണം കണ്ടുപിടിക്കാൻ മാത്രമാണ്. ഇതു ചികിത്സയെ ബാധിക്കില്ല. ചികിത്സയെല്ലാം T3, T4, TSH ന്റെ അടിസ്ഥാനത്തിലാണ്.
കൂടാതെ തൈറോയ്ഡ് രോഗികൾക്കു ചെയ്യുന്ന ഒരു പ രിശോധനയാണ് കഴുത്തിന്റെ അൾട്രാസൗണ്ട്. ഇതു കഴുത്തിൽ മുഴച്ചിട്ടുണ്ടോ എന്ന് അറിയാൻ മാത്രമാണ്. പരിശോധനയിൽ കഴുത്തിൽ മുഴകൾ കണ്ടുപിടിച്ചില്ലെങ്കിൽ, ഇങ്ങനെ ഒരു സ്കാൻ കൊണ്ട് രോഗിയുടെ ചികിത്സയിൽ കാര്യമായി മാറ്റം വരില്ല. 10 എംഎം വലുപ്പത്തിൽ കൂടിയ മുഴകൾ മാത്രമെ ഡോക്ടർക്കു പരിശോധിച്ചാൽ കണ്ടുപിടിക്കാൻ സാധിക്കൂ. അതിലും ചെറിയ മുഴകൾ സ്കാൻ വഴി കണ്ടുപിടിക്കും. 10 എംഎം വലുപ്പത്തിൽ കൂടിയ മുഴകളെ സൂചി വച്ചു (FNAÐ ഫൈൻ നീഡിൽ ആസ്പിരേഷൻ) പരിശോധിക്കാൻ സാധിക്കും.
Myth No - 7
തൈറോയ്ഡ് പ്രശ്നത്തിനു സർജറി ചെയ്താൽ ശബ്ദത്തിനു പ്രശ്നം വരും
തൈറോയ്ഡ് ഗ്രന്ഥിയുടെ ശസ്ത്രക്രിയ കാരണം വളരെ അപൂർവമായി ശബ്ദത്തിനു പ്രശ്നങ്ങൾ ഉണ്ടാകാം. ഇ തു ചിലപ്പോൾ താൽക്കാലികമായ ഒച്ച കുറവു മാത്രമായിരിക്കാം. കുറച്ചു ദിവസം കഴിയുമ്പോൾ ശരിയാകും. ചിലപ്പോൾ സ്ഥിരമായ ശബ്ദത്തിന്റെ പ്രശ്നം ഉണ്ടാകാം. സാധാരണയായി പരിചയ സമ്പന്നനായ സർജൻ ചെയ്താൽ ശബ്ദത്തിനു പ്രശ്നം വരാനുള്ള സാധ്യത വളരെ വിരളമാണ്. കൂടാതെ പുതിയ സംവിധാനങ്ങളുടെ (ഞരമ്പുകളെ സസൂക്ഷ്മം നിരീക്ഷിച്ച്) സഹായത്തോടെ ശസ്ത്രക്രിയ ചെയ്താൽ, ഇതു വരാനുള്ള സാധ്യതയില്ലെന്നു തന്നെ പറയാം. തൈറോയ്ഡ് ഗ്രന്ഥിയുടെ അടുത്തു കൂടി കടന്നുപോകുന്ന റിക്കറന്റ് ലാരിങ്ജിയൽ നെർവിന്റെ (Recurrent Laryngeal Nerve) കേടു കാരണമാണു ശബ്ദത്തിനു പ്രശ്നം വരിക. തൈറോയ്ഡ് കാൻസറിന്റെ വളരെ സങ്കീർണമായ ശസ്ത്രക്രിയയിൽ ശബ്ദത്തിനു പ്രശ്നം വരാൻ സാധ്യത കൂടും.
Myth No - 8
തൈറോയ്ഡ് രോഗം ഒരിക്കൽ വന്നാൽ പിന്നെ ഒരിക്കലും മാറില്ല
ഈ പ്രസ്താവന ശരിയല്ല. തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന രോഗമായ ഹൈപ്പർതൈറോയ്ഡിസം ചികിത്സിച്ചാൽ മിക്കവർക്കും മാറി കിട്ടും. പിന്നെ തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന നീർവീഴ്ചയായ സബ്അക്യൂട്ട് തൈറോയ്ഡൈറ്റിസ് പൂർണമായും ഭേദമാകുന്ന രോഗാവസ്ഥയാണ്. കൂടാതെ പ്രസവം കഴിഞ്ഞിട്ടു വരുന്ന പോസ്റ്റ്പാർട്ടം തൈറോയ്ഡൈറ്റിസ് കാരണമുള്ള ഹൈപ്പർതൈറോയ്ഡിസം പ്രശ്നങ്ങൾ 30-40 ശതമാനം വരെ പൂർണമായി മാറിക്കിട്ടും. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാണുന്ന ഹൈപ്പോതൈറോയ്ഡ് രോഗം, ഏകദേശം 25-30 ശതമാനം രോഗികളിൽ കുറച്ചു നാളുകൾക്കു ശേഷം മാറും. ബാക്കിയുള്ള 70-75 ശതമാനം രോഗികൾക്കും ഒരു ഗുളിക കഴിച്ചുകൊണ്ട് ആരോഗ്യകരമായി സാധാരണ ജീവിതം നയിക്കാൻ സാധിക്കും.
