ADVERTISEMENT

കേരളത്തിലെ ഏക ഗോത്ര താലൂക്ക് ആയ അട്ടപ്പാടിയിലേക്കു ചുരം കയറുമ്പോൾ 19 കിലോമീറ്റർ വനമാണ്. മുക്കാലിയിൽ വണ്ടിയിറങ്ങുമ്പോൾ സൈലന്റ്‌വാലിയുടെ കവാടമായി. ഈ വനത്തിൽ തലമുറകളായി കഴിഞ്ഞുവന്നിരുന്ന ഗോത്രവിഭാഗങ്ങളുടെ ഭക്ഷണരീതി അവിശ്വസനീയമാം വിധം ആരോഗ്യകരമായിരുന്നു. കാട്ടുചീര ഉൾപ്പെടെ 150–ൽ പരം ഇലക്കറികളും പുറം ലോകത്തിനു അന്യമായ നിരവധിയായ കിഴങ്ങുകളും പഴങ്ങളും റാഗിയും ചാമയും നിറഞ്ഞിരുന്ന ഗോത്ര ജനതയുടെ ഭക്ഷണ വൈവിധ്യം ഇന്ന് വെളുത്ത റേഷനരിയിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ഒരു ജനതയുടെ ഭക്ഷണസംസ്കാരം മാറിമറിഞ്ഞപ്പോൾ അവർക്ക് നഷ്ടമായത് വെറും രുചികളല്ല, തലമുറകളെ കാത്തുസൂക്ഷിച്ചിരുന്ന ആരോഗ്യത്തിന്റെ കവചം കൂടിയാണ്. പണ്ട് പ്രമേഹമെന്തെന്നറിയാതിരുന്ന മലമടക്കുകളിൽ ഇന്ന് വിളർച്ചയും ജീവിതശൈലീരോഗങ്ങളും ശിശുമരണങ്ങളും നിഴൽ വിരിക്കുന്നു. അട്ടപ്പാടിയുടെ അടുക്കളയിൽ നിന്ന് മാഞ്ഞുപോയത് റാഗി മാത്രമല്ല; തലമുറകളുടെ ആരോഗ്യത്തിന്റെ അടിത്തറ കൂടിയാണ്. വസ്തുതകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും വെളിച്ചത്തിൽ അട്ടപ്പാടിയുടെ ആരോഗ്യരംഗത്തെ കാണാപ്പുറങ്ങളിലേക്ക് ഒരു അന്വേഷണം.

കിതയ്ക്കുന്ന ആരോഗ്യം
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഒ.പി. വരാന്തയിലാണ് ഇരുപത്തിരണ്ടുകാരി ലക്ഷ്മിയെ കണ്ടത്. കയ്യിൽ ഒന്നര വയസ്സുകാരൻ മകനുണ്ട്. കുഞ്ഞിന്റെ മെലിഞ്ഞ കൈകാലുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. “ഡോക്ടർ പറഞ്ഞു കുഞ്ഞിന് രക്തക്കുറവാണെന്ന്. എനിക്കും തൂക്കമില്ലത്രേ...’’ ലക്ഷ്മി തന്റെ അരികിലിരിക്കുന്ന അമ്മ കാളിയുടെ കൈകളിലേക്ക് നോക്കി. കാളിയുടെ കരുത്തുറ്റ കൈകളിൽ അപ്പോഴും മണ്ണിൽ പണിയെടുത്തതിന്റെ തഴമ്പുകളുണ്ട്. ‘‘എന്റെ പ്രായത്തിൽ ഞാൻ ഒറ്റയ്ക്ക് ഒരു ചാക്ക് റാഗി ചുമന്ന് കുന്നു കയറുമായിരുന്നു. എനിക്ക് ഇന്നുവരെ ഒരു ഗുളിക പോലും കഴിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, ഇവൾ പത്ത് ചുവട് നടക്കുമ്പോൾ കിതയ്ക്കും’’ കാളിയമ്മയുടെ ശബ്ദത്തിൽ സങ്കടവും നിസ്സഹായതയും കലർന്നിരുന്നു. ഒരേ മണ്ണിൽ, ഒരേ കൂരയ്ക്ക് കീഴിൽ വളർന്ന അമ്മയ്ക്കും മകൾക്കും ഇടയിൽ ഇത്രയും വലിയൊരു ആരോഗ്യത്തിന്റെ അകലം എങ്ങനെയുണ്ടായി? ആ ചോദ്യത്തിനുള്ള ഉത്തരം തുടങ്ങുന്നത് അവരുടെ അടുക്കളയിലെ അടുപ്പിൽ നിന്നാണ്.

