പനി മാറിയ ശേഷവും നീണ്ടുനിൽക്കുന്ന ചുമയുടെ പ്രധാന കാരണങ്ങളിലൊന്നു വൈറൽ പനികൾക്കു ശേഷമുള്ള പോസ്റ്റ് വൈറൽ കഫ് (Post-viral cough) തന്നെ. പനി ഉണ്ടാക്കുന്ന വൈറസുകൾ ശ്വാസനാളിയിൽ ഉണ്ടാക്കുന്ന നീണ്ടു നിൽക്കുന്ന നീർക്കെട്ടാണിതിന്റെ പ്രധാന കാരണം. വൈറസ് മാറിയാലും ശ്വാസനാളത്തിലെ കോശങ്ങളിലെ വീക്കം മാറാൻ സമയമെടുക്കും. ഇതു ശ്വാസനാളത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു.
മൂക്കിനു പിന്നിൽ നിന്നു കഫം തൊണ്ടയിലേക്ക് ഒഴുകുന്നതു ചുമയ്ക്കു കാരണമാകും. ശ്വാസകോശത്തിലെ ചുമയുമായി ബന്ധപ്പെട്ട നാഡികൾ അമിതമായി ഉത്തേജിക്കപ്പെടുന്നതു കാരണം ചെറിയ പൊടിപോലും ചുമയ്ക്കു കാരണമാകാം. നേരത്തേ തന്നെ ഉള്ള ആസ്മ, ആസിഡ് റിഫ്ലക്സ്, വർധിച്ചു വരുന്ന വായു മലിനീകരണം എന്നിവയും ചുമ നീണ്ടുനിൽക്കാൻ കാരണമാകാം.
പരിഹാരമെന്ത് ?
മിക്കപ്പോഴും ചുമ മൂന്നു മുതൽ എട്ട് ആഴ്ച വരെ നീണ്ടുനിന്നേക്കാം,
∙ ഉപ്പുവെള്ളം: ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ടു തൊണ്ട കഴുകുന്നതു തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും
∙ ധാരാളം വെള്ളം കുടിക്കുക: ഇളം ചൂടുവെള്ളം കുടിക്കുന്നതു കഫം അലിഞ്ഞുപോകാനും തൊണ്ടയിലെ ഈർപ്പം നിലനിർത്താനും സഹായിക്കും.
∙ സംസാര നിയന്ത്രണം - ഉച്ചത്തിൽ സംസാരിക്കുന്നത് ഒഴിവാക്കുക. കഴിവതും പതിയെ സംസാരിക്കുക. സംസാര നിയന്ത്രണം പ്രയോജനം ചെയ്യും.
∙ പുക, പൊടി, തണുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
∙ ഓർക്കുക ആന്റിബയോട്ടിക്കുകൾ പ്രയോജനം ചെയ്യില്ല. സ്വയം ചികിത്സ വേണ്ട.
∙ ചുമ കൂടുതൽ നീണ്ടുനിൽക്കുകയോ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫത്തിൽ രക്തം, അല്ലെങ്കിൽ വീണ്ടും പനി വരികയോ ചെയ്താൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.
ക്ഷീണം, വേദന ഉണ്ടെങ്കിൽ
പനി കുറഞ്ഞാലും രണ്ടാഴ്ചയോ മൂന്നാഴ്ചയോ വരെ നീണ്ടുനിൽക്കുന്ന കഠിനമായ ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. ഇതിനെ 'പോസ്റ്റ് വൈറൽ അസ്തീനിയ' എന്നു വിളിക്കുന്നു. വൈറൽ അണുബാധയ്ക്കു ശേഷം ശരീരത്തിന് ഉണ്ടാകുന്ന സ്വാഭാവികമായ തളർച്ചയാണിത്.
∙ ഫ്ലൂ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ആദ്യഘട്ടത്തിൽ തന്നെ (ലക്ഷണങ്ങൾ തുടങ്ങി 48 മണിക്കൂറിനുള്ളിൽ, പരമാവധി 5 ദിവസത്തിനകം) ഒസെൽറ്റാമിവിർ അടക്കമുള്ള ആന്റിവൈറൽ മരുന്നുകൾ കഴിക്കുന്നതു വൈറൽ ലോഡ് കുറയ്ക്കാനും രോഗം മൂർച്ഛിക്കുന്നതു തടയാനും സഹായിക്കും. കടുത്ത ശരീരവേദനയുള്ള ഘട്ടങ്ങളിൽ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ കഴിക്കാം. ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ.
∙ ശരീരത്തിനു വിശ്രമം നൽകണം. ധാരാളം വെള്ളവും ദ്രവരൂപത്തിലുള്ള പോഷകാഹാരങ്ങളും കഴിക്കുക.
തയാറാക്കിയത്
ഡോ. പി.എസ്. ഷാജഹാൻ
പ്രഫസർ, ശ്വാസകോശ വിഭാഗം
ഗവ. മെഡിക്കൽ കോളജ്, കൊല്ലം