വളരെ സാധാരണമാണു വയറുവേദന. വാരിയെല്ലു തുടങ്ങി ഇടുപ്പു വരെയുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും അനുഭവപ്പെടുന്ന വേദനയെ വയറുവേദന എന്നു പറയുന്നു. കരൾ, പിത്താശയം, പാൻക്രിയാസ്, കുടൽ എന്നിങ്ങനെ സുപ്രധാനമായ അവയവങ്ങൾ ഉദരത്തിനുള്ളിലാണല്ലൊ. അതുകൊണ്ട് അവയുടെ പ്രശ്നങ്ങൾ അതതു ഭാഗത്തുള്ള വേദനയായി പ്രകടമാകാം. കൂടാതെ ഉദരഭിത്തിയിലോ ഉദരപാളികളിലെ ചർമത്തിലോ പേശികളിലോ ഒക്കെ വേദന വരാം. വയർ മൊത്തത്തിലുള്ള വേദനയായും വരാം.
സ്ഥാനം പ്രധാനം
വയറുവേദനയുടെ സ്ഥാനം പ്രധാനമാണ്. വേദനയുടെ സ്ഥാനമറിഞ്ഞാൽ ഏത് അവയവത്തിന്റെ പ്രശ്നം കൊണ്ടാകാം എന്നൊരു സൂചന ലഭിക്കും. ഉദാഹരണത്തിനു, പൊക്കിളിനു മുകളിൽ വലതുവശത്താണു കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുള്ളത്. അതുകൊണ്ടു, പൊക്കിളിനു മുകളിൽ വലതുവശത്തായി അനുഭവപ്പെടുന്ന വേദന പിത്താശയ സംബന്ധിയായ പ്രശ്നങ്ങളുടേതാകാം. കരൾവീക്കം അഥവാ ഹെപ്പറ്റൈറ്റിസ് പോലെയുള്ള രോഗാവസ്ഥകളിലും പൊക്കിളിന്റെ വലതുവശത്തായി വേദന അനുഭവപ്പെടാം.
പലതരത്തിൽ
വയറുവേദന പലതരത്തിൽ അനുഭവപ്പെടാം. തുളച്ചു കയറുന്നതുപോലെയോ കോളിക് വേദന പോലെ വന്നും പോയുമിരിക്കുന്ന വേദന ആയോ ഇറുക്കിപ്പിടിക്കുന്നതു പോലെയോ ഒക്കെ വേദന അനുഭവപ്പെടാം. ഉദരവേദനയുടെ വളരെ സാധാരണമായ ചില കാരണങ്ങളെ പരിചയപ്പെടാം.
അണുബാധ മുതൽ ഭക്ഷണം വരെ
പൊക്കിളിനു തൊട്ടുമുകളിലായി തുടങ്ങുന്ന വേദന രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞാൽ വയറിന്റെ വലതുവശത്തു താഴേയ്ക്കും കൂടി വരുന്നത് അപ്പൻഡിസൈറ്റിസിന്റെ ലക്ഷണമാകാം. ചിലർക്കു ചെറിയ തോതിലുള്ള വേദനയെ കാണൂ. കൂടെ ഛർദിയും വരാം. വയറിന്റെ വലതുഭാഗത്തു, ചെറുകുടലും വൻകുടലും ചേരുന്നതിന്റെ കുറച്ചു താഴെയായുള്ള അപ്പൻഡിക്സ് എന്ന അവയവത്തിലുണ്ടാകുന്ന അണുബാധയാണ് അപ്പൻഡിസൈറ്റിസ്. മരുന്നുകളോ ശസ്ത്രക്രിയയോ ആണു പ്രധാന പരിഹാരങ്ങൾ.
ഭക്ഷണം കഴിഞ്ഞ ഉടനെ പൊക്കിളിനു മുകളിലായി എരിയുന്ന പോലെ വരുന്ന വേദന ഗ്യാസ്ട്രൈറ്റിസിന്റെയാകാം. ആമാശയത്തിലെ ഏറ്റവും അകത്തുള്ള പാളിക്കു വരുന്ന നീർക്കെട്ടാണു ഗ്യാസ്ട്രൈറ്റിസ്. വേദനയോടൊപ്പം ഛർദിയും നെഞ്ചെരിച്ചിലും ദഹനക്കേടും വരാം. പ്രായമായവരിൽ ആഹാരം കഴിച്ചയുടനെ വയറുവേദനയും വയറിളക്കവും വരുന്നതി
നൊരു കാരണം ഗ്യാസ്ട്രൈറ്റിസാണ്. ദഹനനാളത്തിലേക്ക് അമിതമായി ആസിഡ് പുറപ്പെടുവിക്കപ്പെടുന്നതു തടയുന്ന മരുന്നുകൾ (റാനിറ്റിഡിൻ പോലുള്ളവ) ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് ഈ പ്രശ്നം തടയും.