നഷ്ടപ്പെട്ട ചാമക്കഞ്ഞി

കുന്നിൻചെരിവിലുള്ള തന്റെ ചെറിയ വീടിന്റെ ഉമ്മറത്തിരുന്ന് ദൂരേക്ക് നോക്കുമ്പോൾ സെൽവിയുടെ കണ്ണുകളിൽ പഴയകാലത്തിന്റെ പച്ചപ്പ് കാണാം. വീട്ടിയൂർ ഊരിലെ മുതിർന്ന അംഗമായ സെൽവിക്ക് ഓർമ്മവെച്ച കാലം മുതൽ മൺകലങ്ങളിൽ തിളച്ചിരുന്നത് റാഗിക്കളിയും ചാമക്കഞ്ഞിയുമായിരുന്നു.
‘‘രാവിലെ എഴുന്നേറ്റാൽ മണ്ണിലേക്ക് ഇറങ്ങും. റാഗിയും തിനയും വരകും തുവരയും വിതയ്ക്കും. കാട്ടിൽ പോയാൽ നൂറുകണക്കിന് ഇലക്കറികളും കിഴങ്ങുകളും തേനും മുളയരിയും കിട്ടും. ഞങ്ങളുടെ അമ്മമാർക്കോ അച്ഛന്മാർക്കോ ഷുഗറോ പ്രഷറോ എന്താണെന്നു പോലും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് നോക്കൂ... റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരി വേവിച്ച് ഉപ്പും മുളകും കൂട്ടി കഴിക്കുമ്പോൾ വിശപ്പ് മാറുന്നുണ്ടാകാം. പക്ഷേ, ഞങ്ങളുടെ മക്കൾക്കും പേരക്കുട്ടികൾക്കും പഴയ ആരോഗ്യമില്ല. പട്ടിണി മാറ്റാൻ അരിയുണ്ട്, പക്ഷേ അത് മാത്രം മതിയോ?’’
സെൽവിയുടെ ഈ ചോദ്യം അട്ടപ്പാടിയിലെ 190 ഓളം ഊരുകളുടെ നെഞ്ചിൽ തറയ്ക്കുന്ന യാഥാർത്ഥ്യമാണ്.
കേരളത്തിന്റെ ആരോഗ്യസൂചികകൾ ലോകനിലവാരത്തിനൊപ്പം നിൽക്കുമ്പോഴും, പാലക്കാട് ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഈ 745 ചതുരശ്ര കിലോമീറ്റർ മലയോര താഴ്‌വരയിൽ വലിയൊരുരു ആരോഗ്യപ്രതിസന്ധി പുകഞ്ഞുകൊണ്ടിരിക്കുന്നു. പാലക്കാട് ജില്ലയിലെ അഗളി, പുതൂർ, ഷോളയൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അട്ടപ്പാടി കേരളത്തിലെ ഏറ്റവും വലിയ ആദിവാസി മേഖലയാണ്. ഇരുളർ (ഏകദേശം 80 ശതമാനം), മുഡുകർ (13-14ശതമാനം), പ്രാക്തന ഗോത്രവർഗ്ഗമായ കുറുമ്പർ (6-7ശതമാനം) എന്നീ മൂന്നു ഗോത്രവിഭാഗങ്ങളിലായി മുപ്പതിനായിരത്തിലധികം മനുഷ്യർ വസിക്കുന്നു. നൂറ്റാണ്ടുകളായി കാടുമായും കൃഷിയുമായും ഇഴചേർന്നു കിടന്നിരുന്ന ഇവരുടെ ജീവിതതാളം തെറ്റിയത് എങ്ങനെയാണ്?

