ശരീരത്തിനകത്തെ ചില അവയവങ്ങൾ (മിക്കപ്പോഴും കുടൽമാല) അവയെ പൊതിഞ്ഞിരിക്കുന്ന പേശീനിർമിതമായ ഭിത്തിയിലൂടെ പുറത്തേക്കു തള്ളി വരുന്ന അവസ്ഥയാണു ഹെർണിയ. പേശീനിർമിതമായ ഭിത്തിയുടെ ബലഹീനത കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതു ചെറിയ മുഴയായോ വലിയ വീക്കമായോ കാണപ്പെടാം. ചുമയ്ക്കുമ്പോഴോ ഭാരവസ്തുക്കൾ ഉയർത്തുമ്പോഴോ പുറത്തേയ്ക്കു കൂടുതലായി തള്ളിവരാറുമുണ്ട്.
ഹെർണിയ പലതരം ഉണ്ടെങ്കിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഹെർണിയകൾ താഴെ പറയുന്നു.
∙ ഇൻഗ്വിനൽ ഹെർണിയ (Inguinal Hernia)–വയറിനു താഴെ തുടയുമായി ചേരുന്ന ഭാഗത്തു കണ്ടുവരുന്നു.
∙ അമ്പിലിക്കൽ ഹെർണിയ (Umbilical Hernia): വയറിൽ പൊക്കിളിന്റെ ഭാഗത്തായിട്ടു മുഴ പ്രത്യക്ഷപ്പെടുന്നു.
∙ ഹയാറ്റൽ ഹെർണിയ (Hiatal Hernia)–ഡയഫ്രം അഥവാ വയറിനെയും നെഞ്ചിനെയും വിഭജിക്കുന്ന
പേശീനിർമിതമായ ഭിത്തിയിലെ ദ്വാരത്തിലൂടെ ആമാശയം മുകളിലേയ്ക്കു (നെഞ്ചിന്റെ ഭാഗത്തേക്ക്) തള്ളി വരുന്നതാണു ഹയാറ്റൽ ഹെർണിയ.
∙ ഇൻസിഷനൽ ഹെർണിയ (Incisi onal Hernia)–മുൻപു ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിൽ ആ മുറിവിന്റെ പാട് അകന്നുമാറി അതിലൂടെ അകത്തെ അവയവങ്ങൾ (ഉദാ: കുടൽ) പുറത്തേക്കു തള്ളിവരുന്നതാണ് ഇൻസിഷനൽ ഹെർണിയ.
ഇങ്ങനെ ഉണ്ടാകുന്ന ഹെർണിയകളിൽ വീണ്ടും തള്ളി അകത്തേയ്ക്കു വയ്ക്കാവുന്നതും (Reducible) അങ്ങനെ ചെയ്യാൻ സാധിക്കാത്തതുമായ (Irreducible) ഹെർണിയകൾ ഉണ്ട്. അപകടകരമായ മറ്റൊരു ഹെർണിയയാണു സ്ട്രാൻഗുലേറ്റഡ് (Strangulated) ഹെർണിയ. ഇവിടെ കുടൽമാല കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ ആ ഭാഗത്തേക്കുള്ള രക്തചംക്രമണവും ഓക്സിജൻ പ്രവാഹവും തടസ്സപ്പെടുന്നതു കാരണം കോശങ്ങൾക്കു സ്ഥിരമായ നാശം സംഭവിക്കാം. ജന്മനാ തന്നെ ഉണ്ടാകുന്ന ഹെർണിയകളും ഇക്കൂട്ടത്തിൽ ഉണ്ട്. ഉദാ: ജന്മനാതന്നെയുള്ള ഡയഫ്രമാറ്റിക് ഹെർണിയ (Congenital diaphragmatic hernia).
രോഗലക്ഷണങ്ങൾ
∙ പുറത്തേയ്ക്കു തള്ളി നിൽക്കുന്ന വേദന ഉള്ളതോ അല്ലാത്തതോ ആയ മുഴകള്‍
∙ ചുമയ്ക്കുമ്പോഴോ ആയാസപ്പെടുമ്പോഴോ പുറത്തേയ്ക്കു തള്ളിവരുന്ന മുഴകൾ
∙ വയറിനു പൊതുവെയുള്ള വീർക്കൽ
∙ തുടയിടുക്കിനു മുകളിലായി തൊട്ടാൽ അറിയുന്ന മുഴകൾ
∙ മേൽപ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം വേദന ഉണ്ടാവുക.
∙ സ്ട്രാൻഗുലേറ്റഡ് ഹെർണിയ ഉള്ളവരിൽ കഠിനമായ വേദന, ഛർദി, പനി കൂടിയ ഘട്ടങ്ങളിൽ ബോധക്കേട് എന്നിവയൊക്കെ ഉണ്ടാകാം.
സർജറിക്കു മുൻപ്
മരുന്നുചികിത്സ താൽക്കാലിക ആശ്വാസം മാത്രമെ നൽകുന്നുള്ളു. പ്രധാന ചികിത്സ സർജറിയാണ്. പണ്ടുകാലങ്ങളിൽ ചെയ്തിരുന്ന പോലുള്ള വലിയ മുറിവുകൾ ഉണ്ടാക്കിയുള്ള തുറന്ന സർജറികൾ ഇന്നു വിരളമാണ്. കൂടുതലും കീഹോൾ സർജറിയും റോബട്ടിക് സർജറിയുമാണ് ഇന്നുള്ളത്.
