ADVERTISEMENT

കുട്ടി തുടർച്ചയായി കള്ളം പറയുന്നതാണു പ്രശ്നം. ആദ്യമൊക്കെ പല്ലു തേയ് ക്കാതിരുന്നിട്ട്, പല്ലു തേച്ചു എന്നു പറയുക പോലെ ലഘുവായ കള്ളങ്ങളായിരുന്നു. ഇപ്പോൾ സ്കൂളിലെ
കാര്യങ്ങൾ സംബന്ധിച്ചും കള്ളം പറയുന്നു. വയറുവേദന എന്നു കള്ളം പറഞ്ഞു സ്കൂളിൽ നിന്ന് അവധി വാങ്ങുന്നു. ഇതെന്തുകൊണ്ടാണ്? ഇതു ഗൗരവമായി കാണണോ? കുട്ടിയോട് എങ്ങനെ ഇതിനെക്കുറിച്ചു സംസാരിക്കണം?

കുട്ടിയുടെ കള്ളം പറയുന്ന
സ്വഭാവത്തെ നിയന്ത്രിക്കുന്നതു പൊതുവായിട്ടു പറഞ്ഞാൽ മൂന്നു കാര്യങ്ങളാണ്. ഒന്ന്, കള്ളം പറഞ്ഞാൽ അവനു വേണ്ട, ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സാധിച്ചുകിട്ടും. രണ്ട്, കള്ളം പറയുന്നതുകൊണ്ട് പ്രത്യേകിച്ചു പ്രശ്നമൊന്നും ഉണ്ടാകുന്നില്ല. മൂന്ന്, ഇന്നലെ വരെ കള്ളം പറഞ്ഞു കാര്യങ്ങൾ നേടിയെടുത്തു. പിന്നെ എന്തിനു സ്വഭാവം മാറ്റണം എന്ന ചിന്ത.
​കുട്ടി ആദ്യം കള്ളം പറഞ്ഞപ്പോൾ തന്നെ നമ്മൾ അതു കയ്യോടെ കണ്ടുപിടിച്ച്, അതു ശരിയല്ല, കള്ളം പറയുന്നതു വലിയ തെറ്റാണ് എന്ന് അവനെ വ്യക്തമായി ബോധ്യപ്പെടുത്തേണ്ടതായിരുന്നു.
കുട്ടികൾ കൃത്യമായി കാര്യങ്ങളെ നിരീക്ഷിക്കും. അതുകൊണ്ട് അച്ഛനും അമ്മയും കള്ളം പറയുന്നില്ല എന്നു പ്രത്യേകം ഉറപ്പുവരുത്തണം. ഉദാഹരണത്തിനു സിനിമ തിയറ്ററിൽ പോകുമ്പോൾ കുട്ടിയുടെ മുൻപിൽ വച്ചു തന്നെ ‘കുട്ടിക്ക് ടിക്കറ്റെടുക്കാനുള്ള പ്രായമായില്ല’ എന്നു കള്ളം പറയുന്നത്. ഇത്തരം സംഭവങ്ങൾ, കാര്യം നേടാൻ കള്ളം പറഞ്ഞാലും കുഴപ്പമില്ല എന്ന ചിന്ത കുട്ടിയുടെ മനസ്സിൽ രൂപപ്പെടാൻ ഇടയാക്കും.
അവന് ഏറ്റവും ഇഷ്ടമുള്ള, വിശ്വാസമുള്ള ഒരു ടീച്ചറെക്കൊണ്ടു പറയിപ്പിച്ചാൽ കള്ളം പറയുന്ന സ്വഭാവത്തിൽ ചിലപ്പോൾ മാറ്റമുണ്ടാകും. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിച്ചാൽ കള്ളം പറയുന്നതിനു പിന്നിലെ മൂലകാരണങ്ങൾ വിശകലനം ചെയ്യാനുമാകും.
 ​ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കള്ളം എന്ന തെറ്റിനെ വെറുത്താൽ മതി, അതു പറയുന്ന കുട്ടിയെ വെറുക്കരുത്. കള്ളം പറയുന്നതിന്റെ പേരിൽ കുട്ടിയെ മറ്റുള്ളവരുടെ മുൻപിൽ അപമാനിച്ചു സംസാരിക്കരുത്.

ADVERTISEMENT
ADVERTISEMENT
English Summary:

Childhood lying is a growing concern, starting from small untruths like not brushing teeth to fabricating reasons for school absence. This behavior is often driven by the perception that lying achieves desired outcomes without negative consequences, reinforced by past successes. Addressing this early is crucial; parents must clearly communicate that lying is wrong. Children observe and mimic, so parents should model honesty, avoiding deceptive excuses, even for seemingly minor matters like movie ticket ages. Influential figures like a trusted teacher can help correct this habit, while a clinical psychologist can delve into the root causes. Importantly, focus on disliking the act of lying, not the child, and avoid shaming them publicly.

ADVERTISEMENT
ADVERTISEMENT