ADVERTISEMENT

ഇഷ്ടമുള്ള ആഹാരം കഴിക്കാനാണു കുട്ടികൾക്കിഷ്ടം. എന്നാൽ അതിൽ കുട്ടികൾക്കാവശ്യമായ പോഷകങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാനാകില്ല. കുട്ടി കുറച്ചൊക്കെ കഴിക്കുന്നുണ്ട് എന്നതിലുപരി, വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്രോട്ടീൻ മുതൽ നാരുകൾ വരെയുള്ള
ഓരോ പോഷകത്തിനും കുട്ടിയുടെ വളർച്ചയിൽ കൃത്യമായൊരു പങ്കുണ്ട്. സെപ്‌റ്റംബർ മാസം പോഷകാഹാരത്തിനു പ്രാധാന്യം നൽകുന്ന മാസമായി ആചരിക്കുമ്പോൾ, കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങളും അവ അടങ്ങിയ ആഹാരങ്ങളും ഏതെന്ന് അറിയാം.

∙ പ്രോട്ടീൻ – കുട്ടികളുടെ പേശികൾ, അസ്ഥികൾ, കോശങ്ങൾ എന്നിവയുടെ വളർച്ചയ്ക്കും വികാസത്തിനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. അതിനായി മുട്ട, പാൽ, തൈര്, മീൻ, ചിക്കൻ, മാംസം, പരിപ്പ്, കടല, പയർവർഗങ്ങൾ, സോയ, നട്സ് എന്നിവ ആഹാരത്തിലുൾപ്പെടുത്താം.

കാൽസ്യം – കുട്ടികളുടെ ആഹാരത്തിൽ കാൽസ്യം വളരെ പ്രധാനമാണ്. അസ്ഥികളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് പാൽ, തൈര്, റാഗി, എള്ള്, ചെറിയ മീനുകൾ, കാൽസ്യം ഫോർട്ടിഫൈഡ് ആഹാരങ്ങൾ എന്നിവ  നൽകാം.

ADVERTISEMENT

ഇരുമ്പ് – രക്തം ഉണ്ടാകുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഇരുമ്പ് അത്യാവശ്യമാണ്. മാംസം, മീൻ, മുട്ട, കരൾ, പരിപ്പ്, കടല, പയർ വർഗങ്ങൾ, ഇലക്കറികൾ, എള്ള് എന്നിവയെല്ലാം ഇരുമ്പ് അടങ്ങിയ ആഹാരങ്ങളാണ്. അതിനൊപ്പം നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച്, നാരങ്ങ എന്നിവ ഉൾപ്പെടുന്ന വൈറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ കൂടി നൽകുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.

വൈറ്റമിൻ ഡി - അസ്ഥിയുടെ വളർച്ചയ്ക്കും കാത്സ്യം ആഗിരണത്തിനും വൈറ്റമിൻ ഡി ആവശ്യമാണ്. അതിനായി മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മീനുകൾ എന്നിവയ്ക്കൊപ്പം ആവശ്യമായ സൂര്യപ്രകാശ ലഭ്യതയും പ്രധാനമാണ്.

ADVERTISEMENT

വൈറ്റമിൻ എ – കാഴ്ചയ്ക്കും പ്രതിരോധ ശേഷിക്കും വൈറ്റമിൻ എ പ്രധാനമാണ്. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, ചീര, മുരിങ്ങയില, മാമ്പഴം, പപ്പായ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താം.

ഒമേഗ 3 ഫാറ്റി ആസിഡ് – തലച്ചോറിന്റേയും കണ്ണുകളുടേയും ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് പ്രധാനമാണ്. മത്തി, അയല, സാൽമൺ പോലെ കൊഴുപ്പുള്ള മീനുകൾ, വാൽനട്സ്, ഫ്ലാക്സ് സീഡ്, ചിയാസീഡ് എന്നിവ കുട്ടിക്കു നൽകാം.

ADVERTISEMENT

അയഡിൻ – തലച്ചോറിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും അയഡിൻ പ്രധാനമാണ്. അതിനായി അയഡൈസ്ഡ് ഉപ്പ്, കടൽമത്സ്യം, പാൽ, തൈര്, മുട്ട എന്നിവയ്ക്ക് ആഹാരത്തിൽ പ്രാധാന്യം നൽകണം.

സിങ്ക് – വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും സിങ്ക് ഉത്തമമാണ്. അതിനായി മാംസം, മീൻ, മുട്ട, പാൽ, പയർവർഗങ്ങൾ, കടല, നട്സ്, സീഡ്സ് എന്നിവ നൽകാം.

ഫോളിക് ആസിഡ് – കോശവളർച്ചയ്ക്കും രക്ത നിർമ്മാണത്തിനും ഫോളിക് ആസിഡ് ഉൾപ്പെടുത്താം.
ചീരയും മറ്റ് ഇലക്കറികളും, പയർവർഗങ്ങൾ, അവക്കാഡോ, ഓറഞ്ച്, മുട്ട എന്നിവ ആഹാരത്തിലുൾപ്പെടുത്താം.

വൈറ്റമിൻ ബി12 – രക്തം രൂപപ്പെടുന്നതിനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും വൈറ്റമിൻ ബി12 പ്രധാനമാണ്. മുട്ട, പാൽ, തൈര് , മീൻ, ചിക്കൻ, മാംസം തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം. സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടികളിൽ ബി12 ന്റെ ലഭ്യത പ്രത്യേകം ശ്രദ്ധിക്കണം.

നാരുകൾ – ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നാരുകൾ പ്രധാനമാണ്.
പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഓട്സ്, മുഴു ധാന്യങ്ങൾ, ബ്രൗൺ റൈസ് എന്നിവ കുട്ടിയുടെ ആഹാരത്തിൽ‍ ഉറപ്പു വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
എസ് യു ടി ഹോസ്പിറ്റൽ , പട്ടം
തിരുവനന്തപുരം

ADVERTISEMENT