ADVERTISEMENT

ദന്തവൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സന്ധി (joint) നമ്മുടെ മുഖത്ത് ഉണ്ടെന്ന വസ്തുത പലർക്കും പരിചിതമല്ല. ടെമ്പോറോമാൻഡിബുലാർ ജോയിന്റ് (TMJ) അഥവാ താടിയെല്ലിന്റെ സന്ധി, നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സന്ധികളിൽ ഒന്നാണ്. ഇത് കീഴ്ത്താടിയെല്ലിനെ (mandible) തലയോട്ടിയുമായി മുഖത്തിനിരുവശത്തും ബന്ധിപ്പിക്കുന്നു. സംസാരിക്കുവാനും, വായ് തുറക്കുവാനും, അടയ്ക്കുവാനും, ഭക്ഷണം ചവയ്ക്കുവാനും, ഇറക്കുവാനും തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഈ സന്ധിയുടെ പ്രവർത്തനമാണ് നമ്മെ പ്രാപ്തരാക്കുന്നത്. ഈ സന്ധിയെയോ, അതിനു ചുറ്റുമുള്ള പേശികളെയോ, അതുമായി ബന്ധപ്പെട്ട മറ്റ് ഘടനകളെയോ ബാധിക്കുന്ന രോഗാവസ്ഥകളെ മൊത്തത്തിൽ ടെമ്പോറോമാൻഡിബുലാർ ഡിസോർഡേഴ്സ് (TMDs) എന്ന് വിളിക്കുന്നു. ഈ രോഗവസ്ഥകളെയും, അവയുടെ ലക്ഷണങ്ങളെയും കുറിച്ച് നല്ലൊരു പങ്ക് ജനങ്ങളും ബോധവാന്മാരല്ല; അതിനാൽ തന്നെ, തുടക്കത്തിൽ കാണിക്കുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ പലരും അവഗണിച്ചേക്കാം. പ്രശ്നം നേരത്തെ തിരിച്ചറിയുന്നതും, കൃത്യമായ ദന്തചികിത്സ തേടുന്നതും കൂടുതൽ അസ്വസ്ഥതകൾ ഒഴിവാക്കാനും, രോഗം മൂർഛിക്കാതിരിക്കാനും സഹായിക്കും.

teethinfo
താടിയെല്ല് സന്ധിയും അനുബന്ധഘടകങ്ങളും. താടിയെല്ലിന്റെ സന്ധിയിലെ അസ്ഥികൾക്കിടയിലുള്ള ഡിസ്ക് (നീല നിറത്തിൽ)

സാധാരണ രോഗലക്ഷണങ്ങൾ

ADVERTISEMENT

∙ താടിയെല്ലിന്റെ സന്ധിക്ക് ചുറ്റും, ചെവിയുടെ മുൻപിലായി അല്ലെങ്കിൽ തലയുടെ വശങ്ങളിൽ വേദന അനുഭവപ്പെടുകയും, ഭക്ഷണം ചവയ്ക്കുമ്പോൾ വേദന കൂടുകയും ചെയ്യുക

∙ ഞൊട്ട പൊട്ടുന്ന പോലെയുള്ള ശബ്ദങ്ങൾ (click sound): വായ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ സന്ധിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുക.

ADVERTISEMENT

∙ വായ തുറക്കുന്നതിൽ ബുദ്ധിമുട്ട്: താടിയെല്ലിന്റെ ചലനത്തിന് തടസ്സം നേരിടുകയോ, വായ പൂർണമായി തുറക്കാൻ കഴിയാത്ത അവസ്ഥ (locking) ഉണ്ടാവുകയോ ചെയ്യുക.

∙ ചെവിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ: ചെവി വേദന, ചെവിയിൽ എന്തോ നിറഞ്ഞിരിക്കുന്നതുപോലെയുള്ള തോന്നൽ, അല്ലെങ്കിൽ ചെവിയിൽ മുഴക്കം അനുഭവപ്പെടുക.

ADVERTISEMENT

∙ താടിയെല്ലിനും മുഖത്തിനും ചുറ്റുമുള്ള, പേശികൾക്ക് മുറുക്കം അനുഭവപ്പെടുക.

