ജിമ്മിൽ പോകുന്നവരോടും മസിൽ ബിൽഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരോടും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോടുമാണീ ചോദ്യം. അടുത്ത കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ടതും ഉപയോഗിച്ചതുമായ ഒരു വാക്ക് ഏതാണ് ? അതു ‘പ്രോട്ടീൻ’ ആയിരിക്കും. ഭാരം കുറയ്ക്കാനും മസിൽ പെരുപ്പിക്കാനും പ്രോട്ടീൻ പൗഡറും സപ്ലിമെന്റുകളും മാത്രം കഴിച്ചാൽ മതിയെന്ന ധാരണ വേരുറയ്ക്കുന്ന ഈ കാലത്തു പ്രോട്ടീനോടുള്ള അമിതപ്രണയം ‘ഒബ്സഷൻ’ ആകുകയാണ്. സാധാരണ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പ്രോട്ടീൻ ലഭിക്കില്ലേ? പ്രോട്ടീൻ സപ്ലിമെന്റുകൾ എല്ലാവർക്കും വേണ്ടതുണ്ടോ?– ഒരു അന്വേഷണം.
വൃക്കസ്തംഭനവുമായി കൗമാരക്കാരൻ
18 വയസ്സുള്ള ആ കൗമാരക്കാരൻ അമ്മയ്ക്കൊപ്പമാണു കോഴിക്കോട് മെഡിക്കൽ കോളജിലെ ഒപിയിൽ എത്തിയത്. ആകെ ക്ഷീണിതനാണ്. പരിശോധനകളുടെ ഫലത്തിൽ രക്തത്തിലെ ക്രിയാറ്റിനിൻ നില 14 ആയിരുന്നു. മൂത്രം പോകുന്നത് അൽപം മാത്രം. മുഖത്തും കാലുകളിലും നീർക്കെട്ടുമുണ്ട്. ആ കുട്ടിക്കു ഗുരുതരമായ കിഡ്നി ഫെയ്ലിയർ ആയിരുന്നു. ഇത്ര ചെറുപ്രായത്തിൽ എന്തായിരിക്കും ഇങ്ങനെ വന്നതെന്ന് ആലോചിച്ചു. കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ അവന്റെ അമ്മ പറഞ്ഞു, കഴിഞ്ഞ ഒരു മാസമായി ജിമ്മിൽ പോകുന്നുണ്ടായിരുന്നു. അതിനുശേഷമാണ് ഈ ബുദ്ധിമുട്ടുകൾ കണ്ടു തുടങ്ങിയത്. കുട്ടിയോടു സംസാരിച്ചപ്പോൾ ജിമ്മിലെ പരിശീലകൻ ഹൈ പ്രോട്ടീൻ ഡയറ്റ് നിർദേശിച്ചിരുന്നുവെന്നു പറഞ്ഞു. അതുകേട്ട്, അമിതമായ അളവിൽ അവൻ പ്രോട്ടീൻ പൗഡർ കഴിച്ചു എന്നും അറിയാൻ കഴിഞ്ഞു. മൂത്രപരിശോധനയിൽ കാണാനായതു ഗുരുതരമായ പ്രോട്ടീൻ യൂറിയ ആണ്. കാര്യങ്ങൾ വൃക്കസ്തംഭന (Renal Failure) ത്തിലേക്ക് എത്തിയിരുന്നു. ‘‘ജിമ്മിൽ നിന്നു ലഭിച്ച നിർദേശങ്ങളനുസരിച്ചു കഴിച്ച പ്രോട്ടീൻ പൗഡറും ഹൈ പ്രോട്ടീൻ ഡയറ്റുമൊക്കെയാണ് ആ കുട്ടിയുടെ ആരോഗ്യത്തെ തകിടം മറിച്ചത് എന്നാണ് അനുമാനിക്കാനായത്. ആ നിഗമനത്തോടെ റീനൽ ബയോപ്സി ചെയ്തു. ഒന്നു രണ്ടു തവണ സപ്പോർട്ടീവ് ഡയാലിസിസ് ചെയ്തു. അങ്ങനെ പതിയെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. ആരോഗ്യം പൂർണമായും വീണ്ടെടുത്ത ശേഷമാണു ഡിസ്ചാർജ് ചെയ്തത്. ’’– കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ഇ. കെ. ജയകുമാർ പറയുന്നു.
