ADVERTISEMENT

സമീപകാലത്തായി മലയാളിയുടെ ജീവിതത്തിലുണ്ടായ ഒരു മാറ്റമെന്താണ് എന്നു ചോദിച്ചാൽ വിവാഹം ഉൾ‌പ്പെടെയുള്ള ഒട്ടുമിക്ക ചടങ്ങുകളുടെയും ആഹാര സൽക്കാരങ്ങൾ രാത്രി നേരത്തേക്കു മാറിയെന്നതാണ്. രാത്രിയിൽ ലളിതഭക്ഷണമാണ് ആരോഗ്യത്തിനു നല്ലത് എന്നു കാലങ്ങളായി നാം കേൾക്കുന്നതാണ്. എന്നിട്ടും രാത്രിയിൽ പുറത്തു നിന്നു കഴിക്കുന്നതു മിക്കവരും ശീലമാക്കിക്കഴിഞ്ഞു.

‌‌എല്ലാ മലയാളികളും ഈ മാറ്റത്തിന്റെ ഭാഗമാണ് എന്നു പറയുന്നില്ല. എങ്കിലും വരുംനാളുകൾ പ്രാധാന്യം നൽകുന്നത് അത്താഴവിരുന്നുകൾക്കായിരിക്കുമെന്നാണ് ഇപ്പോഴത്തെ ജീവിതശൈലിയിൽ നിന്നു മനസ്സിലാകുന്നത്. ഇത്തരം അത്താഴവിരുന്നുകളിലെ പ്രധാന രുചിയാകർഷണം നോൺവെജ് അഥവാ മാംസവിഭവങ്ങൾ ആണെന്നത് ഇനി എടുത്തുപറയേണ്ടതില്ല.

ADVERTISEMENT

രാത്രിയിൽ നോൺവെജ് വിഭവങ്ങൾ കഴിക്കാറുണ്ടോ? രാത്രി ആഹാരവേളയിൽ അധികമായി കഴിക്കുന്ന മാംസവിഭവങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ‌

ശരീരഭാരം വർധിപ്പിക്കും

ADVERTISEMENT

രാത്രിയിൽ അമിത അളവിൽ , ഉയർന്ന കാലറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നതു ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. അമിത കാലറി സ്വീകരിക്കുന്നതാണു ശരീരഭാരം വർധിക്കുന്നതിന്റെ പ്രധാന കാരണം. ഭാരം കൂടുമ്പോൾ പ്രമേഹ സാധ്യതയും വർധിക്കുന്നുണ്ട് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. പ്രോസസ് ചെയ്തതും കൊഴുപ്പു കൂടുതലുള്ളതുമായ മാംസം പതിവായി കഴിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതയും വർധിപ്പിക്കാം.

റെഡ്മീറ്റിനെ സൂക്ഷിക്കണം

ADVERTISEMENT

ആട്, പോത്ത്, പന്നി എന്നിവയുടെ മാംസമാണു പൊതുവെ റെഡ്മീറ്റ് ആയി പരിഗണിക്കുന്നത്. റെഡ്മീറ്റ് പ്രത്യേകിച്ച്, പ്രോസസ് ചെയ്ത റെഡ്മീറ്റ് പതിവായി അമിതമായി കഴിക്കുന്നതു ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. അതു ഹൃദ്രോഗത്തിന്റെ പടിക്കലെത്തിക്കുമെന്നതു പറയേണ്ടതില്ലല്ലോ. റെഡ്മീറ്റിന്റെ അളവ് കൂടിയാൽ യൂറിക് ആസിഡ് വർധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.

ദഹനം താളം തെറ്റും

നോൺവെജ് രുചികളോടുള്ള ഇഷ്ടം കൂടി വരുമ്പോൾ അതിനൊപ്പം വർധിച്ചു വരുന്ന മറ്റൊരു പ്രശ്നമുണ്ട്, ദഹനപ്രശ്നങ്ങൾ. മാംസവിഭവങ്ങൾ ദഹിക്കുന്നതിന് ഏറെ സമയം ആവശ്യമാണ്. അതിനു കാരണം മാംസത്തിലെ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ദഹിക്കുന്നതിന് ഏറെ സമയമെടുക്കുമെന്നതാണ്. എണ്ണയും കൊഴുപ്പുമെല്ലാം ഏറെയുള്ള മാംസ വിഭവങ്ങൾ ദഹിക്കുന്നതിനു ദീർഘസമയമെടുക്കും. രാത്രിയിൽ ഇവ കഴിച്ച് ഉടനെ കിടക്കുമ്പോൾ അസിഡിറ്റി വർധിക്കാം. വയറുവീർക്കൽ , വയറിനു പെരുപ്പ്, നെെഞ്ചരിച്ചിൽ, ഗ്യാസ് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഗ്യാസ്ട്രൈറ്റിസ് വരുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

