ADVERTISEMENT

തുമ്മിത്തളരുന്ന മനുഷ്യർ, കൈകാലുകളിൽ തിണർപ്പുകളുമായി അസ്വസ്ഥപ്പെടുന്നവർ, അലർജിയുടെ ഈ കാഴ്ചകൾ നമുക്കു ചിരപരിചിതമാണ്. അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങളെ പൊതുവെ അലർജി എന്ന ലേബലിൽ വിവരിക്കുന്നതിൽ നിന്നു തന്നെ അലർജിയുടെ കാഠിന്യം അറിയാനാകും.അലർജി പ്രശ്നങ്ങൾ പൊതുവെ കൂടുന്നു എന്നു പറയുന്ന കാലമാണിത്. കാരണമെന്താണ്?

അലർജി–അമിത പ്രതികരണം
 

നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങൾ ചില പ്രത്യേക വസ്തുക്കളോട് അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്നു പറയുന്നത്. ‘‘ഒരു സാധാരണ വ്യക്തിയിൽ അത്തരം വസ്തുക്കൾ ഉണ്ടാക്കുന്ന പ്രതിപ്രവർത്തനത്തെക്കാൾ പതിൻമടങ്ങു പ്രതികരണം ഈ അലർജി ഉള്ള വ്യക്തികളിൽ ഉണ്ടാക്കുന്നു. പ്രശ്നം ഉണ്ടാക്കുന്ന വസ്തുക്കളെ അലർജനുകൾ എന്നാണു പറയുന്നത്.’’
– ആലപ്പുഴ ഗവ. ടി. ഡി. മെഡിക്കൽ കോളജിലെ പൾമനറി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. പ്രവീൺ ജി. എസ്. പറയുന്നു.

ADVERTISEMENT

ജനിതകപരമായി അലർജി സാധ്യതയുള്ളവർക്കു സാധാരണയായി അലർജി ഉണ്ടാക്കുന്ന ചില ഘടകങ്ങളുണ്ട്. പാൽ, മുട്ട, ചില നട്സ്, തോടോടുകൂടിയ ചില മത്സ്യങ്ങൾ, ഗോതമ്പു പോലെയുള്ള ആഹാരങ്ങൾ ഇവ അലർജിക്കു കാരണമാകാം. പെൻസിലിനും ചില ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും അനസ്തീസിയ മരുന്നുകളും അലർജി ഉണ്ടാക്കാം. അന്തരീക്ഷത്തിൽ നിന്ന് അലർജി വരുത്തുന്ന ഘടകങ്ങളുണ്ട് – പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ ഇവ ചർമത്തെ സ്പർശിക്കുകയോ ശ്വസിക്കുകയോ ചെയ്യുമ്പോൾ അലർജി ഉണ്ടാകാം. പ്രാണി കുത്തുമ്പോൾ ഉണ്ടാകുന്ന അലർജിയും പ്രധാനമാണ്.
ഉദാ. തേനീച്ച / കടന്നൽ കുത്തിയ അലർജി മാരകമാകാം. ‘‘നാം ഒരു വസ്തുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ആദ്യം അതുമായി സംവേദനക്ഷമമാകുന്നുണ്ട്. ആ വസ്തുവിനെതിരെയുള്ള ചില പ്രതിവസ്തുക്കൾ അഥവാ ആന്റിബോഡികൾ നമ്മുടെ രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടും. പിന്നീട് അതേ വസ്തുവുമായി നാം സമ്പർക്കത്തിൽ വരുമ്പോൾ ഈ ആന്റിബോഡികൾ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിലുള്ള രക്തകോശങ്ങളെ ഉത്തേജിപ്പിച്ച് അതിൽ നിന്നു ചില രാസവസ്തുക്കൾ പുറത്തേക്കു വിടും. ഈ രാസവസ്തുക്കളിൽ പ്രധാനം ഹിസ്‌റ്റമിൻ ആണ്. ഇതു നമ്മുടെ ചർമത്തിലോ രക്തക്കുഴലുകളിലോ ശ്വാസനാളികളിലോ പ്രവർത്തിച്ചാണ് അലർജി ലക്ഷണങ്ങൾ പ്രകടമാക്കുന്നത് ’’– പാലാ മരിയൻ മെഡിക്കൽ സെന്ററിലെ സീനിയർ കൺസൽറ്റന്റ്
പൾമണോളജിസ്‌റ്റ് ഡോ. അഭിലാഷ് കോട്ടയിൽ പറയുന്നു.

