വയറുവേദനയും വയറ്റിലെ കോച്ചിവലിച്ചിലും (Abdominal Cramps) പലരും നിസ്സാരമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ, ഇതു സാധാരണ ദഹനക്കേടു മുതൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗുരുതര രോഗങ്ങളുടെ വരെ ലക്ഷണമാകാം. വയറുവേദനയുടെ കാരണങ്ങൾ മനസ്സിലാക്കുന്നതും, അപകടസൂചനകൾ തിരിച്ചറിയുന്നതും ശരിയായ ചികിത്സ സമയത്തിനു ലഭിക്കാൻ അത്യന്താപേക്ഷിതമാണ്.
പ്രധാന കാരണങ്ങൾ
ദഹനവ്യവസ്ഥ, മൂത്രാശയ വ്യവസ്ഥ, അല്ലെങ്കിൽ പ്രത്യുൽപാദന അവയവങ്ങളിലെ പേശികളുടെ പെട്ടെന്നുള്ള സങ്കോചം മൂലമാണ് സാധാരണയായി വയറ്റിൽ കോച്ചിവലിച്ചിൽ ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ:
∙ ദഹനപ്രശ്നങ്ങൾ: ഗ്യാസ്ട്രബിൾ (വയറ്റിൽ ഗ്യാസ് അടിഞ്ഞുകൂടുന്നത്), ദഹനക്കേട്, മലബന്ധം, വയറിളക്കം, ഭക്ഷ്യവിഷബാധ, അസിഡിറ്റി, അൾസർ, ഇറിറ്റബിൾ ബവൽ സിൻഡ്രം (IBS).
∙ സ്ത്രീകളിലെ ഹോർമോൺ/പ്രത്യുൽപാദന മാറ്റങ്ങൾ: ആർത്തവവേദന (Dysmenorrhea), ഓവുലേഷൻ സമയത്തെ വേദന, എൻഡോമെട്രിയോസിസ്, അല്ലെങ്കിൽ ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങളിലെ മാറ്റങ്ങൾ.
∙ അണുബാധയും മറ്റ് അസുഖങ്ങളും: മൂത്രാശയ അണുബാധ (UTI), വൃക്കയിലെ കല്ല് (Kidney Stones), അപ്പെൻഡിസൈറ്റിസ്, കുടലിലെ വീക്കം (Crohn's disease).
വേദന അനുഭവപ്പെടുന്ന ഭാഗങ്ങൾ
വയറ്റിൽ വേദന അനുഭവപ്പെടുന്ന സ്ഥാനവും രോഗകാരണങ്ങളും ഒറ്റനോട്ടത്തിൽ
1. വയറിന്റെ മുകൾഭാഗം – അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചിൽ, പിത്താശയത്തിലെ കല്ല് അല്ലെങ്കിൽ വീക്കം
2. പൊക്കിളിനു ചുറ്റുമുള്ള ഭാഗം – അപ്പെൻഡിസൈറ്റിസിന്റെ പ്രാരംഭ ഘട്ടം, കുടലിലെ അണുബാധ, ദഹനക്കേട്
3. വയറിന്റെ അടിഭാഗം – ആർത്തവവേദന, മൂത്രാശയ അണുബാധ, മലബന്ധം
4. വയറിന്റെ താഴെ വലതുഭാഗം – അപ്പെൻഡിസൈറ്റിസ് (പെട്ടെന്ന് കൂടുന്ന കഠിനമായ വേദന, ചുമയ്ക്കുമ്പോഴോ നടക്കുമ്പോഴോ വേദന കൂടുന്നത്)
ലഘുവായ വേദനയ്ക്കുള്ള പ്രഥമശുശ്രൂഷകൾ
തീവ്രമല്ലാത്തതും സാധാരണ ഗ്യാസ് മൂലമോ ആർത്തവം മൂലമോ ഉള്ള വേദനയ്ക്കും ചെയ്യാവുന്ന കാര്യങ്ങൾ:
∙ ചൂടുപിടിക്കുക: ഹോട്ട് വാട്ടർ ബാഗോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയോ വയറിന് മുകളിൽ വയ്ക്കുന്നത് പേശികൾ അയയാനും വേദന കുറയ്ക്കാനും സഹായിക്കും.
∙ ധാരാളം വെള്ളം കുടിക്കുക: ഒ.ആർ.എസ് (ORS) ലായനി, ജീരകവെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കുക. സോഡ, ചായ, കാപ്പി എന്നിവ ഒഴിവാക്കുക.
∙ ലഘുവായ ഭക്ഷണം കഴിക്കുക: കഞ്ഞി, പുഴുങ്ങിയ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. എണ്ണയും എരിവും കൂടുതലുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
∙ വിശ്രമം: കഠിനമായ വ്യായാമങ്ങളും ജോലികളും ഒഴിവാക്കി കാൽ അൽപം മടക്കിവെച്ച് വിശ്രമിക്കുക.
ഉടൻ ചികിത്സ തേടുക
താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം:
∙ പെട്ടെന്നുണ്ടാകുന്ന, സഹിക്കാൻ കഴിയാത്ത കഠിനമായ വേദന
∙ വിട്ടുമാറാത്ത കടുത്ത പനി, വിറയൽ
∙ തുടർച്ചയായ ഛർദ്ദി അല്ലെങ്കിൽ ഛർദ്ദിയിൽ രക്തത്തിന്റെ അംശം കാണുക
∙ മലത്തിൽ രക്തം കാണപ്പെടുകയോ മലം കറുത്ത നിറത്തിൽ പോവുകയോ ചെയ്യുക
∙ നെഞ്ചിലേക്കോ തോളിലേക്കോ കഴുത്തിലേക്കോ പടരുന്ന വേദന
∙ വയർ വലിഞ്ഞു മുറുകി, തൊടുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുക
∙ തലകറക്കം, ബോധക്കേട് അല്ലെങ്കിൽ അമിതമായ തളർച്ച
∙ ഗർഭാവസ്ഥയിൽ അല്ലെങ്കിൽ ഗർഭിണിയാണെന്ന് സംശയമുള്ളപ്പോൾ ഉണ്ടാകുന്ന അടിവയറ്റിലെ കഠിനമായ വേദന
തുടർച്ചയായി വരുന്നതോ വഷളാകുന്നതോ ആയ വയറുവേദനയെ ഒരിക്കലും നിസ്സാരമായി കാണരുത്. വേദനസംഹാരികൾ പതിവായി കഴിച്ച് രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കാതെ കൃത്യസമയത്ത് ഡോക്ടറുടെ സേവനം തേടുകയാണു വേണ്ടത്.
ഡോ. പി. പി. വേണുഗോപാലൻ
ചെയർ & ലീഡ് കൺസൽറ്റന്റ്
എമർജൻസി മെഡിസിൻ വിഭാഗം
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്