ADVERTISEMENT

ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന ഒരു ആരോഗ്യപ്രശ്നവും പ്രതിസന്ധിയുമാണു വന്ധ്യത. ശരിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദനാരോഗ്യത്തിനു വളരെ ഗുണകരമാണ്.

സിങ്ക്

ADVERTISEMENT

സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദന ആരോഗ്യത്തിനു പ്രധാനമാണു സിങ്ക്. ബീജത്തിന്റെ ഉൽപാദനത്തിനും ചലനത്തിനും സഹായിക്കുന്ന മുഖ്യധാതുവാണിത്. ∙ മുട്ട, അണ്ടിപ്പരിപ്പുകൾ, ഉണങ്ങിയ പഴങ്ങൾ, കൂൺ, പയർ വർഗങ്ങൾ, സീഡുകൾ, ബീറ്റ്റൂട്ട് എന്നിവ ഇതിന്റെ സ്രോതസ്സുകൾ ആണ്.

വൈറ്റമിൻ എ

ADVERTISEMENT

പ്രത്യുൽപാദനാരോഗ്യത്തിനു വൈറ്റമിൻ എ ഏറ്റവും ആവശ്യമാണ്. ലൈംഗിക ഹോർമോണുകളുടെ 
രൂപീകരണത്തിനും ഭ്രൂണത്തിന്റെ വളർച്ചയ്ക്കും മുഖ്യമാണിത്. ∙ കാരറ്റ്, തക്കാളി, മാന്പഴം, മുട്ട മഞ്ഞ, കാബേജ്, ഇലക്കറികൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തണം.

വൈറ്റമിൻ ബി 6

ADVERTISEMENT

ഭക്ഷണത്തിലൂടെ ധാരാളം വൈറ്റമിൻ ബി 6 കഴിക്കുന്ന സ്ത്രീകൾക്കു ഗർഭം ആദ്യ ആഴ്ചകളില്‍ അലസാനുള്ള സാധ്യത കുറയുന്നു. പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്‌റ്ററോൺ അളവു നിയന്ത്രിക്കാൻ ബി 6 പ്രധാനമാണ്. 
∙ വാഴപ്പഴം, കൂൺ, നിലക്കടല, വിത്തുകൾ (സൂര്യകാന്തി, ഫ്ലാക്സ് സീഡ്, മത്തൻകുരു) അയല, സാൽമൺ എന്നിവയിൽ വൈറ്റമിൻ ബി 6 ധാരാളമുണ്ട്. ബി വൈറ്റമിനുകളായ തയമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ബി 12 എന്നിവ ആരോഗ്യകരമായ ഗർഭധാരണത്തിനു വളരെ അത്യാവശ്യമാണ്. ∙ തവിടു നീക്കാത്ത ധാന്യങ്ങൾ, ബീൻസ്, കടല, കൂൺ, പച്ച ഇലക്കറികൾ, മൽസ്യം, സോയാബീൻ, ചുവപ്പ് അവൽ എന്നിവ ഉറവിടങ്ങളാണ്.

സെലിനിയം

പുരുഷ പ്രത്യുൽപാദനത്തിനു സെലിനിയത്തിന്റെ പങ്കു വലുതാണ്. ഫ്രീറാഡിക്കലുകളിൽ നിന്നു ബീജത്തെ സംരക്ഷിച്ചു നിർത്തുന്നു. പുരുഷ ബീജത്തിന്റെ ആരോഗ്യത്തിനും ചലനത്തിനും സെലിനിയം ആവശ്യമാണ്. ∙ മുട്ട, വിത്തുകൾ, കൂൺ, ഓട്സ്, മൽസ്യം, ചീര, മുഴു ധാന്യങ്ങൾ, തവിടോടുകൂടിയ അരി എന്നിവയിൽ സെലിനിയം ഉണ്ട്.

ഫോളിക് ആസിഡ്

ആരോഗ്യകരമായ കോശ രൂപീകരണത്തിനു ഫോളിക് ആസിഡ് അത്യാവശ്യമാണ്. പ്രത്യേകിച്ചു ഗർഭാവസ്ഥയുടെ പ്രാരംഭത്തിൽ. സ്ത്രീകളുടെ പ്രത്യുൽപാദന ക്ഷമതയിൽ പ്രധാന പങ്കു വഹിക്കുന്നു. ∙ ഇലക്കറികള്‍, ഗ്രീൻപീസ്, ഓറഞ്ച്, തക്കാളി, കടല, ശതാവരി, പച്ചപയർ എന്നിവയിൽ ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

