പുരുഷന്മാർക്ക് ഗർഭപാത്രവും അണ്ഡാശയവും ഇല്ലെങ്കിൽ പോലും ഏകദേശം 40 വയസ്സ് കഴിയുമ്പോൾ, സ്ത്രീകൾക്ക് ആർത്തവവിരാമ സമയത്തുണ്ടാകുന്നതിനു സമാനമായ രീതിയിൽ വിവിധ മാനസിക - ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു. സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവു കുറയാം. തന്മൂലം സ്ത്രീകളിൽ ആർത്തവവിരാമ സമയത്തു കാണുന്ന വിവിധ ശാരീരിക - മാനസിക പ്രശ്നങ്ങളെയും അസ്വാസ്ഥ്യതകളെയും പോസ്റ്റ് മെനോപോസൽ സിൻഡ്രോം എന്നാണ് വിശേഷിപ്പിക്കുന്നത്.
പുരുഷന്മാരിലും 40 വയസ്സു കഴിയുമ്പോൾ ടെസ്േറ്റാസ്റ്റിറോൺ എന്ന ഹോർമോൺ ഉൾപ്പെടെയുള്ള ആൻഡ്രജൻ ഹോർമോണുകൾ കുറഞ്ഞു തുടങ്ങുന്നു. ഈ സമയത്തുണ്ടാകുന്ന, ആർത്തവവിരാമത്തിനു സമാനമായ ശാരീരിക - മാനസിക ലക്ഷണങ്ങളെ 'ആൻഡ്രോപോസ്' എന്നു വിശേഷിപ്പിക്കുന്നു. അത്തരം സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട മാനസിക പ്രശ്നങ്ങളെ കുറിച്ച് അറിയാം.
∙ അമിതമായ ഉത്കണ്ഠ
ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും അമിതമായി ചിന്തിച്ച് ആധി പിടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മരണഭയം. ഞാൻ പെട്ടെന്ന് മരിച്ചു പോകുമോ, ആരെന്നെ നോക്കും, സഹായിക്കും, തുടങ്ങിയ ചിന്തകൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അതോടൊപ്പം പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ ഇത്തരം മരണചിന്ത അധികരിക്കുന്നു.
∙ വിഷാദരോഗം
പ്രായമായ പുരുഷന്മാരെ അലട്ടുന്ന മറ്റൊരു മാനസിക പ്രശ്നമാണ് വിഷാദരോഗം. ജീവിതത്തിൽ സംഭവിച്ചുപോയ പല കാര്യങ്ങളെപ്പറ്റിയും ചിന്തിച്ചു ചിന്തിച്ച് അവർ സ്വന്തം മനസ്സിനെ നീറ്റുന്നു. മുൻപ് ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളെപ്പറ്റിയും അമിതമായി ചിന്തിച്ച്, അതിന്റെ കുറ്റബോധം അവരെ അലട്ടിക്കൊണ്ടിരിക്കും. പലരും ഏകാന്തതയിൽ അഭയം തേടുന്നു.
അതുപോലെ ഉറ്റവരുടെ മരണവും വേർപാടുകളും അവരുടെ ഒരു തീരാനഷ്ടമായി അലട്ടിക്കൊണ്ടിരിക്കും. സ്വാഭാവികമായും സന്തോഷം അവർക്ക് അന്യമായി മാറും. സ്വയം സന്തോഷം കണ്ടെത്താത്ത ഇവർ ബന്ധുക്കളിലും, സഹപ്രവർത്തകരിലും വിവിധതരം കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും അമിത ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യും. അപകർഷബോധവും അവരുടെ കൂടെപ്പിറപ്പായി മാറുന്നു.