കാരണങ്ങളറിയാം

എന്തു കാരണങ്ങൾ കൊണ്ടും അലർജി ഉണ്ടാകാം. പക്ഷെ ഒരാൾക്ക് അലർജി ഉണ്ടാക്കുന്ന കാരണം ആയിരിക്കില്ല മറ്റൊരാൾക്ക്. അലർജി ഏതു ഭാഗത്തെ ബാധിക്കുന്നു എ‌ന്നതനുസരിച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെടും. മൂക്കിനെ ബാധിക്കുന്ന അലർജിയാണ് അലർജിക് റൈനൈറ്റിസ്.‌ പ്രധാന ലക്ഷണങ്ങൾ തുടരെയുള്ള തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടയുക, മൂക്കു ചൊറിയുക തുടങ്ങിയവയാണ്.
‘‘ പൊടി അടിക്കുമ്പോൾ എല്ലാവരും തുമ്മും. അൽപം മൂക്കൊലിക്കും. അതു മൂക്കിൽ പൊടി കയറാതിരിക്കാനും അധികം പൊടി പുറത്തേക്കു പോകാനും ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. പക്ഷേ പൊടി അലർജി ഉള്ളയാൾ പൊടി ശ്വസിച്ചാൽ 50 – 100 തവണ വരെ തുമ്മി മൂക്ക് ഒലിക്കും. മൂക്കിനു ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകും. ഇതാണു ശരീരത്തിന്റെ അമിതപ്രതികരണം എന്നു പറയുന്നത് ’’– ഡോ. അഭിലാഷ് പറയുന്നു.

കണ്ണിനെ ബാധിക്കുന്ന അലർജിയാണ് അലർജിക് കൺജങ്റ്റിവിറ്റിസ്. കണ്ണു ചുവക്കുക, വെള്ളമൊഴുകുക, കണ്ണു ചൊറിയുക, കൺപോള വീർക്കുക എന്നിവയാണു ലക്ഷണങ്ങൾ. വയറിനാണ് അലർജിയെങ്കിൽ വയറുവേദന, ഛർദി, ആഹാരം കഴിച്ചാൽ ടോയ്‌ലറ്റിൽ പോവുക – എന്നീ ലക്ഷണങ്ങൾ പ്രകടമാകാം. ചർമത്തിലുണ്ടാകുന്ന അലർജിയിൽ ചർമം ചൊറിഞ്ഞു തിണർത്തു തടിക്കാം. ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം വന്നാൽ ആ ഭാഗത്തും ചൊറിച്ചിലുണ്ടാകാം.