Myth No - 9
തൈറോയിഡ് അളവ് താൽക്കാലികമായി കൂടിയോ കുറഞ്ഞോ കാണാറില്ല
തൈറോയ്ഡിന്റെ അളവു താൽക്കാലികമായി കൂടിയോ കുറഞ്ഞോ കാണാവുന്നതാണ്. ഇതിന്റെ ഏറ്റവും പ്രധാന ഉദാഹരണം തൈറോയ്ഡിനെ ബാധിക്കുന്ന സബ്അക്യൂട്ട് തൈറോയ്ഡൈറ്റിസ് എന്ന രോഗമാണ്. അസുഖത്തിന്റെ ആരംഭത്തിൽ തൈറോയ്ഡ് ഗ്രന്ഥിക്കു കേടു വന്നിട്ട് അതിൽ സംഭരിച്ചിട്ടുള്ള തൈറോയ്ഡ് ഹോർമോൺ മുഴുവൻ രക്തത്തിൽ വരുന്നു. ഈ സമയത്ത് രോഗിക്ക് തൈറോയ്ഡ് ഹോർമോൺ കൂടിയ അവസ്ഥയായ ഹൈപ്പർതൈറോയ്ഡിസത്തിന്റെ സകല ലക്ഷണങ്ങളും വരും. ഈ ലക്ഷണങ്ങൾ 4-6 ആഴ്ച വരെ കാണാൻ സാധ്യതയുണ്ട്. അതിനുശേഷം, കേടുവന്ന തൈറോയ്ഡ് ഗ്രന്ഥി നന്നാകാൻ ചെറിയ താമസം അനുഭവപ്പെടുന്നതുകൊണ്ടു രോഗം വന്ന് 6-8 ആഴ്ചകൾക്കുശേഷം തൈറോയ്ഡ് ഹോർമോൺ കുറ ഞ്ഞ അളവായ ഹൈപ്പോതൈറോയ്ഡിസം ആയി കാണപ്പെടും. കാലക്രമേണ കേടുവന്ന തൈറോയ്ഡ് ഗ്രന്ഥി പഴയ രീതിയിൽ ആകുമ്പോൾ ഈ ഹൈപ്പോതൈറോയ്ഡ് അവസ്ഥ മാറുകയും രോഗിയുടെ തൈറോയ്ഡ് ഹോർമോൺ സാധാരണ നിലയിലാകുകയും ചെയ്യും. ഇതേ അവസ്ഥ ചിലപ്പോൾ പ്രസവശേഷം വരുന്ന പോസ്റ്റ് പാർട്ടം തൈറോയ്ഡൈറ്റിസിലും അനുഭവപ്പെടാം.
Myth No - 10
തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കെല്ലാം ഗോയിറ്റർ വരും
തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കെല്ലാം ഗോയിറ്റർ വരുമെന്നതു ശരിയല്ല. തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കമാണ് ഗോയിറ്റർ. ഭക്ഷണത്തിൽ അയഡിൻ എന്ന ഘടകത്തിന്റെ കുറവാണു ഗോയിറ്ററിന്റെ പ്രധാന കാരണം. ഏറ്റവും കൂടുതൽ കാണുന്ന തൈറോയ്ഡ് രോഗമായ ഹൈപ്പോതൈറോയ്ഡിസത്തിൽ വളരെ കുറച്ചു പേർക്കു മാത്രമേ, ഗോയിറ്റർ കാണുകയുള്ളൂ. ഇതു തൈറോയ്ഡ് ഗ്രന്ഥിക്കു കേടു വന്നു പ്രവർത്തനം നിൽക്കുമ്പോഴോ, കുറയുമ്പോഴോ സംഭവിക്കുന്ന രോഗം ആണ്. അതുപോലെ ചിലതരം തൈറോയ്ഡൈറ്റിസ് രോഗത്തിൽ ഗോയിറ്റർ കാണണമെന്നില്ല. ചുരുക്കി പറഞ്ഞാൽ, ഗോയിറ്റർ ഇല്ലാത്തതുകൊണ്ടു തൈറോയ്ഡ് രോഗം ഇല്ലെന്നു പറയാൻ സാധിക്കില്ല. അതേസമയം ഗോയിറ്റർ ഉണ്ടെങ്കിൽ തൈറോയ്ഡ് രോഗം കാണും. അതിനാൽ പരിശോധനകൾ അത്യാവശ്യമാണ്.