എന്നാൽ വായ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ ഞൊട്ട പൊട്ടുന്ന ശബ്ദം കേൾക്കുന്ന എല്ലാവർക്കും ജോയിന്റ് പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. മറിച്ച്, വേദനയോ, വായ തുറക്കുന്നതിൽ ബുദ്ധിമുട്ടോ കൂടെയുണ്ടെങ്കിൽ, ഈ ശബ്ദങ്ങളെ ഗൗരവമായി കാണേണ്ടതുണ്ട്.

രോഗത്തിന്റെ കാരണങ്ങൾ:

1. പല്ലിറുമ്മുന്ന ശീലം അല്ലെങ്കിൽ ഉറക്കത്തിൽ പല്ല് കടിച്ചു ഞെരിക്കുന്ന ശീലം (Bruxism).

2. സ്ഥിരമായി ഒരുവശത്തെ അണപ്പല്ലുകൾ മാത്രം ഉപയോഗിച്ച് ഭക്ഷണം ചവയ്ക്കുന്നത് പോലുള്ള ശീലങ്ങൾ. (Unilateral chewing habit)

3. സ്ഥിരമായി ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലം.

4. സ്ഥിരമായി ഇയർ ഫോൺ/ ഹെഡ് ഫോൺ ഉപയോഗിക്കുന്ന ശീലം

5. താടിയെല്ലിന് ഏൽക്കുന്ന ക്ഷതങ്ങളും, പരിക്കുകളും.

6. ജന്മനായുള്ള താടിയെല്ലുകളുടെ വൈകല്യം.

7. നിര തെറ്റിയ പല്ലുകൾ, ശരിയായി ക്രമപ്പെടുതാത്ത കൃത്രിമ പല്ലുസെറ്റുകൾ, അല്ലെങ്കിൽ അശാസ്ത്രീയമായ പല്ല് അടയ്ക്കൽ തുടങ്ങിവയൊക്കെ സന്ധിക്ക് അമിതസമ്മർദ്ദം ഉണ്ടാക്കാം.

8. മൊബൈൽ ഫോണുകളും കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ കഴുത്തിലും, പുറത്തും സമ്മർദ്ദമുണ്ടാക്കുന്ന ശരീരഭാവം(posture).

9. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും, ഉറക്കമില്ലായ്മയും; ഇവ സന്ധിക്ക് ചുറ്റുമുള്ള പേശികളിൽ സമ്മർദ്ദം വർധിപ്പിക്കാൻ ഇടയാക്കും.

10. താടിയെല്ലിന്റെ സന്ധിയെ ബാധിക്കുന്ന വാതം (Arthritis).

പലപ്പോഴും, മേൽവിവരിച്ച ഒന്നിലധികം ഘടകങ്ങൾ ചേർന്നാണ് സന്ധി സംബന്ധമായി രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്.

താടിയെല്ലിലെ സന്ധിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗവസ്ഥകൾ:

സന്ധിയിലെ ഡിസ്കിന്റെ സ്ഥാനചലനം (Internal derangement)

സന്ധിയുടെ മുകളിലെയും, താഴത്തെയും അസ്ഥികൾക്കിടയിൽ താരതമ്യേന മൃദുവായ ഒരു ഡിസ്ക് സ്ഥിതിചെയ്യുണ്ട്. ഇതിന്റെ സ്ഥാനചലനം മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഈ സന്ധിയെ ഏറ്റവും കൂടുതലായി ബാധിക്കുന്ന രോഗാവസ്ഥ.

വായ തുറക്കുകയോ, അടയ്ക്കുകയോ ചെയ്യുമ്പോൾ, മിക്കവാറും ഞൊട്ട പൊട്ടുന്നത് പോലുള്ള ശബ്ദം കേൾക്കുക എന്നതാണ് ഈ അവസ്ഥയിൽ കാണുന്ന മുഖ്യ ലക്ഷണം. കൂടാതെ വായ് തുറക്കുമ്പോൾ താടി ഒരുവശത്തേക്ക് കോടുന്നതും ഇതിന്റെ ലക്ഷണമാണ്, ഭൂരിപക്ഷം രോഗികളിലും വേദനയും കൂടെയുണ്ടാവും.