കീഹോൾ സർജറി, റോബട്ടിക് സർജറി എന്നിവയുടെ ആവിർഭാവത്തോടെ ഹെർണിയ ശസ്ത്രക്രിയ മിക്കവാറും ഡേ പ്രോസീജർ ആയിട്ടുണ്ട്. എന്നിരുന്നാലും തുറന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസം ആശുപത്രി വാസം വേണ്ടി വന്നേക്കാം. മറ്റെല്ലാ സർജറികളെയും പോലെ ശസ്ത്രക്രിയയ്ക്കു മുൻപു പതിവു പരിശോധനകൾ എല്ലാം നടത്തി ഓപ്പറേഷനുള്ള ഫിറ്റ്നസ് ഉറപ്പു വരുത്തേണ്ടതുണ്ട്. വിവിധ രക്തപരിശോധനകൾ, പ്രമേഹം, രക്തസമ്മർദം മുതലായവയുടെ പരിശോധനകൾ, അനസ്തീസിയ നൽകാനുള്ള ഫിറ്റ്നസ് പരിശോധന എന്നിവയൊക്കെ ഇതിൽ പെടും.
ശരീരത്തിൽ പൊതുവെ അസന്തുലിതാവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ (ഉദാ: ഷുഗർ നില ഉയരുക, രക്തസമ്മർദം, വിളർച്ച, നിർജലീകരണം മുതലായവ) അവയൊക്കെ ശരിയാക്കിയിട്ടു മാത്രമേ ശസ്ത്രക്രിയ തീരുമാനിക്കൂ. ശസ്ത്രക്രിയയുടെ തലേന്ന്, തിയറ്ററിൽ കയറ്റുന്നതിനു മുൻപു നൽകേണ്ട പ്രീ അനസ്തറ്റിക് മരുന്നുകൾ നൽകും.
ഭാരിച്ച ജോലികൾ വേണ്ട
ശസ്ത്രക്രിയാനന്തരം സുഖം പ്രാപിക്കുന്നതു താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചായിരിക്കും.
∙ ഏതുതരം ഹെർണിയ
∙ ഏതുതരം സർജറി (ഉദാ: ലാപറോസ്കോപ്പിക്, റോബട്ടിക്, തുറന്നുള്ള ഓപ്പറേഷൻ മുതലായവ)
∙ പ്രായം
∙ പൊതുവായ ആരോഗ്യനിലയും നിലവിലുള്ള രോഗാവസ്ഥകളും.
ശസ്ത്രക്രിയയ്ക്കുശേഷം ചെറിയ തോതിലുള്ള രക്തസ്രാവവും ശസ്ത്രക്രിയാ മുറിവിനു ചുറ്റുമുള്ള നനവും സ്വാഭാവികമാണ്. മുറിവു ശുചിയായും നനയാതെയും സൂക്ഷിക്കുക. കുളിക്കുന്നതിനു തടസ്സമില്ലെങ്കിലും കുളി കഴിഞ്ഞു മുറിവു ടവൽ കൊണ്ട് ഒപ്പി ഉണക്കണം.
∙ ഡോക്ടർ കുറിച്ചു തന്ന വേദനാ സംഹാരികൾ പറഞ്ഞ ഡോസിൽ, പറഞ്ഞ കാലത്തേയ്ക്കു മാത്രം കഴിക്കുക.
∙ ആന്റിബയോട്ടിക് ഔഷധങ്ങൾ ഡോക്ടർ പറഞ്ഞ രീതിയിൽ അതിന്റെ കോഴ്‍സ് പൂർത്തിയാകുന്നതു വരെ കഴിക്കണം.
∙ ഭാരിച്ച ജോലികളും ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതും (ഉദാ: കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റ്) നാലു മുതൽ ആറ് ആഴ്ചക്കാലത്തേക്ക് ഒഴിവാക്കേണ്ടതാണ്.
∙ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശസ്ത്രക്രിയാ മുറിവിന്റെ ഭാഗത്തു വയറിൽ കൈകൊണ്ടു താങ്ങുകൊടുക്കേണ്ടതാണ്.
∙ ഭക്ഷണക്രമത്തിൽ പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല. പക്ഷേ, നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
∙ മുറിവു പെട്ടെന്നു കരിയാനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങളും കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക.
∙ മലവിസർജനം സുഗമമായി നടക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്.
∙ സാധാരണ ഗതിയിൽ ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ ആരോഗ്യസ്ഥിതി പഴയതുപോലെ ആകുമെങ്കിലും പൂർണമായ സുഖപ്രാപ്തിക്കു നാലു മുതൽ ആറ് ആഴ്ച വരെ എടുക്കും. അതുകൊണ്ട് ഈ സമയത്തു മിതമായ ജോലികളേ പാടുള്ളൂ.
ഡോക്ടറെ കാണാം
ഇനി പറയുന്നവ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറെ കാണണം.
∙ ഉയർന്ന പനി
∙ കടുത്ത വേദന
∙ മുറിവിനു ചുറ്റും കടുത്ത ചുവപ്പ്, പഴുപ്പ്, ദുർഗന്ധം
∙ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്