ADVERTISEMENT

ദാമ്പത്യ പ്രശ്നങ്ങൾക്കുള്ള കപ്പിൾ തെറപ്പിക്കു റഫർ ചെയ്തു വന്നതായിരുന്നു ആ യുവദമ്പതികൾ. രണ്ടുപേരും ജോലിക്കാർ. പലപ്പോഴും കുട്ടിയുടെ ഉൾപ്പെടെ ഉത്തരവാദിത്തങ്ങൾ ഭർത്താവ് ഭാര്യയെ ഏൽപിക്കും. ഭാര്യ ചെയ്തു കഴിയുമ്പോൾ അതിൽ ഭർത്താവ് കുറ്റം കണ്ടെത്തും. ചെറിയ വഴക്കുകളെ തുടർന്നു ഭാര്യയോട് ആഴ്ചകളോളം മിണ്ടാതിരിക്കും, മൊബൈലിൽ ബ്ലോക്ക് ചെയ്യും, പെട്ടെന്നൊരു ദിവസം സർപ്രൈസ് സമ്മാനം നൽകി ഇണങ്ങും.

ഭർത്താവ് ചെയ്യുന്ന കാര്യങ്ങളെ ഭാര്യ നിരന്തരം പ്രശംസിച്ചില്ലെങ്കിൽ പ്രശ്നമാണ്. വിമർശനം സ്വീകരിക്കാൻ ബുദ്ധിമുട്ട്, മിക്കവാറും ഭാര്യയെ താഴ്ത്തിക്കെട്ടി സംസാരിക്കുക, സഹാനുഭൂതി കാണിക്കാതിരിക്കുക എന്നിങ്ങനെ പോകുന്നു ഭർത്താവിന്റെ പെരുമാറ്റം. കൂടുതൽ വിശകലനം ചെയ്തപ്പോൾ ഭർത്താവിനു നാർസിസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോഡറിന്റെ (എൻപിഡി)
സ്വഭാവ സവിശേഷതകൾ ആണെന്നു തിരിച്ചറിഞ്ഞു.

ADVERTISEMENT

ജനസംഖ്യയിൽ ഒരു ശതമാനം മുതൽ ആറു ശതമാനം വരെ പേർക്കു നാർസിസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോഡർ ഉണ്ടെന്നു പഠനങ്ങൾ കാണിക്കുന്നു. ഇതു പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്നു. പഠനങ്ങൾ കാണിക്കുന്നതു പുരുഷന്മാരിലാണ് ഈ വ്യക്‌ തിത്വപ്രശ്നം കൂടുതലെന്നാണ്.


ടോക്സിക് എല്ലാം എൻപിഡി അല്ല
ഇന്നത്തെ കാലത്ത് ബന്ധങ്ങളിലെ ടോക്സിക് പെരുമാറ്റ രീതികളെ പൊതുവായി നാർസിസിസ്റ്റിക് അബ്യൂസ് എന്നു പറഞ്ഞു കേൾക്കാറുണ്ട്. എൻപിഡിയും ഇതും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെങ്കിലും ഡയഗ്നോസ്റ്റിക് & സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ ഒാഫ് മെന്റൽ ഡിസോഡേഴ്സിൽ (DSM) പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിലേ എൻപിഡി ഉണ്ടെന്നു പറയാൻ പറ്റൂ.

ADVERTISEMENT

നാർസിസിസ്റ്റിനെ തിരിച്ചറിയാം
ഡിഎസ്എം–ഇൽ എൻപിഡിയുടേത് ആയി പറയുന്ന ഒൻപതു ലക്ഷണങ്ങൾ ഇവയാണ്. ഇതിൽ ഏതെങ്കിലും അഞ്ച് എണ്ണമോ അതിലധികമോ
പ്രകടമാണെങ്കിലേ രോഗമുറപ്പിക്കൂ.

1. സ്വന്തം പ്രാധാന്യത്തെക്കുറിച്ചുള്ള അമിതമായ ധാരണ അഥവാ ഗ്രാൻഡിയോസിറ്റി (Grandiose Sense):– സ്വന്തം നേട്ടങ്ങളും കഴിവുകളും അമിതമായി പെരുപ്പിച്ചു കാണിക്കുകയും, മറ്റുള്ളവരിൽ നിന്നു തങ്ങളെ ഉന്നതരായി അംഗീകരിക്കണമെന്നു പ്രതീക്ഷിക്കുകയും ചെയ്യുക.