എന്തു കാരണം കൊണ്ടാണ് സ്ഥാനചലനം സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞു, അത് തിരുത്തുകയാണ് ഏറ്റവും നല്ല ചികിത്സ. കൂടാതെ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും, മൃദുവായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്നതും,വായ് അമിതമായി തുറക്കുന്നത് ഒഴിവാക്കുന്നതും ( ഉദാ:-കോട്ടുവാ ഇടുമ്പോൾ പൂർണമായും വായ് തുറക്കാതെ നിയന്ത്രിക്കുന്നതുൾപ്പടെ) ഡിസ്ക് പൂർവസ്ഥിതിയിലേക്ക് തിരിച്ചു പോകുന്നതിന് സഹായിക്കും. കൂടാതെ സന്ധിക്ക് ചുറ്റും ചൂട് വച്ച് കൊടുക്കുന്നതും, വേദനസംഹാരികളും, മസ്സിൽ റിലാക്സൻറ് മരുന്നുകളും ഫലപ്രദമാണ്. ഇത്തരം ചികിത്സകൾ കൊണ്ടും കുറയാത്ത രോഗവസ്ഥകളിൽ ഡിസ്കിന്റെ കൃത്യമായ സ്ഥാനം വിലയിരുത്തിവാനും, വിദഗ്ധ ചികിത്സ നിശ്ചയിക്കാനും അൾട്രാ സൗണ്ട് സ്കാനിങ്, എം ആർ ഐ സ്കാനിങ് തുടങ്ങിയ പരിശോധനകൾ ആണ് കൂടുതൽ ഫലപ്രദം.

സന്ധിവാതങ്ങൾ (Arthritis)

ശരീരത്തിലെ മറ്റ് സന്ധികളെപ്പോലെ, താടിയെല്ലിന്റെ സന്ധിയെയും ആർത്രൈറ്റിസ് ബാധിക്കാം. സന്ധിയുടെ തേയ്മാനം അല്ലെങ്കിൽ നീർക്കെട്ടോടെയുള്ള അപചയത്തെയാണ് ആർത്രൈറ്റിസ് എന്ന് പറയുന്നത്, ഇത് വേദന, താടിയെല്ലുകളുടെ ചലനങ്ങളിൽ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. മുഖ്യമായും രണ്ടുതരത്തിലുള്ള വാതം ആണ് ഈ സന്ധിയെ ബാധിക്കുന്നത്

1. ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteo arthritis): സന്ധിയുടെ തേയ്മാനം, പ്രത്യേകിച്ച് പ്രായം കൂടുന്നതിനനുസരിച്ച്.

2. റുമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid arthritis): താടിയെല്ലിന്റെ സന്ധിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്യൂൺ അവസ്ഥ. ഈ അവസ്ഥയിലാണ് നീർക്കെട്ടും, അസ്ഥി തേയ്മാനവും കൂടുതൽ രൂക്ഷമായി കാണപ്പെടുന്നത്.

വേദനസംഹാരികളും, നീർക്കെട്ടിനുള്ള മരുന്നുകളും ഉപയോഗിച്ചുള്ള ചികിത്സയാണ് ഈ രോഗികൾക്ക് ആദ്യം നൽകുന്നത്. എന്നിട്ടും, രോഗലക്ഷണങ്ങൾ കുറയാതെ നിൽക്കുന്ന രോഗികളിൽ എക്സ്റേ അല്ലെങ്കിൽ സിബിസിടി (CBCT) സ്കാൻ പരിശോധന നടത്തി, ജോയിന്റ് തേയ്മാനത്തിന്റെ വ്യാപ്തി മനസിലാക്കി വേണം വിദഗ്ധചികിത്സ നിശ്ചയിക്കുവാൻ.

മയോഫേഷ്യൽ പെയിൻ ഡിസ്ഫങ്ഷൻ സിൻഡ്രം (MPDS)

താടിയെല്ലിന്റെ ചലനത്തിൽ സഹായിക്കുന്ന പേശികളെ ബാധിക്കുന്ന ഈ അവസ്ഥയിൽ വേദനയും, താടിയെല്ലിന്റെ സന്ധിയുടെ പ്രവർത്തനത്തിൽ അപാകതയും ഉണ്ടാകുന്നു. താടിയെല്ലിന്റെ സന്ധിയുടെ ചുറ്റുമുള്ള വേദന, മരവിപ്പ്, വായ തുറക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദനയും, മനംപിരട്ടലും, ചെവിവേദനയും, കഴുത്തിലെ പേശികളുടെ വേദനയുമാണ് സാധാരണ കാണുന്ന മറ്റ് രോഗലക്ഷണങ്ങൾ.