അടിമുടിമാറിയ ഭക്ഷണം
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ഭക്ഷണരീതി കീഴ്മേൽ മറിഞ്ഞത് ഒറ്റ രാത്രികൊണ്ടല്ല. ആ മാറ്റം പല തലങ്ങളിലൂടെയാണ് സംഭവിച്ചത്. 1951-ലെ സെൻസസ് പ്രകാരം അട്ടപ്പാടിയിലെ ജനസംഖ്യയിൽ 90 ശതമാനവും ആദിവാസികളായിരുന്നു. എന്നാൽ പിന്നീടുള്ള പതിറ്റാണ്ടുകളിൽ കുടിയേറ്റം വർധിച്ചതോടെ, ആദിവാസികൾ സ്വന്തം മണ്ണിൽ 44 ശതമാനം മാത്രമുള്ള ന്യൂനപക്ഷമായി മാറി. ഈ സാമൂഹിക മാറ്റത്തിനൊപ്പം അവരുടെ ഭക്ഷണസംസ്കാരവും തകർന്നടിഞ്ഞു.
1950–1980 ഘട്ടത്തിലാണ് പരമ്പരാഗത കൃഷിയുടെ തകർച്ച സംഭവിക്കുന്നത്. പരമ്പരാഗതമായി 'കൂറ' (മാറിമാറി കൃഷി ചെയ്യുന്ന രീതി) സമ്പ്രദായത്തിലൂടെയാണ് ആദിവാസികൾ കൃഷി ചെയ്തിരുന്നത്. ഭൂമി കൈയേറ്റങ്ങളിലൂടെ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങൾ നഷ്ടപ്പെട്ടതോടെ സ്വന്തമായി ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രീതി നിലച്ചു. വനസംരക്ഷണ നിയമങ്ങൾ കർശനമായതോടെ കാട്ടിൽ കയറി കിഴങ്ങുവർഗ്ഗങ്ങളും മുളയരിയും കാട്ടുചീരകളും ശേഖരിക്കുന്നതിന് നിയന്ത്രണങ്ങൾ വന്നു.
1980-90 കാലഘട്ടത്തിൽ റാഗിക്കും ചാമയ്ക്കും പകരം പരുത്തി, ഇഞ്ചി, കമുക്, തെങ്ങ്, വാഴ തുടങ്ങിയ നാണ്യവിളകൾ അട്ടപ്പാടിയിൽ വ്യാപകമായി. ക്രമേണ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതോടൊപ്പം തനത് വിത്തിനങ്ങളും അപ്രത്യക്ഷമായി.
അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (AHADS) പോലുള്ള പദ്ധതികളുടെ വരവോടെ (1996–2010)സ്വന്തം മണ്ണിൽ കൃഷി ചെയ്തിരുന്നവർ ദിവസക്കൂലി അടിസ്ഥാനമാക്കിയുള്ള നിർമ്മാണ-വനവൽക്കരണ ജോലികളിലേക്ക് തിരിഞ്ഞു. പൊതുവിതരണ റേഷൻ സംവിധാനം വഴി സൗജന്യമായും കുറഞ്ഞ നിരക്കിലും അരി ലഭിച്ചു തുടങ്ങിയതോടെ വിശപ്പടക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അതായി. എന്നാൽ റേഷൻ കടകളിലൂടെ ലഭിക്കുന്ന മട്ടയരി ഇഷ്ടപ്പെടാത്തതിനാൽ, അത് കടകളിൽ കുറഞ്ഞ വിലയ്ക്ക് വിറ്റ് പകരം പോഷകമൂല്യം തീരെയില്ലാത്ത വെളുത്ത അരി വാങ്ങി ഉപയോഗിക്കുന്ന പ്രവണത വ്യാപകമായി. 150ലധികം തരം ഇലക്കറികൾ കഴിച്ചിരുന്ന ഈ ആദിവാസി ജനതയ്ക്കു പോഷകമൂല്യമുള്ള അത്തരം ഭക്ഷണം പാടേ നഷ്ടമായി. മദ്യത്തിനു അടിമയായവരുടെ എണ്ണവും കൂടി. മറുവശത്ത് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ദിവസവും പയറുവർഗ്ഗങ്ങളോ മത്സ്യമാംസാദികളോ പച്ചക്കറികളോ വാങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കുടുംബങ്ങൾ ചുരുങ്ങി.