അലർജി നാലു തരം

അലർജി നാലു വിധമുണ്ട്. ടൈപ് വൺ, ടു, ത്രീ, ഫോർ. ആദ്യത്തെ ടൈപ് ആണ് സാധാരണ കാണുന്നത്. ഒരു വസ്തുവിനോടു സമ്പർക്കത്തിൽ വരുമ്പോൾ പെട്ടെന്നു പ്രതിപ്രവർത്തനം സംഭവിച്ച് അലർജി വരുന്നതിനാണു ടൈപ് വൺ എന്നു പറയുന്നത്. ഇമ്യൂണോഗ്ലോബുലിൻ ആന്റിബോഡി കാരണമാണു പെട്ടെന്ന് അലർജി വരുന്നത്. ഉദാ– പൊടി ശ്വസിച്ചാൽ പെട്ടെന്നു തുമ്മുക. അലർജി ഉണ്ടാകുന്ന പ്രതിപ്രവർത്തനം സംഭവിച്ചു കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു മാത്രം ഉണ്ടാകുന്ന അലർജിയാണ് ടൈപ് ടു. ടൈപ് ത്രീ അലർജി ഓട്ടോ ഇമ്യൂൺ ഡിസീസസ് വിഭാഗത്തിൽ പെടുന്നതാണ്. പുറമേ നിന്നുള്ള വസ്തുവല്ല, ശരീരത്തിൽ തന്നെയുള്ള ചില വസ്തുക്കളെ അന്യവസ്തുക്കളായി കണ്ട് അതിനെ നമ്മുടെ പ്രതിരോധസംവിധാനം തന്നെ ആക്രമിച്ച് രോഗം ഉണ്ടാകുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂൺ ഡിസീസസ്. ടൈപ് ഫോർ വളരെ താമസിച്ചു മാത്രം ഉണ്ടാകുന്ന അലർജി പ്രതിപ്രവർത്തനങ്ങളാണ്.
ഉദാ: റബറുമായി സമ്പർക്കം വന്നു കുറച്ചു നാളുകൾക്കു ശേഷം മാത്രമാണ് അലർജി പ്രകടമാകുന്നത്.

ജനിതകം – ശക്തമായ ഘടകം

ജനിതകമായി അലർജി സാധ്യത കൂടിയ വ്യക്തികൾ ചില പ്രത്യേക പാരിസ്ഥിതിക ഘടകങ്ങളുമായി ഇടപെടുമ്പോൾ ഉണ്ടാകുന്നതാണ് അലർജി. ഈ രണ്ടു ഘടകങ്ങളും വ്യത്യസ്ത തോതുകളിൽ പ്രവർത്തിക്കും. ജനിതക ഘടകങ്ങളും പാരിസ്ഥിതികഘടകങ്ങളും പ്രധാനമാണ്. ‘‘ജനിതകഘടകങ്ങൾ എന്നു പറയുമ്പോൾ രക്തബന്ധമുള്ളവരിൽ അലർജി വളരെ കൂടുതലായിരിക്കും. മാതാപിതാക്കൾക്ക് അലർജി ഉണ്ട് എങ്കിൽ കുട്ടികൾക്കു സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കളിൽ ഒരാൾക്ക് അലർജി ഉണ്ടായാൽ രോഗം വരുന്നതിനേക്കാൾ ഇരട്ടി സാധ്യത, രണ്ടുപേർക്കും അലർജി ഉണ്ടെങ്കിൽ ഉണ്ട്. ജനിതകകാര്യങ്ങൾ രോഗപ്രതിരോധ സംവിധാനത്തിൽ ചില വ്യതിയാനങ്ങൾ ഉണ്ടാക്കും. ആ വ്യതിയാനങ്ങളുടെ ഭാഗമായി അലർജി ഉണ്ടാകും. നമ്മുടെ ചർമം, ശ്ലേഷ്മ സ്തരം അതിലൊക്കെയുള്ള ബാരിയർ ഫങ്‌ഷനെ ജനിതക ഘടകങ്ങൾ ബാധിക്കും. ഈ ബാരിയർ ഫങ്‌ഷൻ നഷ്ടപ്പെടുമ്പോൾ അലർജനുകൾ ശരീരത്തിൽ പ്രവേശിക്കാനും രോഗിയെ സെൻസിറ്റൈസ് ചെയ്യാനും സാധ്യത വളരെ കൂടുതലാണ്’’. – ഡോ. പ്രവീൺ പറയുന്നു.