മാനസിക സമ്മർദ്ദവും ഉത്കണ്ഠയും, ഉറക്കമില്ലായ്മയും കൂടെ പല്ലു കടിച്ചു ഞെരിക്കലുമൊക്കെയാണ് ഈ രോഗാവസ്ഥക്ക് കാരണമായി പറയുന്നത്. താടിയെല്ലിന്റെ സന്ധിയെ കൂടാതെ ചെവി, നാഡി എന്നിവയുടെയും രോഗലക്ഷണങ്ങളും കാണിക്കുന്നത് കൊണ്ടാണ് ഈ രോഗാവസ്ഥയെ, സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്.

ചികിത്സാരീതികൾ

രോഗാവസ്ഥയുടെ അടിസ്ഥാന കാരണവും തീവ്രതയും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിശ്രമ രീതികൾ (relaxation techniques) പരിശീലിക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുവാൻ ശീലിക്കുക, ആവശ്യമെങ്കിൽ, ഒരു കൗൺസലർ/ സൈക്കോളജിസ്റ്റിന്റെ സഹായം തേടുക.

കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും, വായ് അമിതമായി തുറക്കുന്നത് ഒഴിവാക്കുന്നതും, താടിയെല്ലിലെ പേശികളിൽ ചൂടു പിടിച്ചു കൊടുക്കുന്നതുമൊക്കെ ഈ അവസ്ഥയിലും സഹായകരമാണ്. വേദനസംഹാരികളും, മസ്സിൽ റിലാക്സൻറ് മരുന്നുകളും ഇവിടെയും ഫലപ്രദമാണ്.

സന്ധിയിലും, പേശികളിലും അമിത സമ്മർദ്ദം ഉണ്ടാക്കുന്ന മറ്റ് കാരണങ്ങളും കുറയ്ക്കുക എന്നുള്ളത് ഇവിടെയും ബാധകമാണ്. പ്രത്യേകിച്ച്, മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുമ്പോൾ, ശരിയായ ശരീരഭാവം (posture) നിലനിർത്തുക എന്നുള്ളത്.

ഒക്ലൂസൽ സ്പ്ലിന്റുകൾ (Occlusal splints): രോഗികൾക്കായി പ്രത്യേകം തയാറാക്കുന്ന, പല്ലുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന സുരക്ഷാകാവചങ്ങളും (പ്രത്യേകിച്ച് ഉറക്കത്തിൽ പല്ല് കടിക്കുന്ന ശീലമുള്ളവർക്കും, മുകളിലെയും, താഴത്തെയും പല്ലുകൾ തമ്മിൽ കടിക്കുമ്പോൾ സന്തുലിതാവസ്ഥ ഇല്ലാത്തവരിലും) ഉപയോഗിക്കാറുണ്ട്.

ഫിസിയോതെറാപ്പി: താടിയെല്ലിനായുള്ള പ്രത്യേക വ്യായാമങ്ങളും പേശികൾക്ക് അയവ് നൽകുന്ന ഫിസിയോതെറാപ്പിയും രോഗലക്ഷണങ്ങൾ കുറയ്ക്കുവാൻ സഹായിക്കും.

രോഗിയുടെ സഹകരണം പൂർണമായും ഉണ്ടെങ്കിൽ, മിക്ക രോഗവസ്ഥകളും പൂർണമായും ഭേദമാവുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ, ചെറിയൊരു ശതമാനം രോഗികളിൽ ചിലപ്പോൾ പ്രതീക്ഷിച്ച പുരോഗതി ലഭിക്കാതെ വരുമ്പോൾ കൂടുതൽ വിപുലമായ വിദഗ്ദ്ധ ചികിത്സയോ, ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

തയാറാക്കിയത്

ഡോ. ഫിലിപ്സ് മാത്യു
പ്രഫസർ
ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം
ഗവ. ദന്തൽ കോളജ്
കോട്ടയം

English Summary:

Temporomandibular joint disorders affect many people who remain unaware of the facial joint connecting the lower jaw to the skull. This vital joint enables everyday activities like speaking, chewing, and swallowing food safely. Various factors such as bruxism, stress, poor posture, and teeth misalignment can trigger painful conditions. Common symptoms include jaw clicking sounds, ear pain, muscle tightness, and difficulty opening the mouth fully. Medical conditions like internal disc displacement, arthritis, and myofascial pain dysfunction syndrome require proper diagnosis. Treatments range from lifestyle modifications and physical therapy to occlusal splints and advanced medical scans. Early dental consultation helps prevent chronic discomfort and ensures effective long-term management of jaw joint issues.

ADVERTISEMENT