അധികമായാൽ പ്രോട്ടീനും
ജിം വർക് ഒൗട്ടിലൂടെ ശരീരം കടഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഹൈ പ്രോട്ടീൻ ഭക്ഷണങ്ങളും പ്രോട്ടീൻ സപ്ലിമെന്റുകളും അമിതമായി ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. എന്നാൽ, ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നതു വൃക്കയ്ക്ക് അധികഭാരം സൃഷ്ടിക്കാം. ‘‘ ജിം വർക് ഒൗട്ടിന്റെ ഭാഗമായി ചില ബ്രാൻഡുകളുടെ ഹൈ പ്രോട്ടീൻ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ചില ചെറുപ്പക്കാരിൽ പിന്നീടു മൂത്രത്തിൽ പ്രോട്ടീൻ ചോർച്ച കണ്ടെത്തി വൃക്കസ്തംഭനത്തിലെത്തിയ കേസുകൾ കണ്ടിട്ടുണ്ട്. ജിമ്മിൽ പോകുന്ന കൗമാരക്കാരും യുവാക്കളും സ്വന്തം ഇഷ്ടപ്രകാരം ഹൈ പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിനു പകരം വിദഗ്ധനിർദേശം തേടണം. ആരോഗ്യവാനായ ഒരാൾക്കു സാധാരണയായി ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും അനുസൃതമായി ഏകദേശം ഒരു ഗ്രാം പ്രോട്ടീൻ മതിയാകും. അതായത് 60 കിലോ ഭാരമുള്ള ഒരാൾക്കു ദിവസം ഏകദേശം 60 ഗ്രാം പ്രോട്ടീൻ മതി.’’ – ഡോ. ജയകുമാർ വിശദമാക്കുന്നു.
പ്രോട്ടീൻ നിറവുള്ള ആഹാരം
ശാരീരിക പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ പോഷകഘടകമാണു പ്രോട്ടീൻ. പേശീവളർച്ചയ്ക്കും സംരക്ഷണത്തിനും ശരീരകോശ നിർമാണത്തിനും പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ ആവശ്യമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആന്റിബോഡികളുടെ നിർമാണത്തിനും പ്രോട്ടീൻ വേണം. എല്ലുകളുടെയും ചർമത്തിന്റെയും ആരോഗ്യത്തിനും ആവശ്യമാണ്. ‘‘പുതു തലമുറയിലെ പലരും കരുതുന്നതു പ്രോട്ടീൻ മാത്രമാണു ശരീരത്തിനു വേണ്ട പോഷകം എന്നാണ്. അതു തെറ്റായ ധാരണയാണ്. ഒരു ദിവസം ആവശ്യമായ ഊർജത്തിന്റെ ഏകദേശം 45–50 ശതമാനം കാർബോഹൈഡ്രേറ്റിൽ നിന്നും 10–20 ശതമാനം പ്രോട്ടീനിൽ നിന്നും 20–30 ശതമാനം കൊഴുപ്പിൽ നിന്നുമാണു ലഭിക്കേണ്ടത്. പച്ചക്കറികളിലും പഴങ്ങളിലും നിന്നു മൈക്രോന്യൂട്രിയന്റുകളും ലഭിക്കുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവയാണു പ്രധാന മാക്രോ ന്യൂട്രിയന്റുകൾ. ’’– തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് ഡയറ്റീഷൻ മിനി മേരി പ്രകാശ് പറയുന്നു. കാർബോഹൈഡ്രേറ്റ് കഴിക്കാൻ പാടില്ലെന്നും പ്രോട്ടീനും ഫാറ്റുമാണു ശരീരത്തിന് അത്യാവശ്യവുമെന്നാണ് പല ജെൻ സി കുട്ടികളുടെയും ചിന്ത. ‘‘ചെറുപയർ, വൻപയർ, കടല, പട്ടാണി, മീൻ, ഇറച്ചി, മുട്ട എന്നിവയെല്ലാം പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. പക്ഷേ പലരും പ്രോട്ടീന്റെ ഉറവിടമായി ചിന്തിക്കുന്നതു പ്രോട്ടീൻ പൗഡറിനെയാണ്. വേ പ്രോട്ടീൻ, സോയ പ്രോട്ടീൻ ഐസൊലേറ്റ്തുടങ്ങിയ ഫോർമുലകൾ കഴിച്ചാൽ മാത്രമേ പ്രോട്ടീൻ ലഭിക്കൂ എന്ന ചിന്തയാണു പലർക്കും. കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നില്ലെങ്കിൽ മാത്രമേ സപ്ലിമെന്റുകളുടെ പുറകെ പോകേണ്ടതുള്ളൂ. ’’ – മിനി മേരി പ്രകാശ് വിശദമാക്കുന്നു.