അറ്റോപ്പി എന്ന പ്രവണത

ജനിതകമായി അലർജി വരുന്നതിനുള്ള പ്രവണതയാണ് അറ്റോപ്പി. അലർജിക്ക് എളുപ്പത്തിൽ വിധേയമാകുന്ന അവസ്ഥ എന്നും പറയാം.
‘‘അച്ഛനു പൊടി അലർജിയുണ്ടെങ്കിൽ മക്കൾക്കു വരണമെന്നില്ല. അച്ഛന് ആസ്മയാണെങ്കിൽ മക്കൾക്കു തുമ്മലായിരിക്കും. ചിലപ്പോൾ അലർജി പേരക്കുട്ടികൾക്കായിരിക്കും വരുന്നത്. അലർജിയുടെ സങ്കീർണമായ ഈ പിന്തുടർച്ചയാണു പോളിജീനിക് ഇൻഹെറിറ്റൻസ്. ഒരു ജീനിന്റെ മാത്രമല്ല ഒട്ടനവധി ജീനുകളിലെ തകരാറുകൾ ഒരു പ്രത്യേക രീതിയിൽ സമ്മേളിക്കുമ്പോളാണ് അലർജി ഉണ്ടാകുന്നത്. ഇതു സൂചിപ്പിക്കുന്നത് അലർജിയുടെ പാരമ്പര്യസ്വഭാവമാണ്’’. ഡോ. അഭിലാഷ് വിശദമാക്കുന്നു.

ഗട്ട് മൈക്രോബയോം

അലർജിയുടെ കാര്യത്തിൽ അധികം ചർച്ച ചെയ്യാത്ത വിഷയമാണു ഗട്ട് മൈക്രോബയോം. കുടലിൽ ഒട്ടേറെ സൂക്ഷ്മാണുക്കൾ ഉണ്ട്. കൂടുതലും ബാക്ടീരിയ. ഇതിന്റെ ഘടനാവ്യതിയാനങ്ങൾ അലർജിയിലേക്കു നയിക്കുന്നു എന്നു പഠനങ്ങൾ പറയുന്നു. ‘‘സിസേറിയൻ സെക്‌ഷൻ ചെയ്യുന്ന കുട്ടികളിൽ അലർജി സാധ്യത കൂടുതലാണ് എന്നും പറയുന്നുണ്ട്. സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞ് അമ്മയുടെ അമ്നിയോട്ടിക് ഫ്ലൂയിഡുമായി സമ്പർക്കത്തിലെത്തി യോനിയിലൂടെ കടന്നുവരുകയാണ്. അമ്മയുടെ ഗർഭപാത്രത്തിലും യോനിയിലുമുള്ള ബാക്ടീരിയ കുഞ്ഞിലേക്കും എത്തുന്നുണ്ട്. ഇതൊരു ജൈവപരിസ്ഥിതി കുഞ്ഞിന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നു. സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞിന് ഈ അവസരം ലഭിക്കുന്നില്ല. മുലപ്പാൽ കുടിക്കാത്ത കുട്ടികളിൽ അലർജി സാധ്യത കൂടുന്നുണ്ട്. മുലപ്പാലിലെ ചില പ്രതിരോധ ഘടകങ്ങൾ അലർജി വരാതെ സംരക്ഷിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഫോർമുല ഫീഡ് ഉപയോഗിക്കുന്നതും അമ്മയുടെ പാൽ കുറയുന്നതും കിട്ടാത്തതുമൊക്കെ കാരണങ്ങളാണ്’’. – ഡോ. പ്രവീൺ വിശദമാക്കുന്നു.

