ADVERTISEMENT

പ്രമേഹചികിത്സാരംഗത്തു വരുന്ന ഓരോ മുന്നേറ്റങ്ങളും രോഗനിയന്ത്രണത്തിൽ രോഗികളെ വളരെയധികം സഹായിക്കുന്നു. പ്രമേഹചികിത്സയിൽ വന്ന ഏറ്റവും വലിയ മാറ്റം വ്യക്തി അധിഷ്ഠിതവും (Person-centred) അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ചികിത്സാരീതിക്ക് ഊന്നൽ നൽകി എന്നതുമാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസിന്റെ അളവു മാത്രം നോക്കി രോഗം ചികിത്സിച്ചിരുന്നതിൽ നിന്നും മാറി മറ്റു രോഗാവസ്ഥകളും അമിതവണ്ണം, രോഗിയുടെ പ്രമേഹം കൊണ്ടുള്ള സങ്കീർണതകൾ, ജീവിതരീതികൾ, ചികിത്സയുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക സ്ഥിതികൾ എന്നിങ്ങനെ ഓരോ രോഗിക്കും പ്രായത്തിനും രോഗാവസ്ഥയ്ക്കും അനുസരിച്ചുള്ള ഏറ്റവും ഉചിതമായ ഒരു ചികിത്സാരീതിയാണ് ആവശ്യം. അതിനാണ് ഇന്നു പ്രാധാന്യം നൽകുന്നത്. ഇതേ കാലയളവിൽ സാങ്കേതിക വിദ്യയുടെ ഉപയോഗവും പ്രമേഹ ചികിത്സയിൽ നിർണായകമായ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്.

എഐയുടെ വരവ്

ADVERTISEMENT

എഐ അൽഗോരിതം വഴി ബന്ധിപ്പിച്ച കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോനിറ്ററിങ് സെൻസറും ഇൻസുലിൻ പമ്പും വഴി ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു നോക്കി ഇൻസുലിൻ കൊടുക്കുന്നതു ക്രമീകരിക്കാവുന്നതാണ്. മാത്രമല്ല, അടുത്ത 30 മിനിറ്റിലേക്കുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ വരാൻ സാധ്യതയുള്ള വ്യതിയാനത്തിന്റെ അളവു മനസ്സിലാക്കി ശരീരത്തിൽ ലഭ്യമാകുന്ന ഇൻസുലിന്റെ അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനും സാധിക്കും. ഇതു ഹൈപ്പോഗ്ലൈസീമിയയും (രക്തത്തിൽ ഗ്ലൂക്കോസ് നില കുറയുന്ന അവസ്ഥ) ഹൈപ്പർഗ്ലൈസീമിയയും (ഗ്ലൂക്കോസ് നില കൂടുന്ന അവസ്ഥ) തടയും. എഐ ഉപയോഗിച്ചു വ്യക്തി കേന്ദ്രീകൃതമായി പ്രമേഹ നിയന്ത്രണത്തിന് ആവശ്യമായ വ്യായാമമുറകളും ഭക്ഷണ നിയന്ത്രണവും നൽകാവുന്നതാണ്. മാത്രമല്ല പ്രമേഹത്തിന്റെ സങ്കീർണതകളായ റെറ്റിനോപ്പതി, നെഫ്രോപതി, പാദസങ്കീർണതകൾ എന്നിവയും കണ്ടുപിടിക്കാവുന്നതാണ്.

എഐ വഴിയുള്ള പരിശോധനകളും പൂർണമായും സുരക്ഷിതമാണെന്നു പറയാൻ പറ്റില്ല. അൽഗോരിതങ്ങൾ പലപ്പോഴും എല്ലാ വ്യക്തികൾക്കും ഉചിതമാകണമെന്നില്ല. എപ്പോഴും ഈ കാര്യങ്ങളെക്കുറിച്ച് ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചികിത്സ നടത്തുക.

ADVERTISEMENT

സൂചി കുത്താതെ പരിശോധന !

വിരലിൽ സൂചി കുത്താതെയോ അല്ലെങ്കിൽ രക്തം കുത്തി എടുക്കാതെയോ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുന്ന സാങ്കേതികവിദ്യയെയാണു നോൺ ഇൻവേസീവ് ബ്ലഡ് ഗ്ലൂക്കോസ് മോനിറ്ററിങ് എന്നു പറയുന്നത്. നിലവിൽ വളരെ കുറഞ്ഞ വേദനയുള്ള സിജിഎംഎസ് പോലുള്ള ഉപകരണങ്ങൾ ലഭ്യമാണ്. യഥാർഥത്തിൽ പൂർണമായും രക്തം എടുക്കാതെ (Non-invasive) കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസ് അളക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ഇതുവരെ ഔദ്യോഗിക ആരോഗ്യ മന്ത്രാലയങ്ങളുടെയോ (FDA പോലുള്ളവ) മെഡിക്കൽ ബോർഡുകളുടെയോ അംഗീകാരം ലഭിച്ചിട്ടില്ല. ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ADVERTISEMENT

പുതുതലമുറ സ്മാർട്ട് ഇൻസുലിൻ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കി മാത്രം ശരീരത്തിൽ ലഭ്യമാകുന്ന ഇൻസുലിൻ ഇന്നു ഗവേഷണ ഘട്ടത്തിലാണ്. ഗുളിക രൂപത്തിലുള്ള ഈ ഇൻസുലിൻ, ഇൻസുലിൻ ഉപയോഗിക്കുന്ന പ്രത്യേകിച്ചും ടൈപ്പ്-1 പ്രമേഹം ഉള്ളവരുടെ വലിയ പ്രതീക്ഷയാണ്. ഭാവിയിൽ ഇതു ലഭ്യമാകും.

ഡോ. ചാന്ദ്നി ആർ.
പ്രഫസർ ഓഫ് മെഡിസിൻ
മലബാർ മെഡിക്കൽ കോളജ്
കോഴിക്കോട്

English Summary:

Diabetes management has evolved significantly through personalized care approaches that consider patient lifestyles, financial situations, and overall health conditions rather than focusing solely on blood sugar levels. Artificial intelligence is revolutionizing this medical field by integrating continuous glucose monitors and insulin pumps to predict and regulate glucose fluctuations effectively. Patients can now benefit from AI-driven algorithms that forecast blood sugar levels for the next thirty minutes to prevent both hypoglycemia and hyperglycemia. Furthermore, advanced technology assists in determining customized exercise routines and dietary plans while detecting early complications like retinopathy and nephropathy. Non-invasive blood glucose monitoring technologies are currently undergoing extensive research, though they still await official medical board approvals. Next-generation smart insulin and oral pill formulations are emerging as promising research developments for type 1 diabetes patients. Medical professionals continue to emphasize that all technological interventions should be utilized under strict doctor supervision for maximum safety.

ADVERTISEMENT