കാർസിനോജനിക് ആകാം

പ്രോസസ് ചെയ്ത മാംസവും അമിതമായി റെഡ്‌മീറ്റും കഴിക്കുന്നതു ചില കാൻസറുകളുടെ സാധ്യത വർധിപ്പിക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എണ്ണയിൽ വറുത്തു മൊരിച്ചെടുത്ത ചിക്കനും ബീഫും മട്ടനും പോർക്കുമൊക്കെ പതിവായി കഴിക്കുമ്പോൾ പലതവണ ചൂടായ എണ്ണയിലെ കാർസിനോജനുകൾ വില്ലന്മാരാകും. അതു കാൻസർ സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു. കോളൻ കാൻസർ സാധ്യതയും കൂടുതലാകുന്നതായി വിദഗ്ധപഠനങ്ങൾ പറയുന്നു. നാരുകളുടെ അഭാവമാണു കോളൻ കാൻസറിലേക്കു നയിക്കുന്നത്. വീട്ടിൽ നിന്നും വിഭിന്നമായി പാർട്ടി സൽക്കാരങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ ഒട്ടേറെ തവണ ചൂടാക്കിയതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത് ആമാശയ കാൻസറിനും കാരണമാകാം. ഇത്തരം മാംസവിഭവങ്ങളിൽ ചേർക്കപ്പെടുന്ന അഡിറ്റീവുകളും അപകടകാരികളാകാം. വറുത്തു പൊരിച്ച മാംസവിഭവങ്ങളുടെ അമിത ഉപഭോഗം സ്ത്രീകളിൽ സ്തനാർബുദത്തിലേക്കു വഴിതെളിക്കുമെന്നും പഠനങ്ങളുണ്ട്. ചില പഠനങ്ങളിൽ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത വർധിക്കാമെന്നും സൂചനകളുണ്ട്.

ഈ ടിപ്സ് ഫലപ്രദമാണ്

വീട്ടിലോ പുറത്തോ അത്താഴനേരങ്ങളിൽ മാംസവിഭവങ്ങൾ കഴിക്കുമ്പോൾ ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കുക. സാലഡോ തോരനോ കറികളോ ഒക്കെ ആയി പച്ചക്കറി കഴിക്കാം. കൂടുതൽ നാരുകൾ ലഭിക്കുന്നതിനാണിത്.
രാത്രിയിലെ പാർട്ടികളിലും മറ്റും മാംസഭക്ഷണം നിയന്ത്രിക്കുന്നതിനു ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.
ആദ്യം സ്റ്റാർട്ടർ ആയി സൂപ്പ് കഴിക്കുക. ശേഷം സാലഡ് കഴിക്കാം. പിന്നീട് ഫ്രൂട്ട്സ് കഴിക്കാം. ഇതെല്ലാം കഴിഞ്ഞേ നോൺവെജ് തുടങ്ങാവൂ. അപ്പോഴേക്കും വയറു പകുതിയോളം നിറഞ്ഞിട്ടുണ്ടാകും. കുറച്ചു മാംസം കഴിക്കാനുള്ള സ്ഥലം മാത്രമേ ബാക്കിയുണ്ടാകൂ.
മാംസവിഭവങ്ങൾ കറി വയ്ക്കുമ്പോൾ അത്രയും പാർശ്വഫലങ്ങൾ വരുന്നില്ല എന്നതും അറിഞ്ഞിരിക്കാം.
വ്യക്തിയുടെ ആരോഗ്യനിലയും ഡോക്ടറുടെയും ഡയറ്റീഷന്റെയും നിർദേശവും അനുസരിച്ചു മാംസഭക്ഷണത്തിന്റെ അളവിൽ വ്യത്യാസം വരുത്താം.
ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുന്നതിനു ശ്രദ്ധിക്കുന്നതും പ്രധാനമാണ്. കുട്ടികളുടെ കാര്യത്തിലും രാത്രിയിൽ മാംസഭക്ഷണം കഴിക്കുന്നതു കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ മുതിർന്നവരുടേതിനു സമാനമാണ്.
ഇനി രാത്രിയിൽ നോൺവെജ് കഴിക്കുമ്പോൾ ഇതെല്ലാം ഓർമിച്ചു വയ്ക്കണേ..

നോൺവെജ് അധികമായാൽ അനാരോഗ്യകരമാണ് എന്നു പറയുമ്പോഴും അതിന്റെ ആരോഗ്യവശം കാണാതിരിക്കരുത്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണിത്. ഇതു പേശികളെ ബലപ്പെടുത്തുകയും അവ പെട്ടെന്നു വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ധാതുക്കളും എസൻഷ്യൽ അമിനോ ആസിഡുകളും അടങ്ങിയിട്ടുമുണ്ട്.


വിവരങ്ങൾക്കു കടപ്പാട്
സൂസൻ ഇട്ടി
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ് ,
ആസ്‌റ്റർ മെഡ്‌സിറ്റി , കൊച്ചി

ADVERTISEMENT