കൈ കാൽ തരിപ്പും പുകച്ചിലും തൊട്ടാൽ അറിയായ്കയുമായൊക്കെ വരുന്ന ന്യൂറോപ്പതി വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണ്. നമ്മുടെ മസ്തിഷ്കത്തിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ആരംഭിച്ചു സർവശരീരഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥകളെ പൊതുവായി പെരിഫറൽ ന്യൂറോപ്പതി (Peripheral Neuropathy) എന്നു പറയുന്നു. രോഗകാരണങ്ങൾ, ലക്ഷണങ്ങൾ, രോഗാവസ്ഥ, തീവ്രത, മറ്റ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ആയുർവേദ ചികിത്സ തീരുമാനിക്കുന്നത്.
തളർച്ച വരെയുണ്ടാകാം
രോഗകാരണങ്ങൾ ഒട്ടേറെയുണ്ടെങ്കിലും പൊതുവെ പെരിഫറൽ ന്യൂറോപ്പതി രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സമാനമാണ്. കൈകാൽ തരിപ്പ്, പുകച്ചിൽ, തൊട്ടാൽ അറിയായ്ക, മാംസപേശീ തുടിപ്പുകൾ (Fasciculation) മാംസശോഷം (Muscle wasting), ബലക്കുറവ്, അമിതമായി
വിയർക്കുകയോ വിയർക്കാതിരിക്കുകയോ എന്നിവ മുതൽ മുഖത്തെ പേശികളുടെ തളർച്ച, ഭക്ഷണം ഇറക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകൾ, വളരെ പെട്ടെന്ന് ഉണ്ടാകുന്ന കൈ കാൽ തളർച്ച തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ വരെ കാണാറുണ്ട്.
പ്രമേഹരോഗികളിൽ
പ്രമേഹസങ്കീർണതയായ പെരിഫറൽ ന്യൂറോപ്പതിയാണ് ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. ഇവിടെ തരിപ്പ്, പുകച്ചിൽ, തൊട്ടാൽ അറിയായ്ക, ബലക്കുറവ് എന്നിവ പൊതുവെ കാൽപാദങ്ങളിൽ ആരംഭിച്ചു ക്രമേണ ശരീരത്തിന്റെ മുകൾ ഭാഗങ്ങളിലേക്കു വ്യാപിച്ചു കാണാറാണു പതിവ്. പാദങ്ങളിൽ നിന്നു ചെരുപ്പുകൾ അറിയാതെ ഊരിപ്പോവുക ഒരു പ്രധാന ലക്ഷണമാണ്. യഥാസമയത്തു ചികിത്സിച്ചില്ലെങ്കിൽ പാദങ്ങളിൽ വ്രണങ്ങൾ രൂപപ്പെടാനും പാദം മുറിച്ചുമാറ്റുന്ന അവസ്ഥ വരാനും സാധ്യതയുണ്ട്.
പ്രമേഹം നിയന്ത്രിച്ചശേഷം നാഡികളെ ബലപ്പെടുത്തുന്നതിനും രക്തചംക്രമണം വർധിപ്പിക്കുന്നതിനും ഉള്ള ആയുർവേദ മരുന്നുകൾ ഉള്ളിലേക്കു നൽകുന്നു. കൂടാതെ, പുകച്ചിൽ, തരിപ്പ് എന്നിവ ലഘൂകരിക്കുന്നതിനുള്ള ലേപനങ്ങൾ, ധാരകൾ (കഷായ ധാര, ക്ഷീരപാക ധാര, തൈല ധാര) മുതലായവ ഉപയോഗപ്പെടുത്തുന്നു. ഒപ്പം വ്യായാമമുറകളും പ്രത്യേകം പാദരക്ഷകളും നിർദേശിക്കുന്നു. പ്രമേഹരോഗികൾ മുഖം എത്ര ശ്രദ്ധയോടെയാണോ സംരക്ഷിക്കുന്നത്, അതേപ്രകാരം പാദങ്ങളും നിത്യവും സംരക്ഷിക്കണം.
ഹൈപ്പോ തൈറോയ്ഡിസം, ഫൈബർ ലിപ്പിഡിമിയ, അമിതവണ്ണം എന്നിവയുടെ ഭാഗമായും പെരിഫറല്‍ ന്യൂറോപ്പതി കാണാറുണ്ട്.