ഭാരം കുറയ്ക്കുന്നവരും പ്രോട്ടീനും
“ഹൈ-പ്രോട്ടീൻ ഡയറ്റിന്റെയും പ്രോട്ടീൻ പൗഡറുകളുടെയും ഉപയോഗം ഇപ്പോൾ കൂടി വരുന്നുണ്ട്. ശരീരഭാരം കുറയ്ക്കുന്നവരിലാണ് ഇതു കൂടുതലായി കാണുന്നത്. ഇവരുടെ ഡയറ്റിൽ പ്രോട്ടീൻ ഇൻടേക്ക് കുറച്ചു കൂടുതലായിരിക്കും. ഓരോരുത്തരുടെയും ശരീരഭാരത്തിന് അനുസരിച്ചാണു പ്രോട്ടീൻ ഗോൾ നിശ്ചയിക്കുന്നത്. ഭാരം കുറയ്ക്കുമ്പോൾ പേശീനഷ്ടം വരാതിരിക്കാൻ ആവശ്യമായ പ്രോട്ടീൻ ഇൻടേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാന ഉദ്ദേശ്യം. ജിമ്മിൽ പോകുന്നവരിൽ പലരും ശരീരഭാരം കുറയ്ക്കുന്നവരാണ്. അവിടെ ചിലപ്പോൾ ജിം ട്രെയ്നർ പ്രോട്ടീൻ പൗഡർ നിർദേശിക്കാറുണ്ട്. ’’– ന്യൂട്രിഷനിസ്റ്റും അമേരിക്കൻ കൗൺസിൽ ഒാൺ എക്സർസൈസ് സർട്ടിഫൈഡ് പെഴ്സണൽ ട്രെയ്നറുമായ അശ്വിത സൂസൻ ഏലിയാസ് പറയുന്നു. മസിൽ ബിൽഡിങ് ലക്ഷ്യമിടുന്നവരും പ്രോട്ടീൻ പൗഡറുകളും മാസ് ഗെയിനറുകളുമൊക്കെ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. ഇവ ആവശ്യമുണ്ടോ എന്നു വിദഗ്ധ നിർദേശത്തോടെ അറിഞ്ഞശേഷം ഉപയോഗിക്കുന്നതാണ് ഉചിതം. ‘‘ഒരു സ്കൂപ്പിൽ നിന്നു നിശ്ചിത ഗ്രാം പ്രോട്ടീൻ ലഭിക്കുമെന്നതിനാൽ ആവശ്യമായ പ്രോട്ടീൻ ഗോൾ എളുപ്പത്തിൽ നേടാൻ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരുമുണ്ട്.’’ –അശ്വിത വിശദമാക്കുന്നു.
വ്യായാമം കഴിഞ്ഞ ഉടനെ വലിയ അളവിൽ പ്രോട്ടീൻ മാത്രം കഴിക്കണമെന്ന ധാരണയും തെറ്റാണ്. അമിതമായി പ്രോട്ടീൻ കഴിക്കുന്നതിലൂടെ അസ്ഥികളിലെ കാൽസ്യം നഷ്ടപ്പെടാനും വൃക്കയ്ക്ക് അധിക പ്രവൃത്തിഭാരം ഉണ്ടാകാനും സാധ്യതയുണ്ട്. ‘‘ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ
മാർഗനിർദേശങ്ങളും പഠനങ്ങളും പരിഗണിക്കുമ്പോൾ, ആരോഗ്യമുള്ള മുതിർന്നവരിൽ ദീർഘകാല റെസിസ്റ്റൻസ് എക്സർസൈസ് ട്രെയിനിങ്ങിനൊപ്പം പ്രോട്ടീൻ സപ്ലിമെന്റ് ഉപയോഗിക്കുന്നതു പേശികളുടെ ശക്തിയിലും വലുപ്പത്തിലും ചെറിയ തോതിലുള്ള അധിക വർധന മാത്രമേ നൽകുന്നുള്ളൂ എന്നാണു പറയുന്നത്. ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഏകദേശം 1.6 ഗ്രാം എന്ന പരിധിക്കപ്പുറം പ്രോട്ടീൻ വർധിപ്പിച്ചാൽ മസിൽ മാസ് വർധനയിൽ അധിക ഗുണം ലഭിക്കണമെന്നില്ലെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത്, പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ മസിൽ അതിനനുസരിച്ചു കൂടുതൽ വളരും എന്നില്ല. ’’
- മിനി മേരി പ്രകാശ് പറയുന്നു.
