ADVERTISEMENT

പ്രോട്ടീൻ സമ്പന്നമായ സസ്യാഹാരങ്ങൾ തേടുകയാണോ ? എങ്കിൽ തീർച്ചയായും പരിചയപ്പെടേണ്ട ഒരു വിഭവമാണ് എഡമാമേ. പൂർണമായി പാകമാകാത്ത പച്ച സോയാബീനാണ് എഡമാമേ എന്നറിയപ്പെടുന്നത്. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഈ ഭക്ഷണം പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. സസ്യാഹാരം കഴിക്കുന്നവർക്ക് ഒട്ടേറെ പോഷകങ്ങൾ ലഭ്യമാക്കാൻ എഡമാമേ സഹായിക്കും. ഇന്ത്യൻ വിപണിയിലേക്ക് എഡമാമേ എത്തിയിട്ടു വർഷങ്ങളായെങ്കിലും കേരളത്തിലെ  വിപണികളിൽ അവ അത്ര വ്യാപകമായിട്ടില്ല.

നിറയെ പോഷകങ്ങൾ

ADVERTISEMENT

വേവിച്ച എഡമാമേ 100 ഗ്രാമിൽ ഏകദേശം 121 കിലോ കാലറി ഊർജം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും നാരുകളും ഒരുപോലെ അടങ്ങിയിരിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ചില ധാതുക്കളുടെയും വൈറ്റമിനുകളുടെയും ഉറവിടവുമാണ് എഡമാമേ.

100 ഗ്രാം വേവിച്ച എഡമാമേയിലെ പോഷകങ്ങളുടെ അളവ് ഇങ്ങനെയാണ്.

ADVERTISEMENT

• ഊർജം – 121 കിലോ കാലറി

• പ്രോട്ടീൻ – 11.9 ഗ്രാം

ADVERTISEMENT

• കാർബോഹൈഡ്രേറ്റ് – 8.9 ഗ്രാം

• കൊഴുപ്പ് – 5.2 ഗ്രാം

• ഭക്ഷ്യനാരുകൾ – 5.2 ഗ്രാം

• കാൽസ്യം – 63 മി.ഗ്രാം

• ഇരുമ്പ് – 2.3 മി.ഗ്രാം

• പൊട്ടാസ്യം – 436 മി.ഗ്രാം

• ഫോളേറ്റ് – 311 മൈക്രോഗ്രാം

എഡമാമേ തയാറാക്കാൻ വളരെ എളുപ്പമാണ്. നന്നായി വേവിച്ച എഡമാമേയിൽ അൽപം ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു കഴിക്കാം.
• വേവിച്ച എഡമാമേ വൈകുന്നേരത്തെ ലഘുഭക്ഷണമായി കഴിക്കാം.
• പച്ചക്കറി സാലഡുകളിൽ ചേർക്കാം.
• സൂപ്പുകളിൽ ഉൾപ്പെടുത്താം.
• മറ്റു പച്ചക്കറികൾക്കൊപ്പം വഴറ്റിയെടുക്കാം. ചോറിനോടോ കീൻവയോടോ ചേർത്തു കഴിക്കാം.

എഡമാമേയും സ്ത്രീകളുടെ ആരോഗ്യവും

സ്ത്രീകളുടെ ജീവിതഘട്ടങ്ങൾ മാറുന്നതിന് അനുസരിച്ചു ശരീരത്തിന്റെ പോഷകാവശ്യങ്ങളും മാറിക്കൊണ്ടിരിക്കും. ആർത്തവപ്രായം, ഗർഭകാലം, ആർത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ ഘട്ടങ്ങളിലെ ആരോഗ്യ ഭക്ഷണക്രമത്തിന്റെ ഭാഗമാകാൻ എഡമാമേയ്ക്കും കഴിയും.

ആർത്തവപ്രായത്തിൽ പ്രോട്ടീൻ, ഇരുമ്പ്, ഫോളേറ്റ്, നാരുകൾ എന്നിവ അടങ്ങിയ എഡമാമേ ആരോഗ്യ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. പ്രോട്ടീൻ, ഫോളേറ്റ്, ഇരുമ്പ് എന്നിവ ഗർഭകാലത്തു പ്രധാനമായ പോഷകങ്ങളാണ്. എഡമാമേ നന്നായി വേവിച്ച് ഉപയോഗിക്കണം. എന്നാൽ സോയ അലർജിയുള്ളവർ ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ആർത്തവവിരാമകാലത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവു കുറയുന്നതോടെ ചില സ്ത്രീകൾക്ക് ശരീരത്തിൽ പെട്ടെന്ന് ചൂട് അനുഭവപ്പെടുക, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എഡമാമേയിൽ ഐസോഫ്ലേവോൺസ് എന്ന ഫൈറ്റോഈസ്ട്രജൻ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഈ ഘട്ടത്തിൽ ആർത്തവവിരാമലക്ഷണങ്ങൾ കുറയ്ക്കുന്നതിനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചില സ്ത്രീകളിൽ ഈ സംയുക്തങ്ങൾ ശരീരത്തിൽ പെട്ടെന്ന് ചൂട് അനുഭവപ്പെടുന്ന പ്രശ്നം കുറയ്ക്കാൻ ചെറിയ തോതിൽ സഹായിച്ചേക്കാം. എന്നാൽ ഈ ഗുണം എല്ലാവരിലും ഒരുപോലെയല്ല എന്നതും അറിയേണ്ടതാണ്.