ഹൈജീൻ ഹൈപ്പോതസിസ്

അലർജി, ആസ്മ ഇവ വളരെ കൂടുതലാകുന്നതിനു പ്രധാനമായി പല ഘടകങ്ങളുണ്ട്. ഇന്നത്തെ കുട്ടികൾ വളരുന്നതു കൂടുതൽ വൃത്തിയുള്ള അന്തരീക്ഷത്തിലാണ്. അവർ കൂടുതൽ സമയത്തും വീട്ടിനുള്ളിലായിരിക്കും. ചുറ്റുപാടുമുള്ള മലിന സാഹചര്യങ്ങളോട് ഇടപഴകുന്നതു വളരെ കുറവായിരിക്കും. അതുകൊണ്ടു തന്നെ അവരുടെ രോഗപ്രതിരോധ സംവിധാനം അലർജിയെ കൈകാര്യം ചെയ്യുന്നതിനു സജ്ജമാകുന്നില്ല. വലിയ ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ കൂടുതൽ രോഗാണുക്കളോടു ചെറുപ്പം മുതൽ ഇടപെട്ടു വളരുന്നു. അതുകൊണ്ട് അവരുടെ രോഗപ്രതിരോധ സംവിധാനത്തിൽ രോഗാണുക്കളെ മനസ്സിലാക്കാനും അതിനനുസരിച്ചു മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നതിനും കഴിയും. ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടിക്കു രോഗാണുക്കളുമായുള്ള ഇടപെടൽ വളരെ കുറവായിരിക്കും. ഈ കുട്ടികളിൽ അലർജിരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതിനാണു ഹൈജീൻ ഹൈപ്പോതസിസ് എന്നു പറയുന്നത്. ‘‘നഗരങ്ങളിൽ വൃത്തിയുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ ചെറുപ്രായത്തിൽ അണുബാധ വരാനുള്ള സാധ്യത കുറവായതുകൊണ്ട് അവരുടെ പ്രതിരോധ സംവിധാനം അലർജിക്ക് ഉതകുന്ന രീതിയിലേക്കു മാറുന്നതിനുള്ള സാധ്യതയാണു ഹൈജീൻ ഹൈപ്പോതസിസ് കാണിക്കുന്നത്. അതായത് ടി എച്ച് 2 സ്ക്യൂയിങ് എന്നു പറയും.

ADVERTISEMENT

ടി എച്ച് വണ്ണും ടി എച്ച് ടുവും ഇമ്യൂൺ സിസ്റ്റത്തിന്റെ രണ്ടു കരങ്ങളാണ്. ഇതാണു ഹൈജീൻ ഹൈപ്പോതസിസ് ’’. – ഡോ. പ്രവീൺ പറയുന്നു. വായു മലിനീകരണം, പുകവലി, ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഇതെല്ലാം അലർജിസാധ്യത കൂട്ടുന്നു. ഡീസൽ വാഹനങ്ങളിൽ നിന്നുള്ള പുക, പിഎം 25 പർട്ടിക്കുലേറ്റ് മാറ്റർ എന്ന പൊടി ഇതെല്ലാം നമ്മുടെ ശ്വാസകോശക്കുഴലുകളുടെ ശ്ലേഷ്മസ്തരത്തിനു നാശം വരുത്തുന്നുണ്ട്. ആഹാരശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങളാണ് അലർജിയുടെ മറ്റൊരു പ്രധാന കാരണം. സംസ്കരിച്ചതും ധാരാളം പ്രിസർവേറ്റീവുകൾ ചേർന്നതുമായ ആഹാരത്തിനു പൊതുവെ പ്രിയമേറെയാണ്. നാരുകൾ കുറഞ്ഞ ആഹാരവും കൂടുതലായി ഉപയോഗിക്കുന്നു.