കഴിക്കേണ്ടതിങ്ങനെ
പ്രോട്ടീൻ ആഹാരത്തിൽ ഉൾപ്പെടുത്തുന്ന രീതി വളരെ പ്രധാനമാണ്. പ്ലേറ്റിന്റെ നാലിലൊന്ന് അന്നജം അടങ്ങിയ ആഹാരം, പകുതി പച്ചക്കറികൾ, നാലിലൊന്നു പയർ, മത്സ്യം അല്ലെങ്കിൽ മാംസം എന്നതാണു ബാലൻസ്ഡ് പ്ലേറ്റ്. ആദ്യം പ്രോട്ടീൻ കഴിക്കാതെ നാരുകളടങ്ങിയ പച്ചക്കറികൾ കഴിക്കണം. പിന്നീടു പ്രോട്ടീൻ. അവസാനം കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ദോശ, അപ്പം, ചപ്പാത്തി എന്നിവ കഴിക്കുന്ന രീതിയാണു നല്ലത്. ‘‘വ്യായാമത്തിലും ഭക്ഷണം കഴിക്കുന്നതിലുമെല്ലാം സർക്കേഡിയൻ റിഥം പരിഗണിക്കണം. ഇന്നു ചെറുപ്പക്കാരിൽ പലരും രാത്രി 10–11 മണിവരെ ജിമ്മിൽ വർക് ഒൗട്ട് ചെയ്യും. 11 മണി കഴിഞ്ഞ് ഗ്രിൽഡ് ചിക്കൻ, അൽഫാം, മന്തി തുടങ്ങിയ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണവും കഴിക്കും. വളരെ വൈകി ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമല്ല.’’– മിനി മേരി പ്രകാശ് പറയുന്നു.
പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിലും വ്യക്തിഗത വ്യത്യാസം പരിഗണിക്കണം. ഉയരം, ഭാരം ജോലി, രക്തത്തിലെ ഘടകങ്ങൾ ഇവ നോക്കിയാണു പ്രോട്ടീൻ ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടത്. വ്യായാമം, എന്തിനുവേണ്ടിയാണ്–ഫിറ്റ്നസിനോ, മസിൽ ബിൽഡിങ്ങിനോ, അത്ലറ്റിക് പരിശീലനത്തിനോ എന്നതും പരിഗണിക്കുന്നു. യൂറിക് ആസിഡ്, കിഡ്നി ഫങ്ഷൻ, ലിവർ ഫങ്ഷൻ പരിശോധനകളും പ്രധാനമാണ്. ഇന്നു യുവതലമുറയിൽ മിക്കവരും ഭക്ഷണത്തിലൂടെ മതിയായ പ്രോട്ടീൻ ലഭിക്കുന്നുണ്ടോ എന്നു നോക്കാതെ ഏതെങ്കിലും പ്രോട്ടീൻ സപ്ലിമെന്റ് ഉപയോഗിക്കുന്നു. പ്രോട്ടീൻ സപ്ലിമെന്റ് കഴിച്ചാൽ നന്നായി പേശികൾ ഉണ്ടാകുമെന്നു കരുതി അമിതമായി കഴിക്കുന്നു. ഇതു ഗുണത്തേക്കാൾ ദോഷം ചെയ്യാം. ’’– മിനി മേരി പ്രകാശ് പറയുന്നു.