പോഷക കലവറയിൽ നിന്ന് ശൂന്യതയിലേക്ക്
വെളുത്ത അരിയിലേക്കുള്ള മാറ്റം വെറുമൊരു രുചിമാറ്റമല്ല, മറിച്ച് ശരീരത്തിന് ലഭിച്ചിരുന്ന സൂക്ഷ്മപോഷകങ്ങളുടെ സമ്പൂർണ്ണമായ നഷ്ടമാണ്. അട്ടപ്പാടിയിലെ പരമ്പരാഗത ഭക്ഷണമായ ചെറുധാന്യങ്ങളും (Millets) ഇന്നത്തെ വെളുത്ത അരിയും തമ്മിലുള്ള പോഷകമൂല്യത്തിലെ അന്തരം അമ്പരപ്പിക്കുന്നതാണ്.
100 ഗ്രാം വെളുത്ത അരിയിൽ വെറും 10 മില്ലിഗ്രാം കാൽസ്യം മാത്രമുള്ളപ്പോൾ, റാഗിയിൽ അത് 344 മില്ലിഗ്രാം ആണ്–അതായത് 34 ഇരട്ടി. അതുപോലെ അരിയിൽ 0.7 മില്ലിഗ്രാം ഇരുമ്പ് മാത്രമുള്ളപ്പോൾ ചാമയിൽ അത് 9.3 മില്ലിഗ്രാം ആണ്. ഈ പോഷകങ്ങൾ ഒറ്റയടിക്ക് ആഹാരത്തിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ, അത് അട്ടപ്പാടിയിലെ ഗോത്രജനതയുടെ ശരീരഘടനയെയും രോഗപ്രതിരോധ ശേഷിയെയും തകർത്തു.

ആരോഗ്യമേഖലയിലെ കാണാപ്പുറങ്ങൾ
ഭക്ഷണരീതിയിലുണ്ടായ ഈ ഘടനാപരമായ മാറ്റം അട്ടപ്പാടിയിലെ ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് കേന്ദ്ര സർക്കാരിന്റെ ഐ.സി.എം.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (ICMR-NIN) 2022-23 കാലയളവിൽ നടത്തിയ സമഗ്ര പഠനവും തുടർന്നുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

