വേനലിലും ചർമം തിളങ്ങും– ഹൈഡ്രേഷൻ മുതൽ ക്ലെൻസിങ് റുട്ടീൻ വരെ അറിയേണ്ടത് Summer Skincare Routine
Mail This Article
വേനലിലെ സ്കിൻ കെയറിനെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ നാം ദിവസവും കേൾക്കുന്നുണ്ട്. കുറച്ചു കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ വളരെ ലളിതമായ ചില ശീലങ്ങളിലൂടെ ചർമത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിർത്താം.
∙ ആദ്യം ശ്രദ്ധിക്കേണ്ടത് ഹൈഡ്രേഷൻ ആണ്. ദിവസവും ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നതു ചർമത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, നമ്മുടെ പൊതുവായ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. ഒരു പക്ഷേ ചർമസംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രോഡക്റ്റുകളേക്കാൾ പോലും പ്രാധാന്യമുള്ളതാണ് ഹൈഡ്രേറ്റഡ് ആകുക എന്നത്.
∙സൺസ്ക്രീൻ ഉപയോഗം ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് അടുത്ത കാര്യം. വീട്ടിൽ ഇരിക്കുമ്പോഴും, പുറത്തുപോകുമ്പോഴും കുറഞ്ഞത് SPF 30 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. കൂടുതൽ നല്ലത് SPF 50 ആണ്. 2–3 മണിക്കൂറു കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും പുരട്ടാനും മറക്കരുത്. കൂടാതെ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിച്ചു ശരീരത്തിലേക്കു നേരിട്ടു വെയിലേൽക്കുന്നതു കുറയ്ക്കുന്നതും പ്രധാനമാണ്.
∙ കുളിയാണ് അടുത്ത ശീലം. വിയർപ്പു കൂടുതലായതിനാൽ വേനലിൽ കുളി പതിവാക്കാം. എന്നാൽ ദീർഘ നേരം കുളിക്കുന്നത് ഒഴിവാക്കി, അൽപ സമയം കൊണ്ടു കുളി പൂർത്തിയാക്കുക. മുഖത്തു രൂക്ഷമായ ക്ലെൻസറുകൾ ഒഴിവാക്കി, ജെൽ ബേസ്ഡ് ആയ, സൗമ്യമായ തരം ക്ലെൻസറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
∙വേനലിൽ വസ്ത്രധാരണം ഏറെ നിർണായകമാണ്. ലൂസ് ഫിറ്റിങ്ങ് ഉള്ളതും ലൈറ്റ് വെയിറ്റ് ആയതുമായ കോട്ടൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഇവ വിയർപ്പ് നന്നായി ആഗിരണം ചെയ്യുന്നതുകൊണ്ട് അലർജിയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.
∙വേനൽ കാലത്തു കാലത്ത് ഫംഗൽ അണുബാധകൾ സാധാരണമാണ്. കക്ഷം, കഴുത്ത്, കാലുകൾക്കിടയിൽ, അരക്കെട്ട് , സ്തനത്തിനു താഴെ എല്ലാം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക. വിയർപ്പിൽ നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക. ചർമത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.
∙മേക്കപ്പ് ലളിതമാക്കുകയാണു വേനലിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഹെവി മേക്കപ്പ് ചെയ്യുമ്പോൾ പോർസ് ബ്ലോക്ക് ചെയ്തു മുഖക്കുരു വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ലഘുവും ചർമത്തിന് അനുയോജ്യവുമായ ലൈറ്റ്, ബ്രീതബിൾ പ്രോഡക്റ്റുകൾ ഉപയോഗിക്കുക.
∙രാത്രിയിൽ ക്ലെൻസിങ് റൂട്ടീൻ നിർബന്ധമാണ്. വിയർപ്പും പൊടിയും സൺസ്ക്രീനും ചർമത്തിൽ നിന്നു നീക്കാൻ ജെന്റിൽ ഡബിൾ ക്ലെൻസിങ് ചെയ്യാം. അതിനു ശേഷം ലൈറ്റ് മോയ്സ്ചറൈസർ ഉപയോഗിക്കുക.
ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടുതവണ ജെന്റിൽ എക്സ്ഫോളിയേഷൻ അഥവാ മൃത ചർമകോശങ്ങൾ മൃദുവായി നീക്കുന്നതു ടാൻ കുറയ്ക്കാനും ചർമം വൃത്തിയാക്കാനും സഹായിക്കും. എന്നാൽ ഇത് ഒാരോരുത്തരുടെയും സ്കിൻ ടൈപ് അനുസരിച്ച്, ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതാണു നല്ലത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സൗമ്യാ ജഗദീശൻ
പ്രഫസർ
ഡെർമറ്റോളജി വിഭാഗം
അമൃത ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് , കൊച്ചി
