ഗർഭകാലം സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്ന കാലഘട്ടമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്കായി പോഷകാഹാരത്തിനും ഗൈനക്കോളജിക്കൽ പരിശോധനകൾക്കും നൽകുന്ന പ്രാധാന്യം പോലെ തന്നെ വായയുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്.
ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം മോണയിൽ വീക്കം, ചുവപ്പ്, രക്തസ്രാവം, വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. പല്ലുകളിൽ അടിഞ്ഞുകൂടുന്ന പ്ലാക്കും ഇതിന് കാരണമാകാം. അതിനാൽ ഗർഭകാലത്ത് ദന്തശുചിത്വം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്.
ദിവസവും രണ്ട് നേരം പല്ലുതേക്കുക
രാവിലെയും രാത്രിയും ദിവസം രണ്ടു നേരം ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു പല്ലുതേക്കണം. പല്ലുകൾക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാക്കും നീക്കം ചെയ്യാൻ ഫ്ലോസിങ് പോലുള്ള മാർഗങ്ങളും ഉപയോഗിക്കാം.
രണ്ട് മാസത്തിലൊരിക്കൽ ദന്തപരിശോധന
ഗർഭകാലത്ത് രണ്ടു മാസത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ടു പരിശോധന നടത്തുന്നത് ദന്തപ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. ചെറിയ പ്രശ്നങ്ങൾ അവഗണിച്ച് പിന്നീട് ഗുരുതരമാകുന്നത് ഒഴിവാക്കാം.
ആറ് മാസത്തിലൊരിക്കൽ പല്ലുകൾ ക്ലീൻ ചെയ്യുക
പല്ലുകളിൽ അടിഞ്ഞുകൂടുന്ന കട്ടിയായ പ്ലാക്കും ടാർട്ടറും സാധാരണ ബ്രഷിങ് കൊണ്ട് പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയില്ല. അതിനാൽ ദന്തഡോക്ടറുടെ നിർദേശപ്രകാരം ആറ് മാസത്തിലൊരിക്കൽ പ്രൊഫഷണൽ ദന്തശുചീകരണം നടത്തുന്നത് സഹായകരമാണ്.
ഗർഭകാലത്ത് മോണയിലെ മുഴകൾ—ഭയപ്പെടേണ്ടതില്ല
ചില ഗർഭിണികളിൽ മോണയിൽ ചെറിയ മുഴയോ വളർച്ചയോ ഉണ്ടാകാം. ഇതിനെ പ്രഗ്നൻസി ട്യൂമർ എന്ന് വിളിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങളോടും മോണയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇത് ഉണ്ടാകാം. സാധാരണയായി ഇത് ഗുരുതരമായ അവസ്ഥയല്ല. എന്നാൽ മോണയിൽ അസാധാരണമായ വളർച്ച, അമിതമായ രക്തസ്രാവം, വേദന എന്നിവ ഉണ്ടായാൽ ദന്തഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ തേടണം.
ദന്തരോഗങ്ങൾ അവഗണിക്കരുത്
ഗർഭകാലത്ത് ചികിത്സിക്കാതെ വിട്ട ദന്തരോഗങ്ങളും മോണയിലെ അണുബാധകളും അമ്മയുടെ പൊതുആരോഗ്യത്തെ ബാധിക്കാം. പ്രത്യേകിച്ച് ഗുരുതരമായ മോണരോഗങ്ങളും അണുബാധകളും ഗർഭകാല സങ്കീർണതകളുമായി ബന്ധപ്പെട്ടിരിക്കാമെന്നതിനാൽ, ദന്തപ്രശ്നങ്ങൾ അവഗണിക്കാതെ സമയബന്ധിതമായി ചികിത്സ തേടേണ്ടതാണ്.
നേരത്തെയുള്ള പ്രസവസാധ്യതയും ശ്രദ്ധിക്കണം
ഗർഭകാലത്തെ ഗുരുതരമായ മോണരോഗവും അണുബാധയും മാസം തികയാതെയുള്ള പ്രസവം പോലുള്ള ഗർഭസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. അതിനാൽ മോണയിൽ രക്തസ്രാവമോ വീക്കമോ വേദനയോ ഉണ്ടെങ്കിൽ ‘ഗർഭകാലത്ത് ഇത് സാധാരണമാണ്’ എന്ന് കരുതി ചികിത്സ വൈകിക്കരുത്.
മരുന്നുകൾ സ്വയം കഴിക്കരുത്
ഗർഭകാലത്ത് ഏതെങ്കിലും മരുന്നു കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം നിർബന്ധമാണ്. പ്രത്യേകിച്ച് ചില മരുന്നുകൾ കുഞ്ഞിന്റെ പല്ലുകളുടെ വളർച്ചയെയും നിറത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ടെട്രാസൈക്ലിൻ വിഭാഗത്തിലുള്ള ചില മരുന്നുകൾ കുഞ്ഞിന്റെ പല്ലുകളിൽ നിറവ്യത്യാസത്തിന് കാരണമാകാം. അതിനാൽ സ്വയം മരുന്നു കഴിക്കാതെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക.
വായുടെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തിലേക്കുള്ള ആദ്യപടി
ഗർഭകാലത്ത് നല്ല ഭക്ഷണശീലങ്ങൾ, മതിയായ വെള്ളം, കൃത്യമായ ബ്രഷിങ്, ദന്തപരിശോധന എന്നിവ പാലിക്കുന്നത് അമ്മയുടെ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഗർഭകാലത്തിനും സഹായകരമാണ്.
ഗർഭകാലത്ത് ദന്തചികിത്സ ഒഴിവാക്കേണ്ടതില്ല. ആവശ്യമായ പരിശോധനകളും ചികിത്സകളും ഗൈനക്കോളജിസ്റ്റിന്റെയും ദന്തഡോക്ടറുടെയും നിർദേശപ്രകാരം സുരക്ഷിതമായി നടത്താം.
സ്വയം ചികിത്സ അരുത്. ദന്തപ്രശ്നങ്ങൾ അവഗണിക്കരുത്. സുരക്ഷിത മാതൃത്വത്തിനായി ദന്താരോഗ്യവും സംരക്ഷിക്കാം.