വിളർച്ച മാറ്റാൻ ഇരുന്പ്

ഇരുന്പിന്റെ അംശം ശരീരത്തിൽ കുറഞ്ഞു വിളർച്ച അനുഭവപ്പെടുന്ന സ്ത്രീകളിൽ ഗർഭാധാരണ സാധ്യത കുറയുന്നു. ജനന വൈകല്യങ്ങൾ തടയുന്നതിനും ആരോഗ്യകരമായ അണ്ഡോൽപാദനത്തിനും ഇത് അത്യാവശ്യമാണ്. ∙ മുട്ട മഞ്ഞ, കരൾ, ഉണങ്ങിയ പഴങ്ങൾ, ശർക്കര, കരിപ്പെട്ടി, എള്ള്, ഇലക്കറികള്‍‌ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. സിട്രസ് പഴങ്ങൾ (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി) നെല്ലിക്ക, ബെറികൾ എന്നിവയിൽ വൈറ്റമിൻ സിയുണ്ട്. വൈറ്റമിൻ സി ഇരുന്പിന്റെ ആഗിരണശേഷി കൂട്ടും.

ഒമേഗ 3 ഫാറ്റി ആസിഡുകൾ

ഒമേഗ 3 ഫാറ്റി ആസിഡുകൾ ബീജത്തിന്റെ പുറത്തെ ആവരണത്തെ ബലപ്പെടുത്തുന്നു. ബീജത്തിന്റെ അളവും ചലനശേഷിയും കൂട്ടുന്നു. ആർത്തവചക്രം നിയന്ത്രിക്കാനും അണ്ഡത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ്. വീക്കം കുറയ്ക്കാനും പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള ആരോഗ്യകരമായ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കുന്നു. ∙ മത്തി, അയല, ചൂര, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ, ഫ്ലാക്സ് സീഡ്, ചിയാസീഡ്, കശുവണ്ടി, ബദാം, വാൾനട്സ്, സോയാബീൻ എന്നിവ ഒമേഗ 3 സ്രോതസുകളാണ്.

പ്രോട്ടീൻ

പ്രത്യുൽപാദന ക്ഷമതയ്ക്കു പ്രോട്ടീൻ അത്യാവശ്യമാണ്. പ്രത്യുൽപാദന ഹോർമോണുകളുടെ നിർമാണത്തിനും ആരോഗ്യകരമായ അണ്ഡോൽപാദനത്തിനും സഹായിക്കുന്നു. പയർവർഗങ്ങളിലെ പോളിമൈൻ സ്പെർമിഡിൻ ബീജത്തെ ബീജസങ്കലത്തിനു സഹായിക്കുന്നു. ∙ മത്സ്യം, ചിക്കൻ, മുട്ട, പയർ വർഗങ്ങൾ, അണ്ടിപരിപ്പുകൾ എന്നിവ കഴിക്കാം.

ആന്റിഓക്സിഡന്റുകൾ

വർണാഭമായ പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും സ്ത്രീ പുരുഷന്മാരിൽ പ്രത്യുൽപാദന ആരോഗ്യം വർധിപ്പിക്കുന്നു. ഇത് അണ്ഡത്തിന്റെ ഗുണനിലവാരം, ബീജ ഉൽപാദനം, ഹോർമോൺ ബാലൻസ് എന്നിവ മെച്ചപ്പെടുത്തുകയും ഗർഭാധാരണം സുഗമമാക്കുകയും ചെയ്യുന്നു. ∙ സ്ട്രോബെറി, റാസ്ബെറി ബ്ലൂബെറി, എന്നിവയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ ഉണ്ട്.

ഇവ ഒഴിവാക്കാം

∙ സംസ്ക്കരിച്ച മാംസം – ബേക്കൺ, സലാമി, ഹോട്ട് ഡോഗ്സ് എന്നിവ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുന്നു.

∙ കൊഴുപ്പു കൂടുതലുള്ള ആഹാരം – കേക്ക്, ബിസ്ക്കറ്റ്, ചോക്‌ലെറ്റ്, വെണ്ണ, എണ്ണയിൽ വറുത്തുപൊരിച്ച ആഹാരങ്ങൾ, ചുവന്ന മാംസം.

∙ കാപ്പി, ചായ,കോള പാനീയങ്ങൾ, മധുരപലഹാരങ്ങൾ, അമിതമായ 
മദ്യപാനം.

∙ കൊഴുപ്പു കൂടിയ പാലും പാലുൽപന്നങ്ങളും ട്രാൻസ്ഫാറ്റും സംസ്ക്കരിച്ച ഭക്ഷണങ്ങളും പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാകുന്നു. സ്ത്രീകളിൽ പിസിഒഡിക്കും കാരണമാകുന്നു.

തയാറാക്കിയത്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

English Summary:

Fertility foods play a crucial role in addressing infertility, a significant health concern for the current generation. Consuming a nutrient-rich diet, particularly those rich in zinc, vitamins A, B6, selenium, folic acid, iron, omega-3 fatty acids, protein, and antioxidants, can significantly improve reproductive health in both men and women.

ADVERTISEMENT