വിവിധ കാരണങ്ങളാൽ
∙ കൈകളിൽ വരുന്നത്
വളരെ സാധാരണമായി കാണുന്ന മറ്റൊരു പെരിഫറൽ ന്യൂറോപ്പതിയാണു കാർപൽ ടണൽ സിൻഡ്രം (carpel tunnel syndrome). കൈത്തണ്ടയിൽ വച്ചു മീഡിയൻ നാഡിക്കു വരുന്ന സമ്മർദം കൊണ്ടാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. രാത്രിയിലും, തണുപ്പ് അടിക്കുമ്പോഴും കൂടുന്ന കൈ തരിപ്പ്, വേദന, കടച്ചിൽ എന്നിവയാണു പ്രാരംഭലക്ഷണങ്ങൾ. ഈ സമയത്തു ശാസ്ത്രീയ ഔഷധസേവ, അഗ്നികർമം, രക്തമോക്ഷം, ലേപനം തുടങ്ങിയ ചികിത്സകളിലൂടെ മിക്കവരിലും ശസ്ത്രക്രിയ ഒഴിവാക്കാം.
∙ നാഡികൾ ഞെരുങ്ങിയാൽ
ജീവിതചര്യയുടെ ഭാഗമായി കൈകാലുകളിലെ നാഡികളിൽ തുടർച്ചയായി ഞെരുക്കം സംഭവിക്കുന്നവരിൽ ന്യൂറോപ്പതി വരാം. ഏറെ നേരം കാലുകൾ മടക്കിയിരുന്നു ജോലി ചെയ്യുന്നവരിൽ കാൽമുട്ടിനു വശങ്ങളിലൂടെ പോകുന്ന പെറോണിയൽ നെർവ് കംപ്രഷൻ കാരണം ക്ഷതം സംഭവിക്കുകയും കാൽപാദം ബലഹീനമായി, ഉയർത്തിച്ചവിട്ടാൻ ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്നു (Foot drop). സമാനമായി കൈപ്പത്തിക്കും ബലക്കുറവു വരാം. നാഡീക്ഷതം സംഭവിച്ച ഭാഗത്തു ചെയ്യുന്ന ലേപനങ്ങളും പരുത്തി തുണിയിൽ ഔഷധ തൈലങ്ങൾ നനച്ച് ഇടുന്നതും (പിചു) തൈലധാരകൾ ചെയ്യുന്നതും ഏറെ ഗുണകരമാണ്. നാഡികൾക്കു സംഭവിച്ച ക്ഷതം പെട്ടെന്നു സുഖപ്പെടുത്തുന്നതിനും നീർക്കെട്ട് ഇല്ലാതാകുന്നതിനുമുള്ള ഔഷധങ്ങൾ ഉള്ളിലേക്കു നൽകുന്നു.
∙ രക്തയോട്ടം കുറഞ്ഞാൽ
നാഡികളിലേക്കുള്ള രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുക വഴി ഉണ്ടാകുന്നതാണു വാസ്കുലൈറ്റിക് ന്യൂറോപ്പതി. ഒാട്ടോ ഇമ്യൂൺ തകരാറുകൊണ്ടും ഇതു വരാം. ന്യൂറോപ്പതി ലക്ഷണങ്ങൾക്കൊപ്പം തൊലിപ്പുറത്തു വേദനയോടു കൂടിയ വ്രണങ്ങളും കാണാറുണ്ട്. വ്യാധിക്ഷമത്വത്തെ വർധിപ്പിക്കുന്നതും പിത്ത ശമനവും രക്തപ്രസാദനവും സന്ധാനീയവുമായ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
പാരമ്പര്യമായി വരുന്നത്, വിഷസ്വഭാവമുള്ള വസ്തുക്കൾ നാഡികളെ ബാധിച്ചു വരുന്ന ടോക്സിക് ന്യൂറോപ്പതി, ചിക്കൻപോക്സ് വൈറസ് കൊണ്ടുവരുന്നത് എന്നിങ്ങനെ ഒട്ടേറെ തരം ന്യൂറോപ്പതികളുണ്ട്. അവയ്ക്കെല്ലാം ആയുർവേദത്തിൽ കൃത്യമായ ചികിത്സകളുമുണ്ട്.