ആമാശയത്തെ ബാധിക്കുന്ന ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്, ഹിയാറ്റസ് ഹെർണിയ, ആമാശയ അൾസർ തുടങ്ങിയ രോഗാവസ്ഥകളിലും ഇതേ സ്ഥാനത്ത് ഇതേ പോലെയുള്ള വേദന വരാം. ധാരാളം വെള്ളം കുടിക്കുന്നതും ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം കഴിക്കുന്നതും ഗ്യാസും ദഹനക്കേടും കുറയ്ക്കും.
പിത്താശയ പ്രശ്നങ്ങൾ കൊണ്ടും ഭക്ഷണം കഴിച്ചയുടനെ വയറുവേദന വരാം. ഭക്ഷ്യവിഷബാധയിലും ഭക്ഷണശേഷം വയറുവേദനയും ഛർദിയും വരാം. ആഹാരം കഴിഞ്ഞ് ഉടനെ വരുന്ന വയറുവേദനയും മലവിസർജനം നടത്തണമെന്ന തോന്നലും ഐബിഎസ് (ഇറിറ്റബിൾ ബവൽ സിൻഡ്രം) എന്ന രോഗ സൂചനയാകാം. മരുന്നുകൾ ഒരു പരിധി വരെ ഗുണം ചെയ്യും. അമിത ഉത്‌കണ്ഠ നിയന്ത്രിക്കുക പോലുള്ള കാര്യങ്ങളും വേണം.
എന്നാൽ, ചിലപ്പോൾ വയറുവേദന ആഹാരം കഴിച്ചാൽ കുറയുന്നതായി കാണാറുണ്ട്. ഇത് ആമാശയ വ്രണത്തിന്റെ (ഡുവോഡിനൽ അൾസർ) സൂചനയാകാം.
അടിവയർ വേദനകൾ
സ്ത്രീകളിൽ അടിവയറിൽ അനുഭവപ്പെടുന്ന വേദനകൾ മിക്കവാറും തന്നെ ഗർഭാശയം, അണ്ഡാശയം പോലെയുള്ള പ്രത്യുൽപാദന അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടുള്ളതാകാം. മിക്കവാറും സ്ത്രീകളിലും ആർത്തവത്തോട് അനുബന്ധിച്ചു വയറുവേദന വരാറുണ്ട്. എന്നാൽ, അസഹ്യമായ വേദനയാണെങ്കിലോ വേദനയോടൊപ്പം അമിത രക്തസ്രാവം ഉണ്ടെങ്കിലോ ഡോക്ടറെ കാണണം.
വേദനാസംഹാരികൾ കൊണ്ടു മാറ്റം വരാത്ത, കടുത്ത അടിവയർ വേദന, ഒപ്പം വയറിളക്കം, മലത്തിലൂടെ രക്തമോ ചളിയോ പോവുക, പനി എന്നിവ ഉണ്ടാകുന്നതു വൻകുടൽ, മലാശയം പോലെയുള്ള അവയവങ്ങളുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളുടെ സൂചനയാകാം.
പ്രമേഹരോഗികളിൽ വരുന്ന കടുത്ത വയറുവേദനയും ഛർദിയും ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന പ്രമേഹസങ്കീർണതയുടെ സൂചനയാകാം. മലബന്ധം, പാൻക്രിയാറ്റൈറ്റിസ്, മൂത്രാശയ കല്ലുകൾ തുടങ്ങി ഒട്ടേറെ രോഗങ്ങളുടെ സൂചനയായും വയറുവേദന വരാം. വയറുവേദന നിസ്സാരമല്ല തന്നെ.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ആർ. എൻ. ശർമ
പ്രഫസർ, ജനറൽ മെഡിസിൻ
പുഷ്പഗിരി മെഡി. കോളജ്, തിരുവല്ല