മാരകമായ അലർജി

‘‘ വളരെ മാരകമായതും പെട്ടെന്ന് ഉണ്ടാകുന്നതുമായ ശക്തമായ ഒരു അലർജിക് പ്രതിപ്രവർത്തനമാണ് അനഫലാക്സിസ്. ചില മരുന്നുകളോട്, ചില ഭക്ഷണങ്ങളോട് , ചില പ്രാണികളുടെ കുത്തലിനോട് ഒക്കെയുണ്ടാകുന്ന അലർജിയാണിത്. പെട്ടെന്നു ശരീരം ചൂട് ആകുക, ചുണ്ടു നീരു വന്നു വീർക്കുക, കൺപോളകൾ വീർക്കുക, ശ്വാസതടസ്സം, ബിപി കുറയുക, ബോധരഹിതരാവുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. എത്രയും പെട്ടെന്നു പ്രതിവിധി എടുക്കേണ്ടതു പ്രധാനമാണ്.
പ്രധാന ചികിത്സ അഡ്രിനാലിൻ കുത്തിവയ്പാണ്. സ്റ്റിറോയ്ഡ് –ആന്റി ഹിസ്റ്റമിൻ കുത്തിവയ്പുകൾ, ഓക്സിജൻ ഡ്രിപ് ഇതെല്ലാം രോഗിയുടെ ജീവൻ രക്ഷോപാധികളാണ്’’. – ഡോ. അഭിലാഷ് പറയുന്നു.
‘‘ കൂടുതൽ അളവിൽ ഹിസ്റ്റമിൻ പോലുള്ള ഘടകങ്ങൾ ശരീരത്തിൽ മാസ്റ്റ് സെൽസ്, ബേസോഫിൽസ് പോലെയുള്ള കോശങ്ങളിൽ നിന്നു പുറത്തു വരുന്നതു വഴിയാണ് അനഫലാക്സിസ് ഉണ്ടാകുന്നത്. അലർജി സംശയിക്കുന്ന വസ്തു കഴിച്ചോ, സമ്പർക്കം ഉണ്ടായോ എന്ന് അറിയുക പ്രധാനമാണ്. ബിപി കുറയുക, ശ്വാസതടസ്സം ഇവ കണ്ടാൽ അനഫലാക്സിസ് സംശയിക്കണം. ചികിത്സ ആരംഭിക്കണം’’.– ഡോ. പ്രവീൺ വിശദമാക്കുന്നു.

ADVERTISEMENT

അനഫലാക്സിസ് തടയാൻ പ്രേരക ഘടകങ്ങൾ ഒഴിവാക്കുക. അലർജിയുള്ളവർ അതു വ്യക്തമാക്കുന്ന വിധം ഐഡി കാർഡ് /ബാഡ്ജ് ധരിക്കുക. അനഫലാക്സിസ് വരുമ്പോൾ രോഗി കുഴഞ്ഞുവീഴാം. ബാഡ്ജു കാണുന്നതിലൂടെ മറ്റുള്ളവർക്കു സഹായിക്കാനാകുമെന്നു ഡോ. പ്രവീൺ വിശദമാക്കുന്നു. അനഫലാക്സിസ് ഉണ്ടായത് എന്തിനോടാണെന്നു രേഖപ്പെടുത്തുന്നതു പ്രധാനമാണ്. പിന്നീട് ഈ അവസ്ഥ വരുമ്പോൾ വേഗം രോഗം നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനും ഇതു സഹായകരമാണ്. ഇന്ന് ‘എപ്പിപെൻ’ എന്ന പേനയുടെ രൂപത്തിൽ അഡ്രിനാലിൻ രോഗിക്കു കൈയിൽ കരുതാം. ബോധവൽക്കരണവും ആക്‌ഷൻ പ്ലാനും അനഫലാക്സിസ് ചികിത്സയെ വിജയകരമാക്കുന്നു.
അലർജിയുള്ളവർ ചികിത്സയ്ക്കായി ഏതു ഡോക്ടറെ കാണണമെന്നതു മിക്കവർക്കും സംശയമുള്ള കാര്യമാണ്. അലർജിസ്റ്റുകൾ എന്നറിയപ്പെടുന്ന സ്പെഷലിസ്‌റ്റുകളെ കാണുന്നതാണ് ഏറ്റവും നല്ലത്. ശ്വസനസംബന്ധമായ അലർജിക്കു ശ്വാസകോശരോഗവിദഗ്ധരെ കാണാം. അലർജിസ്‌റ്റ് ആയ ഇഎൻടി വിദഗ്ധർ, ചർമരോഗവിദഗ്ധർ, പീഡിയാട്രിക് വിഭാഗം ഇവരെയും സമീപിക്കാം.

