പ്രായം കൂടുന്പോൾ വൃക്കകളുടെ ആരോഗ്യം കുറയാം... അണുബാധാ ലക്ഷണങ്ങൾ കരുതിയിരിക്കുക Understanding Kidney and Urinary Tract Infections in the Elderly
Mail This Article
പ്രായം കൂടുന്നതിന് അനുസരിച്ചു വൃക്കകളുടെയും മൂത്രാശയത്തിന്റെയും പ്രവർത്തനത്തിൽ മാറ്റം വരുന്നു. ഇതു കാരണം ഈ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ വർധിക്കാം. പ്രായമാകുന്പോൾ മൂത്രത്തിലെ അണുബാധകളും വൃക്കരോഗങ്ങളും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കാരണം മൂത്രം ഒഴുകിപോകുന്നതിനു തടസ്സമുണ്ടാവുകയും മൂത്രസഞ്ചിയിൽ മൂത്രം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യുന്നു. വാർധക്യസഹജമായ രോഗങ്ങൾ, പ്രമേഹം, രക്താതിമർദം എന്നിവ അണുബാധയ്ക്കുള്ള സാഹചര്യത്തിലേയ്ക്കു വഴിയൊരുക്കുന്നു.
പ്രതിരോധത്തിന്റെ കുറവ്
പ്രായം കൂടുന്നതിനനുസരിച്ചു ശരീരത്തിലുണ്ടാകുന്ന പ്രതിരോധശക്തിക്കുറവ് അണുബാധകൾക്കും അതുകാരണം ഉണ്ടാകുന്ന വൃക്കകളുടെ തകരാറിനും കാരണമാകുന്നു. കിടപ്പിലായ രോഗികൾ, പ്രത്യേകിച്ചും കതീറ്റർ ശരീരത്തിൽ ഇട്ടു മൂത്രം പോകുന്നവർക്ക് അണുബാധയ്ക്ക് സാധ്യത കൂടും.
ലക്ഷണങ്ങൾ മാറാം
മൂത്രതടസ്സം, വയറുവേദന, പനി, മൂത്രത്തിന്റെ നിറത്തിലുള്ള മാറ്റം, രക്തം കലർന്നു മൂത്രം പോവുക, മൂത്രമൊഴിക്കുന്പോൾ എരിച്ചിലും വേദനയും, ഇടയ്ക്കിടയ്ക്കു മൂത്രമൊഴിക്കാൻ തോന്നുക, അടിവയറ്റിൽ വേദന എന്നിവ സാധാരണയായി കാണുന്ന രോഗലക്ഷണങ്ങളാണ്. എന്നാൽ പ്രായം ചെല്ലുന്തോറും രോഗലക്ഷണങ്ങളില്ലാതെ തന്നെ ഈ അവസ്ഥ പ്രത്യക്ഷമാകാറുണ്ട്. അതിനാൽ കിടപ്പിലായ രോഗികൾ, ഡയപ്പർ ഉപയോഗിക്കുന്നവർ, മൂത്രം പോകാനായി കതീറ്റർ ധരിച്ചിട്ടുള്ളവർ ഇങ്ങനെയുള്ള രോഗികളെ പരിചരിക്കുന്നവർ ചെറിയ ലക്ഷണങ്ങളെയും കരുതലോടെ നോക്കികാണേണ്ടതും ആവശ്യം വന്നാൽ വൈദ്യസഹായം തേടേണ്ടതുമാണ്.
അണുബാധ തീവ്രമായി, രക്തത്തിൽ അണുബാധ ഉണ്ടാവുകയും അങ്ങനെ ജീവനു തന്നെ ഭീഷണിയാകാനും ഈ രോഗം കാരണമാകുന്നു. രക്തത്തിൽ അണുബാധ പടരുന്പോൾ ഓർമക്കുറവ്, മയക്കം, വിശപ്പില്ലായ്മ, ക്ഷീണം, രക്തസമ്മർദം കുറഞ്ഞുപോവുക, ഹൃദയമിടിപ്പിന്റെ അളവു വർധിക്കുക എന്നിവയും വരാം.
സംശയാസ്പദമായ സാഹചര്യത്തിൽ ഉടനെ വൈദ്യസഹായം തേടുക. രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധനകൾ, മൂത്രത്തിന്റെ കൾച്ചർ പരിശോധന, വയറിന്റെയും മൂത്രസഞ്ചിയുടെയും സ്കാനുകൾ എന്നിവ ആവശ്യമായി വരാം.
അണുബാധയുടെ തീവ്രത അനുസരിച്ചാണു ചികിത്സ. ആദ്യഘട്ടങ്ങളിൽ ആന്റിബയോട്ടിക് ഗുളികകൾ വേണ്ടിവരും. ഒരാഴ്ച മുതൽ രണ്ടാഴച വരെ കഴിക്കേണ്ടതായി വരാം. തീവ്രമായ അണുബാധ ആണെങ്കിൽ കുത്തിവയ്പുകളും തുടർപരിശോധനകളും അനിവാര്യമാണ്.
∙ അണുബാധ വരാതിരിക്കാനുള്ള കരുതലാണ് ഏറ്റവും മുഖ്യം.
∙ ധാരാളമായി വെള്ളം കുടിക്കുകയും മൂത്രം പിടിച്ചുവയ്ക്കാതെ ഒഴിച്ചു കളയുകയും വേണം.
∙ പ്രമേഹരോഗികൾ ഷുഗറിന്റെ അളവു നന്നായി നിയന്ത്രിക്കുന്നത് അണുബാധയുടെ നിരക്കു കുറയ്ക്കുന്നു.
∙ മലബന്ധമോ മൂത്രതടസ്സമോ ഉണ്ടെങ്കിൽ വൈകാതെ വൈദ്യപരിശോധനകൾക്കു വിധേയരാകുക.
∙ കിടപ്പിലായ വൃദ്ധർക്കു രോഗസാധ്യത കൂടുതലാണ്. ഇവരെ പരിചരിക്കുന്നവർ പ്രത്യേകം
കരുതൽ നൽകുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. കെ. പി. ജയകുമാർ
കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ്
കാരിത്താസ് ഹോസ്‌പിറ്റൽ, കോട്ടയം