ADVERTISEMENT

അവയവദാനം സംബന്ധിച്ചു പാതി വെന്ത ധാരണകളും തെറ്റിധാരണകളും നമുക്കിടയിൽ കുറവല്ല. കരൾ, വൃക്ക, പാൻക്രിയാസ്, ശ്വാസകോശം തുടങ്ങിയുള്ള അവയവങ്ങളൊക്കെ മാറ്റിവയ്ക്കാറുണ്ടെങ്കിലും ഏറ്റവും സാധാരണം വൃക്ക മാറ്റിവയ്ക്കലാണ്.

മരണാനന്തര ദാതാവിൽ നിന്നു ലഭിക്കുന്ന വൃക്ക മാറ്റിവെച്ചതിനു ശേഷം, പുതിയ വൃക്ക ശരിയായി പ്രവർത്തിക്കാനും ദീർഘകാലം ആരോഗ്യകരമായി നിലനിൽക്കാനും ചില കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. മരുന്നുകൾ കൃത്യമായി കഴിക്കുകയും, സ്ഥിരമായി ഡോക്ടറെ കാണുകയും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

ADVERTISEMENT

1. മരുന്നുകൾ കൃത്യമായി കഴിക്കുക

* ഡോക്ടർ നിർദേശിച്ച എല്ലാ മരുന്നുകളും സമയത്തു കൃത്യമായി കഴിക്കുക.

ADVERTISEMENT

* ഒരു ഡോസും ഒഴിവാക്കരുത്.

* ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകളുടെ അളവു മാറ്റുകയോ നിർത്തുകയോ ചെയ്യരുത്.

ADVERTISEMENT

* ആയുർവേദം, ഹെർബൽ മരുന്നുകൾ, അല്ലെങ്കിൽ മറ്റു സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിനു മുൻപു ട്രാൻസ്പ്ലാന്റ് ഡോക്ടറുടെ ഉപദേശം തേടുക.

2. വൃക്ക നിരസിക്കൽ (Rejection) ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയെ സമീപിക്കുക:

* മൂത്രത്തിന്റെ അളവു കുറയുക

* കാലുകളിലോ മുഖത്തോ വീക്കം

* ശരീരഭാരം പെട്ടെന്നു വർധിക്കുക

* പനി

* മാറ്റിവെച്ച വൃക്കയുടെ ഭാഗത്തു വേദനയോ അസ്വസ്ഥതയോ

* രക്തസമ്മർദം കൂടുക

* രക്തത്തിലെ ക്രിയാറ്റിനിൻ (Creatinine) ഉയരുക

ചിലപ്പോൾ വൃക്ക നിരസിക്കൽ ലക്ഷണങ്ങളില്ലാതെയും സംഭവിക്കാം. അതിനാൽ സ്ഥിരമായ രക്തപരിശോധനകൾ വളരെ പ്രധാനമാണ്.

3. അണുബാധകൾ (Infections) ഒഴിവാക്കുക

ആദ്യ 3 മുതൽ 6 മാസം വരെ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

* കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക.

* പനിയോ മറ്റ് അണുബാധകളോ ഉള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.

* തിരക്കേറിയ സ്ഥലങ്ങളിൽ ആവശ്യമായാൽ മാസ്ക് ധരിക്കുക.

* ശുദ്ധമായ ഭക്ഷണവും കുടിവെള്ളവും മാത്രം ഉപയോഗിക്കുക.

* പനി, ചുമ, മൂത്രമൊഴിക്കുമ്പോൾ വേദന, വയറിളക്കം എന്നിവ ഉണ്ടായാൽ ഉടൻ ഡോക്ടറെ അറിയിക്കുക.

4. സ്ഥിരമായി പരിശോധനകൾ നടത്തുക

ഡോക്ടർ നിർദേശിക്കുന്ന സമയങ്ങളിൽ പരിശോധനകൾ നടത്തണം. ഇവ ഉൾപ്പെടുത്താം.

* ക്രിയാറ്റിനിൻ (Serum Creatinine)

* വൃക്കയുടെ പ്രവർത്തന പരിശോധന

* Tacrolimus/Cyclosporine മരുന്നുകളുടെ അളവ്

* രക്തസമ്മർദ്ദം

* രക്തത്തിലെ പഞ്ചസാര

* മൂത്രപരിശോധന

* ആവശ്യമായാൽ CMV, BK Virus പരിശോധനകൾ

5. ആരോഗ്യകരമായ ജീവിതശൈലി

* ഡയറ്റീഷ്യൻ നിർദേശിക്കുന്ന ഭക്ഷണക്രമം പാലിക്കുക.

* ഉപ്പ് നിയന്ത്രിക്കുക.

* ശരീരഭാരം നിയന്ത്രണത്തിൽ വയ്ക്കുക.

* ഡോക്ടറുടെ അനുമതിയോടെ സ്ഥിരമായി നടക്കുകയോ ലഘുവ്യായാമം ചെയ്യുകയോ ചെയ്യുക.

* പുകവലിയും മദ്യപാനവും ഒഴിവാക്കുക.

6. രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദവും പ്രമേഹവും പുതിയ വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും.

* രക്തസമ്മർദം ഡോക്ടർ നിർദേശിക്കുന്ന പരിധിയിൽ നിലനിർത്തുക.

* പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര കൃത്യമായി നിയന്ത്രിക്കുക.

7. വൃക്കയെ സംരക്ഷിക്കുക

* ആവശ്യത്തിനു വെള്ളം കുടിക്കുക (ഡോക്ടർ നിർദേശിക്കുന്ന അളവിൽ).

* ഡൈക്ലോഫെനാക്, ഇബുപ്രൂഫൻ( Ibuprofem), നാപ്രോക്സൻ (Naproxen) പോലുള്ള വേദനാസംഹാരികൾ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്.

* നിങ്ങൾക്കു വൃക്ക മാറ്റിവെച്ചിട്ടുണ്ടെന്നു മറ്റു ഡോക്ടർമാരെ അറിയിക്കുക.

* കോൺട്രാസ്റ്റ് ഉപയോഗിച്ചുള്ള സിടി സ്കാൻ പോലുള്ള പരിശോധനകൾക്കു മുൻപു ട്രാൻസ്പ്ലാന്റ് ഡോക്ടറുടെ ഉപദേശം തേടുക.

8. കാൻസർ പ്രതിരോധം

പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നതിനാൽ ചില കാൻസറുകളുടെ സാധ്യത വർധിക്കാം.

* പുറത്തുപോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക.

* സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.

* പ്രായത്തിനനുസരിച്ചുള്ള കാൻസർ പരിശോധനകൾ നടത്തുക.

* ചർമത്തിൽ മാറാത്ത പാടുകളോ മുഴകളോ കണ്ടാൽ ഡോക്ടറെ കാണുക.

9. വാക്സീനുകൾ

* വർഷംതോറും ഇൻഫ്ലുവൻസ (Flu) വാക്സീൻ എടുക്കുക.

* ന്യുമോകോക്കൽ ഉൾപ്പെടെയുള്ള ഡോക്ടർ നിർദേശിക്കുന്ന വാക്സീനുകൾ സ്വീകരിക്കുക.

* ഡോക്ടറുടെ നിർദേശമില്ലാതെ ലൈവ് വാക്സീൻ എടുക്കരുത്.

* വീട്ടിലെ അംഗങ്ങളും ആവശ്യമായ വാക്സീനുകൾ സ്വീകരിക്കുന്നതു നല്ലതാണ്.

10. മാനസികാരോഗ്യം

മരണാനന്തര ദാതാവിൽ നിന്നു വൃക്ക ലഭിച്ചതിനു ശേഷം നന്ദി, സന്തോഷം, ആശങ്ക, കുറ്റബോധം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകാം. ഇതു സ്വാഭാവികമാണ്. ആവശ്യമെങ്കിൽ കുടുംബാംഗങ്ങളോടോ ട്രാൻസ്പ്ലാന്റ് ടീമിനോടോ കൗൺസിലറോടോ സംസാരിക്കുക.

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉടൻ ആശുപത്രിയെ ബന്ധപ്പെടുക

* 38°C-ൽ കൂടുതൽ പനി

* മൂത്രത്തിന്റെ അളവു പെട്ടെന്നു കുറയുക

* തുടർച്ചയായ ഛർദ്ദിയോ വയറിളക്കമോ

* ഇമ്മ്യൂണോസപ്രസീവ് മരുന്നുകളുടെ ഡോസ് നഷ്ടപ്പെടുക

* രക്തസമ്മർദം വളരെ കൂടുകയോ കുറയുകയോ ചെയ്യുക

* ശരീരവീക്കം അല്ലെങ്കിൽ ഭാരം പെട്ടെന്നു കൂടുക

* കടുത്ത വയറുവേദന

* മരുന്നുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമോ പാർശ്വഫലങ്ങളോ ഉണ്ടായാൽ

ഒരു ആശ്വാസവാക്ക്

മരണാനന്തര ദാതാവിൽ നിന്നു നടത്തുന്ന വൃക്ക മാറ്റിവെക്കൽ ഇന്നു വളരെ വിജയകരമായ ചികിത്സാരീതിയാണ്. മരുന്നുകൾ കൃത്യമായി കഴിക്കുകയും, സ്ഥിരമായി പരിശോധനകൾ നടത്തുകയും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ, പുതിയ വൃക്ക വർഷങ്ങളോളം നല്ല രീതിയിൽ പ്രവർത്തിക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. വൃക്കയുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചതെങ്കിലും ഏത് അവയവദാനത്തിലും പ്രസക്തമാണ് ഈ വിവരങ്ങൾ. അതാതു ഡോക്ടർമാരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

English Summary:

Kidney transplant recipients must adhere to strict post-transplant care guidelines to ensure the longevity and proper function of the new organ. This includes meticulously taking prescribed medications, attending regular medical check-ups, and maintaining a healthy lifestyle. Promptly recognizing and reporting symptoms of kidney rejection or infections is crucial, as early intervention can prevent serious complications. Adhering to dietary recommendations, managing blood pressure and diabetes, and protecting the transplanted kidney from further damage are also vital. Furthermore, cancer prevention measures and appropriate vaccinations are recommended due to the immunosuppressive medications used. Finally, addressing mental health concerns and seeking support when needed are integral parts of a successful recovery and a fulfilling life after a kidney transplant.

ADVERTISEMENT