മുൻകരുതലും ചികിത്സയും

‘‘കുട്ടികളെ വളരുന്ന പ്രായത്തിൽ വീടിനു പുറത്തു കളിക്കാനും മറ്റു കുട്ടികളുമായി ഇടപഴകുവാനും അനുവദിക്കുക. പ്രകൃതിയുമായി കൂടുതൽ ഇടപഴകുമ്പോൾ മറ്റു രോഗാണുക്കളുമായി അവരുടെ പ്രതിരോധവ്യവസ്ഥയ്ക്കു സമ്പർക്കമുണ്ടാകും. മറ്റു കുട്ടികളിൽ നിന്നു അണുബാധകൾ കിട്ടാം. അങ്ങനെ പ്രതിരോധസംവിധാനം പരിചയപ്പെടും. ഹൈജീൻ ഹൈപ്പോതസിസിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമ്പർക്കം വരുമ്പോൾ പിന്നീട് അലർജി സാധ്യത കുറയും. സൂര്യപ്രകാശം ഏൽക്കുമ്പോൾ വൈറ്റമിൻ ഡി കൂടുതലാകും. വൈറ്റമിൻ ഡി യുടെ അളവു ശരീരത്തിൽ കൂടുമ്പോൾ അലർജി സാധ്യത കുറയും. സംസ്കരിച്ച ആഹാരപദാർഥങ്ങൾ കുറച്ച് ഉപയോഗിക്കുന്നതാണ് അലർജി തടയാനുള്ള ഏറ്റവും പ്രധാന മാർഗം.
ഇന്ന് അലർജി ഉണ്ടാക്കുന്ന വസ്തു പരിശോധനയിലൂടെ കണ്ടെത്താനാകും’’.–
ഡോ. അഭിലാഷ് പറയുന്നു.
‘‘അലർജി ചികിത്സ മൂന്നു പ്രധാന സമീപനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് (Three Pillar Approach). ഒന്നാമത്തേതും ഏറ്റവും പ്രധാനവും അലർജിക്കു കാരണമാകുന്ന പ്രേരക ഘടകങ്ങളെ (പൊടി, പൂമ്പൊടി, വളർത്തു മൃഗങ്ങളുടെ രോമം ) കണ്ടെത്തുകയും സമ്പർക്കം ഒഴിവാക്കുകയുമാണ്. രണ്ടാമത്, മരുന്നുകൾ ഉപയോഗിച്ചു രോഗലക്ഷണങ്ങൾ നിയന്ത്രിക്കുക. കോർട്ടിക്കോസ്‌റ്റീറോയ്‌ഡ് നേസൽ സ്പ്രേകളും ഇൻഹേലറുകളും ചികിത്സയിൽ പ്രാധാന്യം അർഹിക്കുന്നു. ആന്റിഹിസ്‌റ്റമിൻ വിഭാഗത്തിലുള്ള മരുന്നുകളും നൂതന മോണോക്ലോണൽ ആന്റിബോഡി വിഭാഗത്തിലെ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. അടുത്തത് അലർജൻ ഇമ്യൂണോതെറപ്പിയാണ്. അലർ‌ജിയുടെ അടിസ്ഥാന കാരണം ചികിത്സിച്ചു മാറ്റാനുതകുന്ന ഒരേയൊരു മാർഗമാണിത്. അലർജനുകൾ ചെറിയ അളവിൽ ശരീരത്തിലേക്കു നൽകുന്നു. ക്രമേണ അളവു കൂട്ടുന്നു. അതുവഴി ശരീരത്തിന് അലർജനോടുള്ള സഹിഷ്ണുത കൂടുന്നു’’. – ഡോ. പ്രവീൺ വിശദീകരിക്കുന്നു.

ഇന്ന് അലർജിയെക്കുറിച്ചു വ്യാപകമായ ബോധവൽക്കരണം ആളുകൾക്കു ലഭിക്കുന്നുണ്ട്. അതിനാൽ കൃത്യമായ രോഗനിർണയവും ഡോക്യുമെന്റേഷനും കൂടുതലായി നടക്കുന്നു. അതെല്ലാം പഴയകാലത്തെ അപേക്ഷിച്ച് അലർജി കൂടുതലാണ് എന്ന തോന്നൽ സൃഷ്ടിക്കാനും കാരണമാകുന്നുണ്ട്.

ADVERTISEMENT