ഹൃദയാഘാതവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ അറിവുകൾ നമുക്ക് ഇന്നു വിരൽത്തുന്പിൽ ലഭ്യമാണ്. ഈ അറിവുകളിൽ ചിലതെങ്കിലും ആധികാരികമായ സ്രോതസ്സിൽ നിന്നാവണമെന്നില്ല. അതിനാൽ തന്നെ ചില വിവരങ്ങൾ ജനങ്ങളെ ഭയപ്പെടുത്തും. സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും ഹൃദയവുമായി ബന്ധപ്പെട്ടു തെറ്റായ ധാരണകൾ പ്രചരിക്കുന്നുണ്ട്. അത്തരം ധാരണകൾ തിരുത്താം.
1. ഹൃദ്രോഗം പ്രായമായ പുരുഷന്മാരുടെ രോഗം
പൂർണമായും തെറ്റായ ചിന്തയാണിത്. സ്ത്രീകളിലും ചെറുപ്പക്കാരിലും ഹൃദ്രോഗം കാണുന്നു. സ്ത്രീകളിൽ ആർത്തവം നിലച്ചതിനു ശേഷം ഈസ്ട്രജന്റെ സംരക്ഷണം കുറയുന്നതുകൊണ്ടു ഹൃദ്രോഗം കൂടുന്നു. 30-40 വയസ്സിൽ പോലും ഹൃദയാഘാതം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവിതശൈലി, പുകവലി, സ്ട്രെസ്സ്, ജങ്ക് ഫൂഡ് എന്നിവ പ്രധാന കാരണങ്ങളാണ്. അച്ഛനോ അമ്മയ്ക്കോ 55 വയസ്സിനു മുൻപു ഹൃദ്രോഗം വന്നെങ്കിൽ നിങ്ങളുടെ റിസ്ക് ഇരട്ടിയാണ്.
2. ആൻജിയോപ്ലാസ്റ്റി / ബൈപാസ്/ സ്റ്റെന്റ് ചെയ്താൽ രോഗം പൂർണമായി മാറും
ചികിത്സകൾ ഒരു ‘പാച്ച് വർക്ക്’ മാത്രമാണ്. ബ്ലോക്ക് ഉള്ള 1-2 ധമനികൾ തുറക്കാൻ ഇവ സഹായിക്കും. പക്ഷേ രോഗത്തിന്റെ മൂലകാരണം നിലനിൽക്കും. ശസ്ത്രക്രിയക്കു ശേഷം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ∙ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കണം ∙ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം ∙ വ്യായാമം ചെയ്യണം. ഇതു പാലിക്കാത്തവരിൽ 5-10 വർഷത്തിനുള്ളിൽ മറ്റു ധമനികളിൽ വീണ്ടും ബ്ലോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
3. മെലിഞ്ഞിരുന്നാൽ ഹൃദ്രോഗം വരില്ല
തൂക്കം മാത്രമല്ല പ്രധാനം. ‘TOFI - Thin Outside Fat Inside’ എന്ന അവസ്ഥയുണ്ട്. വയറിലെ കൊഴുപ്പ് (ബെല്ലി ഫാറ്റ്) ആണ് ഏറ്റവും അപകടം. ബോഡി മാസ് ഇൻഡക്സ് സാധാരണയാണെങ്കിലും വയർ വലുതാണെങ്കിൽ റിസ്ക് കൂടും. ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, കുറഞ്ഞ എച്ച്ഡിഎൽ, ഉയർന്ന ട്രൈഗ്ലിസറൈഡ് എന്നിവ മെലിഞ്ഞവർക്കും ഉണ്ടാകാം. പുകവലി, സ്ട്രെസ്സ്, വ്യായാമക്കുറവ്, ജനിതകം എന്നിവയ്ക്കു തൂക്കവുമായി ബന്ധമില്ല.