Myth No - 11
തൈറോയ്ഡ് കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല
ഇതു വളരെ തെറ്റായ പ്രസ്താവനയാണ്. ഒരാൾക്കു വരാൻ സാധ്യതയുള്ള കാൻസർ രോഗങ്ങളിൽ ഏറ്റവും എളുപ്പം ചികിത്സിക്കാവുന്നതും പൂർണമായി ഭേദമാക്കാൻ കഴിയുന്നതും തൈറോയ്ഡ് കാൻസർ ആണ്. തൈറോയ്ഡ് കാൻസറുകളിൽ ഏറ്റവും സാധാരണയായി, 95 ശതമാനത്തിൽ കൂടുതലായി കാണുന്നത് - ഡിറ്റിസി (DTC ÐDifferentiated Thyroid cancer) ആണ്. ഇതു കണ്ടുപിടിക്കുകയും, ചികിത്സിക്കുകയും ചെയ്താൽ, 95 ശതമാനത്തിൽ കൂടുതൽ രോഗികളും രോഗം പൂർണമായി മാറി, ആരോഗ്യമുള്ള വ്യക്തികളായി, ആയുസ്സിനു കുറവൊന്നും ഉണ്ടാകാതെ എല്ലാവരെയും പോലെ ജീവിക്കാൻ കഴിയും.
തൈറോയ്ഡ് എടുത്തു കളയുന്ന ശസ്ത്രക്രിയ, തുടർന്ന് ഒരു തവണ റേഡിയോ അയഡിന് ചികിത്സ, പിന്നെ ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ ഗുളിക എന്നതാണ് ഡിറ്റിസി തൈറോയ്ഡ് കാന്സറുകളുടെ ചികിത്സ. ഇതിൽ ശസ്ത്രക്രിയ െചയ്യുന്നതു സർജനും, റേഡിയോ അയഡിൻ ചികിത്സ, ന്യൂക്ലിയർ മെഡിസിൻ ഡോക്ടറുമാണ് െചയ്യുന്നത്. തൈറോയ്ഡ് ഹോർമോൺ ചികിത്സ, എൻഡോക്രൈനോളജിസ്റ്റിന്റെ മേൽ നോട്ടത്തിൽ നടക്കും. സാധാരണയുള്ള ഡിറ്റിസി തൈറോയ്ഡ് കാൻസറിനു, കീമോതെറപ്പിയോ, റേഡിയേഷൻ തെറപ്പിയോ ആവശ്യമില്ല. ചുരുക്കി പറഞ്ഞാൽ, തൈറോയ്ഡ് കാൻസർ ചികിത്സ കൊണ്ട് മിക്ക രോഗികളും പൂർണമായി രോഗം മാറി, സാധാരണ ജീവിതം നയിക്കും.
Myth No - 12
ഗർഭിണികൾ തൈറോയ്ഡ് ഗുളിക കഴിക്കാൻ പാടില്ല
തൈറോയ്ഡ് ഗുളിക എന്നു പറയുന്നത് 90% രോഗമുള്ള ഹൈപ്പോതൈറോയ്ഡിസം രോഗികൾ ഉപയോഗിക്കുന്ന തൈറോക്സിൻ ഗുളികയാണ്. 10 ശതമാനത്തിൽ കുറവുള്ള ഹൈപ്പർതൈറോയ്ഡിസം രോഗികൾ ഉപയോഗിക്കുന്ന കാർബിമസോൾ ഗുളികയാണ് രണ്ടാമത്തെ തൈറോയ്ഡ് ഗുളിക. ഗർഭിണികൾ, ഹൈപ്പോതൈറോയ്ഡിസം രോഗം ഉള്ളവർ ആണെങ്കിൽ തൈറോക്സിൻ ഗുളിക ഗർഭകാലത്തു കൂടുതലായി കഴിക്കേണ്ടതാണ്. കാരണം ഗർഭിണികളുടെ വയറ്റിലുള്ള കുട്ടിക്കു പൂർണവളർച്ച ലഭിക്കാൻ ഗുളിക കഴിക്കേണ്ടതു വളരെ അത്യാവശ്യമാണ്. ഹൈപ്പർതൈറോയ്ഡിസം ഉള്ള ഗർഭിണികൾ അവർക്കുള്ള കാർബിമസോൾ ഗുളികയുടെ അളവു കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ചുരുക്കി പറഞ്ഞാൽ തൈറോക്സിൻ ഹോർമോൺ ഗുളിക കഴിക്കുന്നവർ, ഗർഭകാലത്തു മരുന്നിന്റെ അളവ് കൂട്ടണം. അതേ സമയം കാർബിമസോൾ ഗുളിക കഴിക്കുന്നവർ ഗർഭകാലത്തു മരുന്നിന്റെ അളവു കുറയ്ക്കുകയോ നിർത്തുകയോ ചെയ്യണം.