ആഴ്ചയിൽ അഞ്ചുദിവസം വ്യായാമം ചെയ്യുന്ന ഒരാൾക്കു ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഏകദേശം 1.0– 1.2 ഗ്രാം പ്രോട്ടീൻ ആവശ്യമായേക്കാം. സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നവരിൽ ആവശ്യകത അതിനേക്കാൾ കൂടുതലായിരിക്കും. പേശീലഭ്യതയ്ക്കു വേണ്ടി പരിശീലിക്കുന്നവരിലും എൻഡ്യൂറൻസ് അത്ലീറ്റുകളിലും പ്രോട്ടീൻ ആവശ്യം അവരുടെ പരിശീലനത്തിനനുസരിച്ചായിരിക്കും. വൃക്ക രോഗമുള്ളവരും യൂറിക് ആസിഡ് ലെവൽ കൂടുതലുള്ളവരും ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കരുത്. പലർക്കും റൂട്ടീൻ ചെക്കപ്പിലാണു യൂറിക് ആസിഡ് കൂടുതലാണെന്ന് അറിയുന്നത്. അവർ സ്ഥിരമായി വ്യായാമം ചെയ്യുന്നവരായാലും ഭക്ഷണത്തിലെ പ്രോട്ടീൻ അളവ് നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകാം. പ്രോട്ടീൻ മാത്രം കൂടുതലാക്കി കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള ഡയറ്റ് ഗുണത്തേക്കാൾ ദോഷം ചെയ്യാം.
സുരക്ഷിതമായി കഴിക്കാൻ
ഭക്ഷണത്തിലൂടെ പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ ബുദ്ധിമുട്ടുള്ളവർക്കു പ്രോട്ടീൻ പൗഡർ സഹായകരമാകാം. പ്രത്യേകിച്ചു വെജിറ്റേറിയൻ ആയ ഒരാൾ ഭാരം കുറയ്ക്കുമ്പോൾ സാധാരണ ഭക്ഷണത്തിലൂടെ ആവശ്യമായ പ്രോട്ടീൻ നേടാൻ ബുദ്ധിമുട്ടുണ്ടാകാം. ‘‘പ്രോട്ടീൻ പൗഡർ ഉപയോഗിക്കും മുൻപു ഡയറ്റീഷനെയോ ന്യൂട്രിഷനിസ്റ്റിനെയോ കണ്ടു നിലവിലുള്ള ഡയറ്റ് പരിശോധിക്കാം. ഭക്ഷണത്തില്നിന്ന് പ്രോട്ടീൻ ഗോൾ നേടാൻ കഴിയുന്നുണ്ടോ എന്നും അധിക പ്രോട്ടീൻ ആവശ്യമുണ്ടോ എന്നും നോക്കണം. ’’– അശ്വിത പറയുന്നു. ഭാരം കുറയ്ക്കുന്നതിലും പേശി രൂപപ്പെടുത്തുന്നതിലും പ്രോട്ടീൻ ആവശ്യകത വ്യത്യസ്തമായിരിക്കും. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ എത്ര ഗ്രാം പ്രോട്ടീൻ വേണമെന്നു മനസ്സിലാക്കി കഴിക്കുന്നതാണ് അഭികാമ്യം. ‘‘പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കണം. ചിലർക്കു സോയ പ്രോട്ടീൻ അനുയോജ്യമായിരിക്കും, മറ്റു ചിലർക്കു വേ പ്രോട്ടീനാകും ഉചിതം. അതുപോലെ സസ്യാഹാരം കഴിക്കുന്നവർക്കു പ്ലാന്റ ് പ്രോട്ടീൻ പൗഡറുകളും ഉണ്ട്. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് ചില വേ പ്രോട്ടീനുകൾ പ്രശ്നമുണ്ടാക്കാം. ഗ്യാസ്, ബ്ലോട്ടിങ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളും വരാം. കൺസൽറ്റേഷനിലൂടെ അനുയോജ്യമായ പ്രോട്ടീൻ തിരഞ്ഞെടുക്കുക. പ്രോട്ടീൻ ഒബ്സഷനും പ്രോട്ടീൻ പൗഡറുകളും ട്രെൻഡായി മാറുന്നതിനു പിന്നിൽ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനും വലിയ പങ്കുണ്ട്. വിവിധ ബ്രാൻഡുകൾ ഇൻഫ്ലുവൻസർമാരിലൂടെ മാർക്കറ്റ് ചെയ്യപ്പെടുന്നു. അതു പൊതു ജനങ്ങളിലേക്ക് എത്തുമ്പോൾ, തങ്ങൾക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നു നോക്കാതെ കണ്ണടച്ചു വിശ്വസിക്കുന്ന അവസ്ഥയുണ്ടാകാം.’’– അശ്വിത പറയുന്നു.
