ADVERTISEMENT

ഗർഭിണിയാകുന്ന മിക്ക സ്ത്രീകളുടെയും സംശയമാണ് ഗർഭകാലത്ത് പൈനാപ്പിൾ, പപ്പായ എന്നിവ കഴിക്കാമോ എന്നത്. ഇവ കഴിക്കുന്നതു ഗർഭമലസാൻ കാരണമാകാം എന്നു വരെ പറയപ്പെടുന്നുണ്ട്. ഈ ഭയം കാരണം ഗർഭകാലത്തു പൈനാപ്പിൾ ജാം പോലും ഒഴിവാക്കുന്നവരുണ്ട്. ഇതിനു പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാം.

പൈനാപ്പിൾ, പപ്പായ എന്നിവ മിതമായ അളവിൽ ഗർഭിണി കഴിക്കുന്നതിൽ കുഴപ്പമില്ല. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമാലിൻ എന്ന ഘടകം ഗർഭം അലസൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇതു കൂടുതൽ ആയി കാണുന്നത് പൈനാപ്പിളിന്റെ തണ്ടിലും ഉള്ളിൽ ഉള്ള കട്ടിയുള്ള ഭാഗത്തും ആണ്. സാധാരണയായി ഇതു ആരും കഴിക്കാറില്ല. തന്നെയുമല്ല ദഹനത്തോടൊപ്പം ബ്രോമാലിൻ എന്ന ഘടകവും അലിയുന്നു. പൈനാപ്പിൾ ചെറിയ കഷണങ്ങൾ ആക്കി 10-12 എണ്ണം വരെ ദിവസേന കഴിക്കാം. മറ്റുള്ള പഴങ്ങളുടെ കൂടെയോ പാൽ, യോഗർട്ട് എന്നിവ ചേർത്ത് സ്മൂത്തിയായോ ഉപയോഗിക്കാം. ചെറിയ അളവിൽ ജാം കഴിച്ചാലും കുഴപ്പം ഇല്ല. പൈനാപ്പിളിന് ധാരാളം ഗുണങ്ങൾ ഉണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് കുഞ്ഞിന്റെ വളർച്ചയെ സഹായിക്കുന്നു. വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടുകയും വൈറ്റമിൻ ബി6 ഗർഭകാല ഛർദ്ദി കുറയ്ക്കുകയും ചെയ്യുന്നു. കാത്സ്യം എല്ലുകളുടെ ബലം വർധിപ്പിക്കുന്നു. പൈനാപ്പിളിൽ ധാരാളം നാരുകൾ ഉള്ളതിനാൽ മലബന്ധവും നിർജ്ജലീകരണവും തടയുന്നു.

ADVERTISEMENT

പ്രമേഹമുള്ളവർ ഒഴിവാക്കുക

പൈനാപ്പിളിൽ പഞ്ചസാരയുടെ അളവു കൂടുതൽ ആയതിനാൽ പ്രമേഹം ഉള്ളവർ ഒഴിവാക്കുന്നതാണു നല്ലത്. ചിലപ്പോൾ പൈനാപ്പിൾ അസിഡിറ്റി കൂട്ടുകയും ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. അപൂർവ്വമായി അലർജിയും കാണുന്നു.

ADVERTISEMENT

പപ്പായ കഴിക്കുന്പോൾ

നന്നായി പഴുത്ത പപ്പായ മിതമായ അളവിൽ ഗർഭിണിക്കു ദോഷകരം അല്ല. എന്നാൽ പച്ച പപ്പായയിൽ ധാരാളം കറയും ഇതിൽ പപ്പൈൻ (Papain) എന്ന രാസവസ്തു ധാരാളമായും കാണുന്നു. പപ്പൈൻ ഗർഭപാത്രത്തിൽ കോൺട്രാക്‌ഷൻ ഉണ്ടാക്കുകയും ഗർഭം അലസൽ, മാസം തികയാതെ പ്രസവം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ സ്ഥിരമായി അലസൽ, മാസം തികയാതെ പ്രസവം ഉള്ളവർ എന്നിവ ഉള്ളവർ ആദ്യത്തെ മാസങ്ങളിൽ ഇവ ഒഴിവാക്കാം. നന്നായി പഴുത്ത പപ്പായ കഴുകി തൊലിയും കുരുവും കള‍ഞ്ഞു മിതമായ അളവിൽ കഴിക്കാം. പപ്പായയിൽ വൈറ്റമിൻ സി, ഫോളിക് ആസിഡ്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ADVERTISEMENT

തയാറാക്കിയത്

ഡോ. ഗീതാലക്‌ഷമി പി. എൽ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്

ജില്ലാ ആശുപത്രി, ചെങ്ങന്നൂർ

English Summary:

Pregnancy diet concerns about consuming pineapple and papaya are common, often fueled by fears of miscarriage. While unripe papaya contains papain, which can induce contractions, ripe papaya in moderation is generally safe and beneficial for pregnant women, providing vitamins and fiber. Similarly, pineapple, particularly its core and rind, contains bromelain which has been linked to miscarriage, but the flesh is safe and offers folate, vitamin C, and other nutrients beneficial for fetal growth and maternal health. Both fruits, when consumed in appropriate quantities and stages of ripeness, can be part of a healthy pregnancy diet, though individuals with diabetes should avoid pineapple due to its sugar content.

ADVERTISEMENT