4. ഹൃദ്രോഗികൾ വ്യായാമം ചെയ്യാൻ പാടില്ല
കാർഡിയാക് റീഹാബ് ലോകമെന്പാടും ശുപാർശ ചെയ്യുന്നുണ്ട്. ദിവസവും 30-40 മിനിറ്റു വേഗത്തിലുള്ള നടത്തം നല്ലതാണ്. വ്യായാമം ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. പുതിയ രക്തക്കുഴലുകൾ ഉണ്ടാകാൻ സഹായിക്കും. സമ്മർദം കുറയ്ക്കും. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ ജിമ്മിൽ പോയി കനത്ത വെയ്റ്റ് ട്രെയിനിങ് ചെയ്യരുത്.
5. നെഞ്ചിൽ കഠിനമായ വേദന ഉണ്ടായാൽ അതു ഹാർട്ട് അറ്റാക്ക് ആണ്
‘ക്ലാസിക്’ നെഞ്ചുവേദന എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഇതിനെ ‘ എറ്റിപ്പിക്കൽ സിംപ്റ്റംസ് ’ (Atypical Symptoms) എന്നു പറയും. മറ്റു ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കണം. ∙ നടക്കുന്പോഴോ പടി കയറുന്പോഴോ ഉള്ള കിതപ്പ് ∙ കാരണമില്ലാത്ത അമിത ക്ഷീണം ∙ താടി, കഴുത്ത്, തോളുകൾ, പുറം, വയറിന്റെ മുകൾ ഭാഗം എന്നിവിടങ്ങളിലെ വേദന ∙ തണുത്ത വിയർപ്പ്, തലകറക്കം, ഓക്കാനം ∙ ഉറക്കത്തിൽ പെട്ടെന്ന് ഉണരൽ ∙ പ്രമേഹരോഗികളിൽ നാഡികൾക്കു തകരാർ ഉള്ളതുകൊണ്ടു വേദന പോലും അനുഭവപ്പെടണമെന്നില്ല. ഇതിനെയാണു സൈലന്റ് ഹാർട്ട് അറ്റാക്ക് എന്നു പറയുന്നത്.
6. കുടുംബത്തിൽ ഹൃദ്രോഗമുണ്ട്. എനിക്കും വരും !
ഹൃദ്രോഗത്തിന്റെ കാര്യത്തിൽ ജനിതകം 20-30% റിസ്ക് മാത്രമേ തീരുമാനിക്കുന്നുള്ളൂ. ബാക്കി 70% വ്യക്തികളുടെ കയ്യിലാണ്. അച്ഛന് 45 വയസ്സിൽ ഹൃദയാഘാതം വന്നാലും നിങ്ങൾ 25 വയസ്സു മുതൽ ശ്രദ്ധിച്ചാൽ 65 വയസ്സു വരെ ഒന്നും വരാതെ നോക്കാം. മാത്രമല്ല നേരത്തേ തന്നെ സ്ക്രീനിങ് പരിശോധനകൾ തുടങ്ങുക.
7. ചെറുപ്പക്കാർക്കു കൊളസ്ട്രോൾ, ബിപി ടെസ്റ്റ് ചെയ്യേണ്ട
ധമനികളിൽ കൊഴുപ്പ് അടിയുന്നത് 20 വയസ്സിൽ തന്നെ ആരംഭിക്കും. അതിനാൽ 20 വയസ്സു മുതൽ അഞ്ചു വർഷത്തിലൊരിക്കൽ ലിപിഡ് പ്രൊഫൈൽ പരിശോധിക്കണം. റിസ്ക് ഉള്ളവർ വർഷത്തിലൊരിക്കൽ പരിശോധനകൾ നടത്തുക. ബിപി, പ്രമേഹം, ബോഡി മാസ് ഇൻഡക്സ് എന്നിവ കൂടി പരിശോധിക്കുക. പ്രശ്നം നേരത്തേ കണ്ടുപിടിച്ചാൽ വെറും ഭക്ഷണനിയന്ത്രണവും
നടത്തം പോലുള്ള വ്യായാമങ്ങളും കൊണ്ടു നിയന്ത്രിക്കാം.