പ്രോട്ടീൻ പേശീനഷ്ടം കുറയ്ക്കാൻ സഹായിക്കുന്നു. നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണക്രമത്തിന്റെ ഭാഗമായും എഡമാമേ ഉപയോഗിക്കാം.എന്നാൽ ആർത്തവവിരാമകാലത്തെ ഹോർമോൺ ചികിത്സയ്ക്ക് പകരമായി എഡമാമേ ഉപയോഗിക്കാനാവില്ല.

പുരുഷൻമാർക്കും കുട്ടികൾക്കും

എഡമാമേ പുരുഷന്മാർക്കും കുട്ടികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.

• സസ്യപ്രോട്ടീൻ മസിലുകളുടെ സംരക്ഷണത്തിനു സഹായിക്കുന്നു.

• പൂരിത കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഉറവിടമായതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.

• പ്രോട്ടീനും നാരുകളും വയറു നിറഞ്ഞ സംതൃപ്തി നൽകുന്നതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രണത്തിലാക്കാം.

• ഭക്ഷ്യനാരുകൾ കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും സഹായകരമാണ്.

• ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി സോയ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനു ചെറിയ തോതിൽ സഹായിക്കാം.

കുട്ടികളുടെ ഭക്ഷണത്തിൽ പ്രായത്തിനുംആഹാരം ചവയ്ക്കാനുള്ള കഴിവിനും അനുസരിച്ച് വിദഗ്ധ നിർദേശത്തോടെ എഡമാമേ ഉൾപ്പെടുത്താം. ബീൻസ്  നന്നായി വേവിച്ചു നൽകണം. കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ തൊലി നീക്കി ഉടച്ച് മൃദുവായ രൂപത്തിലാക്കണം.ചെറിയ കുട്ടികൾക്കു മുഴുവൻ എഡമാമേ ബീൻസ് നൽകുന്നതിലൂടെ ശ്വാസനാളത്തിൽ കുടുങ്ങാനുള്ള സാധ്യതയുണ്ട്. അഞ്ച് വയസ്സിനു  താഴെയുള്ള കുട്ടികൾക്ക് മുഴുവൻ ബീൻസ് നൽകാതിരിക്കുന്നതാണ് അഭികാമ്യം. 

കഴിക്കുമ്പേൾ

വേവിച്ച എഡമാമേ അരക്കപ്പ് മുതൽ ഒരുകപ്പ് വരെ (ഏകദേശം 75–155 ഗ്രാം) ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് വ്യക്തിയുടെ പ്രായം, ഊർജാവശ്യം, മറ്റ് ഭക്ഷണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

• മുതിർന്ന സ്ത്രീകൾ – അരക്കപ്പ് മുതൽ ഒരു കപ്പ് വരെ

• മുതിർന്ന പുരുഷന്മാർ – അരക്കപ്പ് മുതൽ ഒരു കപ്പ് വരെ

• ആർത്തവവിരാമകാലത്തെ സ്ത്രീകൾ – അരക്കപ്പ് മുതൽ ഒരു കപ്പ് വരെ

• കുട്ടികൾ – പ്രായത്തിനനുസരിച്ച് 2– 4 ടേബിൾസ്പൂൺ മുതൽ ക്രമീകരിക്കാം.

ഇവ പൊതുവായ ഭക്ഷണ അളവുകളാണ്. എല്ലാവർക്കും ഒരേ അളവ് നിർബന്ധമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• സോയ അലർജിയുള്ളവർ എഡമാമേ ഒഴിവാക്കണം.

• ഉപ്പ് കൂടുതലായി ചേർത്ത എഡമാമേ പതിവായി കഴിക്കുന്നതും  ഒഴിവാക്കാം.

• തൈറോയ്ഡ് മമരുന്നു കഴിക്കുന്നവർ
ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.

• സ്തനാർബുദ ചികിത്സയിലുള്ളവരും പ്രത്യേക ചികിത്സാ സാഹചര്യങ്ങളിലുള്ളവരും ഭക്ഷണത്തിലെ സോയയുടെ അളവ് സംബന്ധിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം തേടുന്നതു നല്ലതാണ്. പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയ എഡമാമേ, ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഇടം നൽകാവുന്ന മികച്ച സസ്യപ്രോട്ടീൻ ഉറവിടമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്
ഡോ. പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
എസ് യു ടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം

ADVERTISEMENT