ആഹാരത്തിലും ശ്രദ്ധിക്കാം
കേരളീയരുടെ പരമ്പരാഗത ഭക്ഷണത്തിൽ പ്രോട്ടീൻ അളവു കുറവായിരിക്കാം. മത്സ്യം കഴിച്ചാലും നാം പലപ്പോഴും ചെറിയ അളവാണ് കഴിക്കുന്നത്. ദാൽ, പയർ, കടല, പട്ടാണി തുടങ്ങിയവ ‘ഗ്യാസ് ഉണ്ടാക്കും’ എന്ന ധാരണയിൽ പല വീടുകളിലും അതു പാകം ചെയ്യുന്നതു കുറവാണ്. ചിക്കൻ മാത്രമല്ല, ചെറുപയർ, വൻപയർ, കടല, പട്ടാണി തുടങ്ങിയ പയർവർഗങ്ങളും സോയ ചങ്ക്സും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പയർവർഗങ്ങൾ രാത്രി വെള്ളത്തിൽ കുതിർത്തു രാവിലെ വെള്ളം കളഞ്ഞ് ഉപയോഗിക്കാം. ദിവസവും നോൺ-വെജിറ്റേറിയൻ ഭക്ഷണമായി ചിക്കനെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ വിവിധ സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വ്യായാമശേഷം ഏകദേശം 20– 30 ഗ്രാം പ്രോട്ടീൻ രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷണത്തിലൂടെ ഉൾപ്പെടുത്താം. ഒരു ആഹാരം മാത്രം പ്രോട്ടീൻ കൂടുതലാക്കി കഴിക്കുന്നതു ശരിയായ രീതിയല്ല. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താം. ഇടനേരത്തു പ്രോട്ടീൻ സ്നാക്സും.
‘‘ ഒരു മുട്ടയിൽ ഏകദേശം 6 – 6.5 ഗ്രാം പ്രോട്ടീൻ ഉണ്ട്. മുട്ടവെള്ളയിൽ ഏകദേശം 3 – 3.5 ഗ്രാം പ്രോട്ടീനും. കൂടുതൽ പ്രോട്ടീനായി മുട്ട വെള്ള ഉപയോഗിക്കാം. മൂന്നു മുട്ടയുടെ വെള്ളയിൽ നിന്ന് ഏകദേശം 9–10 ഗ്രാം പ്രോട്ടീൻ ലഭിക്കും. ആരോഗ്യവാനായ ഒരാൾക്കു ദിവസേന രണ്ടു മുഴുവൻ മുട്ട ഭക്ഷണത്തിന്റെ ഭാഗമാക്കാം. ’’– മിനി മേരി പ്രകാശ് പറയുന്നു.100 ഗ്രാം ചിക്കൻ ബ്രെസ്റ്റ്, രണ്ടു മുട്ട, ഒരു ഗ്ലാസ് പാൽ, തൈര്, പയർവർഗങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നന്നായി പ്രോട്ടീൻ ലഭിക്കും.
‘‘ലളിതമായ യൂറിൻ റൂട്ടീൻ പരിശോധനയിലൂടെ മൂത്രത്തിൽ പ്രോട്ടീൻ ചോർച്ചയുണ്ടോ എന്നു കണ്ടെത്താം. യൂറിൻ പ്രോട്ടീൻ, യൂറിൻ ഷുഗർ, യൂറിൻ മൈക്രോസ്കോപി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർഗനിർദേശങ്ങളില്ലാതെ പ്രോട്ടീൻ ഉപയോഗിക്കുന്ന ചെറുപ്പക്കാർക്ക് ഈ പരിശോധന ചെയ്യുന്നതിലൂടെ വൃക്ക സ്തംഭനം തടയാൻ ഇതു സഹായിക്കും.’’ - ഡോ. ജയകുമാർ ഒാർമിപ്പിക്കുന്നു.
മസിലുകൾ തെളിയുന്ന ശരീരമാണ് ആരോഗ്യമുള്ള ശരീരം എന്ന ധാരണ കൂടി പ്രോട്ടീൻ ഒബ്സഷനിൽ അന്തർലീനമാണ്. അമിതമായി പ്രോട്ടീൻ കഴിക്കുന്നത് അധിക ഗുണം നൽകില്ലെന്നു മാത്രമല്ല ആരോഗ്യപ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നതും മറക്കാതിരിക്കാം...