Attappadi2


പ്രമേഹമില്ലാതിരുന്ന നാട്ടിൽ ഇന്ന് ജീവിതശൈലീ രോഗങ്ങൾ
പുതൂർ പഞ്ചായത്തിലെ പ്രശസ്ത ഗോത്രവൈദ്യയായ രംഗിയമ്മ വൈദ്യർ പഴയകാലത്തെപ്പറ്റി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്–‘‘ഞങ്ങളുടെ കൂട്ടർക്ക് പണ്ട് പ്രമേഹമോ അൾസറോ ചുമയോ പോലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നില്ല. കാട് ഞങ്ങൾക്ക് ആവശ്യമായ ചെറുധാന്യങ്ങളും ഇലക്കറികളും നൽകിയിരുന്നു.’’
കഠിനമായ ശാരീരികാധ്വാനവും ഗ്ലൈസീമിക് ഇന്ഡക്സ് കുറഞ്ഞ ചെറുധാന്യങ്ങളും ശീലിച്ചിരുന്നവർക്കിടയിൽ പണ്ട് പ്രമേഹമോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ല. എന്നാൽ വെളുത്ത അരിയുടെ അമിത ഉപയോഗവും, ഊരുകളിലേക്ക് കടന്നുകയറിയ ബേക്കറി-ഫാസ്റ്റ് ഫുഡ് വിഭവങ്ങളും സ്ഥിതി മാറ്റിമറിച്ചു. ദക്ഷിണേന്ത്യൻ മലയോര ഗോത്രവർഗ്ഗക്കാർക്കിടയിൽ നടന്ന പഠനങ്ങളിൽ രക്തസമ്മർദ്ദം (16.7% മുതൽ 28.8% വരെ), പ്രമേഹം (3.8% - 4.6%), പ്രീ-ഡയബറ്റിസ് (9.3%) എന്നിവ പൊതുസമൂഹത്തിന് സമാനമായി ഉയർന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2026-ൽ അട്ടപ്പാടിയിലെ മുതിർന്ന ആദിവാസി സ്ത്രീകൾക്കിടയിൽ നടന്ന പഠനങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വർധനവ് അടിവരയിടുന്നു.

വിളർച്ചയുടെ പിടിയിൽ
ICMR-NIN പഠനപ്രകാരം അട്ടപ്പാടിയിലെ 12 മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികളിൽ 91.2 ശതമാനത്തിനും വിളർച്ചയുണ്ട്( (Anaemia). കൗമാരക്കാരായ പെൺകുട്ടികളിൽ ഇത് 96.6 ശതമാനം എന്ന ഞെട്ടിക്കുന്ന നിരക്കിലാണ്.
കുട്ടികളിൽ 34.6% പേർക്ക് വിറ്റാമിൻ ബി-12 (Vitamin B12) കുറവും, 20% പേർക്ക് വിറ്റാമിൻ ഡി (Vitamin D) കുറവുമുണ്ട് (മറ്റൊരു 47.5% കുട്ടികളിൽ വിറ്റാമിൻ ഡി അപര്യാപ്തമായ നിലയിലാണ്). ഇരുമ്പും ഫോളിക് ആസിഡും നിറഞ്ഞ റാഗിയും കാട്ടുചീരകളും നഷ്ടപ്പെട്ടതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണിത് എന്നാണു വിദഗ്ധർ കരുതുന്നത്.

Attappadi3
ADVERTISEMENT


പെൺകുട്ടികളിലെ അനാരോഗ്യം
കൗമാരക്കാരായ പെൺകുട്ടികളിലെ കടുത്ത വിളർച്ച അവർ അമ്മമാരാകുമ്പോൾ കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. അമ്മയ്ക്ക് പോഷകാഹാരക്കുറവുണ്ടാകുന്നതും ഹീമോഗ്ലോബിൻ നിരക്ക് എട്ടിലും താഴെയാകുന്നതും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ (IUGR) ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഗൈനക്കോളജിസ്റ്റുകളും മറ്റ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
∙ICMR-NIN കണക്കുകൾ പ്രകാരം അട്ടപ്പാടിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ 41.4 ശതമാനവും ജനനസമയത്ത് ഭാരക്കുറവുള്ളവരാണ് (Low Birth Weight).
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 48.3% പേർ ഭാരക്കുറവുള്ളവരും (Underweight), 40.9% പേർ പ്രായത്തിനനുസരിച്ചുള്ള ഉയരമില്ലാത്തവരുമാണ് (Stunting).
ഈ അവസ്ഥയുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ആരോഗ്യ സമിതികൾ മുന്നറിയിപ്പ് നൽകുന്നത് ശ്രദ്ധേയമാണ്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവിന് പരിഹാരം കാണേണ്ടത് ഗർഭാവസ്ഥയിൽ മാത്രമല്ല, പെൺകുട്ടികളുടെ ആരോഗ്യത്തിൽ നിന്നാണ് തുടങ്ങേണ്ടത്. ചെറിയ പ്രായം മുതൽ സമീകൃതാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കണം. ഇപ്പോൾ പോഷകാഹാരക്കുറവോടെ ജനിക്കുന്ന കുട്ടികൾ വളർന്നുവരുമ്പോൾ ഭാവിയിൽ ബി.പി, കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നും വിദഗ്ധർ പറയുന്നു.

