തലയിടിച്ചു വീഴുകയോ തലയിൽ ഭാരമുള്ള എന്തെങ്കിലും വസ്തുക്കൾ വീഴുകയോ ചെയ്യുന്നതു നാം പലപ്പോഴും നേരിടുന്ന ഒരപകടമാണ്. പുറമെ വലിയ മുറിവുകളില്ലെങ്കിൽപ്പോലും തലയ്ക്ക് ഏൽക്കുന്ന പരുക്കുകൾ (Head Trauma) അതീവ ഗുരുതരമായേക്കാം. തലയോട്ടിക്ക് ഉള്ളിൽ രക്തസ്രാവം (Internal Bleeding) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകണം. ‘പുറമെ മുറിവില്ലല്ലോ, ചോര വരുന്നില്ലല്ലോ’ എന്നു കരുതി വീട്ടിൽ തന്നെ ഇരിക്കരുത്. തലച്ചോറിലെ രക്തസ്രാവം പുറത്തു കാണില്ല. എന്നാൽ മണിക്കൂറു കൾക്കുള്ളിൽ അത് അപകടകരമായ അവസ്ഥയിലേക്കു മാറും.
അപകടസൂചനകൾ തിരിച്ചറിയാം
അപകട സൂചനകൾ താഴെ പറയുന്നവയിൽ ഏതെങ്കിലും ലക്ഷണം കണ്ടാൽ രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കുക:
∙ ബോധക്ഷയം: പരുക്കേറ്റ ഉടൻ ബോധം പോവുകയോ ഇടയ്ക്കിടെ മയക്കം വരുകയോ ചെയ്യുക. ∙ ഛർദി: തുടർച്ചയായി ഒന്നിലധികം തവണ ഛർദിക്കുക. ∙ രക്തസ്രാവം: ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ രക്തമോ തെളിഞ്ഞ ദ്രാവകമോ (CSF-സെറിബ്രോസ്പൈനൽ ഫ്ലൂയിഡ്) പുറത്തുവരിക. ∙ ഓർമക്കുറവ്: നടന്ന കാര്യങ്ങൾ മറന്നുപോവുക, സ്ഥലകാലബോധം നഷ്ടപ്പെടുക, അല്ലെങ്കിൽ സംസാരം കുഴയുക. ∙ കടുത്ത തലവേദന: അസഹനീയമായ തലവേദനയോടൊപ്പം കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക.
∙ അപസ്മാരം: കൈകാലുകൾ കോച്ചി വലിക്കുക.
പരുക്കേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ:
∙ രോഗിയെ ശാന്തമാക്കുക: പരുക്കേറ്റ വ്യക്തിയെ പരിഭ്രാന്തനാക്കാതെ തറയിൽ സുരക്ഷിതമായി കിടത്തുക.
∙ രക്തസ്രാവം തടയുക: തലയിൽ മുറിവുണ്ടെങ്കിൽ വൃത്തിയുള്ള കോട്ടൻ തുണിയോ പാഡോ ഉപയോഗിച്ചു മുറിവുള്ള ഭാഗത്തു മൃദുവായി അമർത്തിപ്പിടിക്കുക.
∙ കഴുത്തിന് ഇളക്കം തട്ടാതെ നോക്കുക: തലയ്ക്കു പരിക്കേൽക്കുന്പോൾ കഴുത്തിലെ എല്ലുകൾക്കും (Spinal cord) പരുക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗിയുടെ തലയും കഴുത്തും വളയാതെ നേരെയാക്കി വെക്കുക. ∙ പെട്ടെന്നു വൈദ്യസഹായം തേടുക: എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ (ന്യൂറോളജി സൗകര്യമുള്ളതാണെങ്കിൽ കൂടുതൽ നല്ലത്) എത്തിച്ച് ഒരു ഡോക്ടറെ കാണുക. ആവശ്യമെങ്കിൽ സിടി സ്കാൻ എടുത്ത് തലച്ചോറിനു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തണം.
ഇവ ചെയ്യരുത്
∙ പരുക്കേറ്റ ഉടനെ വെള്ളം കുടിപ്പിക്കരുത്.
∙ ബോധമില്ലാത്ത വ്യക്തിയെ തട്ടിയുണർത്താനോ കുലുക്കി വിളിക്കാനോ, നിർബന്ധിച്ച് എഴുന്നേൽപ്പിക്കാനോ ശ്രമിക്കരുത്. ∙ സ്വന്തമായി വേദനാസംഹാരികൾ കഴിക്കരുത്.
∙ തലയോട്ടിക്കു പൊട്ടലുണ്ടെന്നു സംശയമുണ്ടെങ്കിൽ മുറിവിൽ വെള്ളമൊഴിച്ചു കഴുകരുത്. ലേപനങ്ങൾ പുരട്ടരുത്.
ഡോ. പി.പി. വേണുഗോപാലൻ
ചെയർ ആൻഡ് ലീഡ് കൺസൽറ്റന്റ്
എമർജൻസി മെഡിസിൻ വിഭാഗം
മേയ്‌ത്ര ഹോസ്പിറ്റൽ
കോഴിക്കോട്