ADVERTISEMENT

2. വലിയ വിജയം നേടുക, അധികാരം നേടുക, അസാധാരണ കഴിവുള്ള വ്യക്തി ആകുക എന്നിങ്ങനെ സങ്കൽപങ്ങളിൽ മുഴുകി ഇരിക്കുക.

3. താൻ വളരെ പ്രത്യേകതയുള്ള, മൂല്യമേറിയ വ്യക്തിയാണെന്ന തോന്നൽ. സാധാരണക്കാർക്കു തന്നെ മനസ്സിലാക്കാൻ സാധിക്കില്ലെന്നും, അസാധാരണ ബുദ്ധിശക്തിയുള്ളവർക്കേ, തങ്ങളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും ചിന്തിക്കുക.

4. തന്നെക്കുറിച്ചു മറ്റുള്ളവർ നിരന്തരം പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് അമിതമായി ആവശ്യപ്പെടുകയും മറ്റുള്ളവർ അഭിനന്ദിച്ചില്ലെങ്കിൽ പെട്ടെന്ന് അസ്വസ്ഥരാകുകയും ചെയ്യുന്ന അവസ്ഥ.

5. തനിക്കു പ്രത്യേക പരിഗണന ലഭിക്കണമെന്നും തന്റെ തീരുമാനങ്ങൾ മറ്റുള്ളവർ ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്നുമുള്ള ചിന്ത.

6. സ്വന്തം ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുകയോ മുതലെടുക്കുകയോ ചെയ്യുക. ജോലി സ്ഥലങ്ങളിൽ സഹപ്രവർത്തകരുടെ ക്രെഡിറ്റ് സ്വന്തമായി എടുത്തു പ്രമോഷനോ മറ്റോ ഉപയോഗിക്കുന്നു.

7. മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനോ മനസ്സിലാക്കാനോ അവയുമായി സഹാനുഭുതി നിലനിർത്താനോ താൽപര്യമില്ലാത്ത അവസ്ഥ. ഒരാൾ വിഷമിച്ചിരിക്കുകയാണെങ്കിലും അതു മനസ്സിലാക്കാതെ അയാളെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി.

8. മറ്റുള്ളവരുടെ നേട്ടങ്ങളോടും
കഴിവുകളോടും അസൂയ, മറ്റുള്ളവർ തന്നോട് അസൂയപ്പെടുന്നു എന്നു വിശ്വസിക്കുക.

9. മറ്റുള്ളവരേക്കാൾ താൻ ഉയർന്നയാളാണെന്നു കരുതി അഹങ്കാരത്തോടെയും അവജ്ഞയോടെയും പെരുമാറുക.

ഒരു വ്യക്തിക്ക് എൻപിഡി ഉണ്ടെന്ന് ഉറപ്പാക്കാൻ താഴെ പറയുന്ന മാനദണ്ഡങ്ങൾ (Criteria) പാലിക്കണം.
∙ ഡിഎസ്എം–ഇൽ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകണം.
∙ ഇവ ദീർഘകാലമായി (മിക്കവാറും മുതിർന്നതിനുശേഷം) കണ്ടുവരുന്ന പെരുമാറ്റ രീതികളാകണം.
∙ തൊഴിൽ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എന്നിങ്ങനെ എല്ലാ സന്ദർഭങ്ങളിലും തന്നെ ഈ
പെരുമാറ്റങ്ങൾ പ്രകടമാകണം.
∙ ഈ ലക്ഷണങ്ങൾ സാമൂഹികമായോ തൊഴിൽപരമായോ ഉള്ള പ്രവർത്തനങ്ങളിൽ ഗണ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാകണം.

English Summary:

Narcissistic Personality Disorder is a complex mental health condition that often significantly impacts marital and interpersonal relationships. Many individuals with this disorder display traits such as a grandiose sense of self-importance, a constant need for admiration, and a profound lack of empathy toward others. Research indicates that the condition affects a small percentage of the population and is diagnosed based on specific criteria outlined in the DSM. Therapy for individuals dealing with NPD typically involves specialized counseling and cognitive approaches to help manage toxic behaviors. Partners navigating these challenges often seek professional guidance through couple therapy to address recurring communication breakdowns and emotional distress. Understanding the underlying causes, including childhood experiences and genetic factors, is crucial for effective treatment outcomes and healthier relationships.

ADVERTISEMENT