നിലയ്ക്കാത്ത ശിശുമരണങ്ങൾ
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പൂർണ്ണമായി നിലച്ചിട്ടില്ല എന്നതാണ് കയ്പേറിയ സത്യം. 2026-ൽ ഏതാനും മാസങ്ങൾക്കിടെ 10-ഓളം നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരണപ്പെട്ടത് വലിയ ചർച്ചയായിരുന്നു. 2026 ഒക്ടോബർ അവസാനം സംസ്ഥാന ആരോഗ്യവകുപ്പ് രണ്ട് പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘങ്ങളെ അട്ടപ്പാടിയിലേക്ക് അയക്കുകയുണ്ടായി. ഇതേ കാലയളവിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും നടത്തിയ പരിശോധനയിൽ പോഷകാഹാര വിതരണത്തിലെ പാളിച്ചകളും കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യപായ്ക്കറ്റുകളുടെ വിതരണവും കണ്ടെത്തി.തുടർന്ന് 2026 നവംബർ 12-ന്, അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളുടെ യഥാർത്ഥ കാരണങ്ങൾ സമഗ്രമായി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ധ സംഘങ്ങളെ വീതം നിയോഗിക്കണമെന്നും അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ, അവ നേരിട്ട് പോഷകാഹാരക്കുറവ് മൂലമല്ലെന്നും മറിച്ച് മാസം തികയാതെയുള്ള പ്രസവം, ജന്മനായുള്ള വൈകല്യങ്ങൾ എന്നിവയാലാണെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും വിശദീകരിക്കാറുള്ളത്. എന്നാൽ, അമ്മമാരിലെ പോഷകാഹാരക്കുറവും വിളർച്ചയുമാണ് മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനും കാരണമാകുന്നതെന്ന ശാസ്ത്രീയ വസ്തുതയെ ആർക്കും നിഷേധിക്കാനാവില്ല.

സിക്കിൾ സെൽ അനീമിയ
അട്ടപ്പാടിയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ കണ്ടുവരുന്ന സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം) എന്ന ജനിതക രോഗം പോഷകാഹാരക്കുറവുള്ളവരിൽ കൂടുതൽ സങ്കീർണ്ണമാകുന്നു. ഇരുനൂറോളം സിക്കിൾ സെൽ രോഗികളും രോഗവാഹകരായ രണ്ടായിരത്തോളം പേരും മേഖലയിലുണ്ട്. ഇവർക്ക് രോഗപ്രതിരോധ ശേഷി നിലനിർത്താൻ ഉയർന്ന അളവിൽ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഭാരക്കുറവുള്ള (35 കിലോയിൽ താഴെ) ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രത്യേക പോഷകാഹാരം നൽകുന്ന രീതി ആരോഗ്യവകുപ്പ് നടപ്പാക്കിയിട്ടുണ്ട്.
ആഗിരണ ശേഷിക്കുറവ് (Malabsorption): പോഷകാഹാരം നൽകിയാലും ചില കുട്ടികളിൽ ശരീരം അത് ആഗിരണം ചെയ്യാത്ത അവസ്ഥയുണ്ടാകുന്നതായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്. വിരശല്യവും കുടിവെള്ളത്തിലെ മാലിന്യങ്ങളും ഇതിന് ആക്കം കൂട്ടുന്നു.
അടുക്കളയിലെ പുകയും കോൺക്രീറ്റ് വീടുകളും: പരമ്പരാഗത വീടുകളിൽ തുറസ്സായ ഇടങ്ങളിലായിരുന്നു പാചകം നടന്നിരുന്നത്. എന്നാൽ കൃത്യമായ വായുസഞ്ചാരമോ പുകക്കുഴലുകളോ ഇല്ലാത്ത കോൺക്രീറ്റ് വീടുകളിലേക്ക് മാറിയതോടെ, അടുക്കളയിൽ വിറക് കത്തിച്ചുള്ള പാചകം സ്ത്രീകളിൽ ശ്വാസകോശ രോഗങ്ങൾക്കും ഗർഭസ്ഥ ശിശുക്കളുടെ വളർച്ചാക്കുറവിനും കാരണമാകുന്നതായി മെഡിക്കൽ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മില്ലറ്റിനു അംഗീകാരം പക്ഷേ...