എനിക്കൊന്നിനും കഴിയില്ല, മറ്റുള്ളവർക്ക് ഞാനൊരു ഭാരമായി മാറുന്നു. എന്റെ ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയ ചിന്തകൾ അവരെ വേട്ടയാടുമ്പോൾ ആത്മഹത്യയിൽ അവർ അഭയം തേടുന്നു. ചുരുക്കം ചിലരിൽ അമിതവും അനിയന്ത്രിതവുമായ സംസാരവും, ആനന്ദവും, അമിതവിശപ്പും ലൈംഗികതയും പ്രകടമാകുന്നു, മാനിയ എന്നാണ് ഇതറിയപ്പെടുന്നത്.
∙ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ
നിയന്ത്രണം വിട്ട ചിന്തകളും പ്രവൃത്തികളും അലട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. അമിതമായ ചിട്ടകളും നിർബന്ധ ബുദ്ധികളും പല രീതിയിൽ രംഗത്തു വരാം. അതിലൊന്നാണ് അമിതമായ കുളിയും, കൈകഴുകലും. വാതിൽ പൂട്ടിയോ എന്നു തുടരെയുള്ള പരിശോധന...ചിലർക്ക് പ്രവൃത്തികൾ നിശ്ചിത തവണ ആവർത്തിച്ചു കഴിഞ്ഞാലേ തൃപ്തി വരൂ. ഉദാഹരണമായി അഞ്ചു പ്രാവശ്യം കൈ കഴുകിയാലേ സമാധാനം കിട്ടുകയുള്ളൂ. മറ്റുള്ളവർ ശരീരത്തിൽ തൊടുന്നത് പോലും ഇവർക്ക് ഇഷ്ടമില്ലാതെയാകുന്നു. സ്വാഭാവികമായും അടുത്ത ഇടപെടുന്നവർക്ക് ഇവരുടെ സ്വഭാവം അലോസരമായി മാറുന്നു.
∙ ലഹരികളുടെ അടിമത്തം
മേൽപ്പറഞ്ഞ മാനസികാവസ്ഥയിൽ നിന്നു രക്ഷപ്പെടാൻ ചിലർ മദ്യപാനവും, പുകവലിയുമുൾപ്പെടെയുള്ള വിവിധ ലഹരികളിൽ അഭയം തേടുന്നു.
∙ അമിത ഭയങ്ങൾ
ചിലരെ ഇരുട്ട്, അടച്ചിട്ട മുറികൾ, ഉയരമുള്ള സ്ഥലങ്ങൾ, ആഴമുള്ള സ്ഥലങ്ങൾ, ലിഫ്റ്റ്, ഏകാന്തത എന്നിവയിൽ അകാരണഭയം വേട്ടയാടിക്കൊണ്ടിരിക്കും. ചിലർക്ക് പാമ്പ്, പഴുതാര, എട്ടുകാലി തുടങ്ങിയവയിലായിരിക്കും ഭയങ്ങൾ.
∙ ഹൈപ്പോകോൺഡ്രിയാസിസ്
ചിലർക്ക് അകാരണമായ ശരീര വേദന, പുകച്ചിൽ, എരിച്ചിൽ, തലവേദന തുടങ്ങി ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പലതരം ലക്ഷണങ്ങൾ കാണിക്കും. ശരീരത്തിലൂടെ തീയും പുകയും പായുന്നത് പോലെയുണ്ടാകുന്ന അവസ്ഥ 'ഹോട്ട് ഫ്ലാഷസ്' എന്നാണ് അറിയപ്പെടുന്നത്. ഓരോ ലക്ഷണത്തിനും അനുയോജ്യമായ സ്പെഷലിസ്റ്റുകളെ ഇവർ മാറി മാറി കണ്ടു നടക്കുന്നു. പക്ഷേ പരിശോധനയിൽ ഒരു കുഴപ്പവും കണ്ടെത്താനുമാകില്ല. ഈ സ്വഭാവത്തെ ഡോക്ടർ ഷോപ്പിങ് എന്നാണ് വിളിക്കുന്നത്.
∙ ലൈംഗിക തകരാറുകൾ
ചിലർക്കു ലൈംഗികതയോടുള്ള താല്പര്യം കുറയുന്നു. മറ്റു ചിലർക്ക് ഉദ്ധാരണം കിട്ടുന്നില്ല. ചിലർക്ക് ഉദ്ധാരണം കിട്ടും, പക്ഷേ ബന്ധപ്പെടുന്നതിനിടയിൽ ഉദ്ധാരണം നഷ്ടപ്പെടുന്നു. മറ്റു ചിലർക്ക് അമിതമായ ലൈംഗികാസക്തി പ്രകടമാകുന്നു.
∙ സംശയ രോഗങ്ങൾ
അയൽക്കാരും, ബന്ധുക്കളും തന്നെ ശല്യപ്പെടുത്തുന്നു എന്ന സംശയം, ബന്ധുക്കൾ ആഹാരത്തിൽ വിഷം കലർത്തി തരുന്നു എന്ന സംശയം, സ്വന്തം ഭാര്യയോ, ഭർത്താവോ ഇതര വ്യക്തികളുമായി ലൈംഗിക ബന്ധമുണ്ട് എന്ന തോന്നൽ തുടങ്ങിയ വിവിധ തരം സംശയങ്ങളും ഇവരെ വേട്ടയാടാറുണ്ട്.
∙ ഉറക്ക തകരാറുകൾ
ചിലർക്കു കിടന്നാൽ ഉറക്കം വരാൻ താമസം. മറ്റു ചിലർക്കു പെട്ടെന്ന് ഉറക്കം വരും. പക്ഷേ രാവിലെ രണ്ടു മണിയോടെടുത്ത് ഉണരും. മറ്റു ചിലർ ഉറക്കത്തിനിടവേളയിൽ പല തവണ ഉണർന്നു കൊണ്ടിരിക്കും. ചിലർക്ക് കിടന്നാൽ രാത്രി ഉറക്കമേ വരില്ല. ഉറക്കത്തിൽ വിവിധതരം സ്വപ്നങ്ങൾ കാണുന്നവരും ഭയാനകമായ സ്വപ്നങ്ങൾ കണ്ട് ചാടി എഴുന്നേൽക്കുന്നവരുണ്ട്.
∙ പാനിക് ഡിസോഡർ
അകാരണമായി ചിലരിൽ പെട്ടെന്നൊരു ഭയമുണ്ടാകുകയും, അതോടൊപ്പം നെഞ്ചിടിപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടൽ, വെപ്രാളം, അമിത വിയർപ്പ്, അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യുന്നു, ഈ അവസ്ഥ അവരുടെ ജീവിത നിലവാരത്തെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കാറുണ്ട്.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നു പരിശോധിച്ച് ഉറപ്പാക്കുക. മറ്റു കുഴപ്പങ്ങളില്ലെങ്കിൽ ഒരു ഹോർമോൺ വിദഗ്ധനെയോ യൂറോളജിസ്റ്റിനെയോ കാണാം. വിഷാദം, അമിത ഉത്കണ്ഠ, പാനിക് ഡിസോഡർ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം കൂടി തേടണം. ചിലപ്പോൾ ഉത്കണ്ഠയ്ക്കും മറ്റും കുറച്ചു നാളത്തേക്കു മരുന്നു കഴിക്കേണ്ടിയും വരാം.
ഒപ്പം ഉറക്കം ശരിയാക്കാൻ ഉറങ്ങാനും ഉണരാനും സമയനിഷ്ഠ കൊണ്ടുവരിക. ഭക്ഷണക്രമം ആരോഗ്യകരമാക്കുകയും ലഘുവായതാണെങ്കിലും വ്യായാമം പതിവാക്കുകയും ചെയ്യണം. നല്ല അയൽവക്ക ബന്ധങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനും അവ നിലനിർത്താനും ബോധപൂർവം ശ്രമിക്കുക.
ഇ–മെയിൽ: drjayaruspk@gmail.com