ഡിജിറ്റൽ സ്ക്രീൻ ഉപയോഗം വ്യാപകമായത് ഏറ്റവുമധികം ബാധിക്കുന്നതു നമ്മുടെ കണ്ണുകളെയാണ്. ദീർഘനേരം സ്ക്രീനിലേക്കു നോക്കുന്നതു മാത്രമല്ല പ്രശ്നം, അരണ്ട വെളിച്ചത്തിലും ഇരുണ്ട അന്തരീക്ഷത്തിലുമൊക്കെ സ്ക്രീനിൽ കണ്ണു നട്ടിരിക്കുന്നതു പ്രശ്നമാണ്. പ്രകാശം കുറവാണെങ്കിൽ സ്ക്രീനിലെ കാഴ്ച വ്യക്തമാകാൻ കണ്ണിനു കൂടുതൽ ആയാസപ്പെടേണ്ടി വരും. ഇതു പതിവാകുമ്പോൾ കാഴ്ചയെ ബാധിക്കാം. സ്ക്രീൻ ഉപയോഗിക്കുമ്പോഴും വായിക്കുമ്പോഴും കണ്ണിന് അനുയോജ്യമായ വെളിച്ചവും വെളിച്ചം ക്രമീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും അറിയാം.
∙ സ്വാഭാവിക വെളിച്ചം നല്ലത്
പകൽ സമയങ്ങളിൽ ലഭിക്കുന്ന സ്വാഭാവിക വെളിച്ചമാണ് കണ്ണിന് ഏറ്റവും നല്ലത്. എന്നാൽ സൂര്യപ്രകാശം നേരിട്ട് സ്ക്രീനിലോ കണ്ണിലോ പതിക്കാതെ ശ്രദ്ധിക്കണം.
∙ വാം വൈറ്റ് / ന്യൂട്രൽ വെളിച്ചം
വാം ലൈറ്റ് നൽകുന്ന എൽഇഡി ലൈറ്റുകൾ കണ്ണിനു നല്ലത്. ബൾബിന്റെ കെൽവിൻ റേറ്റിങ്ങും ശ്രദ്ധിക്കാം. കെൽവിൻ റേറ്റിങ് കുറയുമ്പോൾ വാം ലൈറ്റ് ആയിരിക്കും. അമിതമായ നീലവെളിച്ചം കണ്ണിന് ക്ഷീണമുണ്ടാക്കുമെന്നതിനാൽ അല്പം മഞ്ഞകലർന്ന മൃദുവായ വെളിച്ചമാണ് വായനയ്ക്കും പഠനത്തിനും നല്ലത്.
∙ ഡിഫ്യൂസ്ഡ് ലൈറ്റിങ്
നേരിട്ടു കണ്ണിലേക്ക് അടിക്കുന്ന ലൈറ്റുകൾക്ക് പകരം, മുറിയിലാകെ ഒരുപോലെ വ്യാപിക്കുന്ന തരത്തിലുള്ള വെളിച്ചം ഉപയോഗിക്കുക. ലൈറ്റ് ഷേഡുകൾ, ഫ്രോസ്റ്റഡ് ബൾബുകൾ എന്നിവ ഇതിന് സഹായിക്കും.
∙ ഇരുട്ടിൽ സ്ക്രീൻ കാണേണ്ട
പൂർണമായും ഇരുട്ടിലിരുന്നോ അരണ്ട വെളിച്ചത്തിലോ കംപ്യൂട്ടറോ ഫോണോ ഉപയോഗിക്കരുത്. കണ്ണിനു, സ്ക്രീനിലെ തെളിച്ചവും മുറിയിലെ ഇരുട്ടുമായി മാറി മാറി അഡ്ജസ്റ്റ് ചെയ്യേണ്ടിവരുന്നതു ശ്രദ്ധയേയും ബാധിക്കും. മുറിയിലെ വെളിച്ചവും സ്ക്രീനിന്റെ തെളിച്ചവും സമമായിരിക്കാൻ ശ്രദ്ധിക്കുക. പലപ്പോഴും സ്ക്രീനിന്റെ ഫാക്റ്ററി സെറ്റിങ്ങ്സിൽ നൽകിയിരിക്കുന്ന പ്രകാശക്രമീകരണം കണ്ണിന് സഹിക്കാവുന്നതായിരിക്കില്ല. നിങ്ങളുടെ കണ്ണിന് ഇണങ്ങുന്ന ബ്രൈറ്റ്നെസ്– കോൺട്രാസ്റ്റ് ക്രമീകരണം ഏതെന്നു പരിശോധിച്ചു കണ്ടെത്തുക.
∙ രാത്രി നൈറ്റ് മോഡ് മതി
വൈകുന്നേരം സ്ക്രീൻ അമിതമായി ഉപയോഗിച്ചാൽ അതിൽ നിന്നുള്ള നീലവെളിച്ചം നമ്മുടെ സ്വാഭാവിക ഉറക്ക–ഉണർവ് ചാക്രിക പ്രവർത്തനത്തെ ബാധിക്കാം. ഉറക്കത്തിനു സഹായിക്കുന്ന മെലടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയാൻ ഇതു കാരണമാകാം.
വൈകുന്നേരങ്ങളിൽ സ്ക്രീനിലെ പ്രകാശക്രമീകരണം നൈറ്റ് മോഡിലേക്ക് ആക്കുക. ഇതുവഴി സ്ക്രീൻ ബ്രൈറ്റ്നെസ്സ് കുറയും. വാം ലൈറ്റ് ആയതിനാൽ ഉറക്കത്തിനു തടസ്സമാകില്ല. ഉറങ്ങുന്നതിന് 1–2 മണിക്കൂർ മുൻപ് സ്ക്രീൻ ഒാഫ് ചെയ്യുന്നതു ഉറക്കത്തിനു സഹായകമാണ്.
∙ പഠനത്തിനും വായനയ്ക്കും
വായിക്കുമ്പോഴോ എഴുതുമ്പോഴോ മേശപ്പുറത്തു വയ്ക്കുന്ന ഡസ്ക് ലാംപ് ഉപയോഗിക്കുന്നതു നല്ലതാണ്. നേരേ തലയ്ക്കു മുകളിലായോ തോളിലേക്കോ പ്രകാശം വരുന്നതു നല്ലതല്ല. വായിക്കുന്ന പുസ്തകത്തിലേക്കു പ്രകാശം പതിക്കണം. നിഴൽ വീഴാതിരിക്കാൻ, നിങ്ങൾ വലംകയ്യനാണെങ്കിൽ ഇടതുവശത്തുനിന്നും, ഇടംകയ്യനാണെങ്കിൽ വലതുവശത്തുനിന്നും വെളിച്ചം വരുന്ന രീതിയിൽ ക്രമീകരിക്കുക.
പ്രകാശക്രമീകരണത്തോടൊപ്പം ഇടയ്ക്കിടയ്ക്കു സ്ക്രീനിൽ നിന്നു നോട്ടം മാറ്റി ദൂരേയ്ക്കു നോക്കാം. എപ്പോഴും ഒരു കൈ അകലത്തിൽ എങ്കിലും സ്ക്രീൻ വയ്ക്കുന്നതാണു നല്ലത്. ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മാനും മറക്കരുത്.