8. നെഞ്ചുവേദന ഗ്യാസ് ആയിരിക്കും ; കാത്തിരുന്നാൽ മാറും
ഹൃദയാഘാതത്തിന്റെ ആദ്യ മണിക്കൂറുകളാണ് ഏറ്റവും നിർണായകം. 30 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന നെഞ്ചുവേദന, വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രിയിലെത്തണം. ‘സമയം തന്നെയാണ് ഹൃദയപേശി’ (Time is Muscle). ചികിത്സ വൈകുമ്പോൾ കൂടുതൽ ഹൃദയപേശികൾ നശിക്കും.
9. പ്രകൃതി/ ആയുർവേദ മരുന്നുകൾ കൊണ്ടു ബ്ലോക്ക് പൂർണമായി മാറും
വെളുത്തുള്ളി, ഒമേഗ-3, കുർക്കുമിൻ എന്നിവ ഹൃദയത്തിനു നല്ലതാണ്. വീക്കം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇവ കൊണ്ടു ബ്ലോക്ക് അലിഞ്ഞുപോകുമെന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല. ഡോക്ടർ നിർദേശിക്കുന്ന ആസ്പിരിൻ, സ്റ്റാറ്റിൻ മരുന്നുകൾ എന്നിവ നിർത്തി ഇവ മാത്രം കഴിക്കുന്നതു ജീവനു തന്നെ അപകടമാണ്.
10. മരുന്നു കഴിക്കുന്നതു കൊണ്ടു ഭക്ഷണക്രമം പാലിക്കേണ്ടതില്ല
മരുന്നുകൾ ജീവിതശൈലിക്കു പകരമല്ല. ഹൃദയാരോഗ്യത്തിനായി പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. ഉപ്പിന്റെ അളവു കുറയ്ക്കുക. എണ്ണയിൽ വറുത്ത ഭക്ഷണം കുറയ്ക്കുക. പുകവലിയും പുകയിലയും പൂർണമായും ഒഴിവാക്കുക. മദ്യപാനം പരിമിതപ്പെടുത്തുക.
11. കൊളസ്ട്രോൾ സാധാരണയായാൽ ഹൃദ്രോഗം വരില്ല
കൊളസ്ട്രോൾ പ്രധാന അപകടഘടകമാണെങ്കിലും അതു മാത്രമല്ല, താഴെപ്പറയുന്ന ഘടകങ്ങളും
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു: ∙ പ്രമേഹം ∙ ഉയർന്ന രക്തസമ്മർദം ∙ പുകവലി ∙ വൃക്കരോഗം ∙ കുടുംബചരിത്രം ∙ അമിതവണ്ണം∙ വ്യായാമക്കുറവ്. അതുകൊണ്ടു കൊളസ്ട്രോൾ മാത്രം പരിഗണിക്കാതെ അപകടസാധ്യതകൾ (Cardiovascular Risk) മൊത്തത്തിൽ വിലയിരുത്തണം.
12. ഹൃദയാഘാതം വന്നാൽ ജീവിതം അവസാനിച്ചു
ആധുനിക ചികിത്സാരീതികൾ കാരണം മിക്ക രോഗികൾക്കും സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കഴിയും. അതിന് ആവശ്യമായത്: ∙ സമയബന്ധിത ചികിത്സ ∙ മരുന്നുകൾ കൃത്യമായി തുടരുക ∙ വ്യായാമം ∙ മാനസികാരോഗ്യം ശ്രദ്ധിക്കുക
∙ സ്ഥിരമായ ഫോളോ-അപ്. ഹൃദയാഘാതം ജീവിതത്തിന്റെ അവസാനമല്ല; ആരോഗ്യകരമായ പുതിയ തുടക്കമാകാം.
ഡോ. ജോൺ എഫ്. ജോൺ
കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
കോഴിക്കോട്