എന്റെ അച്ഛന് 50-60 വയസ്സിൽ ഹൃദയാഘാതം വന്നു. എനിക്കും അതേ പ്രായമാകുന്നു. എനിക്ക് അത്തരം സാധ്യതകൾ ഉണ്ടോ എന്നു തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും ടെസ്റ്റുകൾ ഇപ്പോൾ ചെയ്യേണ്ടതുണ്ടോ?
നിങ്ങളുടെ കുടുംബചരിത്രം (Family history) വച്ചു നോക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. വീട്ടിൽ ഹൃദയാഘാതമോ സ്ട്രോക്കോ വന്നതുകൊണ്ടു നിങ്ങളുടെ കുടുംബത്തിൽ കാർഡിയോവാസ്കുലർ, സെറിബ്രോ വാസ്കുലർ രോഗങ്ങൾക്കു സാധ്യത കൂടുതലാണ്. അതുകൊണ്ടു ചെറുപ്പം മുതൽ ജീവിതശൈലിയിൽ മാറ്റങ്ങൾ അത്യാവശ്യമാണ്. ശരീരഭാരം ആവശ്യത്തിൽ (Ideal body weight) കൂടാതെ നിർത്താൻ ശ്രദ്ധിക്കണം. പുകവലിക്കാൻ പാടില്ല, പുകവലിക്കുന്നവരുടെ അടുത്ത് ഇരിക്കാനും പാടില്ല.
പരിശോധനകളുടെ കാര്യത്തിൽ, ആദ്യമായി 30 വയസ്സാകുമ്പോൾ തന്നെ രക്തത്തിലെ പഞ്ചസാരയും (ഫാസ്റ്റിങ്/എച്ച്ബിഎ1സി പരിശോധന), കൊളസ്ട്രോളും (Lipid profile), ബിപിയും പരിശോധിക്കണം. കൂടാതെ ഒരു സാധാരണ ഇസിജിയും എടുക്കുന്നതു നന്നായിരിക്കും. ഇതെല്ലാം നോർമൽ ആണെങ്കിൽ, നിങ്ങൾക്കു നെഞ്ചുവേദനയോ ശ്വാസംമുട്ടലോ ഒന്നുമില്ലെങ്കിൽ, കൂടുതൽ പരിശോധനകൾ ഉടനെ ആവശ്യമില്ല.
എന്നാൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ കൂടുതൽ വിദഗ്ധ പരിശോധനകളായ ട്രെഡ്മിൽ, എക്കോ കാർഡിയോഗ്രഫി, സിടി ചെസ്റ്റ്, കൊറോണറി കാൽസ്യം സ്കോറിങ് എന്നിവ തീർച്ചയായും ചെയ്യണം.
∙ ഹൃദയപേശികളുടെ പമ്പിങ് ക്ഷമത, വാൽവുകളുടെ പ്രവർത്തനം എന്നിവ വിലയിരുത്താൻ അത്യന്തം പ്രധാന പരിശോധനയാണ് എക്കോ ∙ കാർഡിയോഗ്രാഫി.
∙നെഞ്ചുവേദന, കിതപ്പ്, ശ്വാസംമുട്ടൽ പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ ഹൃദ്രോഗം കണ്ടുപിടിക്കാൻ സഹായിക്കുന്ന, ചെലവു കുറഞ്ഞതും ഏറ്റവും പ്രയോജനം ചെയ്യുന്നതുമായ പരിശോധനയാണ് ട്രെഡ്മിൽ പരിശോധന.
∙ കൊറോണറി ആർട്ടറി കാൽസ്യം സ്കോർ (CAC Score)– ഹൃദയധമനികളിൽ കൊഴുപ്പ് അടിയുന്ന പ്രക്രിയ വർഷങ്ങളോളം ലക്ഷണങ്ങളൊന്നുമില്ലാതെ തുടരാം. ഈ കൊഴുപ്പുപാളികളിൽ കാലക്രമേണ കാൽസ്യം അടിഞ്ഞുകൂടി ഇവ കാൽസിഫൈഡ് പ്ലാക്കുകളായി മാറുന്നു. സിടി സ്കാൻ ഉപയോഗിച്ച്ചു മാത്രമേ ഈ കാൽസ്യം കൃത്യമായി അളക്കാനാകൂ.
∙ സിടി കൊറോണറി ആൻജിയോഗ്രാഫി–
സിടി കൊറോണറി ആൻജിയോഗ്രാഫി ഹൃദയധമനികളുടെ മുഴുവൻ ഘടനയും ഉള്ളിലെ ബ്ലോക്കുകളും നേരിട്ടു കാണാൻ സഹായിക്കുന്നു.
ഒരുവിധ ലക്ഷണങ്ങളും ഇല്ലാത്തപക്ഷം, രക്തത്തിലെ പഞ്ചസാര, ബിപി, ഇസിജി ഒക്കെ നോർമൽ ആയവർക്ക് ഈ ടെസ്റ്റുകൾ ചെയ്യണോ വേണ്ടയോ എന്ന് ഒരു മെഡിക്കൽ അസോസിയേഷനും ആധികാരികമായി പറയുന്നില്ല.
അതുകൊണ്ട് നിങ്ങളുടെ ഷുഗർ, ബിപി, കൊളസ്ട്രോൾ, ഇസിജി എന്നിവ പരിശോധിച്ചു വിദഗ്ധനായ ഹൃദ്രോഗവിദഗ്ധനെ കണ്ട് അടുത്ത നടപടി എന്തു വേണമെന്ന് അഭിപ്രായം എടുക്കുന്നതു നല്ലതായിരിക്കും.