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങൾ കേവലം ഗുളികകളിലൂടെയോ വിറ്റാമിൻ സിറപ്പുകളിലൂടെയോ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു ജനതയുടെ നഷ്ടപ്പെട്ട ഭക്ഷ്യസ്വയംഭരണം തിരിച്ചുപിടിക്കുകയാണ് ഏറ്റവും ശാശ്വതമായ പരിഹാരം.
അട്ടപ്പാടി മില്ലറ്റ് ഗ്രാമം (Millet Village) പോലുള്ള പദ്ധതികളിലൂടെ 198 ഊരുകളിലായി 2,500 ഹെക്ടറോളം സ്ഥലത്ത് റാഗിയും ചാമയും തിനയും തിരികെ കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. 2023-ൽ കേരളത്തിന് മികച്ച മില്ലറ്റ് പ്രൊമോഷൻ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നതിൽ അട്ടപ്പാടിയിലെ ഈ മുന്നേറ്റം വലിയ പങ്കുവഹിച്ചു. പക്ഷേ, ഈ ചെറുധാന്യങ്ങൾ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലേക്ക് വിറ്റഴിക്കപ്പെടുന്നതിനൊപ്പം ആദിവാസികളുടെ സ്വന്തം അടുക്കളകളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.
ഈ ഗോത്ര ജനതയുടെ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി നടപ്പിലാക്കേണ്ട വിവിധ കാര്യങ്ങളുണ്ട്. റേഷൻ കടകൾ വഴി വെളുത്ത അരിക്ക് പകരം പ്രാദേശികമായി സംഭരിക്കുന്ന റാഗിയും ചാമയും പയറുവർഗ്ഗങ്ങളും വിതരണം ചെയ്യുക. വന്യമൃഗശല്യത്തിൽ നിന്ന് ആദിവാസികളുടെ കൃഷിയിടങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ വേലികളും കാവലും ഏർപ്പെടുത്തുക. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം തടസ്സം വരാതെ നോക്കുക തുടങ്ങിയവ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.
ഊരുകളിലെ പരമ്പരാഗത വിത്തിനങ്ങളും കൃഷിയും സംരക്ഷിക്കാനും പുതിയ തലമുറയ്ക്ക് ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം നൽകാനും പദ്ധതികൾ ആവിഷ്കരിക്കുക.
ഭക്ഷണം വെറും വിശപ്പടക്കാനുള്ള ഉപാധിയല്ല, അതൊരു ജനതയുടെ ആരോഗ്യവും സംസ്കാരവും അതിജീവനവുമാണ്.


സന്തോഷ് ശിശുപാൽ
അസി. എഡിറ്റോറിയൽ കോഓർഡിനേറ്റർ
മനോരമ ആരോഗ്യം
santhoshsisupal@hotmail.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT